ഡോ. അമര്‍ എസ് ഫെറ്റില്‍ എഴുതുന്നു 

അതുവരെയുള്ള ശീലങ്ങളും ലാളനകളും മാറ്റിവെച്ച് പെട്ടെന്ന് ഒരു അത്ഭുത ലോകത്തെത്തപ്പെടുന്ന തങ്ങളുടെ പൊന്നോമന സ്കൂളില്‍ എങ്ങനെയായിരിക്കും എന്നൊരാശങ്ക രക്ഷിതാക്കള്‍ക്ക് പതിവാണ്. എന്നാല്‍ സ്കൂളില്‍ പോകുംമുമ്പ് മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ പഠിക്കുകയും കുഞ്ഞുങ്ങളെ ചില നല്ല ശീലങ്ങള്‍ പഠിപ്പിക്കുകയും ചെയ്താല്‍ ആശങ്കകളെ പടിപ്പുറത്ത് നിര്‍ത്താം. ഡോ. അമര്‍ എസ് ഫെറ്റില്‍ എഴുതുന്നു 

പുതിയ ഉടുപ്പും പുതിയ ഷൂസും പിന്നെ പുതിയ കുടയുമെല്ലാമായി മക്കള്‍ ആദ്യമായി സ്കൂളില്‍ പോവാനൊരുങ്ങുമ്പോഴേ മാതാപിതാക്കളുടെ മനസില്‍ ആശങ്കയുടെ മണി മുഴങ്ങി തുടങ്ങിയിട്ടുണ്ടാവും. അതുവരെയുള്ള ശീലങ്ങളും ലാളനകളും മാറ്റിവെച്ച് പെട്ടെന്ന് ഒരു അത്ഭുത ലോകത്തെത്തപ്പെടുന്ന തങ്ങളുടെ പൊന്നോമന സ്കൂളില്‍ എങ്ങനെയായിരിക്കും എന്നതായിരിക്കും ഈ ആശങ്കയുടെ അടിസ്ഥാനം. എന്നാല്‍ സ്കൂളില്‍ പോകുംമുമ്പ് മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ പഠിക്കുകയും കുഞ്ഞുങ്ങളെ ചില നല്ല ശീലങ്ങള്‍ പഠിപ്പിക്കുകയും ചെയ്താല്‍ ആശങ്കകളെ പടിപ്പുറത്ത് നിര്‍ത്താം.

ബ്രേക്ക് ഫാസ്റ്റ്‌ പ്രധാനം

കുട്ടിയെ രാവിലെ സ്കൂളിലേക്ക് അയക്കാനുള്ള ഓട്ടപ്പാച്ചിലില്‍ കുട്ടി പലപ്പോഴും കഴിക്കാതെ പോകുന്നതും മാതാപിതാക്കള്‍ പലപ്പോഴും കാണാതെ പോകുന്നതുമാണ് പ്രഭാത ഭക്ഷണം. പ്രഭാതഭക്ഷണം ഏറ്റവും പ്രധാനമാണ്. അതു കഴിച്ചില്ലെങ്കില്‍ കുട്ടിയുടെ സ്കൂളിലെ ആ ദിവസത്തെ ആകെ പ്രകടനത്തെ തന്നെ അതു ബാധിക്കും. 

അതുകൊണ്ടുതന്നെ ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ചെറിയ കുട്ടികളാവുമ്പോള്‍ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലൂള്ള ഇടവേളയില്‍ കഴിക്കാനായി ചെറിയ രീതിയിലുള്ള സ്നാക്സ് കൊടുത്തയക്കുന്നത് ഉത്തമമാണ്.

ഇത് പരമാവധി വീട്ടിലുണ്ടാക്കുന്ന രസകരമായ പലഹാരങ്ങളോ നാടന്‍ ഫലങ്ങളോ (പപ്പായ, മാങ്ങ, സപ്പോട്ട, പേരയ്ക്ക തുടങ്ങിയവ) ആവുന്നതാണ് നല്ലത്. കഴിവതും ബേക്കറി ഫുഡുകളും ആപ്പിള്‍, മുന്തിരി, ഓറഞ്ച് തുടങ്ങിയ ഇറക്കുമതി ചെയ്ത ഫലവര്‍ഗങ്ങളും ഒഴിവാക്കുക.

