അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ഒരു ലീവുള്ള ദിവസമായിരുന്നു മാധവേട്ടന്‍ എന്നെ കാണാന്‍ താമസസ്ഥലത്തെത്തിയത്. വര്‍ഷങ്ങളുടെ പഴക്കമാണ് ഞങ്ങള്‍ തമ്മിലുള്ള സൌഹൃദത്തിന്. മനസ്സിന് എന്തെങ്കിലും വിങ്ങലുണ്ടെങ്കില്‍ ഓടിവരുന്നത് എന്‍റെ അടുത്തേക്കാണ്. അതുകൊണ്ടു തന്നെ എനിക്കും ജിജ്ഞാസയായി.''കുടിക്കാന്‍ കാപ്പി എടുക്കട്ടെ'' വേണ്ട എന്ന ആംഗ്യഭാഷ. ചുട്ടു പൊള്ളുന്ന വെയിലത്ത് നടന്നു വന്നതാണ് മാധവേട്ടന്‍. വിയര്‍ത്തു കുളിച്ചു നില്‍കുന്ന ആ ശരീരത്തേക്കാളും ഞാന്‍ കണ്ടത് ആ ഹൃദയത്തിലൊളിപ്പിച്ച നിര്‍വ്വികാരതയായിരുന്നു. ''മാധവേട്ടന്‍ വിശ്രമിക്ക്, ഞാന്‍ കഴിക്കാനെന്തെങ്കിലും ശരിയാക്കാം.''

അടുക്കളയിലെത്തിയ ഞാന്‍ ഓര്‍ക്കുകയായിരുന്നു... നീണ്ട ഇരുപത്തെട്ടു വര്‍ഷം ഒമാനില്‍ മാധവേട്ടന്‍ ചെയ്യാത്ത ജോലികളില്ല. ഒരു പെപ്സിപോലും വാങ്ങി കുടിക്കാതെ അതും കൂടി ചേര്‍ത്ത് മക്കള്‍ക്കയക്കാമല്ലോ എന്നു ചിന്തിക്കുന്ന, മക്കളേയും ഭാര്യയേയും സ്നേഹിക്കുന്ന പച്ചയായ മനുഷ്യന്‍. ലോണെടുത്ത് വീടും പണിത് ഭാര്യയെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് മാറി താമസിക്കുമ്പോഴേക്കും മൂന്നു മക്കളുമായി കഴിഞ്ഞിരുന്നു. ഉയര്‍ന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തു പഠിപ്പിച്ചു. മൂത്ത പെണ്‍കുട്ടിയുടെ നിശ്ചയത്തിനു വേണ്ടി ഈയിടെ പോവുമ്പോള്‍ എന്നോടും പറഞിരുന്നു.
''കല്ല്യാണത്തിന് നീ ഉണ്ടാവണം''
''മാധവേട്ടന്‍ പോയി കാര്യങ്ങളെല്ലാം ചെയ്തിട്ടു വാ, നമുക്ക് കല്ല്യാണം തകര്‍ക്കണം.''

നമ്മുടെ ഒപ്പം ജീവിക്കുന്ന കാലമല്ലേ പെണ്‍കുട്ടികള്‍ക്ക് നല്ല കാലം

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് മാധവേട്ടന്‍ പകുതി മയക്കത്തില്‍ നിന്നും ഉണര്‍ന്നത്.   
''വരൂ ഭക്ഷണം കഴിക്കാം''
''അതൊക്കെ പിന്നെ കഴിക്കാം, നീ ഇവിടെ വാ'' മാധവേട്ടന്‍ പറഞു തുടങ്ങി...
''സൈനൂനറിയാലോ ഞാനെന്‍റെ മക്കളെ എങ്ങനെയാ വളര്‍ത്തിയതെന്ന്. മോള് വീട്ടിലെ പണിയൊന്നും എടുക്കണില്ല എന്ന് ഭാര്യ പറയുമ്പൊ ഞാനവളെ വഴക്ക് പറയും. നമ്മുടെ ഒപ്പം ജീവിക്കുന്ന കാലമല്ലേ പെണ്‍കുട്ടികള്‍ക്ക് നല്ല കാലം എന്ന്. നിങ്ങളിങ്ങനെ ഒരു പണിയും ചെയ്യിക്കാതെ വളര്‍ത്തിക്കോ. മറ്റൊരു കുടുംബത്തിലേയ്ക്ക് കയറി ചെല്ലേണ്ട പെണ്ണാ അവള് എന്ന് ഭാര്യേം പറയും. എന്താ പെണ്‍ കുട്ടികളെ കെട്ടിച്ചയക്കുന്നത് അവരുടെ വീട്ടിലെ ജോലി ചെയ്യാനാണോന്ന് പിന്നേം ഞാന്‍ ചോദിക്കും.''

