Asianet News MalayalamAsianet News Malayalam

നെഞ്ചോട് ചേര്‍ത്തുപിടിച്ച ആ ബാഗല്ലാതെ, അയാള്‍ക്ക് മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല

നീണ്ട മൗനത്തിനു ശേഷം അയാൾ പറയാൻ തുടങ്ങി, ഹിന്ദിയും നേപ്പാളിയും ചേർത്തു തുടങ്ങിയ സംസാരം വികാരക്ഷോഭത്താൽ പലപ്പോഴും അയാളുടെ മാതൃഭാഷയായ താങ്മിയിലേക്കും വഴുതി വീണുകൊണ്ടിരുന്നു. തീവ്രമായ ജീവിതാനുഭവങ്ങൾ ഒരു കഥ പോലെ ഞാൻ കേട്ടിരുന്നു. 

deshantharam muhammed atha
Author
Thiruvananthapuram, First Published Oct 27, 2018, 2:06 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam muhammed atha

കാഠ്‌മണ്ഡു... കാഠ്‌മണ്ഡു... തിരക്കേറിയ മുംബൈ ഛത്രപതി ശിവജി എയർപോർട്ടിന്‍റെ ഇന്‍റർനാഷണൽ ടെർമിനലിൽ ദോഹയിൽ നിന്നു വന്ന ജെറ്റ് ഐയർവേയ്‌സ്‌ ഫ്ലൈറ്റ് യാത്രക്കാർക്കിടയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്കുള്ള ജെറ്റ് എയർവേസിന്‍റെ കണക്ഷൻ ഫ്ലൈറ്റ് യാത്രികരെ തേടി നടക്കുന്ന ഉദ്യാഗസ്ഥന്‍റെ ശബ്ദം കേട്ട ഭാഗത്തേക് ആ വൃദ്ധനെയും കൂട്ടി ഞാൻ നടന്നു.

പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറം സ്വന്തം നാടിന്‍റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ടിട്ട് പോലും യാതൊരു ഭാവവ്യത്യാസവും പ്രകടമാകാത്ത ആ  മുഖത്തേക്ക് ഞാൻ ആശ്ചര്യത്തോടെ നോക്കി. പ്രവാസത്തിന്‍റെ തീക്ഷ്ണമായ നീണ്ട കാലയളവുകൾ സ്വന്തം നാടിന്‍റെ പേര് പോലും ഒരുപക്ഷെ അയാളുടെ ഓർമകളിൽ നിന്ന് മായ്ച്ചുകളഞ്ഞതാവാം. വിൻഡോ സീറ്റിലിരുന്ന് പുറത്ത് ഹമദ് ഇന്‍റർനാഷണൽ എയർപോർട്ടിൽ കുറച്ചകലെയായി നിർത്തിയിട്ടിരിക്കുന്ന വിമാനത്തിന്‍റെ ലോഗോയിലുള്ള പക്ഷിയെ നോക്കി ഏതു രാജ്യത്തിന്‍റെ വിമാനമാണെന്ന് തിരിച്ചറിയാനുള്ള ഒരു വിഫലശ്രമം നടത്തുന്നതിനിടയിലാണ് അടുത്ത സീറ്റിൽ സഹയാത്രികന്‍റെ സാന്നിധ്യം ഞാൻ അറിഞ്ഞത്. അത്യാവശ്യം വലിപ്പമുള്ള ഹാൻഡ്ബാഗ് മടിയിൽവെച്ച് ബുദ്ധിമുട്ടി സീറ്റിൽ ഇരിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തോട്‌ ഒന്ന് പുഞ്ചിരിച്ച ശേഷം മുകളിലെ ഹാൻഡ്ബാഗ് വെക്കാനുള്ള സ്ഥലം കാണിച്ചു കൊടുത്തു. ആംഗ്യവും ഇംഗ്ലീഷും ചേർത്ത് 'ബാഗ് അവിടെ വെച്ചോളൂ' എന്ന് ഞാൻ പറഞ്ഞിട്ടും എന്‍റെ മുഖത്തേക്കും ബാഗിലേക്കും തലക്കു മുകളിലുള്ള സ്റ്റോറേജ് ഏരിയയിലേക്കും മാറിമാറി നോക്കുന്ന ആ വൃദ്ധന്‍റെ കയ്യിൽ നിന്നും ഒടുവിൽ ഞാൻ തന്നെ ബാഗ് വാങ്ങി അവിടെ വെക്കേണ്ടി വന്നു.

