അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ഒരു മരണത്തിന്‍റെ സമയകാലം ക്ലിപ്തപ്പെടുത്താൻ ആവാത്ത സമസ്യയാണ് പ്രവാസികളുടെ വേർപാടുകൾ ഒരു നൊമ്പരമായി നമ്മിൽ തീർക്കുന്ന ശൂന്യതയുടെ ആഴം അത് അനുഭവിച്ചവർക്കേ അറിയൂ. കഴിഞ്ഞ വർഷം... 2017 ഡിസംബർ മാസത്തിലെ ആ രാത്രി  ഓർത്തെടുക്കുമ്പോൾ എനിക്ക് നഷ്ടമായത് എന്‍റെ 26 വയസ്സുള്ള  അനുജനെയാണ്... കേവലം രണ്ട് മാസത്തെ ഒമാൻ ജീവിതം മാത്രം ജീവിച്ചു തീർത്ത എന്‍റെ പ്രിയ ഷംസീർ. 

ഒക്ടോബറിൽ വളരെ പ്രതീക്ഷയോടെ എന്‍റെ കൂടെ ഒമാനിലെത്തിയ അവനെ രണ്ട് മാസത്തിനിപ്പുറം ഫ്‌ളൈറ്റിലെ കാർഗോ അറയിൽ എന്‍റെ ഫ്‌ളൈറ്റിൽ തന്നെ മടക്കവും വിധിച്ചത് വിധി തന്നെയാവാം. മെഡിക്കൽ രേഖയിൽ കാർഡിയാക് അറസ്റ്റ് എന്ന് രേഖപ്പെടുത്തി ഡെത്ത്‌ സർട്ടിഫിക്കേറ്റ് ഒപ്പിട്ടുവാങ്ങുമ്പോൾ വിറച്ചുപോയത് കൈ മാത്രമല്ല ശരീരം മുഴുവനാണ്. 

എല്ലാ ചെറുപ്പക്കാരെയും പോലെ നിറയെ സ്വപ്നങ്ങളായിരുന്നു അവനും. ഒരു ഡൈനിങ് ടേബിളിനു മുന്നിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഷംസീർ. എന്‍റെ പ്രിയപ്പെട്ട അനിയന്‍. ഞാൻ ടീവി കാണുന്നു. പെട്ടെന്നാണ് അവന്‍ എന്‍റെ അടുത്തേക്ക് ഓടിവന്നത്. ''എനിക്ക് ശ്വാസം  കിട്ടുന്നില്ല എന്ന് പറഞ്ഞ് അവന്‍ കസേരയിൽ ഇരുന്നു. പകച്ചുപോയ എനിക്കു മുന്നിൽ വിളറി വെളുത്തുപോയ  ശരീരം പെട്ടെന്ന് താഴേക്കുവീണു... അലർച്ച കേട്ട് തൊട്ടടുത്ത ഫ്ളാറ്റിലെ ഫാര്‍മസിസ്റ്റ് സമദ്  ഓടിവന്നു. മരവിച്ചുകിടക്കുന്ന ഷംസീറിനെ കോരിയെടുത്തു. 

ആദ്യം വേണ്ടത് മരിച്ച ആളുടെ മാതാപിതാക്കളുടെ അപേക്ഷയാണ്

നിമിഷനേരം കൊണ്ട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും 'വൈകിപ്പോയി' എന്ന പതിവ് വാക്യത്തിന് മുന്നിൽ പൊട്ടിക്കരയാൻ മാത്രമേ ആയുള്ളൂ. ഇവിടെയാണ് സ്വന്തക്കാർ നിസ്സഹായരായിപ്പോവുകയും മണലാരണ്യത്തിലെ, പകരം വെക്കാനില്ലാത്ത സാമൂഹ്യപ്രവർത്തകരുടെ കടന്നുവരവ് ആരംഭിക്കുന്നതും...

എനിക്കറിയാത്ത, എന്നെ അറിയാത്ത, രാഷ്ട്രീയം അറിയാത്ത, സംഘടന അറിയാത്ത, പേരോ, നാളോ അടയാളപ്പെടുത്താത്ത, എങ്ങുനിന്നോ വന്നവർ... പ്രവാസ  ജീവിതത്തിൽ പകച്ചുപോകുന്നവർക്ക് ആശ്രയമായി താങ്ങായി, ഇവരുണ്ട്. 

