ആയുര്‍വേദ ഡോക്ടര്‍ എന്ന നിലയില്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാനായി ഡോ. യാദവ് അല്ലാതെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ മാറ്റം വന്നു. അദ്ദേഹം രണ്ട് ജീവിതമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഒന്ന് ഒരു ഡോക്ടറുടെ ജീവിതം, രണ്ട്, ഒരു ട്രാഫിക് മാന്‍ ജീവിതം. രാവിലെ അദ്ദേഹം ഡോക്ടറാകും, വൈകുന്നേരം ട്രാഫിക് മാനും. 

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, തെരുവില്‍ ഒരാള്‍ മരിച്ചത് നോയിഡയിലെ ഒരു ഡോക്ടറുടെ ജീവിതം മറ്റൊരു തരത്തിലാക്കിയത്. 2011, ഒക്ടോബര്‍ 29... ക്ലിനിക്കിലേക്ക് പോകാനിറങ്ങിയ ഡോക്ടര്‍ ട്രാഫിക് കുരുക്കില്‍ പെട്ടിരിക്കുകയായിരുന്നു‍. ഗതാഗതക്കുരുക്ക് കാരണം നിശ്ചലമായിരുന്നു നഗരം. ആ കുരുക്ക് മുറിച്ചു കടന്ന് മുന്നോട്ട് പോകാനാവാതെ ഒരു ആംബുലന്‍സ് നിന്നു. അതിലുണ്ടായിരുന്ന രോഗി മരണപ്പെടുകയും ചെയ്തു. 

''ഞാന്‍ എന്നത്തേയും പോലെ അന്നും ക്ലിനിക്കിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഒരു ആംബുലന്‍സ് ആ കുരുക്കില്‍ പെട്ട് കിടക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്. അതിന് ആ തിരക്ക് മുറിച്ചു കടന്ന് പോകാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആ സമയം ആ രോഗിയുടെ അവസ്ഥയെ കുറിച്ച് ആലോചിച്ച് എനിക്ക് ഞെട്ടലുണ്ടായിരുന്നു. യാദൃശ്ചികമായാണ് അടുത്ത ദിവസത്തെ പത്രത്തില്‍ ഞാന്‍ അത് കണ്ടത്. അതേ രോഗി ട്രാഫിക് കുരുക്കില്‍ പെട്ട് ആശുപത്രിയിലെത്തിക്കാനാവാതെ മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത. ആ ഗതാഗതം നിയന്ത്രിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിലോ എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയായിരുന്നെങ്കില്‍ ആ രോഗിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.'' ഡോ. കൃഷ്ണ യാദവ് പറയുന്നു. 

ആയുര്‍വേദ ഡോക്ടര്‍ എന്ന നിലയില്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാനായി ഡോ. യാദവ് അല്ലാതെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ മാറ്റം വന്നു. അദ്ദേഹം രണ്ട് ജീവിതമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഒന്ന് ഒരു ഡോക്ടറുടെ ജീവിതം, രണ്ട്, ഒരു ട്രാഫിക് മാന്‍ ജീവിതം. രാവിലെ അദ്ദേഹം ഡോക്ടറാകും, വൈകുന്നേരം ട്രാഫിക് മാനും. 

'ട്രാഫിക് മാനായുള്ള മാറ്റം എളുപ്പമായിരുന്നില്ല. ആദ്യം വീട്ടുകാരൊന്നും പിന്തുണച്ചില്ല. കാരണം, എനിക്ക് ആ തിരക്കിലെന്തെങ്കിലും സംഭവിച്ചാലോ എന്ന് അവര്‍ ഭയന്നിരുന്നു. പക്ഷെ, കാലക്രമേണ ഞാനെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് മനസിലായി. ഇന്നുവരെ അവരെന്‍റെ കൂടെ നില്‍ക്കുന്നു.' ഡോ. യാദവ് പറയുന്നു. 

ഒരു ഡോക്ടറെന്ന നിലയില്‍ കിട്ടുന്ന ബഹുമാനമൊന്നും ട്രാഫിക് നിയന്ത്രിക്കാന്‍ നില്‍ക്കുമ്പോള്‍ കിട്ടില്ലെന്നും വഴക്കും ദേഷ്യപ്പെടലും കാണേണ്ടി വരുമെന്നും ഡോ. യാദവ് പറയുന്നുണ്ട്. 'പലരും ചീത്ത വിളിക്കും, മോശം പദങ്ങളുപയോഗിക്കും. പക്ഷെ, അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം, ഞാന്‍ ചെയ്യുന്നതെന്താണ് എന്ന് എനിക്ക് ബോധ്യമുണ്ട്' എന്നാണ് ഡോക്ടര്‍ പറയുന്നത്. 

നോയിഡയിലെ തെരുവുകളിലെ ഈ തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി അംഗീകാരങ്ങളും പൊലീസ് ഡിപ്പാര്‍ട്മെന്‍റില്‍ നിന്നും ഈ ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. പക്ഷെ, അതൊന്നും വല്ലാതെ അദ്ദേഹത്തെ സന്തോഷിപ്പിച്ചിട്ടില്ല. അദ്ദേഹം പറയുന്നത്, രണ്ട് ശതമാനം ആളുകള്‍ക്കെങ്കിലും ഞാന്‍ പറയുന്നത് മനസിലായിട്ടുണ്ടെങ്കില്‍ അതാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം എന്നാണ്.