അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ദുബായിൽ വിസിറ്റിങ് വിസയിൽ എത്തി വിസ ചേഞ്ച് ചെയ്യാൻ ക്യാഷ് ഇല്ലാതെ എന്ത് ചെയ്യണമെന്ന് അറിയാതെ അങ്കലാപ്പിലായി ദുബായിൽ കുടുങ്ങിപോയ ആ കാലം... ഇന്നും ഓർക്കുമ്പോൾ അറിയാതെ കണ്ണു നനയാറുണ്ട്.

ആരോട് ചോദിക്കാൻ ആര്  സഹായിക്കാൻ സത്യത്തിൽ ആകെ സങ്കടത്തിലാണ്... ആരും തുണയില്ല. സങ്കടങ്ങളുടെ ആഴത്തെ കുറിച്ച് പലരെയും കണ്ട് പറഞ്ഞപ്പോഴും സഹായിക്കാൻ ആരുമുണ്ടായില്ല. പലരും ബുദ്ധിമുട്ടിലാണ്. ഒരു രക്ഷയുമില്ല. ഈ ഞാനടക്കമുള്ള  പലരും  രണ്ടറ്റം കൂട്ടി മുട്ടിക്കാൻ കഷ്ട്ടപെട്ടു കൊണ്ടിരിക്കുകയാണ്. ആകെ കൂടി ടിക്കറ്റെടുക്കാനും വിസയെടുക്കാനും രണ്ട് മൂന്ന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് എന്‍റെ ജ്യേഷ്ഠന്റെ വിളി വരുന്നത്.

'എന്തായി പൈസ വല്ലതും ശരിയായോ? എന്നൊരു ചോദ്യം' ഇല്ല എന്ന് പറയാതെ തന്നെ എന്‍റെ മൗനത്തിൽ ജ്യേഷ്ഠന് കാര്യം മനസ്സിലായി. നീ എന്താ ഒന്നും മിണ്ടാത്തത്, നീ ഷോപ്പിലേക്ക് വാ. വഴിയുണ്ടാക്കാം. നീ ബേജാറാകണ്ടയെന്നും  അദ്ദേഹം പറഞ്ഞപ്പോൾ തീ പോലെ എരിഞ്ഞ  സങ്കടങ്ങൾക്ക് താൽക്കാലിക ആശ്വാസമുണ്ടായി.

വളരെ  നേരത്തെ എയർപോർട്ടിൽ എത്തണമെന്നും കരുതി അതും നടന്നില്ല

ഷോപ്പിൽ എത്തിയതും മറ്റെന്തിനോ മാറ്റി വെച്ച പൈസ എനിക്ക് തരുമ്പോൾ ഞാൻ അദ്ദേഹത്തെ തന്നേ നോക്കിയിരുന്നു... എന്‍റെ നോട്ടം ശ്രദ്ധിച്ച അദ്ദേഹം, 'സാരമില്ല എല്ലാം ശരിയാകും'  എന്ന് പറഞ്ഞ് എന്‍റെ പുറത്ത് തട്ടി സമാധാനിപ്പിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. കാരണം അദ്ദേഹത്തിന്‍റെ പ്രശ്നങ്ങൾ അത്രയേറെ മുന്നിലുള്ളപ്പോഴും എന്നെ കയ്യൊഴിഞ്ഞിരുന്നില്ല. രക്തത്തിന് രക്തം എന്നും കൂടെയുണ്ടാകും എന്നൊരു തിരിച്ചറിവും അന്നെനിക്കുണ്ടായി. അങ്ങനെ വിസയും ടിക്കറ്റും എടുത്തു. സന്തോഷമായി.

പിറ്റേന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഫ്ലൈറ്റ്. കിഷമിലേക്കാണ്  ഫ്ലൈറ്റ്. അതെ, ഇറാനിലെ കിഷം എന്ന് പറയുന്നസ്ഥലത്തേക്ക്. നാട്ടിൽ പോയി വരുമ്പോൾ വലിയ ചിലവ് വരുന്നത് കൊണ്ടാണ് പലരും അന്ന് കിഷമിലേക്കാണ് വിസ ചേഞ്ച് ചെയ്യാൻ പോകുന്നത്. പിറ്റേന്ന് ഞാൻ വളരെ നേരത്തെ തന്നെ എഴുന്നേൽക്കണം എന്ന് കരുതി. പക്ഷെ അത് നടന്നില്ല. വളരെ  നേരത്തെ എയർപോർട്ടിൽ എത്തണമെന്നും കരുതി അതും നടന്നില്ല. എയർപോർട്ടിൽ പോകാൻ ഡ്രസ് മാറി നിന്നപ്പോഴാണ് ഞാൻ  ഓർക്കുന്നത് ചിലവിന് കയ്യിൽ ഒന്നുമില്ലല്ലോ എന്ന്, അതായത് കീശ കാലിയാണല്ലോന്ന്.