ഉച്ചഭക്ഷണത്തില്‍ പരമാവധി വീട്ടിലുണ്ടാക്കുന്ന വിഭങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇലക്കറികള്‍ പരമാവധി ഉള്‍പ്പെടുത്തുക. രാവിലെ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുകയോ സമയമില്ലാത്ത കാരണത്താല്‍ കഴിക്കാതെ പോകുകയോ ചെയ്യുന്ന കുട്ടികളുടെ ബാഗില്‍ രണ്ട് ഭക്ഷണ പാത്രങ്ങള്‍ കരുതാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തേത് ആദ്യ ഇടവേളക്കും രണ്ടാമത്തേത് ഉച്ചഭക്ഷണമായും കഴിക്കാന്‍ അവരോടും അധ്യാപകരോടും പറയുകയും വേണം.

ചില നടപ്പു ശീലങ്ങള്‍

സ്കൂളിലേക്കുവരുന്ന കുട്ടികള്‍ ആദ്യം പഠിക്കേണ്ട പാഠങ്ങളിലൊന്ന് റോഡിന്റെ ഏതുവശം ചേര്‍ന്നു നടക്കണമെന്നാണ്. കഴിവതും റോഡിന്റെ വലതുവശം ചേര്‍ന്നു നടക്കാന്‍ കുട്ടികള്‍ പഠിക്കണം. കാരണം വലതുവശം ചേര്‍ന്നു നടക്കുമ്പോള്‍ എതിരെ വരുന്ന വാഹനം നമുക്ക് കൃത്യമായി കാണാനും അതിനനുസരിച്ച് വശങ്ങളിലേക്ക് മാറാനും കഴിയും. ഇടതുവശം ചേര്‍ന്ന് നടന്നാല്‍ പിന്നിലൂടെ വരുന്ന വാഹനം കാണാതെ ഒരുപക്ഷെ ശ്രദ്ധക്കുറവുകൊണ്ട് റോഡിലേക്ക് അറിയാതെ പ്രവേശിച്ചാല്‍പോലും അപകട സാധ്യതയുണ്ട്. 

മക്കളെ സ്കൂളിലേക്ക് കൊണ്ടുവരുന്ന മാതാപിതാക്കള്‍ അവരെ സ്വതന്ത്രരായി വിട്ടോ, ഒരുകൈയില്‍ പിടിച്ചോ റോഡില്‍ കൂടി (നല്ല വഴിയില്‍ നടന്നോട്ടെ എന്നു കരുതിയാവും) നടത്തുകയും രക്ഷിതാവ് റോഡിന്റെ അരികില്‍ കൂടി സുരക്ഷിതരായി നടക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത് ഒട്ടും അഭികാമ്യമായ നടപ്പുശീലമല്ല. കുട്ടിയെ എപ്പോഴും റോഡിന്റെ അരികിലൂടെ തന്നെ നടത്താന്‍ പ്രത്യേക ശ്രദ്ധിക്കണം.

തുമ്മിക്കോളൂ, തൂവാലയില്‍

രോഗങ്ങളുടെ ആംപ്ലിഫയറാണ് സ്കൂളുകള്‍. സ്കൂളില്‍ പോയി തുടങ്ങുമ്പോഴെ ചില കുട്ടികള്‍ ആദ്യം ജലദോഷവും പിന്നെ പനിയുമായി വരുന്നതു കാണാം. സ്കൂളില്‍ പോവാനുള്ള മടി കാരണം വരുന്ന കള്ള പനിയാണെന്ന് മുതിര്‍ന്നവര്‍ കളിയാക്കുമെങ്കിലും അത് അങ്ങനെ തള്ളിക്കളയേണ്ട. 

സാധാരണ വൈറല്‍ പനികളും ചുമയും ജലദോഷവും പകരുന്നത് തുറസായി തുമ്മുകയും ചുമക്കുകയും ചെയ്യുന്നതുമൂലമാണ്. പനിയോ ജലദോഷമോ ബാധിച്ച കുട്ടി ക്ലാസിലിരുന്ന തുമ്മുമ്പോള്‍ അന്തരീക്ഷത്തില്‍ ഒരു മീറ്റര്‍ ദൂരത്തേക്കെങ്കിലും രോഗാണുക്കള്‍ പടരും. സ്വാഭാവികമായും ക്ലാസുകളില്‍ തൊട്ടുരുമ്മിയിരിക്കുന്ന മുന്നോ നാലോ കുട്ടികളിലേക്കെങ്കിലും രോഗാണുവെത്തും. അതുപിന്നെ മൂന്നോ നാലോ കുടുംബങ്ങളിലേക്കും പടരും. 

