അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്


ഖത്തറില്‍ വന്നിട്ട് ഏകദേശം എട്ടു വര്‍ഷമായി. ബാച്ചിലര്‍ ആയി ജീവിക്കുമ്പോള്‍ ഏകദേശം എല്ലാ വീക്കെന്‍ഡുകളും കോര്‍ണിഷില്‍ (corniche) പോകാറുണ്ട്. ഫാമിലി വന്നതിനു ശേഷവും അത് മുടക്കാറില്ല. ഇവിടെ പോകാന്‍ ഒരു വയനാടോ മുന്നാറോ ഇല്ലാത്തതു കൊണ്ട് കോര്‍ണിഷ് തന്നെ ശരണം. അവിടെ പോയിരുന്ന് ഇരമ്പല്‍ ഇല്ലാത്ത തിരമാലകള്‍ ഇല്ലാത്ത കടലിനോട് തനിക്കെന്തേ ശബ്ദമുണ്ടാക്കിയാല്‍ എന്ന് ഞാന്‍ പല വട്ടം ചോദിച്ചിട്ടുണ്ട്. ആ ഇരമ്പലില്‍ എനിക്ക് പ്രവാസിയുടെ വേദനകള്‍ അലിയിക്കണം എന്നുണ്ട്. അനക്കമറ്റ് കിടന്ന് കടലും ഞങ്ങള്‍ പ്രവാസികളെ തോല്‍പ്പിക്കുകയാണെന്നു പല വട്ടം കടലിനോട് തന്നെ പരാതി പറഞ്ഞിട്ടുണ്ട്. ശബ്ദ കോലാഹലങ്ങള്‍ക്ക് സങ്കടങ്ങളെ കരിച്ചു കളയാന്‍ ശക്തിയുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വായാടികള്‍ അവരുടെ വിഷമങ്ങള്‍ മറക്കാന്‍ ആണ് നാവിട്ടിളക്കുന്നത് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

അമ്മദ്ക്കയെ (പേര് സാങ്കല്‍പ്പികം) കാണുന്നത് വളരെ യാദൃശ്ചികം ആയിട്ടാണ്. വണ്ടിയ്ക്ക് ചെറിയ പണി കിട്ടിയപ്പോ അത് നേരെയാക്കാന്‍ വ്യവസായ മേഖലയായ സനാഹിയയില്‍ പോയപ്പോള്‍ സമയം തള്ളി നീക്കാന്‍ വേണ്ടി ഒരു ചായ കുടിക്കാം എന്ന് വിചാരിച്ച് കേറിയതാ അമ്മദ്ക്കായുടെ കടയില്‍. വശ്യമായ ചിരിയോടെ (ആ ചിരിയില്‍ യാതൊരു ആത്മാര്‍ത്ഥതയും എനിക്ക് കാണാന്‍ പറ്റിയില്ല) എന്ത് വേണമെന്ന് ചോദിച്ചതും ചായയാണെന്നു കാലേ കൂട്ടി അറിഞ്ഞ മട്ടില്‍ അങ്ങേരു തന്നെ ഒരു ചായ എനിക്ക് പകര്‍ന്നു തന്നു. ആ സംസാരത്തില്‍ എന്റെ നാടിന്റെ സുഗന്ധം. നാട് എവിടെയാണെന്ന് ഞാന്‍ ചോദിയ്ക്കാന്‍ നിന്നില്ല. പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോള്‍, എഞ്ചിനീയറിംഗ് പഠനം പകുതി വഴിയില്‍ നിര്‍ത്തിയ സല്‍സ്വഭാവിയായ ഒരു പുന്നാര മകന്റെ ഉപ്പയാണെന്ന് മനസ്സിലായി. അങ്ങേരു പറഞ്ഞു വന്നപ്പോ ഒരേ നാട്ടുകാരനായ ആ മകനെ കുറിച്ച് ഏകദേശ ധാരണ കിട്ടി. ഞാന്‍ ഉദ്ദേശിച്ച ആള്‍ ആണെങ്കില്‍ ആ മാന്യന്‍ വല്ല പണച്ചാക്കിന്റെയും മകന്‍ ആണെന്നാണ് ഞാന്‍ ആദ്യം കരുതിയത്.

