ലേണിങ്ങ് ആന്‍ഡ് ബിഹേവിയര്‍ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്  എമിലി സാന്‍ഫോര്‍ഡിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിലായിരുന്നു പഠനം

മനുഷ്യരും നായയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് വര്‍ഷമൊരുപാടായി. വിശ്വസ്തനായ അവന്‍ മനുഷ്യരുടെ ഏറ്റവുമടുത്ത സുഹൃത്ത് തന്നെയാണ്. ഈ സഹവാസം അവനെ യജമാനന്‍റെ സന്തോഷത്തിലും വേദനയിലും പങ്കാളിയാക്കുന്നു.

പുതിയൊരു പഠനം തെളിയിക്കുന്നത് നായകള്‍ മനുഷ്യരുടെ വേദനകളില്‍ വേദനിക്കുകയും, യജമാനന്‍ അപകടത്തില്‍ പെടുമ്പോള്‍ അത് മനസിലാക്കുകയും തന്നാലാവും വിധം സഹായിക്കുകയും ചെയ്യുമെന്നാണ്. അതിനായി എന്ത് തടസവും തട്ടിമാറ്റി അവര്‍ സഞ്ചരിക്കാന്‍ ശ്രമിക്കുമെന്നും. 

ലേണിങ്ങ് ആന്‍ഡ് ബിഹേവിയര്‍ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എമിലി സാന്‍ഫോര്‍ഡിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇക്കാര്യം തെളിയിച്ചത്. യജമാനന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്ത് ക്ഷീണിതനായും ടെന്‍ഷനോടെയും വരുമ്പോള്‍ യജമാനന്‍റെ അടുത്തിരുന്ന് നായ അയാളുടെ മുഖത്ത് നക്കുന്നതിന്‍റെ കാരണവും ഇതാണെന്നാണ് എമിലി സാന്‍ഫോര്‍ഡ് പറയുന്നത്. 

വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള മുപ്പത്തിനാല് നായകളെയും അവയുടെ യജമാനനന്മാരേയും വച്ചാണ് പഠനം നടത്തിയത്. യജമാനന്മാരെ ഒരു വാതിലിന്‍റെ അപ്പുറം നിര്‍ത്തി. നായകള്‍ക്ക് കാണാവുന്ന തരത്തിലാണ് നിര്‍ത്തിയത്. അതില്‍ കുറച്ച് പേരോട് കരയാനും ബാക്കിയുള്ളവരോട് 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' മൂളുവാനും പറഞ്ഞു. 

കരയുന്നവരുടെ നായ, മറ്റു നായകളേക്കാള്‍ വേഗത്തില്‍ യജമാനന്മാരുടെ അടുത്തെത്താനും മറ്റും ശ്രമിക്കുന്നുണ്ടോയെന്ന് നോക്കാനായിരുന്നു പരീക്ഷണം. അതേ സമയം തന്നെ നായകളുടെ സ്ട്രെസ് ലെവലും പരിശോധിച്ചു. വാതില്‍ തുറന്ന് യജമാനന്മാരെ രക്ഷിച്ച നായകളുടെ സ്ട്രെസ് ലെവല്‍ കുറവും രക്ഷിക്കാനാകാത്തവരുടെ സ്ട്രെസ് ലെവല്‍ കൂടുതലുമായിരുന്നു. വാതില്‍ തുറക്കാനാകാത്ത നായകളില്‍ യജമാനന്മാരെ രക്ഷിക്കാനായില്ലല്ലോ എന്ന സംഭ്രമം കൂടുതലായിരുന്നു.