പപ്പയോടാണെനിക്ക് ഏറെ ഇഷ്ടം ധ്വനി ഷൈനി എഴുതുന്നു 

ഒറ്റയടിയേ മേടിച്ചിട്ടുള്ളൂ. ആശുപത്രി കളിച്ചപ്പോള്‍ കണ്ണുരോഗിയായ ആങ്ങളയ്ക്ക്, സേഫ്റ്റി പിന്‍ വച്ച് ഒരു കുഞ്ഞ് ഇഞ്ചക്ഷനും, കണ്ണില്‍ കാന്താരിമുളകു മരുന്നും കൊടുത്തതിന്. മമ്മിയ്ക്കും ഒറ്റയടിയേ കിട്ടിയിട്ടുള്ളൂ. മരത്തില്‍ നിന്ന് വീണ എന്നെ, തൂത്തു തരുന്നതിനും മുന്‍പേ തൂക്കിയെടുത്ത്, അന്തരീക്ഷത്തേയ്ക്ക് പറത്തി, മൂന്നാലെണ്ണം പിടപ്പിച്ചതിന്. എന്നെയടിച്ചപ്പോള്‍ ഇറുമ്മിയ പല്ല് ഒട്ടുമയയ്ക്കാതെ, അങ്ങോട്ടും കൊടുത്തു ഒരെണ്ണം മമ്മി. അതു വിനയപൂര്‍വ്വം വരവുവച്ചിട്ട് പപ്പയുടെ ആ ഒതുങ്ങിയ ചിരി...

പതിനെട്ടാം വയസ്സിലാണ്. പാതി തളര്‍ന്നു സംസാരശേഷി നഷ്ടപ്പെട്ട്, തലയ്ക്ക്, ഒന്നൊന്നായി മൂന്ന് സര്‍ജറിയ്ക്ക് ശേഷം, മമ്മി അമ്മവീട്ടില്‍ വിശ്രമിയ്ക്കുന്ന കാലം. ഹൈസ്‌കൂള്‍ അടുത്തില്ലാത്തതിനാല്‍ ആങ്ങളമാരും സ്‌കൂളിനടുത്തുള്ള അമ്മവീട്ടില്‍ തന്നെ. ആറുമാസമായി വീട്ടില്‍ ഞാനും പപ്പയും മാത്രം.

രാവിലെ കുറച്ചു പണികളൊക്കെ ഒതുക്കി ഏഴുമണിയോടെ കോളജിലേയ്ക്ക് നടക്കും. കാലിവയറുമായി തിടുക്കത്തിലിറങ്ങുമ്പോള്‍ വാതില്‍ക്കല്‍ വച്ച് ഒരക്ഷരം മിണ്ടാതെ ഒരു ഗ്ലാസ് പാലു നീട്ടും പപ്പ. തിരിച്ചെത്തുമ്പോള്‍ ഇരുട്ടു വീണിരിയ്ക്കും. ചീവീടുകളുടെ കരച്ചിലും, നാല്‍കാലികളുടെ മുറുമ്മലുമല്ലാതെ സര്‍വ്വതും ശാന്തം. അടുക്കളയില്‍ പാത്രങ്ങളുടെ കിലുക്കം നിലയ്ക്കുമ്പോള്‍ പപ്പ വന്ന്, എനിയ്ക്കടുത്ത് അടുക്കളയിലെ ബഞ്ചിലിരിയ്ക്കും. പിറ്റേന്നത്തേയ്ക്കുള്ള വാട്ടുകപ്പ തിളയ്ക്കുന്ന അലുമിനിയക്കലം, മൂടതള്ളിയിറങ്ങുന്ന പതയും വെള്ളവും, ആര്‍ത്തിയ്ക്കു വാങ്ങിമാറ്റുമ്പോള്‍, മൂടമാറ്റാനെന്ന പോലെ പപ്പ അടുപ്പിനടുത്തെത്തും. പതിയെ രണ്ടു പ്‌ളേറ്റുകളിലായി ചോറും കറിയും വിളമ്പിത്തുടങ്ങുന്നതു കാണുമ്പോള്‍ ഞാന്‍ അടുക്കള വിടും. അടുത്തമുറിയില്‍ പുസ്തകത്തിലേയ്ക്ക് തല പൂഴ്ത്തിക്കഴിഞ്ഞ എന്നോട്, 'നിനക്ക് വിശക്കുന്നില്ലേ ഷൈനി' എന്ന് പുലമ്പി, പാവം ഒറ്റയ്ക്ക് അത്താഴം കഴിയ്ക്കും.