ഒരേ നാട്ടുകാര്‍ ആണെന്ന് മനപൂര്‍വം ആ സാധുവിനോട് മറച്ചു വച്ചു. സംസാരം മുഴുവനും ആ മകനെ കുറിച്ചായിരുന്നു. തന്റെ തകര്‍ന്ന സ്വപ്നങ്ങളെ കുറിച്ചായിരുന്നു. ബാപ്പയുടെ ഈ നരകത്തിലെ അവസ്ഥ കണ്ട് ആ പുന്നാര മോനെ ശപിച്ചു കൊണ്ട് ഞാന്‍ ചായ കുടിക്കുന്നതിനിടയിലാണ് 'മോന് നല്ല പഠിപ്പൊക്കെ ഉണ്ടോ' എന്ന ആ ബാപ്പയുടെ ചോദ്യം വന്നത്. തന്റെ പ്രതീക്ഷകള്‍ തല്ലി തകര്‍ത്ത തന്റെ മോനെ മനസ്സില്‍ വിചാരിച്ചു കൊണ്ടാണ് ആ ചോദ്യം എന്നോട് ചോദിച്ചത് എന്ന് മനസിലാക്കിയ ഞാന്‍ 'ഇവിടെ പണി കിട്ടാന്‍ വല്ല്യ പഠിപ്പൊന്നും വേണ്ട അമ്മദ്ക്കാ, അതൊക്കെ നസീബ് (luck) ആണ്, മകന്റെ കാര്യം ഓര്‍ത്ത് വേവലാതിപ്പെടണ്ട' എന്നൊക്കെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും ആ മകന്‍ വൈറ്റ് കോളര്‍ ജോലി അല്ലാത്ത ഒരു പണിയും എടുക്കാന്‍ പോകുന്നില്ല എന്ന് എനിക്ക് നന്നായ് അറിയാമായിരുന്നു. അവന്റെ കൂട്ടുകെട്ടുകള്‍ ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ പല തരം ഫീസുകളുടെ പേരില്‍ നുണ പറഞ്ഞു ഈ സാധു മനുഷ്യന്‍ അയച്ചു കൊടുത്ത റിയാല്‍ ജീന്‍സുകളും വിലകൂടിയ ഷര്‍ട്ടുകളും ഷൂ വാങ്ങി നാട്ടുകാരെ കാണിക്കാനും കൂട്ടുകാരെ ഞെട്ടിക്കാനും ശ്രമിക്കുന്ന അവന്റെ നടപ്പും ഇരിപ്പും എനിക്കോര്‍മ്മ വന്നു. 27 വര്‍ഷം മുമ്പേ കുടുംബത്തിന്റെ നാവു നനക്കാന്‍, നാണം മറക്കാന്‍, അഭിമാനം കാക്കാന്‍ നാട് വിട്ടു പ്രവാസിയായ 1500 റിയാല്‍ ശമ്പളത്തിന് നില്‍ക്കുന്ന ഒരു ബാപ്പയുടെ മകന്‍ ആണ് അവനെന്ന് ആരും അറിയാന്‍ വഴിയില്ല. ചായ ഉപ്പിച്ചപ്പോഴാണ് എന്റെ കണ്ണ് നീരിന്റെ സ്വാദ് ഞാന്‍ അന്ന് വീണ്ടും അനുഭവിച്ചത്.

താമസം ദോഹയില്‍ ആണെന്ന് കേട്ടപ്പോ കോര്‍ണിഷിന്റെ അടുത്താണോ എന്നായി ചോദ്യം. അതെ എന്ന് ഉത്തരം പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ വിടര്‍ന്ന സന്തോഷം വര്‍ണനകള്‍ക്ക് അതീതമാണ്. കഴിഞ്ഞ കുറെ കാലമായി അങ്ങേരുടെ ഏറ്റവും വല്ല്യ ആഗ്രഹമാണ് കോര്‍ണിഷില്‍ ഒന്ന് പോകണം എന്നുള്ളത്. ജീവിതത്തില്‍ ഇതേ വരെ അവിടെ പോയിട്ടില്ല. ആ കടയില്‍ വരുന്ന എല്ലാ നേപ്പാളികളും ബംഗാളികളും കോര്‍ണിഷില്‍ പോയിട്ടുണ്ട്. അവരുടെ ഒക്കെ വിവരണം കേട്ട അമ്മത്ക്കയ്ക്ക് അങ്ങനെ ജീവിതത്തില്‍ ആദ്യമായി സ്വാര്‍ത്ഥമായ ആഗ്രഹം വന്നു (ജീവിതത്തില്‍ ഇന്നേ വരെ മറ്റുള്ളവര്‍ക്ക് വേണ്ടിയേ അമ്മദ്ക്ക ആഗ്രഹിച്ചിട്ടുള്ളൂ, ജീവിച്ചിട്ടുള്ളൂ). 

