Asianet News MalayalamAsianet News Malayalam

മൈക്രോവേവ് ഓവനില്‍ ആഹാരം  ചൂടാക്കിയാല്‍ ക്യാന്‍സര്‍ വരുമോ?

Does Microwave oven cause cancer by Dr Suresh C Pillai
Author
Thiruvananthapuram, First Published Aug 10, 2017, 1:34 PM IST

Does Microwave oven cause cancer by Dr Suresh C Pillai

'ചേട്ടാ, മൈക്രോവേവ് ഓവനില്‍ ചൂടാക്കി ആഹാരം കഴിച്ചാല്‍ ക്യാന്‍സര്‍ വരാന്‍ സാദ്ധ്യത ഉണ്ട് എന്ന് വായിച്ചു. ഇതു സത്യമാണോ?'

ഒരു സുഹൃത്ത് കഴിഞ്ഞദിവസം ചോദിച്ചതാണ്.

പലര്‍ക്കും ഉള്ള സംശയം ആയിരിക്കും ഇത്.

നമുക്ക് ഇതേപ്പറ്റി പരിശോധിക്കുന്നതിനു മുന്‍പേ, മൈക്രോവേവിനെപ്പറ്റി കുറെ അടിസ്ഥാന കാര്യങ്ങള്‍ നോക്കാം.

എന്താണ് മൈക്രോവേവ്?

മൈക്രോവേവ് എന്നാല്‍ ഒരു തരം വൈദ്യുതകാന്തശക്തിയുള്ള വികിരണം (eletcromagnetic radiation) ആണ്. എന്നു പറഞ്ഞാല്‍, റേഡിയോ തരംഗം പോലെയും, അള്‍ട്രാവയലെറ്റ്, എക്‌സ്‌റേ ഇന്‍ഫ്രാറെഡ് തുടങ്ങിയവ പോലെയുള്ള ഒരു വികിരണം. 

ഒന്നു കൂടി വിശദമായി പറഞ്ഞാല്‍ വൈദ്യുതകാന്തതരംഗങ്ങളെ ഏഴു മണ്ഡലങ്ങളായി തരം തിരിക്കാം. തരംഗദൈര്‍ഘ്യം കുറയുന്നതോ (decreasing wavelength) അല്ലെങ്കില്‍ ഊര്‍ജ്ജം (increasing Energy) കൂടുന്നതോ ആയ മുറയ്ക്ക് റേഡിയോ തരംഗം, മൈക്രോവേവ്, ഇന്‍ഫ്രാറെഡ്, ദൃശ്യപ്രകാശം (visible light), അള്‍ട്രാവയലെറ്റ്, Xറേ, ഗാമാ വികിരണം തുടങ്ങിയവ. മൈക്രോവേവ് തരംഗങ്ങളുടെ ആവൃത്തി (frequency) 3 GHz മുതല്‍ 30 terahetrz (THz) അല്ലെങ്കില്‍ തരംഗദൈര്‍ഘ്യം 10 mm മുതല്‍ 100 micrometers (ന്ദm) വരെ. ഇതിന്റെ ഇടയ്ക്കുള്ള തരംഗങ്ങളെ L, S, C, X, K എന്നായി വീണ്ടും തരംതിരിച്ചിട്ടുണ്ട്. മൈക്രോ എന്നാല്‍ ചെറുത് (റേഡിയോ തരംഗങ്ങളെക്കാള്‍ ചെറുത് ) എന്നേ അര്‍ത്ഥമുള്ളൂ.

മൈക്രോവേവ് പ്രായോഗികമായി എന്തിനൊക്കെ ഉപയോഗിക്കാം?

ഏറ്റവും കൂടുതല്‍ ഉപയോഗം വാര്‍ത്താപ്രക്ഷേപണ രംഗത്താണ്. ഉദാഹരണത്തിന് മൊബൈല്‍ ഫോണില്‍ 450 മുതല്‍ 2100 MHz വരെയുള്ള മൈക്രോവേവ് തരംഗങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. കൂടാതെ മൈക്രോവേവ് ഉപയോഗിച്ചുള്ള റഡാര്‍ (radar) ട്രാഫിക് നിയന്ത്രങ്ങള്‍ക്കും, കാലാവസ്ഥാ പ്രവചനങ്ങള്‍ക്കും, കപ്പലുകളുടെ ഗതിനിയന്ത്രണത്തിനും (navigation) ഒക്കെ മൈക്രോവേവ് വികിരണങ്ങളെ ഉപയോഗിക്കാറുണ്ട്.