അഷ്‌റഫ് താമരശ്ശേരിയെ പോലെ അല്ലെങ്കിൽ അതിനുമപ്പുറം ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ നിരവധിയുണ്ട്. അവരെ നമ്മൾ അടയാളപ്പെടുത്തിയിട്ടില്ല ഇതുവരെ. ഒരു ഡെഡ്ബോഡി നാട്ടിലെത്തിക്കണമെങ്കിൽ ഒരുപാടു കടമ്പകൾ കടക്കണം. അതാണെങ്കിൽ വഴിക്കുവഴി ചെയ്തില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാലും മൃതതേഹം നാട്ടിലെത്തില്ല. മരിച്ച ശരീരവും ഞാനുമുള്ളത് മസ്കറ്റിൽ നിന്ന് 180 കിലോമീറ്റർ ദൂരെ സഹം എന്ന സ്ഥലത്താണ്. എംബസ്സി മസ്ക്കറ്റിലുമാണ്. 

പാതിരാവിലും ഈ പ്രവർത്തകർ തലങ്ങും വിലങ്ങും ഓടുന്നു. ഫോൺ വിളിക്കുന്നു. നിർദേശങ്ങൾ കൈമാറുന്നു, പൂട്ടിയ കട തുറപ്പിച്ചു ഫോട്ടോസ്റ്റാറ്റ് എടുക്കുന്നു. ആദ്യം വേണ്ടത് മരിച്ച ആളുടെ മാതാപിതാക്കളുടെ അപേക്ഷയാണ്. അത് എംബസ്സിയിൽ രാവിലെ കിട്ടിയിരിക്കണം. മൃതദേഹം നാട്ടിലേക്കയക്കണം എന്ന സത്യവാങ്മൂലം  ലഭിച്ചാൽ പിന്നീട് ഡോക്ടറുടെയും പോലീസിന്‍റേയും സർട്ടിഫിക്കറ്റാണ്. അതും കിട്ടിയാൽ എംബസിയിൽ നിന്ന് പാസ്പോർട്ട്‌ കാൻസൽ ചെയ്തുള്ള സർട്ടിഫിക്കറ്റാണ് വേണ്ടത്. നിരവധി നൂലാമാലകളിൽ പരക്കം പായുമ്പോൾ ഒന്നുമറിയാതെ മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ച് നമ്മുടെ പ്രിയപ്പെട്ടവര്‍... 

സ്വന്തം വാഹനത്തിലും ടാക്സിയിലും കാശു പോലും നോക്കാതെ പരസ്പരം സഹായമാകുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരാണ് ഈ പ്രവാസ ലോകത്തു ഞാൻ കണ്ട ഏറ്റവും കരുണയുള്ള മനുഷ്യര്‍. കരുണവറ്റാത്ത ഈ മനുഷ്യർ രാത്രി പ്രവർത്തനം അവസാനിപ്പിച്ച് പുലർച്ചെ  ആറ് മണിക്ക്  എത്താം എന്ന ഉറപ്പിലാണ് അന്ന് പിരിഞ്ഞത്. 

