പകല്‍ കത്തുകയാണ്. ചൂടിന്റെ അളവ് അമ്പത് ഡിഗ്രിയില്‍ കൂടുതലാണെന്ന് ശരീരമറിയുന്നുണ്ട്. റേഡിയോയും ടിവിയുമെല്ലാം നാല്‍പത്തിയാറും നാല്‍പത്തിയെട്ടും പറഞ്ഞു സമാധാനിപ്പിക്കുകയാണെന്നറിയാം. പക്ഷെ ശരീരം സത്യം പറയും. ഇവിടെയെത്തി രണ്ട് വര്‍ഷമായി. കഴിഞ്ഞ വര്‍ഷത്തെ ചൂടനുഭവിച്ചതു കൊണ്ട് ചൂടിനെ വരവേല്‍ക്കാന്‍ ശരീരം പഠിച്ചിരിക്കുന്നു. 

പട്ടണത്തില്‍ നിന്നും ഒരു പാടു ദൂരം മാറി നില്‍ക്കുന്നു ഞങ്ങളുടെ ഈ തൊഴിലിടം. പെട്രോള്‍ പമ്പ്. പിന്നില്‍ കാര്‍ വാഷ് കൂടാതെ പഞ്ചറടക്കുന്ന ടയര്‍ കടയും, വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനാനുബന്ധ സാധനങ്ങളും. പ്രധാന റോഡില്‍ നിന്നും തെന്നി നേരെ തിരിഞ്ഞു പമ്പിലേക്കു കയറുന്നിടത്തണ് ബുഫിയ കഫ്റ്റീരിയയും ബക്കാല ഗ്രോസറിയും. 

നീണ്ടു നിവര്‍ന്നു കിടക്കുന്ന മരുഭൂമിയിലൂടെ വളവോ തിരിവോ ഇല്ലാതെ അറ്റം കാണാതെ പോകുന്ന വീതിയേറിയ റോഡാണ് മുന്നില്‍. അങ്ങുമിങ്ങും പാഞ്ഞു പോകുന്ന പലയിനം വാഹനങ്ങളാണ് നിത്യക്കാഴ്ച. ചുറ്റും മരുഭൂമിയായതിനാല്‍ ദൃശ്യങ്ങളുടെ രുചി ഭേദങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ മാത്രമുള്ള മറ്റു കാഴ്ചകളൊന്നുമില്ല. 

മാസത്തില്‍ രണ്ടു ദിവസം അവധിയാണ്. ഉല്ലസിക്കാന്‍ കടല്‍ത്തീരമോ വിനോദ ഉപാധികളോ ഒന്നും തന്നെ അടുത്തൊന്നുമില്ല. അതിനാല്‍, ഞങ്ങളില്‍ പലരും അവധി എടുക്കാതെ അധിക വേതനത്തിനു അധികജോലി ശീലമാക്കി. പാകിസ്ഥാനികള്‍ മാത്രം ലീവെടുത്തു മുറിയില്‍ വിന്‍ഡോ എ.സി.യുടെ മുരളലും കേട്ടു തണുത്തു വിറച്ചു ഉറങ്ങിത്തീര്‍ത്തു.

ഈയിടെയാണ് കഫീലിന്റെ മകന്‍ ബന്തര്‍ സ്ഥാപനങ്ങളുടെയെല്ലാം ചുമതലയേറ്റെടുത്തത്. വിലയേറിയ ഫോര്‍ വീലറില്‍ അയാള്‍ ഇടക്കിടെ വരാന്‍ തുടങ്ങി. പിതാവിനെയും അത്രയ്ക്കു പഴക്കമുള്ള ആ ടൊയോട്ട കാംറിയെയും തീരെ കാണാതായി. ബന്തറാകട്ടെ ഞങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ വന്നു ഇംഗ്ലീഷില്‍ സംസാരിക്കുവാനും സ്വയമേവ എന്തെങ്കിലും കണക്കുകളുണ്ടാക്കി കാല്‍ക്കുലേറ്ററില്‍ കൂട്ടിയും കിഴിച്ചും തന്റെ കണക്കിലെ പ്രാവീണ്യം തെളിയിക്കുവാനും ശ്രമിച്ചു. ഈ അല്‍പത്തരങ്ങള്‍ കണ്ട് ഞങ്ങള്‍ പലപ്പോഴും അയാളറിയാതെ അടക്കം പറഞ്ഞു ചിരിച്ചു.

