"ലുത്തനേസ്യ ' - മനോഹരമായ മരണമെന്നാണ് ആ ഗ്രീക്ക് വാക്കിന്റെ അർത്ഥം വെറുതെയങ്ങനെ പറഞ്ഞുപോകാവുന്ന ഒന്നല്ല ലുത്തനേസ്യ അഥവാ ദയാവധം ദയാവധത്തിന് കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു ഡോക്ടറുടെ അനുഭവം
"ലുത്തനേസ്യ ' - മനോഹരമായ മരണമെന്നാണ് ആ ഗ്രീക്ക് വാക്കിന്റെ അർത്ഥം. മനുഷ്യൻ ജീവിതത്തിൽ ഏറ്റവും പേടിക്കുന്ന മരണം, ആ മരണം എങ്ങനെ മനോഹരമാകും? മരണത്തേക്കാൾ മോശം അവസ്ഥ ജീവിത്തിൽ ഉണ്ടാകാം എന്നതാണ് അതിനുള്ള ഉത്തരം.
വെറുതെയങ്ങനെ പറഞ്ഞുപോകാവുന്ന ഒന്നല്ല ലുത്തനേസ്യ അഥവാ ദയാവധം. 1991 ൽ ഇംഗ്ലണ്ടിലെ വിൻചെസ്റ്ററിലെ ലിലിയൻ ബോയ്സിന്റെ മരണത്തിന്റെ ബാക്കി ഭാഗം അതിന് തെളിവാണ്. ദയാവധത്തിന് കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു ഡോക്ടറുടെ അനുഭവം...
പതിമൂന്ന് വർഷമായി ഡോ.ലെയ് കോക്സിന് ലിലിയൻ ബോയ്സിനെ അറിയാം. 70 വയസിന്‍റെ വാർദ്ധക്യത്തിലും കരുത്തുള്ള സ്ത്രീ, അതായിരുന്നു അവരെക്കുറിച്ചുള്ള അഭിപ്രായം. പക്ഷെ ഒരോ അനക്കത്തിലും , ഓരോ സ്പർശത്തിലും വേദനകൊണ്ട് പുളയുന്ന ലിലിയനെ അധികനേരം കണ്ട് നിൽക്കാൻ അപ്പോൾ അദ്ദേഹത്തിനും കഴിയുമായിരുന്നില്ല. റുമറ്റോയിഡ് ആർത്രൈറ്റിസായിരുന്നു അസുഖം. ഒന്നനങ്ങുമ്പോൾ പോലും എല്ലൊടിയുന്ന ശബ്ദം ചുറ്റും നിൽക്കുന്നവർക്ക് കേൾക്കാം.
വേദന ഇത്തിരിയെങ്കിലും കുറയ്ക്കാൻ ഹെറോയിൻ കൊണ്ട് കോക്സ് ഒരു പാഴ്ശ്രമം കൂടി നടത്തി. ഒടുവിൽ ലിലിയൻ തന്നെ ആ അപേക്ഷ ഏറെ ബഹുമാനിക്കുന്ന ഡോക്ടർക്ക് മുന്നിൽ വച്ചു. വേദനയിൽ പുളയുന്ന അമ്മയെ നിസ്സഹായരായി നോക്കി നിന്ന പാട്രിക്കിനും ജോണിനും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. ലിലയന്റെ ഞരമ്പുകളിലേക്ക് രണ്ട് ആംപ്യൂൾ പൊട്ടാസ്യം ക്ലോറൈഡ് തുളച്ചുകയറി. അധികനേരം വേണ്ടിവന്നില്ല, റോയൽ ഹാംഷെയർ കൗണ്ടി ഹോസ്പിറ്റലിലെ തണുത്ത മുറിയിൽ അതുവരെ സ്പന്ദിച്ചൊരു ഹൃദയം നിലച്ചു. തന്റെ പ്രിയപ്പെട്ടൊരു രോഗിക്ക് ഡോക്ടർ ലെയ് കോക്സ് വേദനയിൽ നിന്ന് മോചനം നൽകി.
പിന്നീട്, ഡോക്ടർ കോക്സ് കുറിച്ചിട്ട മെഡിക്കൽ റെക്കോർഡ്സിലെ അധികഡോസ് പൊട്ടാസ്യം ക്ലോറൈഡ് ഒരു നഴ്സിന്റെ ശ്രദ്ധയിൽ പെട്ടു. അവരത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കൊലപാതക ശ്രമത്തിന് ഡോക്ടർ കോക്സിനെതിരെ കേസ് ചാർജ് ചെയ്തു. അധിക അളവിൽ നൽകിയ പൊട്ടാസ്യം ക്ലോറൈഡാണ് ലിലിയന്റെ മരണത്തിന് കാരണമായതെന്ന് ഉറപ്പിച്ച് പറയാനാകാത്തതിനാലാണ് കൊലപാതക കുറ്റം ചാർജ് ചെയ്യാതെ, കൊലപാതക ശ്രമം മാത്രം ചാർജ് ചെയ്തത്. വിൻചെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ മരണവും ജീവിതവും, നീതിയും അനീതിയും, ധർമ്മവും അധർമ്മവും, നൈതികതയും കാരുണ്യവും ഒക്കെ ചർച്ചയായി.
വിചാരണയിൽ ഉടനീളം ഡോക്ടർ കോക്സിന് അനുകൂലമായ നിലപാടാണ് ലിലിയന്റെ കുടുംബം സ്വീകരിച്ചത്. ദയാവധം കുറ്റമായ ബ്രിട്ടണിൽ വലിയ ചർച്ചകൾക്ക് വിധേയമായ കേസാണ് ഡോ. കോക്സിന്റേത്. കോക്സിന്റെ സദുദ്ദേശം പരിഗണിക്കപ്പെട്ടു. ജയിലിൽ പോകേണ്ടിവന്നില്ലെങ്കിലം കോക്സ് കുറ്റക്കാരനെന്ന് തന്നെയായിരുന്നു കോടതിയുടെ കണ്ടെത്തൽ . ആതുരസേവന രംഗത്ത് തുടരാൻ പിന്നീട് അദ്ദേഹത്തിന് അനുമതി ലഭിച്ചു. ബ്രിട്ടണിൽ ഇന്നും ദയാവധം ക്രിമിനൽ കുറ്റമാണ്.
ബ്രിട്ടണിൽ മാത്രമല്ല, ഭൂരിഭാഗം ലോകരാജ്യങ്ങളിലും ദയാവധം അനുവദനീയമല്ല. ദയാവധത്തെക്കുറിച്ച് പല രാജ്യങ്ങളിലെയും നിയമം നിശബ്ദദത പാലിക്കുന്നുവെന്നതാണ് സത്യം. ലക്സംബർഗ്, ബെൽജിയം , നെതർലാന്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കയിലെ ഒറിഗോൺ, വാഷിംഗ്ടൺ പോലുള്ള ചില സംസ്ഥാനങ്ങളിലും മാത്രമാണ് ദയാവധം നിയമം മൂലം അനുവദിച്ചിട്ടുള്ളത്. മറ്റ് പല രാജ്യങ്ങളിലും ദയാവധം പരമോന്നത കോടതികളുടെയോ നിയമനിർമ്മാണ സഭകളുടെയോ പരിഗണനയിലാണ്.