പറഞ്ഞതുപോലെ എല്ലാവരും രാവിലെ എത്തി. ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കേറ്റ് വാങ്ങി. എമിഗ്രെഷനിലേക്കും പിന്നീട് ലേബര്‍ ഡിപ്പാർട്ട്മെന്‍റിലേക്കും... ആളുകൾ പരക്കം പായുന്നു. മ്ലാനമായ മുഖത്തോടെ സഹായികൾ പരസ്പരം കുശുകുശുക്കുന്നു. പിന്നീടാണ് അറിയുന്നത് ലേബർ ഡിപ്പാർട്ട്മെന്‍റിൽ  ഐ.ഡി കാർഡ് കാൻസലാക്കാൻ മരിച്ച ഷംസീറിന്‍റെ ഒറിജിനൽ ഐ.ഡി കാർഡ് വേണം... അതാണെങ്കിൽ ഇന്നലെ രാത്രി ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് തയ്യാറാക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ  കയ്യിലാണ്. അദ്ദേഹം അത് തിരിച്ചേൽപ്പിക്കാൻ മറന്നുപോയി എന്നും, ഡ്യുട്ടി കഴിഞ്ഞു പോയ ആ പൊലീസുകാരൻ വൈകീട്ട് മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നും അറിയാന്‍ കഴിഞ്ഞു. ബോഡി സൂക്ഷിച്ച ഒമാനിലെ സഹം വിലായത്തിൽ നിന്ന് എംബാം പൂർത്തിയാക്കേണ്ടുന്ന കേന്ദ്രത്തിലേക്ക് രണ്ടുമണിക്കൂർ യാത്രയുണ്ട്. മസ്‌കറ്റിലെ എംബാം പൂർത്തിയാക്കുന്ന കേന്ദ്രത്തിലെ എംബാമിങ് സമയം ഉച്ചയ്ക്ക് രണ്ട് മണിവരെയാണ്. പിറ്റേന്ന് വെള്ളിയാഴ്ചയും... അതിനടുത്ത് ശനിയും രണ്ടും  ഒഴിവു ദിനങ്ങൾ... അര മണിക്കൂർ കൊണ്ട് ആംബുലൻസിൽ ബോഡി കയറ്റി പുറപ്പെട്ടില്ലെങ്കിൽ എല്ലാം കുഴയും. പലരുടെയും സ്പോൺസർമാരെ വിളിച്ചുനോക്കുന്നുണ്ട്. അവരൊക്കെ വരാം എന്നുപറയുന്നെങ്കിലും എല്ലാത്തിനും  സമയമെടുക്കും. 

അപ്പോഴാണ് ഒരു പരിചയവും ഇല്ലാത്ത ഒരു പൊലീസുകാരൻ നമ്മളോട് കാര്യം തിരക്കുന്നത്. ഐഡി കാർഡിന്‍റെ കാര്യം പറഞ്ഞു. അദ്ദേഹം  നമ്മളെയും കൂട്ടി ലേബർ  ഓഫിസിന്‍റെ അകത്തേക്ക് പോയി. ആ പോലീസ് ഉദ്യോഗസ്ഥന്‍റെ ഒറിജിനൽ ഡിപ്പാർട്ടമെന്‍റ് ഐഡി കാർഡ് ഗ്യാരണ്ടി വെച്ച് ഷംസീറിന്‍റെ ഐഡി കാർഡ് കാൻസൽ  ചെയ്തു  കിട്ടി. പിന്നീട്, ഒരു ഓട്ടമായിരുന്നു. ആശുപത്രിയിലെ ഫോർമാലിറ്റി  10 മിനുട്ടിൽ പൂർത്തീകരിച്ചു. മസ്‌കറ്റിലെ എംബാം കേന്ദ്രത്തിലേക്ക് ആംബുലൻസിൽ  കുതിച്ചു. അവിടെയും നമ്മളെ കാത്ത് സാമൂഹ്യ പ്രവർത്തകരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, നല്ലവരായ  മനുഷ്യർ. 

കഫന്‍ ചെയ്യാനുള്ള തുണിയും മയ്യത്തു നിസ്കരിക്കാനുള്ള ഉസ്താദും അവിടെ എത്തിയിരുന്നു. ഇരുന്നൂറോളം പേപ്പർ വേണം. അതൊക്കെ ഫോട്ടോ കോപ്പി എടുത്തു.  ഓരോ സെറ്റാക്കി എംബസ്സിയിലും എയർപോർട്ടിലും ടിക്കറ്റിനും എമിഗ്രേഷനിലേക്കും നാട്ടിലെ വകുപ്പിനും (എന്റെ കയ്യിൽ കൊണ്ടുപോകാൻ) ഒക്കെ തരം തിരിച്ചു  ഓരോ ഡിപ്പാർട്ട്മെന്‍റിലേക്കും അവർ തന്നെ പോയി ശരിപ്പെടുത്തി തന്നു. ബോഡി സാമൂഹ്യ പ്രവർത്തകർ തന്നെ എയർപോർട്ട് കാർഗോയിൽ ഏൽപ്പിക്കും. ആ സമയത്ത് എത്തിയാൽ മതി. രാത്രി പത്തുമണിക്കാണ് ഫ്ലൈറ്റ്. ഞാൻ സുഹൃത്ത്‌  അബ്ദുസ്സലാമിന്‍റെ വീട്ടിലേക്കു പോയി. അവിടുന്ന് എയർപോർട്ടിലേക്ക് പോകാം എന്നുള്ള തീരുമാനത്തിൽ.