ഭാര്യയെ വഴക്കു പറഞ്ഞത് മാധവേട്ടന്‍ പറഞ്ഞപ്പോള്‍ ഒരു പിതാവിന്‍റെ മക്കളോടുള്ള, പ്രത്യേകിച്ച് പെണ്‍മക്കളോടുള്ള സ്നേഹം ഞാനും തിരിച്ചറിയുകയായിരുന്നു.
വിവാഹത്തിന് ഹാള്‍ തരപ്പെടുത്തണം അതിന് മുന്‍കൂട്ടി സ്ഥിരപ്പെടുത്തുകയും വേണം. ഒരു ഓണ ദിവസം ചെറുക്കന്‍റെ വീട്ടിലേയ്ക്ക് മാധവേട്ടന്‍ വിളിച്ചു ഓണാശംസകള്‍ പറയാന്‍. ഒപ്പം വിവാഹ ദിവസം ഉറപ്പിക്കുകയുമാവാം എന്ന ഉദ്ദേശത്തിലാണ് വിളി. ഫോണെടുത്തത് ചെറുക്കന്‍റെ അച്ഛനാണ്.
''ഹലോ ഞാന്‍ മസ്കറ്റീന്ന് മാധവന്‍. സുമതീടെ അച്ഛന്‍...''

എല്ലാ കാര്യവും പറഞ്ഞതിന് ശേഷം അവിടുത്തെ അച്ഛന്‍ പറഞതിങ്ങിനെ: ''മക്കളുടെ ലീവിന്‍റെ കാര്യം അറിഞിട്ട് വിവരം അറീക്കാം. പിന്നേ എത്രയും നേരത്തെ തന്നെ കല്ല്യാണം നടത്തണമെന്നു തന്നെയാണ് ഞങ്ങള്‍ക്കും. കാരണം, വീട്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രേ ഒള്ളൂ. അവള്‍ക്കാണെങ്കില്‍ ഒട്ടും വയ്യ...''

ഇതിലിത്ര വിഷമിക്കാനെന്തിരിക്കുന്നു മാധവേട്ടാ എന്ന എന്‍റെ ചോദ്യത്തിനുത്തരമായി. ''അവരുടെ ജീവിതം എത്രയും നേരത്തെ തുടങ്ങണം എന്നല്ല ആ അച്ഛനാഗ്രഹിച്ചത്. അടുക്കളയിലേക്കൊരാളെ പണിയെടുക്കാന്‍ വേണം എന്നാണ്.'' എന്ന് മാധവേട്ടന്‍ പറഞ്ഞു.

അവരുടെ വാക്കുകളുടെ തീഷ്ണതയേറ്റ് കേള്‍ക്കുന്നവര്‍ക്ക് പൊള്ളുകയാണ് എന്ന് അവര്‍ക്കറിയില്ല

'എല്ലാ അച്ഛനമ്മമാരും വിചാരിക്കുന്നത് ഇങ്ങനെ തന്നെയാണ് എന്ന് നമുക്ക് പറയാനാവില്ലല്ലോ' എന്ന എന്‍റെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഭക്ഷണം പോലും കഴിക്കാതെ പോവാനായി ഷൂ ഇടുമ്പോള്‍ പറഞ്ഞു കൊണ്ടിരുന്നു മാധവേട്ടന്‍: ''അച്ഛനമ്മമാര്‍ അവരുടെ സമീപനം മാറ്റാന്‍ സമയമായിരിക്കുന്നു. അവരുടെ വാക്കുകളുടെ തീഷ്ണതയേറ്റ് കേള്‍ക്കുന്നവര്‍ക്ക് പൊള്ളുകയാണ് എന്ന് അവര്‍ക്കറിയില്ലല്ലോ.''

'ബന്ധങ്ങളെന്നും സ്നേഹത്തിലധിഷ്ഠിതമാവണം. സ്നേഹമെന്നും ത്യാഗത്തിലും' ഇതു പറയാന്‍ തുടങ്ങുമ്പോഴേക്കും മാധവേട്ടന്‍ പോയിക്കഴിഞ്ഞിരുന്നു.