അപ്പോഴേക്കും പുറത്തു ഞാൻ നോക്കിക്കൊണ്ടിരുന്ന സ്വർണനിറത്തിലുള്ള ഫാൽക്കൺ ലോഗോയുള്ള വിമാനം ടേക്ക് ഓഫിനു വേണ്ടി റൺവേയിലേക് നീങ്ങി തുടങ്ങിയിരുന്നു. ഞാൻ വീണ്ടും എന്‍റെ കണ്ണുകൾ ആ വൃദ്ധനിലേക്ക് മാറ്റി. അയാൾ ഭീതിയോടെ വിമാനത്തിനകവശം മുഴുവൻ വീക്ഷിക്കുകയാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ നോട്ടം എന്നിലേക്ക് നീണ്ടു. ഞാനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ, അയാളുടെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. ഭയവും നിസ്സഹായതയും കൂടിക്കലർന്ന ആ മുഖത്തേക്ക് നോക്കി അറിയാവുന്ന ഹിന്ദിവെച്ചു ഞാൻ ചോദിച്ചു, 'കഹാം ജാ രഹെ ഹൊ?'

ഇതിന്‍റെ മറുപടിയിൽ നിന്നാണ് അയാളുടെ ജീവിതത്തിലേക്കുള്ള വാതിൽ എനിക്ക് മുന്നിലേക്കു തുറന്നിടുന്നത്

വളരെ പതിഞ്ഞ ശബ്ദത്തിൽ അയാൾ മറുപടി പറഞ്ഞു, കാഠ്മണ്ഡു. പക്ഷെ, അത് കാഠ്മണ്ഡു ആണെന്ന് എനിക്ക് മനസ്സിലാക്കാൻ അയാൾ രണ്ടു മൂന്നു തവണ പറയേണ്ടി വന്നു. "കാഠ്മണ്ഡു" ആശ്ചര്യത്തോടെ ഞാൻ ചോദ്യം ആവർത്തിച്ചു. "യെഹ് ഫ്ലൈറ്റ് മുംബൈ ജെ രാഹി ഹെ" ഇതിന്‍റെ മറുപടിയിൽ നിന്നാണ് അയാളുടെ ജീവിതത്തിലേക്കുള്ള വാതിൽ എനിക്ക് മുന്നിലേക്കു തുറന്നിടുന്നത്. "മുജേ മുംബൈ സെ കാഠ്മണ്ഡു തക് കണക്ഷൻ ഉടാൻ മിൽ ജായേങ്ങി."
   
നീണ്ട മൗനത്തിനു ശേഷം അയാൾ പറയാൻ തുടങ്ങി, ഹിന്ദിയും നേപ്പാളിയും ചേർത്തു തുടങ്ങിയ സംസാരം വികാരക്ഷോഭത്താൽ പലപ്പോഴും അയാളുടെ മാതൃഭാഷയായ താങ്മിയിലേക്കും വഴുതി വീണുകൊണ്ടിരുന്നു. തീവ്രമായ ജീവിതാനുഭവങ്ങൾ ഒരു കഥ പോലെ ഞാൻ കേട്ടിരുന്നു. വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത പലതും ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തു. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് തണുത്തുറഞ്ഞു കിടക്കുന്ന ഹിമാലയത്തിന്‍റെ മടിത്തട്ടിൽ നിന്നും ചുട്ടുപൊള്ളുന്ന ഹിജാസിലേക്കും അവിടെനിന്ന് അബുസാമ്രാ വഴി ഖത്തറിലെക്കുമുള്ള ആ യാത്രയുടെ അവസാനമാണ് ജന്മനാട്ടിലേക്കുള്ള ഈ വിമാനയാത്ര. ആയുസിന്‍റെ ഏറിയ പങ്കും മരുഭൂമിയിലും ജയിലിലുമായി ജീവിച്ചുതീർത്തു. ഒടുവിൽ ജീവിതത്തിന്‍റെ സായാഹ്നത്തിലുള്ള ഈ മടക്കയാത്രയിൽ പോലും പ്രതീക്ഷയുടെ ഒരു നേർത്ത കിരണം കാണാൻ കഴിയുന്നില്ലലോ എന്ന നിസ്സഹായാവസ്ഥ. ഒരുപക്ഷെ, ജയിലിൽ വെച്ചു അയാൾ അറിഞ്ഞതിലും എത്രയോ ഭീകരമാണ്  ഭൂകമ്പം സർവനാശം വിതച്ച സിന്ധുപാൽചോകിലെ അവസ്ഥയെന്ന് എനിക്കറിയാം. 