വിരസമായ പകലുകളും വ്യത്യസ്തതയില്ലാത്ത രാത്രികളും കുറെയേറെ കഴിഞ്ഞു പോയി. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഒരു അക്ഷരത്തെറ്റു പോലെ ആ സ്ഥാപനവും ഞങ്ങളും നില്‍പ്പു തുടര്‍ന്നു. അതിനിടെ, കുറച്ചകലെയായി കുറച്ചു വില്ലകള്‍ വന്നു. അവിടെയുള്ളവര്‍ക്കായി ഒരു പള്ളിയുടെ മിനാരം ആകാശത്തേക്കു തലയുയര്‍ത്തി വന്നു. ഇന്ധനം നിറയ്ക്കുവാനോ വാഹനം കഴുകുവാനോ വരുന്ന ദേശത്തിലും, വേഷത്തിലും, ഭാഷയിലും തീര്‍ത്തും വിഭിന്നവും അപരിചിതവുമായ വഴിയാത്രക്കാരായിരുന്നു അതുവരെ അവിടെ ്എത്തിയിരുന്നത്. ചില മുഖങ്ങള്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് അടുത്തു വന്ന റസിഡന്‍ഷ്യല്‍ ഏരിയയെക്കുറിച്ചും അവിടെ താമസമാക്കിയ സ്വദേശികളെക്കുറിച്ചും കൂടുതലായി അറിഞ്ഞത്. അവരില്‍ ചിലരെല്ലാം ഇടയ്ക്കിടെ ഞങ്ങള്‍ക്കു വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങളും തദ്ദേശമധുര പലഹാരങ്ങളുമടങ്ങിയ വിവിധ തരത്തിലും വലിപ്പത്തിലും രൂപത്തിലുമുള്ള പാത്രങ്ങള്‍ തരികയും ആ പാത്രങ്ങള്‍ പോലും തിരിച്ചു ആവശ്യപ്പെടാതെ നിരന്തരം ഞങ്ങളെ മാനുഷികമായി പരിഗണിക്കുകയും അനുഭാവത്തോടെ പെരുമാറുകയും ചെയ്തു.

എന്റെ മുന്നിലെത്തിയതും പൊടുന്നനെ എന്റെ നെഞ്ചത്തു കൈ വെച്ചു അയാള്‍ ആഞ്ഞു തള്ളി.

പുതിയ ഉപഭോക്താക്കള്‍. പുതിയ തൊഴിലാളികള്‍. ഇരുപത്തിയാറു തൊഴിലാളികളടങ്ങുന്ന മൊത്തം സ്ഥാപനങ്ങള്‍ പുരോഗതി പ്രാപിക്കുന്നതിന്റെ അടയാളമായിരുന്നു അത്. അതോടെ, ഞങ്ങളില്‍ ചിലര്‍ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചു. കൂടുതല്‍ ഉത്സാഹത്തോടെ ജോലികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എനിക്ക് മറ്റുള്ളവരെയപേക്ഷിച്ചു നന്നായി എഴുതാനും വായിക്കുവാനും കൂടാതെ മറ്റുള്ളവരുമായി ആര്‍ദ്രമായി പെരുമാറുവാനും കഴിയുമെന്നായിരുന്നു സഹമുറിയന്‍മാരുടെ അഭിപ്രായം. അതു കേട്ട് ജോലിയിലും വേതനത്തിലും ഉണ്ടാകാവുന്ന ഉയര്‍ച്ചയും പ്രതീക്ഷിച്ചു ഞാനും മനോരാജ്യത്തു ആഹ്‌ളാദത്തോടെ സ്വകാര്യമായി വിഹരിച്ചു.

അതെല്ലാം പൊളിഞ്ഞത് ആ നട്ടുച്ചയ്ക്കാണ്. കസ്റ്റമര്‍മാര്‍ ഇല്ലാത്തതിനാല്‍, സ്ഥിരം വിഷയങ്ങളുമായി ഞങ്ങള്‍, പുറത്തെ മുഴുവന്‍ വെയിലും ഏറ്റുവാങ്ങി സ്വയം വിയര്‍പ്പായൊഴുക്കി പരിമതപ്പെടുത്തിയ ഷീറ്റിന്റെ തണലില്‍, അലസരായി നിന്ന് സംസാരിക്കുന്നു. പെട്ടെന്നാണ് ബന്തറിന്റെ വാഹനം വന്നു നിന്നത്. പതിവില്ലാത്ത സമയമായതിനാല്‍ പകച്ച ഞങ്ങള്‍ അവരവരുടെ ഇടങ്ങളില്‍ ഓടിപ്പോയി സ്ഥാനം പിടിച്ചു.