ജ്യേഷ്ഠന്റെ ഒരു സുഹൃത്തിനെ ഓർമയിൽ വന്നപ്പോൾ ഞാൻ അവിടേക്ക്  ഓടി. ആ സുഹൃത്തിനോട് കാര്യം ഞാൻ അവതരിച്ചപ്പോൾ  അദ്ദേഹം അഞ്ഞൂറ് ദിർഹം  തന്നു. അയ്യോ അഞ്ഞൂറൊന്നും വേണ്ട. ഒരു മുന്നൂറ്  കിട്ടിയാൽ മതിയെന്ന് ഞാൻ പറഞ്ഞു. അങ്ങനെ മുന്നൂറ് ദിർഹംസും  കൊണ്ട് ഞാൻ എയർപോർട്ടിലേക്ക് പോകാൻ വേണ്ടി വെസ്റ്റ് ഹോട്ടലിന്‍റെ മുന്നിൽ ബസ്സിന് കാത്ത് നിന്നു. സമയം നോക്കിയപ്പോൾ അൽപ്പം വൈകിയിരുന്നു കറക്ട് ബസ്സ് കിട്ടുകയാണെങ്കിൽ ഒരു കുഴപ്പവുമില്ലാതെ എയർപോർട്ടിൽ എത്താം. ദേ, ബസ് എത്തി, അൽഹംദുലില്ല.

അന്ന് ദുബായിൽ, 'നൂൽ കാർഡ്' സംവിധാനമില്ല. അതുകൊണ്ട് ടിക്കറ്റ് എടുക്കണം. ബസ്സിന്‍റെ മുൻഭാഗം മാത്രം ഡോർ തുറന്ന് തരും. ഡ്രൈവറുടെ കയ്യിൽ പൈസ കൊടുത്ത് ടിക്കറ്റ് അദ്ദേഹത്തോട് തന്നെ വാങ്ങണം. ഇതുവരെ ദുബായിൽ നിന്ന് മറ്റെങ്ങും യാത്ര ചെയ്ത് പരിചയമില്ലാത്ത ഒരാളാണ് ഞാൻ. അതിന്‍റെ ഒരു ഭയവുമുണ്ടായിരുന്നു. ബസ്സ് വന്നപ്പോൾ ആൾക്കാർ ഓടിക്കൂടി. ഭയങ്കര തിരക്കായി. തിക്കിലും തിരക്കിലും ഞാനൊട്ടും പിന്നോട്ട് പോയില്ല. കാരണം സമയമുണ്ടായിരുന്നില്ല.

അങ്ങനെ ബസ്സിന്‍റെ അകത്ത് കയറിയപ്പോൾ രക്ഷപ്പെട്ടുവെന്ന് കരുതിയതാണ്. പക്ഷെ വിധി എനിക്ക് പാരയായി... പോക്കറ്റടിക്കാരിൽ നിന്നാരോ എനിക്ക് പണി തന്നു. ഡ്രൈവർ ടിക്കറ്റിന് പൈസ ചോദിച്ചപ്പോൾ കീശയിലെ പേഴ്‌സ് കാണാനില്ല. അത് ഞാൻ പറഞ്ഞപ്പോൾ അവിടെ തന്നെ ഇറങ്ങിക്കോളാന്‍ പറഞ്ഞു കണ്ടക്ടര്‍.