ആയിരക്കണക്കിന് മനുഷ്യജന്മങ്ങൾ ജീവനോടെ മണ്ണിനടിയിൽ മൂടപ്പെട്ട അയാളുടെ ഗ്രാമത്തിൽ, അദ്ദേഹത്തിന്‍റെ കുടുംബം മാത്രം ജീവനോടെയുണ്ടാവുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ എനിക്കെങ്ങനെ കഴിയും. അയാളുടെ ഓർമകളിൽ അവർക്കൊക്കെ ഇന്നും 12 വയസ്സ് ചെറുപ്പമാണ്, അപ്രതീക്ഷിതമായി ചുണ്ടിന്‍റെ കോണിൽ ഒരു നേർത്ത മന്ദഹാസം വിരിയാൻ തുടങ്ങിയപ്പോൾ എന്‍റെ ചോദ്യം പ്രതീക്ഷിച്ചപോലെ പോലെ അയാൾ പറഞ്ഞു, താൻ നേപ്പാളിൽ നിന്ന് അവസാനമായി വരുമ്പോൾ  മൂന്നു വയസുണ്ടായിരുന്ന ഏകമകനെ പതിനഞ്ചുകാരനായി  ഭാവനയിൽ കണ്ടതാണെന്ന്. പിന്നീട്, രണ്ടു മൂന്നു തവണ കൂടി ആ ചുണ്ടുകൾ വിടരാൻ തുനിഞ്ഞു. ഒരുപക്ഷെ, ഭാര്യയുടെയും മാതാപിതാക്കളുടെയും മുഖങ്ങൾ മിന്നി മാഞ്ഞതായിരിക്കാം. ലോകത്തിലെ ഏറ്റവും  ദുർഘടമായ പാതകളിൽ കൂടി നിസ്സാരമായി വളയം പിടിച്ച  ആ കൈകൾക്ക് നീണ്ടു നിവർന്നു കിടക്കുന്ന സൽവ റോഡിൽ പിഴച്ചു. 

പൊടുന്നനെ അവൻ സ്കൂൾ വിട്ടുവരുന്ന പതിനഞ്ചുകാരനിലേക്ക് വളർന്നു

നീണ്ട പന്ത്രണ്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം മരണപ്പെട്ട സ്വദേശിയുടെ ബന്ധുക്കൾ കരുണ കാണിച്ചപ്പോൾ അയാൾക്കു പ്രിയപ്പെട്ടതൊക്കെയും തിരിച്ചു പിടിക്കാൻ പറ്റാത്ത രീതിയിൽ കൈവിട്ടു പോയിരുന്നു. അയാൾ ജീവിതത്തിൽ ഇനി ഒരിക്കൽ പോലും ഓർക്കാൻ ഇഷ്ടപെടാത്ത  ഭൂതകാലത്തിലെ ആ ചീത്ത ഓർമകളെ വീണ്ടും കുത്തി നോവിക്കാതിരിക്കാൻ ഞാൻ ബാക്കിയുള്ള ചോദ്യങ്ങൾ പിൻവലിച്ചു. ഒരു ദീർഘനിശ്വാസത്തോടെ കണ്ണടച്ചു കിടന്നു. ഹിമാലയത്തിന്‍റെ മടിത്തട്ടിലെ ഒരു കൊച്ചു വീടും, മുറ്റത്ത് ഓടിക്കളിക്കുന്ന ഒരു മൂന്നു വയസ്സുകാരനും എന്‍റെ കണ്ണിനു മുന്നിൽ തെളിഞ്ഞു വന്നു. പൊടുന്നനെ അവൻ സ്കൂൾ വിട്ടുവരുന്ന പതിനഞ്ചുകാരനിലേക്ക് വളർന്നു.

