അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

2007 നവംബറിലാണ്. ചിക്കാഗോ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി ടാക്‌സിയില്‍ ഹോട്ടല്‍ റൂമിലേയ്ക്ക് പോകുംവഴി നവദമ്പതികളായ ഞങ്ങളെ ആ മഹാ നഗരം സ്വീകരിച്ചത് മഞ്ഞു മഴ പെയ്യിച്ചുകൊണ്ടായിരുന്നു.റോഡിനിരുവശവും പ്രകൃതി സുന്ദരമായ കാഴ്ചകള്‍ക്കൊപ്പം ഈ മഞ്ഞു മഴകൂടെ ആയപ്പോള്‍ 'സ്വര്‍ഗ്ഗത്തിലോ, നമ്മള്‍ സ്വപ്നത്തിലോ' എന്ന ഗാനമാണ് എന്റെ മനസ്സില്‍ ഓടിയെത്തിയത്. 'എന്ത് ഭംഗി, അല്ലേ'എന്ന് ഏട്ടനോട് ചോദിച്ചപ്പോള്‍ 'എന്നും ഇത് തന്നെ പറയണം കേട്ടോ' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി തന്നു.

ഹോട്ടല്‍ മുറിയില്‍ ഒരാഴ്ചത്തെ വാസത്തിനു ശേഷം അപാര്‍ട്‌മെന്റിലേക്ക് താമസം മാറി. അവിടം ഒക്കെ കറങ്ങി നടന്നു കാണാന്‍ മോഹിച്ചിരുന്ന എന്നെ നിരാശപ്പെടുത്തി മഞ്ഞു വീഴ്ച പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു. രണ്ടാഴ്ച കൊണ്ട് തന്നെ ഏട്ടന്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായി. മഞ്ഞു മഴയെ ഞാന്‍ മടുത്തു തുടങ്ങിയിരുന്നു. ജാലകം വഴി പുറത്തേക്ക് നോക്കിയാല്‍ എല്ലായിടവും മഞ്ഞില്‍ മൂടിക്കിടക്കുന്നതു മാത്രം കാണാം. 'ഈ നശിച്ച മഞ്ഞ് എന്ന് നില്‍ക്കും' എന്നായി പിന്നെ എന്റെ ചോദ്യം. 'ഒന്നുമില്ലേലും ഈ തണുപ്പത്തു പുറത്തിറങ്ങി കാറിലെ മഞ്ഞു പൊട്ടിച്ചു മാറ്റി ജോലിക്ക് പോകേണ്ട ഗതികേട് നിനക്കില്ലല്ലോ' എന്ന് പറഞ്ഞു ആശ്വസിപ്പിക്കും അദ്ദേഹം. 

വല്ലപ്പോഴും പുറത്തിറങ്ങുമ്പോള്‍ ബഹിരാകാശ സഞ്ചാരികളെപ്പോലെ രണ്ടുമൂന്നു വസ്ത്രങ്ങള്‍ ഇട്ടിട്ടായിരുന്നു ഇറങ്ങിയിരുന്നത്. താപനില മിക്കപ്പോഴും മൈനസില്‍ ആയതുകൊണ്ട് ജാക്കറ്റും നിര്‍ബന്ധം. നാട്ടില്‍ നിന്നും തയ്പ്പിച്ചു കൊണ്ടുവന്ന പുതുപുത്തന്‍ വസ്ത്രങ്ങള്‍ ഭദ്രമായി പെട്ടിയില്‍ തന്നെ ഇരുന്നു. നാട്ടിലെ മഴയെയും വേനലിനെയും ഒക്കെ വല്ലാതെ സ്‌നേഹിച്ചുപോയതു അപ്പോഴാണ്. 

സ്വയം പര്യാപ്തത എന്താണെന്ന് ഞങ്ങള്‍ പഠിച്ചത് അവിടെ ചെന്നപ്പോഴാണ്. എന്ത് സഹായത്തിനും നാട്ടില്‍ ആളെ കിട്ടും. അവിടെ എല്ലാം തനിയെ ചെയ്യണം. അല്ലെങ്കില്‍ പൊന്നും വില കൊടുക്കണം.വീട്ടിലേക്ക് വേണ്ട ഫര്‍ണിച്ചറുകള്‍ ഏട്ടന്‍ വലിയ യുഹോള്‍ വണ്ടിയില്‍ കൊണ്ടുവരികയായിരുന്നു.അവയൊക്കെ ഞങ്ങള്‍ രണ്ടും കൂടെ താങ്ങിപ്പിടിച്ചു മൂന്നാമത്തെ നിലയിലെ ഞങ്ങളുടെ ഫ്‌ളാറ്റ് വരെ എത്തിച്ചു. അമ്മയെ കണ്ടാല്‍പ്പിന്നെ കുടിച്ച ഗ്ലാസ്സ് പോലും എടുത്തു അടുക്കളയില്‍ കൊണ്ടുവെയ്ക്കാത്ത ടീംസ് ആണ്. കാറില്‍ പെട്രോള്‍ അടിക്കല്‍, ടയറില്‍ കാറ്റ് നിറയ്ക്കല്‍ ഇതൊക്കെ എത്ര തണുപ്പാണെങ്കിലും മഞ്ഞാണെങ്കിലും തനിയെ ചെയ്യണം. സഹായത്തിനു ആരെയും കിട്ടില്ല.

ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയ നമ്മുടെ നാട്ടിലെ രീതി വെച്ച് അവിടെ വണ്ടിയോടിക്കാന്‍ പോയാല്‍ ജയിലില്‍ കിടക്കേണ്ടി വരും. നിയമങ്ങള്‍ തെറ്റിച്ചാല്‍ നടപടികള്‍ കര്‍ശനമാണ് എന്നത് കൊണ്ടും വീതിയേറിയ റോഡുകള്‍ അധികവും വണ്‍വേ ആയതു കൊണ്ടും വാഹനമോടിക്കാന്‍ ആരും ഇഷ്ടപ്പെട്ടുപോവും. ട്രാഫിക് സിഗ്‌നലുള്ള ഇടങ്ങളില്‍ വരിവരിയായി അച്ചടക്കത്തോടെ നില്‍ക്കുന്ന വണ്ടികള്‍ കാണുന്നതേ ഒരു ഭംഗിയാണ്. റോഡരികില്‍ ആളുകളോട് നാട്ടിലെപ്പോലെ വഴി ചോദിച്ചു ചോദിച്ചു പോകല്‍ ഒന്നും നടക്കില്ല. വണ്ടി നിര്‍ത്താന്‍ പ്രത്യേക ഇടങ്ങള്‍ ഉണ്ട്. എവിടെയെങ്കിലും എത്തിപ്പെടണമെങ്കില്‍ ജി പി എസ് ഓ ഗൂഗിള്‍ മാപ്പോ ശരണം.അധികം താമസിയാതെ തന്നെ റൂട്ട് മാപ് നോക്കി വഴി കണ്ടെത്തുന്നതില്‍ ഞങ്ങള്‍ വിദഗ്ധരായി. അങ്ങനെ 'കുന്നംകുളം ഇല്ലാത്ത' മാപ്പും എടുത്തായി ഞങ്ങളുടെ കറക്കം.

ഭക്ഷണം ആയിരുന്നു ഞാന്‍ നേരിട്ടിരുന്ന വേറൊരു വെല്ലുവിളി. നാടന്‍ ഭക്ഷണപ്രിയരാണ് ഞങ്ങള്‍ രണ്ടുപേരും. അതിനു വേണ്ട അവിഭാജ്യ ഘടകമായ തേങ്ങ ചെരവിയത് തണുത്തു മരവിച്ച (frozen)അവസ്ഥയിലാണ് അവിടെ കിട്ടിയിരുന്നത്. എന്നും ആ വിഷമം എന്നെ അലട്ടിയിരുന്നു. ഞാന്‍ അത് പറയുമ്പോള്‍ 'ഇയാള്‍ടെ നാട്ടിലെ പറമ്പിലുള്ള രണ്ടാമത്തെ തെങ്ങിലെ തേങ്ങ ഇവിടെ കിട്ടൂലല്ലോ' എന്നു പറയുമായിരുന്നു ഏട്ടന്‍. തേങ്ങയുടെ അവസ്ഥ ഇതായതുകൊണ്ടു തേങ്ങയില്ലാത്ത കറിയുണ്ടാക്കിയായി പിന്നെ പരീക്ഷണം. പുറത്തു നിന്ന് കഴിക്കുമ്പോഴും അമേരിക്കന്‍ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. ചെറിയ മല്‍സ്യം ഇഷ്ടപ്പെട്ടിരുന്ന ഞങ്ങള്‍ക്ക് അവ ദുര്‍ലഭമായിരുന്നതിനാല്‍ സാല്‍മണ്‍, തിലോപിയ തുടങ്ങിയ മല്‍സ്യങ്ങള്‍ കഴിച്ചു തൃപ്തിയടയേണ്ടി വന്നു.