രണ്ടുമാസം മാത്രം പ്രവാസം നയിച്ച എന്റെ പൊന്നനുജന്‍റെ മൃതദേഹത്തെ അനുഗമിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു. ആരൊക്കെ ചേർന്നാണ് ഒരാളുടെ ജീവിതം  പൂർത്തിയാവുന്നത്. ഇവരൊക്കെ ചേർന്ന് നൽകുന്ന സഹായത്തിന് എങ്ങനെയാണു നന്ദി പറേയണ്ടത്... 

പ്രവാസി ദിവസിൽ  പോലും അഡ്രസ്സ് ചെയ്യപ്പെടാത്ത നിശബ്ദ പ്രവർത്തകരാണവർ

ഒരു പരിചയവും ഇല്ലാതെ  സ്വന്തം ഐഡി കാർഡ് പകരം വെച്ചു ഡെഡ്ബോഡി നാട്ടിലെത്തിക്കാൻ സഹായിച്ച ഒമാനിലെ പോലീസ്ഉദോഗസ്ഥനോ... അറബി  സ്‌പോൺസറുടെ കൊള്ളരുതായ്മ മാത്രം വായിച്ച എനിക്ക് ഞങ്ങൾ എത്തുന്നതിനു മുമ്പ് ആശുപത്രിയിൽ ഉറങ്ങാതെ കാത്തിരുന്ന ഒമാനി സ്പോണ്സര്‍ക്കോ, എന്നേക്കാൾ കൂടുതൽ  കരഞ്ഞിട്ടുണ്ടാവുക ഒരുപക്ഷെ അവനാവും... അറിയില്ല... സാമ്പത്തിക പ്രയാസവും പെട്രോൾ വില ഇടിവും ഒക്കെ ഉണ്ടായിട്ടും നമുക്ക് അന്നം  തരുന്ന ഈ നാട് തളർന്നുപോകാതെ നമ്മെ  ഇപ്പോൾ പോറ്റുന്നതും ഇതുപോലുള്ള നന്മ വിളക്ക് ജ്വലിക്കുന്നതു കൊണ്ടായിരിക്കും. 

അനാഥശവങ്ങൾ, തിരിച്ചറിയൽ രേഖകളോ, പാസ്സ്പോർട്ടോ ഇല്ലാതെ, ഏതു രാജ്യക്കാരാണ് എന്ന് പോലും തിരിച്ചറിയാത്തവർ... വീട്ടുകാർക്ക് വേണ്ടാത്തവർ, അങ്ങനെ  മരണപ്പെടുന്നവർക്കൊക്കെ അത്താണി ആവുന്നവർ... ഇവരാണ് ആദരിക്കപ്പെടേണ്ടവർ. ഇവർ  പറയുന്നതാണ്  അധികൃതർ കേൾക്കേണ്ടത്. പക്ഷെ, പ്രവാസി ദിവസിൽ  പോലും അഡ്രസ്സ് ചെയ്യപ്പെടാത്ത നിശബ്ദ പ്രവർത്തകരാണവർ. രാഷ്ട്രീയക്കാരുടെ മുന്നിലും സിനിമാ നടീനടന്മാരുടെ മുന്നിലും കോട്ടിട്ട് നടക്കാത്തവർ. നന്മ മരങ്ങളുടെ സ്നേഹത്തിനും അർപ്പണത്തിനും കൂട്ടായ പ്രവർത്തനത്തിനും രണ്ടുതുള്ളി കണ്ണുനീര് ചേർത്ത പ്രാർത്ഥന മാത്രം.