കുട്ടികളെ അധ്യാപകരും മത മേധാവികളുമൊക്കെ ലൈംഗിക ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കാറുണ്ട്. ചികിത്സകന്‍ ചൂഷണം ചെയ്ത ഒരു സംഭവം തിരുവന്തപുരത്തു നിന്നും കേള്‍ക്കുന്നു. മനഃശാസ്‌ത്ര സഹായത്തിനായി ഒരു മുതിര്‍ന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റിനെ സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു കുറ്റകൃത്യം ഉണ്ടായതെന്ന് പറയപ്പെടുന്നു. വീട്ടിലും സാമൂഹിക ഇടങ്ങളിലുമൊക്കെ കുട്ടികളുടെ സംരക്ഷകര്‍ ആകേണ്ടവര്‍ ഇങ്ങനെ പെരുമാറുന്നത് ആശങ്കയോടെ കാണണം. 

നൈതീകതയുടെ കര്‍ശന പാഠങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ മനഃശാസ്‌ത്ര വേഷം കെട്ടുന്ന നിരവധി വ്യാജന്മാരില്‍ നിന്ന് കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രൊഫെഷണല്‍ പരിശീലനം ഉള്ള ഒരു വ്യക്തിയില്‍ നിന്നും ഇതുണ്ടാകാന്‍ പാടില്ലാത്തതാണ്. ചികിത്സാ വൃത്തത്തില്‍ നിന്ന് കൊണ്ട് ഒരു സ്‌ത്രീയെ മനശ്ശാസ്‌ത്രജ്ഞന്‍ ചൂഷണം ചെയ്യുന്ന പ്രമേയമാണ് പദ്മരാജന്റെ നവംബറിന്റെ നഷ്‌ടം എന്നൊരു സിനിമയില്‍ പ്രതിപാദിക്കുന്നത്. പക്ഷെ അത് യഥാര്‍ത്ഥ ചികിത്സാ സാഹചര്യത്തില്‍ ഉണ്ടാകുന്നത് വലിയ തെറ്റ് തന്നെയാണ്. മനസ്സിന്റെ നോവുകളെയും വികൃതികളെയും പരിഹരിക്കുന്ന നിരവധി മനഃശാസ്‌ത്ര സങ്കേതങ്ങളുണ്ട്. പക്ഷെ അത് കൈയാളുന്ന വ്യക്തിയുടെ സ്വഭാവവും രീതികളും അതിന്റെ വിജയത്തില്‍ ഒരു വലിയ ഘടകമാണ്. ഏറ്റവും കൂടുതല്‍ പാര്‍ശ്വ ഫലം വരുന്നതും അതില്‍ നിന്ന് തന്നെ. അതില്‍ ചൂഷണ സ്വഭാവം കൂടി വന്നാലോ? ആകുലതകളില്‍ വല്ലാതെ ആശ്രയിക്കുവാനുള്ള പ്രവണതയുള്ളവരെ സ്വയം ആശ്രയിക്കാന്‍ പ്രാപ്തരാക്കുന്ന പ്രക്രിയയില്‍ നിന്ന് വഴുതിമാറി ചൂഷണ സാഹചര്യത്തിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലല്ലോ?എവിടെയാണ് കുഴപ്പം സംഭവിച്ചത്?