ഞാനിറങ്ങി. ആളൊഴിഞ്ഞപ്പോൾ ചുറ്റും നോക്കി. ആകെ കുഴപ്പത്തിലായി. ആകെ സങ്കടത്തിലായി. ആരോട് പറയും? ആര് തരും? പെട്ടെന്നാണ് ജ്യേഷ്ഠന്‍റെ സുഹൃത്തിനെ ഓർമയിൽ  വരുന്നത്. അഞ്ഞൂറ് തന്നപ്പോൾ ഞാൻ മുന്നൂറല്ലേ  വാങ്ങീട്ടുള്ളൂ. ഇരുന്നൂറ് ബാക്കിയുണ്ടല്ലോ. പിന്നെയൊന്നും ആലോചിച്ചില്ല. സമയം വളരെ കുറവാണ്. എങ്കിലും ഓടി. അങ്ങനെ വൈകിയെങ്കിലും എയർപ്പോർട്ടിൽ എത്തി. പക്ഷെ, ആ ഫ്ലൈറ്റ് ഗോവിന്ദ!

എയർപോർട്ട് അധികൃതരോട് കാര്യം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു, ഇനി പോകാന്‍ വേറെ  ടിക്കറ്റ് എടുക്കണമെന്ന്. ഞാൻ കാല് പിടിച്ചു പറഞ്ഞു എന്‍റെ പ്രശ്നങ്ങൾ. ഇന്ന് പോയില്ലെങ്കിൽ ഫൈനും ഉറപ്പാണ്. അവസാനം എന്‍റെ സങ്കടങ്ങൾ കേൾക്കാൻ എയർപോർട്ടിലെ ഒരു മാലാഖ തന്നെയെത്തി. അമ്മാതിരി മൊഞ്ചുള്ളൊരു  പെണ്ണ്... അറബിക്കഥയിലെ രാജകുമാരിയെ പോലെ അവളെന്‍റെ അടുത്തേക്ക് വന്നു.

അവള്‍ അറബിയില്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. ഞാൻ ചുറ്റും നോക്കി. എനിക്കൊന്നും മനസ്സിലായില്ല എന്ന് മനസ്സിലാക്കി അവൾ ഇംഗ്ലീഷിൽ പറഞ്ഞു... ഞാൻ പിന്നേം ചുറ്റും നോക്കി. അതും മനസ്സിലായില്ല എന്നവൾ മനസ്സിലാക്കി. പിന്നെ, ഹിന്ദിയിൽ പറഞ്ഞു. അപ്പോൾ ചുറ്റും നോക്കാതെ അവളെ തന്നെ നോക്കി നിന്ന് ഞാന്‍ കാര്യം പറഞ്ഞു.

പിന്നീടങ്ങോട്ട് ജോലി അന്വേഷിച്ച് നടപ്പായിരുന്നു

150 ദിര്‍ഹം ഫൈൻ കൊടുത്താൽ അടുത്ത ഫ്ലൈറ്റിൽ കയറ്റി വിടുന്ന കാര്യം ഞാൻ ഏറ്റു എന്ന് ഒടുവില്‍ ഈ അറബി മൊഞ്ചത്തി പറഞ്ഞപ്പോൾ ഞാൻ ഒന്നും ആലോചിച്ചില്ല. നേരെ കിഷിമിലേക്ക്.

കിഷിമിലെത്തി... അവിടെ നിന്ന് പെട്ടെന്ന് വിസ ചേഞ്ച് ചെയ്ത് മടങ്ങുകയും ചെയ്തു. പിന്നീടങ്ങോട്ട് ജോലി അന്വേഷിച്ച് നടപ്പായിരുന്നു. പെട്ടെന്നൊരു ജോലി താൽക്കാലികമായി ലഭിച്ചു. പക്ഷെ, അതുകൊണ്ട് കാര്യമില്ല. വിസിറ്റിങ് വിസയിൽ എത്ര കാലം ജോലി ചെയ്യും? പിടിക്കപ്പെട്ടാൽ അതും പ്രശ്നമാണ്. ഓടിക്കിതച്ച് നടക്കുന്ന ആ സമയത്ത് എനിക്കൊരു ജോലി ശരിയായി. അതോടൊപ്പം വിസയും. ഇപ്പോൾ ഞാൻ പ്രവാസ ലോകത്ത് പന്ത്രണ്ട് വർഷം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു.

എല്ലാം നല്ലവരായ ഏതൊക്കെയോ മനുഷ്യരുടെ കാരുണ്യം കൊണ്ടുകൂടിയാണ്. അങ്ങനെയേ പിടിച്ചുനില്‍ക്കാനാകൂ മനുഷ്യന്... എവിടേയും.