ഇത്രയും കാലമായി അമ്മദ്ക്ക കോര്‍ണിഷ് കണ്ടിട്ടില്ല, നാട്ടില്‍ പോകുമ്പോള്‍, എയര്‍പോര്‍ട്ട് പോകുമ്പോള്‍ മാത്രമാണ് അമ്മദ്ക്ക പുറം ലോകം കാണുന്നത്. വളരെ അത്യാവശ്യം മാത്രം ചിലപ്പോ മാര്‍ക്കറ്റില്‍ പോകും. കോര്‍ണിഷ് കാണണം എന്ന ആഗ്രഹത്തിന്റെ കൂടെ അമ്മദ്ക്ക എന്നോട് ചെവിയില്‍ സ്വകാര്യം പറഞ്ഞ മറ്റൊരു ആഗ്രഹമായിരുന്നു ഖത്തരികളുടെ വണ്ടിയില്‍(land cruiser) കേറണം എന്ന്. രണ്ടാമത്തെ ആഗ്രഹം പറഞ്ഞ് അമ്മത്ക്ക വലിയ വായില്‍ ചിരിച്ചു. ആഗ്രഹങ്ങള്‍ കേട്ട് ഈ പാവം ജീവിക്കുന്നത് ഈ നൂറ്റാണ്ടില്‍ തന്നെയാണോ എന്ന് ഞാന്‍ ചിന്തിച്ചു പോയി. 

ആഴ്ചയില്‍ ഇച്ചിരി ആശ്വാസ ശ്വാസം കിട്ടുന്ന ഏക ദിവസം വെള്ളിയാഴ്ച മാത്രമാണ്. വൈകിട്ട് നാലു മണിക്കാണ്് സാധാരണ വെള്ളിയാഴ്ചകളില്‍ കട തുറക്കുക. അടുത്ത വെള്ളിയാഴ്ച കോര്‍ണിഷ് കാണാന്‍ ഉപയോഗപ്പെടുത്താം എന്ന് പറഞ്ഞു ഞാന്‍ അന്ന് പിരിഞ്ഞു. തന്റെ യൗവനവും ശിഷ്ട കാലവും ആ ഫോട്ടോ കാബിനില്‍(ചെറിയ പെട്ടി കട) കഴിച്ചു കൂട്ടിയ, ആ വേദന പോലും ഇല്ലാത്ത, ആ മനുഷ്യനെ കുറിച്ചായിരുന്നു വീടെത്തുന്നത് വരെയുള്ള എന്റെ ചിന്ത. ഒരു BMW X6 എടുക്കണമെന്ന എന്റെ ജീവിതാഗ്രഹവും അങ്ങേരുടെ ജീവിതാഗ്രഹവും താരതമ്യം ചെയ്ത് നോക്കിയപ്പോ ഞാനൊക്കെ ജീവിക്കുന്നത് സ്വര്‍ഗത്തില്‍ ആണെന്ന തിരിച്ചറിവ് എനിക്കുണ്ടായ്. 

പിന്നെയാ ദിവസം. എന്റെ ലാന്‍ഡ് ക്രൂസറില്‍ കോര്‍ണിഷിലൂടെ നീങ്ങുമ്പോള്‍ ഇരമ്പം ഇല്ലാത്ത കടലും കൂറ്റന്‍ കെട്ടിടങ്ങളും അമ്മത്ക്കയുടെ കണ്ണുകള്‍ക്ക് കാഴ്ചയുടെ ഉത്സവമാവുന്നത് ഞാനറിഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ട ലേബറേഴ്‌സിന്റെ ഉണങ്ങിയ മുഖങ്ങള്‍ കണ്ടു മടുത്ത അമ്മത്ക്കയ്ക്ക് സുന്ദരവസ്ത്ര ധാരികളായ അറബി കൊച്ചമ്മമാരുടെയും അനറബി പരിഷ്‌കാരികളുടെയും മുഖങ്ങള്‍ കണ്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. കോര്‍ണീഷ് , സൂക്ക് വാഖിഫ്, കത്താര കഹച്ചറല്‍ വില്ലേജ്, പേള്‍ ഖത്തര്‍ ഒക്കെ ഹ്രസ്വ സന്ദര്‍ശനം നടത്തി അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ഞങ്ങള്‍ മതിമറന്നു ആഘോഷിച്ചു. നാലു മണിക്ക് റൂമില്‍ ഇറക്കി കൊടുക്കുമ്പോള്‍ പരോള്‍ കഴിഞ്ഞു തിരിച്ചു ജയിലിലെത്തിയ കുറ്റവാളിയുടെ മുഖ ഭാവമായിരുന്നു അമ്മത്ക്കയ്ക്ക്. യാത്ര പറയുമ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ കണ്ണുനീര് ലോകമറിയാതെ അടിച്ചു പൊളിച്ചു ജീവിക്കുന്ന അദ്ദേഹത്തിന്റെ മകന് സമര്‍പ്പിക്കുന്നു. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

ഷറഫുദ്ദീന്‍ ഇ സി: ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

അലി ഫിദ വാണിമേല്‍: ഖത്തര്‍ പൊലീസ് ഡാ!​