അപ്പോള്‍ എങ്ങിനെയാണ് മൈക്രോവേവ് കുക്കിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്?

പേഴ്‌സി സ്‌പെന്‍സര്‍ എന്ന അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ രണ്ടാം ലോക മഹായുദ്ധത്തിനോടനുബന്ധിച്ചു മൈക്രോവേവ് ഉപയോഗിച്ചുള്ള റഡാര്‍ പരീക്ഷണങ്ങളില്‍ നിന്നാണ് കുക്കിങ്ങിനായി മൈക്രോവേവ് വികിരണങ്ങളെ ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്. വളരെ രസകരമാണ് ഈ കണ്ടു പിടിത്തം. റഡാര്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചോക്കളേറ്റ് ഉരുകിയതായി കണ്ടു. ഇത് മൈക്രോവേവ് വികിരണങ്ങള്‍ ആണെന്ന് മനസ്സിലായി. പിന്നീട് ഇത് ചോളത്തില്‍ പരീക്ഷിച്ചു നോക്കി. തുടര്‍ന്നാണ് ഈ കണ്ടുപിടുത്തത്തിന് 1946 ല്‍ പേറ്റന്റിനായി അപേക്ഷിക്കുന്നത്. ആദ്യത്തെ മൈക്രോവേവ് ഓവന്റെ പേര് 'റഡാറേഞ്ച്' എന്നായിരുന്നു. 1967 ല്‍ അമാന കോര്‍പ്പറേഷന്‍ ആണ് അടുക്കളയില്‍ ഉപയോഗിക്കാവുന്ന തരം മൈക്രോവേവ് ഓവനുകള്‍ വിപണിയില്‍ ഇറക്കിയത്.

എന്തൊക്കെയാണ് ഒരു മൈക്രോവേവ് ഓവന്റെ അകത്ത് ഉള്ളത്?

ക്യാവിറ്റി മാഗ്‌നെട്രോണ്‍ (cavtiy magnteron) എന്ന ഉപകരണമാണ് വൈദ്യുതിയെ മൈക്രോവേവ് വികിരണങ്ങള്‍ ആക്കി മാറ്റുന്നത്. മൈക്രോവേവിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനുള്ള വേവ് ഗൈഡുകള്‍, ഫാന്‍, ലൈറ്റ്, റേഡിയേഷന്‍ പുറത്തു പോകാതിരിക്കുവാനുള്ള ആവരണം തുടങ്ങിയവയാണ് ഒരു മൈക്രോവേവ് ഓവന്റെ അകത്ത് ഉള്ളത്.

എങ്ങിനെയാണ് മൈക്രോവേവ് വികിരണം ഭക്ഷണ പദാര്‍ത്ഥങ്ങളും, വെള്ളവും ഒക്കെ ചൂടാകുന്നത്?

ഡൈ ഇലക്ട്രിക്ക് ഹീറ്റിംഗ് എന്ന പ്രതിഭാസം കൊണ്ടാണ് ഭക്ഷണ പദാര്‍ത്ഥങ്ങളും, വെള്ളവും ഒക്കെ ചൂടാവുന്നത്. വെള്ളം ഒരു പോളാര്‍ (ചെറിയ ചാര്‍ജുള്ള) മോളിക്യൂള്‍ ആണ്, എന്നാല്‍ പ്ലാസ്റ്റിക് ഒരു നോണ്‍പോളാര്‍ (ന്യൂട്രല്‍) മോളിക്യൂള്‍ ആണ്. വെള്ളം പോലുള്ള പോളാര്‍ മോളിക്യൂളുകളില്‍ മൈക്രോവേവ് വികിരണം പതിക്കുമ്പോള്‍ വെള്ളത്തിനുള്ളിലെ മോളിക്യൂളുകള്‍ കറങ്ങാന്‍ തുടങ്ങും. ഇതിനെ (dipolar polarisation (ധ്രൂവീകരണം) എന്ന് പറയും. തുടര്‍ച്ചയായി ഉള്ള കറക്കം മൂലം ഉള്ള പ്രകമ്പനങ്ങള്‍ ആണ് വെള്ളം ചൂടാകാന്‍ കാരണം. പ്ലാസ്റ്റിക്, സിറാമിക്, ഗ്ലാസ് ഇവയൊക്കെ നോണ്‍ പോളാര്‍ മോളിക്യൂളുകള്‍ കൊണ്ടാണ് കൂടുതലായും ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ഇവ മൈക്രോവേവ് ഓവനില്‍ വയ്ക്കുമ്പോള്‍ അധികം ചൂട് ആകാത്തത്. വെള്ളം മാത്രമല്ല, കൊഴുപ്പ്, പ്രോട്ടീന്‍, ഷുഗര്‍ ഇവയൊക്കെയും കുറഞ്ഞ അളവില്‍ മൈക്രോവേവ് ആഗിരണം ചെയ്തു ചൂടാകാന്‍ കഴിവുള്ള വസ്തുക്കള്‍ ആണ്. അതായത് പോളാര്‍ മോളിക്യൂളുകളില്‍ മൈക്രോവേവ് ഉണ്ടാകുന്ന ധ്രൂവീകരണം ആണ് വസ്തുക്കള്‍ ചൂടാകുന്നത്.

