ദൂരദർശനും, ഓൾ ഇന്ത്യ റേഡിയോയും പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രധാന മാധ്യമങ്ങളാണ്. കേബിൾ ചാനലുകൾ ഇന്ന് ഒരു പ്രധാന സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, പല ഗ്രാമങ്ങളിലും ആളുകൾക്ക് ഇപ്പോഴും ആശ്രയം ദൂരദർശനും, ആകാശവാണിയുമാണ്. 2020 -ൽ ദൂരദർശന്റെയും അഖിലേന്ത്യാ റേഡിയോയുടെയും ഉപഭോക്താക്കളിൽ ഗണ്യമായ വർദ്ധനവുണ്ടായതായി പറയുന്നു. മാത്രമല്ല, പ്രസാർ ഭാരതിയുടെ ഡിജിറ്റൽ ചാനലുകൾ 2020 -ൽ 100 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതിനെല്ലാം ഒരു പ്രധാന കാരണം പാകിസ്ഥാനാണ്. എങ്ങനെയെന്നല്ലേ? ഇന്ത്യ കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ ആളുകൾ ഇത് രണ്ടും ഉപയോഗിക്കുന്നത് പാകിസ്ഥാനിലാണ്. പാക്കിസ്ഥാനിൽ ഇതുണ്ടാക്കിയ ജനപ്രീതിയാണ് ഇത്ര വലിയ ഒരു വളർച്ചയ്ക്ക് പിന്നിലെന്നാണ് പറയുന്നത്. പാകിസ്ഥാനിൽ നിരവധിപേർ റേഡിയോ കേൾക്കുകയും, ദൂരദർശനിലെ പരിപാടികൾ സ്ഥിരമായി കാണുകയും ചെയ്യുന്നു. 

വിവര, പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. "2020 -ൽ, ഇന്ത്യ കഴിഞ്ഞാൽ ഡിഡി, എ‌ഐ‌ആർ എന്നിവയ്ക്ക് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത് പാക്കിസ്ഥാനിലാണ്" മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയ്ക്കും പാകിസ്ഥാനും പിന്നാലെ അമേരിക്കയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഈ വർഷം ദൂരദർശനിലും ആകാശവാണിയിലുമുള്ള ചാനലുകൾക്ക് ഒരു ബില്യൺ ഡിജിറ്റൽ വ്യൂസും, ആറ് ബില്യൺ ഡിജിറ്റൽ വാച്ച് മിനിറ്റുകളും ഉണ്ടായതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. രണ്ട് നെറ്റ്‌വർക്കുകളിലും ഉണ്ടായിരുന്ന പഴയ പ്രോഗ്രാമുകൾ ഡിജിറ്റൈസ് ചെയ്ത് പ്രസാർ ഭാരതി ആർക്കൈവ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രസാർ ഭാരതിയുടെ ഔദ്യോഗിക ആപ്ലിക്കേഷനായ 'ന്യൂസ്ഓൺ എയർ' ആപ്പിന് 25 ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ലഭിച്ചു. പ്രധാനമന്ത്രി മോദി കുട്ടികളുമായി ആശയവിനിമയം നടത്തിയ 'മാൻ കി ബാത്ത്' പരിപാടിയാണ് ദൂരദർശന്റെ ഏറ്റവും പ്രശസ്തമായ ഡിജിറ്റൽ വീഡിയോ.      

2020 -ലെ റിപ്പബ്ലിക് ദിന പരേഡും പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ശകുന്തള ദേവിയുടെ അപൂർവ വീഡിയോയുമാണ് ഏറ്റവും പ്രചാരമുള്ള മറ്റ് ഡിജിറ്റൽ വീഡിയോകൾ. 2020 -ൽ യൂട്യൂബ്, ട്വിറ്റർ നെറ്റ്‌വർക്കുകളിൽ 'മാൻ കി ബാത്തിന്റെ' വ്യൂസും, ഫോളോവേഴ്സും വർദ്ധിച്ചു. ട്വിറ്റർ പേജിൽ 67,000 -ൽ അധികം ഫോളോവേഴ്‌സാണ് ഉണ്ടായത്. പ്രസാർ ഭാരതിയിലെ മികച്ച 10 ഡിജിറ്റൽ ചാനലുകളിൽ ഡിഡി സഹ്യാദ്രിയുടെ മറാത്തി ന്യൂസ്, ഡിഡി ചാന്ദ്‌നയുടെ കന്നഡ, ഡിഡി ബംഗ്ലയുടെ ബംഗ്ലാ ന്യൂസ്, ഡിഡി സപ്തഗിരിയുടെ തെലുങ്ക് പ്രോഗ്രാമിംഗ് എന്നിവ ഉൾപ്പെടുന്നു. ഇന്ത്യക്കാരെ പോലെ തന്നെ പാകിസ്ഥാനിലെ ആളുകളും ഡിഡി ചാനലുകളെയും അതിന്റെ ഉള്ളടക്കത്തെയും ഇഷ്ടപ്പെടുന്നു.