ഭക്ഷണവുമായി വന്ന ക്യാബിൻ ക്രൂവിന്‍റെ ശബ്ദം ചിന്തകളെ ഉപബോധ മനസ്സിൽ മേയാൻ വിട്ടു. ഞാൻ ഭക്ഷണം ആവശ്യപ്പെട്ടു, അയാൾ അപ്പോഴും കണ്ണടച്ചു കിടക്കുകയാണ് മെല്ലെ തോളിൽ തട്ടി വിളിച്ചുണർത്തി വെജിറ്റേറിയൻ  ഓര്‍  നോൺ വെജ്  എന്ന ക്യാബിൻ ക്രൂവിന്‍റെ ചോദ്യത്തിന് 'ഒന്നും വേണ്ട' എന്ന രീതിയിൽ അയാൾ തലയാട്ടി,ഞാൻ അയാൾക്കു വേണ്ടി വെജിറ്റേറിയൻ ഓർഡർ ചെയ്തു. അയാൾ പതിയെ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ച് ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു. ജഗ്ജിത്‌ സിങ്ങിന്‍റെ 'കാകാസ്കി കശ്തി'യോടൊപ്പം പതിയെ ബാല്യത്തിലൂടെ ഉറക്കത്തിലേക്ക് സഞ്ചരിച്ചു. ഉറക്കത്തിലെപോയൊക്കെയോ എന്‍റെ നാടും വീടും സിന്ധുപാൽച്ചോകിലെ കൊച്ചു വീടും ക്രമം തെറ്റി സ്വപ്നങ്ങളിൽ വന്നുകൊണ്ടിരുന്നു. അസഹ്യമായ ചെവിവേദനയോടൊപ്പം ലാൻഡിങ്ങിനുള്ള അറിയിപ്പ് വീണ്ടും യാഥാർഥ്യബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു.

'നല്ലത് മാത്രം സംഭവിക്കട്ടെ' എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാനേ എനിക്കപ്പോൾ കഴിയുമായിരുന്നുള്ളൂ

ഞാൻ വിന്‍‍ഡോയിലൂടെ പുറത്തേക് നോക്കി താഴെ അറബിക്കടലിനോടൊപ്പം മുംബൈ മഹാനഗരത്തിന്‍റെ ആകാശക്കാഴ്ചകൾ തെളിഞ്ഞു വന്നു. ഒരു ഹുങ്കാര ശബ്ദത്തോട് കൂടി വിമാനം നിലം തൊട്ടു. ടെര്‍മിനലിലേക്കുള്ള ബസിലും അയാൾ എന്‍റെ അടുത്തു തന്നെ വന്നു നിന്നു. ലഗേജ് ക്ലിയർ ചെയ്യുമ്പോഴും അയാൾ എന്‍റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ അയാളുടെ ലഗേജിനെ പറ്റി അന്വേഷിച്ചു. നെഞ്ചോട് ചേർത്തു പിടിച്ച ആ ഹാൻഡ് ബാഗല്ലാതെ മറ്റൊന്നും ഇല്ല എന്ന മറുപടിയിൽ, എന്തു കൊണ്ടാണ് അത് നെഞ്ചോട് ചേർത്തുപിടിച്ചു നടക്കുന്നതെന്നതിന്‍റെ ഉത്തരവും  എനിക്ക് കിട്ടി. ഇരുപതു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു താൻ ജനിച്ചു വളർന്ന നാട്ടിലേക്ക് തികച്ചും അപരിചിതനായി മടങ്ങേണ്ടി വരുന്ന ആ വൃദ്ധന്‍റെ നിസ്സഹായ അവസ്ഥയോര്‍ത്ത് 'നല്ലത് മാത്രം സംഭവിക്കട്ടെ' എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാനേ എനിക്കപ്പോൾ കഴിയുമായിരുന്നുള്ളൂ.

കാലിക്കറ്റിലേക്കുള്ള ഫ്ലൈറ്റിനു വേണ്ടി ഡൊമസ്റ്റിക് ടെര്‍മിനലിലേക്ക് പോകുന്നതിനു മുമ്പ് ഒരു പ്രാവശ്യം കൂടി ഞാൻ തിരിഞ്ഞു നോക്കി, ദൂരെ ബാഗും നെഞ്ചോട് ചേർത്ത് പിടിച്ചു നടന്നകലുന്ന അവ്യക്തരൂപം പതിയെ പതിയെ ആൾകൂട്ടത്തിൽ മറഞ്ഞു.

Follow Us:
Download App:
  • android
  • ios