അപ്പോള്‍ മൈക്രോവേവ് ചെയ്താല്‍ ആരോഗ്യത്തിനു പ്രശ്‌നം ഒന്നും ഇല്ലെന്നാണോ?

ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നത് അങ്ങിനെയാണ്: സാധാരണ തീയില്‍ ചൂടാക്കുമ്പോള്‍, പാചകത്തിന് ഉപയോഗിക്കുന്ന പാത്രം താപവഹനം (conduction) വഴി ചൂടായി, ആ ചൂടില്‍ നിന്നാണ് ഭക്ഷണം വേകുന്നതും, വെള്ളം ചൂടാകുന്നതും ഒക്കെ. മുകളില്‍ പറഞ്ഞതില്‍ നിന്നും ജലതന്മാത്രകളുടെ അല്ലെങ്കില്‍ പോളാര്‍ മോളിക്യൂളുകളുടെ 'കറക്കം' ആണ് മൈക്രോവേവ് ചൂടാക്കല്‍ സാദ്ധ്യം ആകുന്നതെന്ന് മനസ്സിലായല്ലോ. അതായത് ഇവിടെ കാര്യമായി, അല്ലെങ്കില്‍ ശരീരത്തിനു ഹാനികരമാകും വിധം, രാസമാറ്റങ്ങള്‍ ഒന്നും ഭക്ഷണത്തില്‍ വരുന്നില്ല. 

ത്വരിത രാസപ്രവര്‍ത്തനങ്ങള്‍ക്ക് ലാബുകളില്‍ മൈക്രോവേവ് വികിരണം ഉപയോഗിക്കാറുണ്ടെങ്കിലും, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇവ ശരീരത്തിനു ഹാനികരം ആകുന്ന തരത്തില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഒരു ഗവേഷണ പഠനവും പുറത്തുവന്നിട്ടില്ല. അടുപ്പില്‍ ചൂടാക്കുന്നതിനു പകരം, മൈക്രോവേവ് (2.4 GHz band) ഉപയോഗിക്കുന്നു, അത്രയേ ഉള്ളൂ. ചുരുക്കത്തില്‍ മൈക്രോവേവ് കുക്കിംഗ് ക്യാന്‍സറിനു കാരണം ആകും എന്ന് ഒരു ഗവേഷണ പഠനങ്ങളും കണ്ടെത്തിയിട്ടില്ല.


കൂടുതല്‍ വായനയ്ക്ക്

Datta, Ashim K. "Heat and mass transfer in the microwave processing of food." Chemical Engineering Progress 86.6 (1990): 47-53.

Microwave ovens and health

Zhang, Donglin, and Yasunori Hamauzu. "Phenolics, ascorbic acid, carotenoids and antioxidant activity of broccoli and their changes during conventional and microwave cooking." Food Chemistry 88.4 (2004): 503-509.

Turkmen, Nihal, Ferda Sari, and Y. Sedat Velioglu. "The effect of cooking methods on total phenolics and antioxidant activity of selected green vegetables." Food chemistry 93.4 (2005): 713-718.

Eke, Kenneth I. "Microwave ovens and methods of cooking food." U.S. Patent No. 4,591,683. 27 May 1986.

Oz, Fatih, Mevlüde Kızıl, and Tuğba Çelık. "Effects of different cooking methods on the formation of heterocyclic aromatic amines in goose meat." Journal of Food Processing and Preservation 40.5 (2016): 1047-1053.

......................................................................

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD.  അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.
നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ,  'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Follow Us:
Download App:
  • android
  • ios