അതുകൊണ്ടുതന്നെ ചെറിയ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ട ശീലങ്ങളിലൊന്ന് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തൂവാല പൊത്തിപ്പിടിച്ചേ ചെയ്യാവൂ എന്നാണ്. അവനവന് മാത്രമല്ല കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ ആരോഗ്യത്തിനും ഇതാണ് ഉത്തമം. പ്രത്യേകിച്ചും മഴക്കാലത്ത്. 

അതുപോലെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് അസുഖമുള്ള കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുക എന്നത്. ഏതു രോഗമായാലും പൂര്‍ണമായി ഭേദമായാല്‍ മാത്രമെ കുട്ടിയെ സ്കൂളിലേക്ക് അയക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ അത് സ്വന്തം കുഞ്ഞിനോട് മാത്രമല്ല മറ്റുള്ളവരുടെ കുഞ്ഞുങ്ങളോടും ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും.

നാരങ്ങാമധുരം നുണയാം

രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കുഞ്ഞുങ്ങള്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നതും. വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറച്ചുകൊടുത്താലും അത് അതുപോലെ തിരിച്ചുകൊണ്ടുവരുന്ന കുട്ടികള്‍ ഏത് മാതാപിതാക്കളെയും ധര്‍മസങ്കടത്തിലാക്കാറുണ്ട്. ചൂടുവെള്ളമോ ചുക്കുവെള്ളമോ കുടിക്കാത്ത കുട്ടികള്‍ക്ക് നാരങ്ങാവെള്ളത്തില്‍ അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുടിക്കാന്‍ നല്‍കുന്നത് ഉത്തമമാണ്. 

കളിച്ചു വിയര്‍ത്ത് നഷ്ടപ്പെടുന്ന ശരീരത്തിലെ പൊട്ടാസ്യം, സോഡിയം, കാര്‍ബോ ഹൈഡ്രേറ്റ്സ് എന്നിവ തിരിച്ചുപിടിക്കാന്‍ ഇതിലൂടെ കഴിയും. വീട്ടിലുണ്ടാവുന്ന കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പ് ഇട്ട് കുടിക്കാന്‍ നല്‍കുന്നത് ഉത്തമമാണ്.

മഴ നനഞ്ഞോളു; ആശങ്ക വേണ്ട

സ്കൂളിലെത്തുന്ന കുട്ടിക്ക് ചാകരക്കാലം കൂടിയാണ് മഴക്കാലം. ഇടവേള സമയത്ത് മഴയുണ്ടെങ്കില്‍ ഇറങ്ങിക്കളിക്കാം. കൂട്ടുകാരന്റെയോ കൂട്ടുകാരിയുടേയോ ദേഹത്തേക്ക് മഴവെള്ളം തെറിപ്പിച്ച് ആസ്വദിക്കാം. അങ്ങനെ എത്രയെത്ര മഴക്കളികള്‍. മക്കളുടെ ഈ സ്വഭാവം നല്ലപോലെ അറിയാവുന്ന മാതാപിതാക്കള്‍ക്ക് മാനം കറുത്താലെ മനസും കറുക്കും. 

എന്നാല്‍ മഴയെ ഓര്‍ത്ത് അധികം ടെന്‍ഷനടിക്കേണ്ട. മഴനനഞ്ഞൊട്ടിയ യൂണിഫോമുമായി വീട്ടിലേക്ക് വരുന്ന കുട്ടികളെ ചീത്ത പറയുകയോ തല്ലുകയോ ചെയ്യുന്നതിന് പകരം അവരുടെ വസ്ത്രം മാറ്റി തല തുവര്‍ത്തി കൊടുത്ത് ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കാന്‍ കൊടുക്കുകയാണ് വേണ്ടത്. 

മഴ കൊണ്ടാല്‍ പനിവരുമെന്ന് പറയുന്നതില്‍ യുക്തിയൊന്നുമില്ല. കാരണം മഴയ്ക്കകത്ത് അണുക്കളൊന്നും ഇല്ലെന്നതുതന്നെ. എന്നിട്ടും പിഞ്ചോമനയ്ക്ക് എങ്ങനെ പനിവരുന്നു എന്നു ചോദിച്ചാല്‍ മഴകൊണ്ട് നമ്മുടെ നെഞ്ച് തണുക്കുമ്പോള്‍ നെഞ്ചിനകത്തും ശ്വാസനാളത്തിനകത്തമുള്ള നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് ഓഫായി പോവും.ആ നേരത്തെ രോഗാണുക്കള്‍ക്ക് എളുപ്പത്തില്‍ തല ഉയര്‍ത്താം. 

ഇത് പനിതുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് ഓഫായി പോയ പ്രതിരോധസംവിധാനങ്ങളെ ഉണര്‍ത്തിയെടുക്കാനാണ് ചൂടുവെള്ളം കൊടുക്കുന്നത്.