വാക്കും വിശപ്പും കെട്ട അത്തരമൊരു രാത്രിയില്‍, ചുളുക്കം വീണ ബുക്കില്‍ വീണുറങ്ങിയ ഞാന്‍, നടുങ്ങിയെണീറ്റപ്പോള്‍ വയറ്റിലൊരു കാളല്‍. പതിയെ അടുക്കളയില്‍ ചെന്ന് മൂടിവച്ചിട്ടുള്ള പ്‌ളേറ്റില്‍ നിന്ന് കഴിച്ചു തുടങ്ങി. പതിവില്ലാത്ത ശബ്ദങ്ങള്‍ കേട്ടാവും 'എന്താണവിടെ'യെന്ന് പപ്പയുടെ മുറിയില്‍ നിന്ന് ചോദ്യം വന്നു. അത്താഴം കഴിയ്ക്കുവാണെന്ന് പറഞ്ഞയുടന്‍ ആള്‍ ഹാജരായി. പിന്നെ വിളമ്പലായി, തീറ്റിയ്ക്കലായി, ആഘോഷമായി. കഴിച്ചു പാത്രം കഴുകി വച്ചയുടന്‍ ഒരന്യായ ശബ്ദം! കോഴി കൂവുന്നു. മിഴിച്ചു നില്‍ക്കുന്ന എന്നോട്, 'നേരം വെളുക്കാറായി, കട്ടനിടട്ടെ' എന്ന് പപ്പ.

പപ്പയെന്നും ഇങ്ങനെയായിരുന്നു. എന്റെ വിശപ്പിന്റെ സമയം മാത്രമായിരുന്നു എനിയ്ക്കത്താഴസമയം. സമയവും കാലവും തെറ്റിച്ച് എനിയ്ക്കുണ്ടായ വിശപ്പിനെല്ലാം കാവലിരുന്നയാള്‍. ലോകം നെറ്റിചുളിച്ചേക്കാവുന്ന ഓരോ കാളലിനും മീതെ, ഞാന്‍ കൂടെയുണ്ടെന്ന് വീണ്ടും വീണ്ടും വിളമ്പി നിറച്ചവന്‍. ഞങ്ങള്‍ക്കിടയില്‍ വാക്കുകളില്ല. ആ കണ്ണുകളിലെ മിനുക്കമളന്ന് ആ മനസ്സറിയാമെനിയ്ക്ക്. നിബന്ധനകളില്ലാതെ തിളങ്ങുന്ന ഒന്നായതിനാലാവും, അതു മങ്ങാതെ സൂക്ഷിയ്ക്കല്‍ എനിയ്‌ക്കെന്നും ആയാസരഹിതമാണ്.

ഒറ്റയടിയേ മേടിച്ചിട്ടുള്ളൂ. ആശുപത്രി കളിച്ചപ്പോള്‍ കണ്ണുരോഗിയായ ആങ്ങളയ്ക്ക്, സേഫ്റ്റി പിന്‍ വച്ച് ഒരു കുഞ്ഞ് ഇഞ്ചക്ഷനും, കണ്ണില്‍ കാന്താരിമുളകു മരുന്നും കൊടുത്തതിന്. മമ്മിയ്ക്കും ഒറ്റയടിയേ കിട്ടിയിട്ടുള്ളൂ. മരത്തില്‍ നിന്ന് വീണ എന്നെ, തൂത്തു തരുന്നതിനും മുന്‍പേ തൂക്കിയെടുത്ത്, അന്തരീക്ഷത്തേയ്ക്ക് പറത്തി, മൂന്നാലെണ്ണം പിടപ്പിച്ചതിന്. എന്നെയടിച്ചപ്പോള്‍ ഇറുമ്മിയ പല്ല് ഒട്ടുമയയ്ക്കാതെ, അങ്ങോട്ടും കൊടുത്തു ഒരെണ്ണം മമ്മി. അതു വിനയപൂര്‍വ്വം വരവുവച്ചിട്ട് പപ്പയുടെ ആ ഒതുങ്ങിയ ചിരി...

ആരോടാണ് ഏറ്റവും സ്‌നേഹമെന്നു ചോദിച്ചാല്‍, 'പപ്പയോടെ'ന്നാണ് ഉത്തരം. അവിചാരിതമായി പരിചയപ്പെട്ട ഹൈറേഞ്ചുകാരിലൊരാളോടല്ലാതെ 
ആരോടും, എവിടെയും ഇന്നേവരെ പപ്പയെക്കുറിച്ചൊന്നും തന്നെ സംസാരിച്ചിട്ടില്ല. എങ്ങനെയാണ് ഏറ്റവും പ്രിയമുള്ള ബന്ധങ്ങള്‍, അത്രമേല്‍ ശാന്തമായി, ഒരടയാളങ്ങളുമില്ലാതെ, ആഴത്തില്‍ പതിയുന്നതെന്ന് ആലോചിച്ചുപോകുന്നു.

പടം - പപ്പയും മോനും അഞ്ചുവര്‍ഷം മുന്‍പ്.