ഒന്നും പറയാതെ ചുറ്റും വീക്ഷിച്ച അയാള്‍ ഗൗരവത്തോടെത്തന്നെ ബുഫിയയ്ക്കകത്തേക്കു കയറി. പിന്നീടു എന്തോ കഴിച്ചതിന്റെ അടയാളമായി ടിഷ്യൂ പേപ്പര്‍ കൊണ്ടു ചിറിയമര്‍ത്തിത്തുടച്ചു പുറത്തേക്കിറങ്ങി വന്നു കൈ ചൂണ്ടി എല്ലാ വരോടും കാര്‍ വാഷിന്റെയടുത്തേക്കു ഹാജരാകുവാന്‍ ആംഗ്യ ഭാഷയില്‍ സൂചിപ്പിച്ചു.

ബക്കാലയിലെയും ബുഫിയയിലെയും തൊഴിലാളികളോടു തിരിച്ചു പോകാന്‍ പറഞ്ഞ ബന്തര്‍, നിരന്നു നില്‍ക്കുന്ന ഞങ്ങളുടെ മുന്നിലൂടെ പതുക്കെപ്പതുക്കെ നടന്നു.

തലയില്‍ വലത്തൊപ്പി മാത്രമായതിനാല്‍ വെളുത്ത നെറ്റി പൊടിഞ്ഞു വിയര്‍പ്പൊഴുകുന്നതു വ്യക്തമായി കാണാമായിരുന്നു.എന്റെ മുന്നിലെത്തിയതും പൊടുന്നനെ എന്റെ നെഞ്ചത്തു കൈ വെച്ചു അയാള്‍ ആഞ്ഞു തള്ളി. അപ്രതീക്ഷിതമായ ആഘാതത്തില്‍ ഞാന്‍ പിന്നോട്ടു പോയി മണലില്‍ വീണു. ഭയന്നു വിറച്ച ഞാന്‍ എഴുന്നേറ്റു അയാളെ ദയനീയമായി നോക്കി. ശിക്ഷ ലഭിയ്ക്കാന്‍ തക്കതായ ഒരു തെറ്റും ചെയ്തതായി ഓര്‍മ്മയിലില്ല. 

ഒരു നിമിഷം എന്റെ ദയനീയാവസ്ഥയിലേക്കു തന്നെ തറച്ചു നോക്കിയ അയാള്‍ ക്രുദ്ധത കൈവിടാതെ എതിര്‍ഭാഗത്തു നിന്ന പാക്കിസ്ഥാനിയായ അല്‍ത്താഫിനെ പിടിച്ചു തള്ളി. പിന്നോട്ടാഞ്ഞ കരുത്തനായ അയാള്‍ വീഴാതെ പിടിച്ചു നില്ക്കുകയും, കോപാകുലനായി പാഞ്ഞു വന്നു ബന്തറെ സര്‍വ്വശക്തിയോടെ തിരിച്ചു തള്ളി തല്ലാനായി കൈയ്യോങ്ങുകയും ചെയ്തു.

പെട്ടെന്നു പിന്നോട്ടുമലച്ച ബന്തറിന്റെ മുഖത്തു നിന്ന് നിമിഷനേരം കൊണ്ടു ദേഷ്യം അപ്രത്യക്ഷമായി. ചിരിച്ചു കൊണ്ടു അല്‍ത്താഫിന്റെ തോളില്‍ കൈവെച്ച് അയാള്‍ മാറോടുചേര്‍ത്തു പിടിച്ചു.

അന്തം വിട്ടു നില്‍ക്കുന്ന ഞങ്ങളെ പരതി നോക്കിയതിനു ശേഷം ബന്തര്‍ അല്‍ത്താഫിന്റെ തോളില്‍ തട്ടി 'എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

'ഫ്രം തു മാറോ അല്‍ത്താഫ് ഈസ് യുവര്‍ സൂപ്പര്‍ വൈസര്‍ ബിസോസ് ഓഫ് ഹീ റിയാക്ടഡ'

പ്രസ്താവന കേട്ടു സ്തബ്ധരായി നില്‍ക്കുന്നവര്‍ക്കിടയിലെ, ഭീരുവും ഇളിഭ്യനുമായ എനിയ്ക്കറിയില്ലായിരുന്നു ഇപ്പോള്‍ നടന്നത് സ്ഥാനക്കയറ്റത്തിനു വേണ്ടിയുള്ള പരീക്ഷയും ഇന്റര്‍വ്യൂവും ആയിരുന്നുവെന്ന്.