ഒരുക്കാം, മാനസികമായി

സ്കൂള്‍ തുറക്കാന്‍ ദിവസങ്ങളേ ഉള്ളൂവെങ്കിലും പുതിയ അന്തരീക്ഷവുമായി കുട്ടിയെ മാനസികമായി ഒരുക്കിയെടുക്കണം. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ആദ്യമേ നല്‍കുക എന്നതാണ് അതില്‍ പ്രധാനം. 

സ്കൂളില്‍ പോയാല്‍ ലഭിക്കാനിടയുള്ള കൂട്ടുകാരെക്കുറിച്ചും കൂട്ടുകാരൊടൊത്ത് കളിക്കുന്നതിനെക്കുറിച്ചുമെല്ലാം പറഞ്ഞ് ആദ്യമേ സ്കൂളിനെക്കുറിച്ച് അവരുടെ മനസില്‍ ഒരു മനോഹര ചിത്രമൊരുക്കാം. സ്കൂളുപോയാല്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ ടീച്ചര്‍ തല്ലുമെന്നും വഴക്കു പറയുമെന്നും പറയുന്നത് പരമാവധി ഒഴിവാക്കാം. ഇത് കുഞ്ഞു മനസില്‍ സ്കൂളിനെക്കുറിച്ച് ഭയവും അകല്‍ച്ചയും ഉണ്ടാക്കാന്‍ ഇടയാക്കും.

നമുക്കിഷ്ടമുള്ള ബാഗും കുടയും ഷൂസുമെല്ലാം വാങ്ങിക്കൊടുക്കുന്നതിന് പകരം സ്കൂള്‍ ഷോപ്പിംഗിന് മക്കളെയും കൂടെ കൊണ്ടുപോകാം. അവര്‍ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള വാട്ടര്‍ ബോട്ടിലോ ചിത്രങ്ങളടങ്ങിയ ബാഗോ വേണമെന്ന് വാശിപിടിച്ചാല്‍ അത് അനുവദിച്ച് കൊടുക്കാന്‍ മടി കാണിക്കരുത്.

സ്കൂളില്‍ പോകാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കുട്ടിയെ നേരത്തെ ഉറങ്ങാനും ഉണര്‍ത്താനും ശീലിപ്പിച്ചു തുടങ്ങണം. സ്കൂള്‍ തുറക്കുന്നതിന് ഒരു രണ്ടോ മൂന്നോ ആഴ്ച മുമ്പ് തന്നെ ഇക്കാര്യങ്ങള്‍ ശീലിപ്പിച്ചാല്‍ സ്കൂളില്‍ പോകാനായി നേരത്തെ എഴുന്നേല്‍ക്കേണ്ടി വരുന്നത് വലിയൊരു വിഷയമാവില്ല. ആദ്യദിവസങ്ങള്‍ സ്വന്തം ബാഗോ, കുടയോ ചോറ്റുപാത്രമോ ഒന്നും കുട്ടിക്ക് തിരിച്ചറിയണമെന്നില്ല. അതിനാല്‍ സാധനങ്ങള്‍ കൊടുത്തുവിടുമ്പോള്‍ സാധനങ്ങളുടെ മുകളില്‍ തന്നെ പേരെഴുതി ഒട്ടിച്ചുവിടുന്നത് നല്ലതാണ്.

മടിയും കരച്ചിലും കാര്യമാക്കേണ്ട

പരിചിതമായ സാഹചര്യങ്ങളില്‍ നിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാവുമ്പോള്‍ പലകുട്ടികളും സ്കൂളില്‍ പോവാന്‍ മടി കാണിക്കാറുണ്ട്. ഇത് ഒട്ടും പ്രോത്സാഹിപ്പിക്കയോ അമിത ശ്രദ്ധ കൊടുക്കുകയോ ചെയ്യരുത്.ആദ്യ ദിനം മുതല്‍ കരയുന്നുവെന്ന് പറഞ്ഞ് കുട്ടിയെ ഒരു കാരണവശാലും സ്കൂളില്‍ വിടാതിരിക്കരുത്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കും അല്‍പം സമയം അനുവദിക്കുക.

അതുകൊണ്ടു തന്നെ കുട്ടികള്‍ കരഞ്ഞോട്ടെ. അത് തികച്ചും സ്വാഭാവികമാണെന്ന് മാത്രം കരുതുക.

കേട്ടെഴുത്ത്: സി ഗോപാലകൃഷ്ണന്‍