അമേരിക്കയിലെ ആദ്യ ദിനങ്ങളില്‍ കടയില്‍ സാധനങ്ങള്‍ മേടിക്കാന്‍ പോകുമ്പോള്‍ കണ്ടിരുന്ന സായിപ്പും മദാമ്മയും 'hello! how are you?' ന്നു വളരെ സന്തോഷത്തോടെ അന്വേഷിക്കുന്നത് എന്നില്‍ അത്ഭുതം ഉളവാക്കിയിരുന്നു .ആദ്യമൊക്കെ ഞാന്‍ കട്ട കലിപ്പ് മോഡില്‍ 'ഇവരെന്തിനു എന്നോട് സുഖവിവരം അന്വേഷിക്കണം'എന്ന മട്ടില്‍ നിന്നു. നാട്ടില്‍ പരിചയം ഉള്ളവരോട് മാത്രം സുഖവിവരം അന്വേഷിച്ചിരുന്ന ഞാന്‍ ചിന്തിച്ചത് എന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വകേല് വല്ല ബന്ധവും ഇവരോട് ഉണ്ടോ എനിക്ക് എന്നാണ്. അത് അറിഞ്ഞതുകൊണ്ടാവണം പരസ്പരം ഗ്രീറ്റ് ചെയ്യല്‍ അവരുടെ രീതിയാണെന്നു ഏട്ടന്‍ പറഞ്ഞു തന്നു. പതുക്കെ പതുക്കെ ഞാന്‍ അവരുടെ ആ രീതി ഇഷ്ടപ്പെട്ടു തുടങ്ങി. അപരിചിതരെ കാണുമ്പോളൊക്കെ സുഖവിവരം അന്വേഷിച്ചു തുടങ്ങിയ ഭാര്യയെ കണ്ട് ഏട്ടന്‍ ഞെട്ടി. അസ്വസ്ഥ ഹൃദയരായി നടക്കുന്നവര്‍ക് ചില അവസരങ്ങളില്‍ ലഭിക്കുന്ന പരിഗണന അവര്‍ക്ക്് ഏറെ ആശ്വാസം നല്‍കുന്നതാണെന്നുള്ള വസ്തുത ഞാന്‍ മനസ്സിലാക്കിയതാണ് എന്റെ ഈ മാറ്റത്തിന് കാരണമായത്. ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് അവരുടെ പെരുമാറ്റം കൊണ്ടാണ് അല്ലാതെ വസ്ത്ര ധാരണ രീതി കൊണ്ടല്ലെന്ന ബാലപാഠവും പഠിപ്പിച്ചത് അമേരിക്കയാണ്.

പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും പരസഹായമില്ലാതെ പരാതികളില്ലാതെ വാഹനങ്ങളില്‍ വന്നു അംഗവൈകല്യമുള്ളവര്‍ക്കായി ഉള്ള പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക് ചെയ്തു വീല്‍ ചെയറില്‍ വന്നു മുഴുവന്‍ ഷോപ്പിങ്ങും ചെയ്തു തിരിച്ചു പോകുന്ന കാഴ്ചകള്‍ ഹൃദയ ഭേദകവും അത്ഭുതാവഹവും ആയിരുന്നു .പരസഹായമില്ലാതെ ജീവിക്കാന്‍ പഠിക്കേണ്ടത് അനിവാര്യമാണെന്ന പാഠവും കൂടെയായിരുന്നു ആ കാഴ്ചകള്‍.

എന്നും അമ്മയെ വിളിച്ചു നാട്ടു വിശേഷവും വീട്ടു വിശേഷവും അന്വേഷിക്കാറുണ്ടായിരുന്നെങ്കിലും ആദ്യമായി നാട്ടിലേയ്ക് ടിക്കറ്റ് എടുത്ത ശേഷമുള്ള വിളികളിലെല്ലാം നാട്ടില്‍ വന്നിട്ട് ചെയ്യേണ്ട പലവിധ പദ്ധതികള്‍ ആവേശപൂര്‍വം ആസൂത്രണം ചെയ്യല്‍ പതിവായിരുന്നു. വരുന്ന ദിവസം എന്ത് വേണം കഴിക്കാന്‍ എന്ന് ചോദിച്ച അമ്മയോട് 'കുഞ്ഞി മല്‍സ്യം വറുത്തതും അമ്മേടെ സ്‌പെഷ്യല്‍ സാമ്പാറും ഇച്ചിരി മോരും ധാരാളം' എന്ന് പറഞ്ഞു. നാട്ടില്‍ വിമാനത്തില്‍ വന്നിറങ്ങുമ്പോള്‍ കിട്ടുന്ന പ്രത്യേക അനുഭൂതി സ്വന്തം അമ്മയുടെ അടുത്തേക്ക് മക്കള്‍ വരുമ്പോള്‍ അനുഭവിയ്ക്കുന്ന അതേ സ്വാതന്ത്ര്യവും സ്‌നേഹവും ഇന്നും ഓരോ തവണ നാട്ടില്‍ വരുമ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്. അവധിയുടെ കാലാവധി തീരുമ്പോള്‍ വീണ്ടും സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടു പേറി ഞാന്‍ ഉള്‍പ്പെടെ ഓരോ പ്രവാസിയും വേദനയോടെ യാത്രയാവേണ്ടി വരുന്നു.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം