ചിലരില്‍ വര്‍ധിച്ച തോതിലുള്ള ഉല്‍കണ്ഠയും കാണപ്പെടാറുണ്ട്.വിഷാദത്തിന്റെ തോതും ഇത്തരം വികാരവിചാരങ്ങളും ഒരോ സ്ത്രീയിലും ഏറിയും കുറഞ്ഞും ഇരിക്കാം. ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന പോലെ വിഷാദം പിടി മുുറക്കുമ്പോള്‍ ചിലര്‍ ആത്മഹത്യാ പ്രവണതകള്‍ കാണിക്കുന്നു. ഇത് പ്രസവാനന്തരം ആദ്യ രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വരികയും ചില സ്ത്രീകളില്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. 10% മുതല്‍ 20% സ്ത്രീകളില്‍ പ്രസവാനന്തരം ഇത് കടന്ന് വരാം.

'എനിക്ക് വല്ലാതെ മരിക്കാന്‍ തോന്നുന്നു'
പ്രസവാനന്തരമാണ് നാജിയക്ക് ചില മാനസിക വ്യതിയാനങ്ങള്‍ വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. നാട്ടിലും വീട്ടിലും ചിരിച്ചുല്ലസിച്ചു നടന്നു കൊണ്ടിരുന്ന കുട്ടി. നല്ലൊരു കോളജില്‍ എം.എ ലിറ്ററേച്ചര്‍ ചെയ്തു കെണ്ടിരിക്കെയായിരുന്നു കന്നി പ്രസവം. പ്രസവം കഴിഞ്ഞു കുറച്ചു നാളുകളേ ആയുള്ളൂ. 'നല്ലോരു മൊഞ്ചുള്ള കുട്ടിയാണല്ലോ'. കുഞ്ഞിനെ കാണാന്‍ വരുന്നവര്‍ ഈ വിധം ഒക്കെ പറഞ്ഞെങ്കിലും നാജിയക്ക് എന്തെന്നറിയില്ല. വല്ലാത്ത സങ്കടങ്ങള്‍ അവളെ കെട്ടി വരിഞ്ഞുമുറുക്കാന്‍ തുടങ്ങി.
കാര്യകാരണങ്ങളില്ലാതെ അവ പിന്നെയും പിടിമുറുക്കി. പിന്നെ പിന്നെ ഉറക്കമില്ലായ്മ. തന്റെ പൊന്നോമന കുഞ്ഞിന്റെ എന്നല്ല ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാവാത്ത അവസ്ഥ. അങ്ങനെകുറച്ചു നാളുകള്‍ക്കുള്ളില്‍ അവള്‍ പോലുമറിയാതെ ശക്തമായ വിഷാദ രോഗത്തിലേക്ക് ( Post Partum depression ) നാജിയ വഴുതി വീണു.പ്രസവശേഷം സ്ത്രീകളില്‍ ഇതൊക്കെ സ്വാഭാവികമല്ലേ എന്ന വീട്ടുകാരുടെ ആദ്യ നിഗമനങ്ങളെ കാറ്റില്‍ പറത്തി പെട്ടെന്നൊരു നാള്‍ ഒരു തുണ്ടു കയറില്‍ നാജിയ ജീവിതം അവസാനിപ്പിച്ചപ്പോള്‍ മുഴങ്ങി കേട്ടത് മൂന്ന് മാസം മാത്രം പ്രായമായ ഒരിളം പൈതലിന്റെ നിലക്കാത്ത കരച്ചിലായിരുന്നു.
തന്റെ നല്ല പാതിയെ ജീവനു തുല്യം സ്‌നേഹിച്ച് അവളെ പഠിപ്പിക്കാനും സ്വയം പര്യാപ്തത കൈവരിക്കുവാനും സ്ഥിര പ്രേരകന്‍ ആയ നാജിയയുടെ ഭര്‍ത്താവ്, കടലിനക്കരെ തന്റെ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മയെയും ഒരു നോക്കു കാണാന്‍ ദിവസങ്ങളെണ്ണി കഴിയുന്നതിനിടയിലാണ് ഈ വാര്‍ത്ത കേട്ട് തകര്‍ന്നു പോയത്. മകന്റെ ഭാര്യയെ മകളെന്ന പോലെ സ്‌നേഹിച്ച ആ അമ്മായി അമ്മയും നാജിയയുടെ മാതാപിതാക്കളും എവിടെയായിരുന്നു പ്രശ്‌നം എന്നാലോചിച്ച് ഇന്നും കണ്ണീരില്‍ കഴിഞ്ഞു കൂടുന്നു.
സത്യത്തില്‍ എവിടെയായിരുന്നു പ്രശ്‌നങ്ങള്‍?
ആ വഴിക്ക് ചെല്ലുമ്പോള്‍ പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളിലേക്കാണ് നാമെത്തുന്നത്?
പ്രസവാനന്തരം ഒരു സ്ത്രീക്ക് ഒരു പാട് ശാരീരിക, മാനസിക വൈകാരിക വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ഈ മാറ്റങ്ങളോട് ഒരു സ്ത്രീക്ക് വ്യക്തിപരമായി ഒരു പാട് അനുരൂപീകരണം നടത്തേണ്ടതായും വരുന്നു. ഗര്‍ഭകാലത്തെ ആകുലതകളും വ്യാകുലതകളും അവസാനിച്ച് തന്റെ പൊന്നോമന കുഞ്ഞുമൊത്തുള്ള വര്‍ണ്ണശബള നിമിഷങ്ങള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇത്തരം ചില മാനസിക വ്യതിയാനങ്ങള്‍ അവരറിയാതെ തന്നെ പതിയെ പിടി മുറുക്കുന്നത്.
കുഞ്ഞുമൊത്തുള്ള വര്‍ണ്ണശബള നിമിഷങ്ങള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മാനസിക വ്യതിയാനങ്ങള്‍ പിടി മുറുക്കുന്നത്.
കാരണങ്ങള്‍
മൂലകാരണം ശരിയായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രസവാനന്തരം പെട്ടെന്നുണ്ടാവുന്ന ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ ആവാം ഈ വിധമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നതാണ് പൊതുവായ അനുമാനം. പ്രസവാനന്തരം എല്ലാ സ്ത്രീകളും ഈ ഹോര്‍മോണല്‍ വ്യതിയാനങ്ങളിലൂടെ കടന്നു പോവുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരുന്നില്ല. ചില സ്ത്രീകളില്‍ ഇത്തരത്തിലുള്ള ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അത് കാരണം തന്നെ, ജനിതകപരമായി ഈ അസുഖം വരാനുള്ള സാധ്യത കൈമാറിവരാം, എന്ന് ഈയിടെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്നത്തെ തിരക്കുപിടിച്ച പിരിമുറുക്കം നിറഞ്ഞ ജീവിതരീതിയും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് ഉല്‍കണ്ഠാകുലവും പിരിമുറുക്കവും നിറഞ്ഞ ഗര്‍ഭകാലത്തിലൂടെ കടന്നു പോവുന്ന സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കടന്നു വരാനുള്ള സാധ്യതകള്‍ ഏറെയാണ്.
ദാമ്പത്യ ബന്ധങ്ങളിലുണ്ടാവുന്ന വിള്ളലും തകര്‍ച്ചയും കാരണമായി പറയുന്നുണ്ടെങ്കിലും ശക്തമായ ദാമ്പത്യങ്ങള്‍ക്കിടയിലും ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കടന്നു വരാറുണ്ടെന്നതാണ് വസ്തുത. കൂടാതെ സാമൂഹികമായ അനുരൂപീകരണത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു.
മൊത്തത്തില്‍ ഈ പ്രശ്‌നങ്ങളെ മെഡിക്കല്‍ സയന്‍സ് മൂന്നായി തരം തിരിച്ചിരിക്കുന്നു.
1) മറ്റേര്‍ണല്‍ ബ്ലൂസ് (maternal blues)
2) പ്രസവാനന്തര വിഷാദരോഗം.( Post partum depression).
3) പ്രസവാനന്തര മതിഭ്രമം അഥവാ സൈക്കോസിസ്. (Post Partum Psychosis )
ഇവ ഒരോന്നിനെ പറ്റിയും നമ്മള്‍ ബോധവാന്‍മാര്‍ ആകേണ്ടതുണ്ട്.
വിഷാദത്തിന്റെ തോതും ഇത്തരം വികാരവിചാരങ്ങളും ഒരോ സ്ത്രീയിലും ഏറിയും കുറഞ്ഞും ഇരിക്കാം.
1) മറ്റേണല്‍ ബ്ലൂസ്
പ്രസവശേഷം ആദ്യ ആഴ്ചകള്‍ക്കുള്ളില്‍ കണ്ടുവരുന്ന സര്‍വ്വ സാധാരണമായ പ്രശ്‌നങ്ങള്‍ ആണിവ. ഉത്കണ്ഠ, ചെറിയ ചെറിയ സങ്കടങ്ങള്‍, കണ്ണീരൊലിപ്പിക്കല്‍, പെട്ടെന്നുള്ള ദേഷ്യപ്പെടല്‍... അങ്ങനെയുള്ളവ ഏറിയും കുറഞ്ഞുമിരുന്നാലും രണ്ട് മൂന്ന് ആഴ്ചകള്‍ നീണ്ട് നിന്ന് മാഞ്ഞു പോവുന്നു. ഏകദേശം 50 % മുതല്‍ 80 % വരെ സ്ത്രീകള്‍ ബ്ലൂസ് അനുഭവിക്കാറുണ്ടെന്ന് കണക്കുകള്‍ പറയുന്നു. നിങ്ങള്‍ക്ക് എന്ത് മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും അത് മറച്ച് വെക്കാതെ പങ്കാളിയോടും കുടുംബാംഗങ്ങളോടും തുറന്നു പറയുക. നല്ല രീതിയിലുള്ള വ്യക്തി സാമൂഹ്യ ഇടപെടലുകളിലൂടെ ബ്ലൂസ് സ്വന്തമായി മാനേജ് manage ചെയ്യാന്‍ പറ്റും.പക്ഷെ ഒരു മാസത്തില്‍ കൂടുതല്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ മെഡിക്കല്‍ സഹായം തേടേണ്ടതാണ്.
2) പ്രസവാനന്തര വിഷാദരോഗം (Post Partum depression)
കഠിനമായ വിഷാദം, കുഞ്ഞിന്റെ കാര്യത്തിലുള്ള ശ്രദ്ധയില്ലായ്മ, ഉറക്കക്കുറവ്, ഞാന്‍ ഒന്നിനും കൊള്ളാത്തവളാണ്, എന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന തോന്നല്‍, സാധാരണയായി സന്തോഷം ലഭിക്കുന്ന കാര്യങ്ങളില്‍ ഉള്ള താല്‍പര്യക്കുറവ് ( anhedonia), എന്തിനും ഏതിനും സങ്കടപ്പെടല്‍, നിയന്ത്രിക്കാന്‍ പറ്റാത്ത കരച്ചില്‍, പഴയ കാര്യങ്ങളെ കുറിച്ചുള്ള കുറ്റബോധം, ക്ഷീണം, വിശപ്പില്ലായ്മ, ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതെ വരിക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ചിലരില്‍ വര്‍ധിച്ച തോതിലുള്ള ഉല്‍കണ്ഠയും കാണപ്പെടാറുണ്ട്.വിഷാദത്തിന്റെ തോതും ഇത്തരം വികാരവിചാരങ്ങളും ഒരോ സ്ത്രീയിലും ഏറിയും കുറഞ്ഞും ഇരിക്കാം. ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന പോലെ വിഷാദം പിടി മുുറക്കുമ്പോള്‍ ചിലര്‍ ആത്മഹത്യാ പ്രവണതകള്‍ കാണിക്കുന്നു. ഇത് പ്രസവാനന്തരം ആദ്യ രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വരികയും ചില സ്ത്രീകളില്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. 10% മുതല്‍ 20% സ്ത്രീകളില്‍ പ്രസവാനന്തരം ഇത് കടന്ന് വരാം.
വിഷാദം ബാധിച്ച സ്ത്രീകളില്‍ അതിന്റെ തോത് അനുസരിച്ചാണ് ചികില്‍സ നിര്‍ണ്ണയിക്കുന്നത്. അതിനു എഡിന്‍ബര്‍ഗ് പോസ്റ്റ് നാറ്റല്‍ ഡിപ്രഷന്‍ സ്‌കെയില്‍ നമ്മെ സഹായിക്കുന്നു. കുറച്ചു ചോദ്യ വലികള്‍ അടങ്ങിയ ഈ രീതിയില്‍ സ്ത്രീക്ക് സ്വന്തമായിട്ട് തന്നെ അവലോകനം ചെയ്ത് മാര്‍ക്കിടാവുന്നതാണ്.
ചെറിയ തോതിലുള്ള ഡിപ്രഷന്‍ നല്ല കൗണ്‍സലിങ്ങ്, ശക്തിയായ മാനസികമായ താങ്ങ്, വ്യക്തിബന്ധങ്ങളുടെ അരക്കിട്ടുറപ്പിക്കല്‍ തുടങ്ങിയവ കൊണ്ട് മറികടക്കപ്പെടുന്നു.എന്നാല്‍ മറ്റുള്ളവര്‍ക്ക് കൗണ്‍സലിങ്ങിന്റെ കൂടെ ഗുളികകളും ( ആന്റി ഡിപ്രസന്റസ് ) ബിഹേവിയറല്‍ തെറാപ്പി കളും (cognitive Behavioural Therapy: CBT and Interpersonal Therapy: IPT) ആവശ്യമായി വരുന്നു. കടുത്ത വിഷാദമുള്ളവരില്‍ ആത്മഹത്യാ പ്രവണതകള്‍ കൂടുതല്‍ ഉള്ളതിനാല്‍ ഭര്‍ത്താവ്, കുടുംബങ്ങള്‍ തുടങ്ങിയവരുടെ നിരന്തര സാമീപ്യം, വീക്ഷണം തുടങ്ങിയവ ആവശ്യമാണ്. ചില കേസുകളില്‍ കിടത്തി ചികില്‍സയും ആവശ്യമായി വരുന്നു.
ആയിരത്തില്‍ ഒരു സ്ത്രീക്ക് പ്രസവാനന്തരം ഇത് പിടിപെടുന്നു
3) പ്രസവാനന്തര മതി ഭ്രമം( Post Partum Psychosis )
ഇത് ബാധിച്ച സ്ത്രീകള്‍ ബൈപോളാര്‍, അതായത് രണ്ടറ്റത്തുമുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. കടുത്ത വിഷാദവും ഭ്രാന്തമായ ഉന്മാദവും ഒരാളില്‍ തന്നെ കടന്നു വരുന്നു. ഭക്ഷണം കഴിക്കാതിരിക്കല്‍, ഓര്‍മ്മക്കുറവ്, പരസ്പര ബന്ധമില്ലാത്ത സംസാരങ്ങള്‍ തുടങ്ങി ഭ്രാന്തിന്റെ എല്ലാ വിധ ലക്ഷണങ്ങളും കാണിച്ചേക്കാം. കാണാത്തത് കാണുകയും (hallucinations ) ഇല്ലാത്തത് വിചാരിച്ചുണ്ടാക്കുകയും. (Delusion) ചെയ്യും. അകാരണമായ ഉല്‍കണ്ഠ, ഭയം തുടങ്ങിയവ കാരണം ഉടലെടുക്കുന്ന ശരിയല്ലാത്ത വിചാരങ്ങള്‍ (paranoia), സ്വയമായും പിന്നെ കുഞ്ഞിനെയും ഉപദ്രവിക്കുന്നത് തുടങ്ങിയ ലക്ഷണങ്ങളും ഇങ്ങനെയുള്ളവരില്‍ കണ്ടു വരുന്നു. ആയിരത്തില്‍ ഒരു സ്ത്രീക്ക് പ്രസവാനന്തരം ഇത് പിടിപെടുന്നു. പ്രസവാനന്തരം ആദ്യ രണ്ട് മൂന്ന് ആഴ്ച്ചചകള്‍ക്കുള്ളില്‍ ഇത് അനുഭവപ്പെടുന്നു.
പ്രസവാനന്തര മതിഭ്രമം ഒരു സൈക്യാട്രിക് എമര്‍ജന്‍സി ആണ്. രോഗിയെ എത്രയും പെട്ടെന്ന് നല്ലൊരു മാനസിക കേന്ദ്രത്തില്‍ എത്തിക്കുകയും കിടത്തി ചികില്‍സ ആരംഭിക്കുകയും ചെയ്യണം. ഗുളികകള്‍ക്ക് സാധാരണയായി നല്ല രീതിയില്‍ പ്രതികരിക്കാറുണ്ട്. (ആന്റി സൈക്കോട്ടിക്‌സ്, മൂഡ് സ്റ്റബിലൈസേര്‍സ് തടങ്ങിയവ) ഇലക്‌ട്രോ കണ്‍വല്‍ സീവ് തെറാപ്പി (ECT ) ചികില്‍സ വളരെയധികം ഫലപ്രദമാണെന്ന് ശാസ്ത്രം പറയുന്നു.
താങ്ങും തണലുമാവുക
ബ്ലൂസ് സ്വന്തമായി നമുക്ക് മാനേജ് ചെയ്യാമെങ്കില്‍ പ്രസവാനന്തര വിഷാദം, മതിഭ്രമം ഇവക്ക് സ്വയം ചികില്‍സ പാടില്ല. നല്ലൊരു സൈക്യാട്രിസ്റ്റിന് അവരെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ട് വരാന്‍ പറ്റും. കൂടാതെ കൗണ്‍സലിങ്ങിനും നല്ല ഒരു റോളുണ്ട്. അവരെത്ര ബുദ്ധിശാലികളോ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ പെട്ടവരോ, മുമ്പ് മാനസികമായി എത്രയോ കുത്തുള്ളവരോ ആവട്ടെ, സാമൂഹികമായ വിലയിരുത്തലുകള്‍ ഭയന്ന് സൈക്യാട്രിസ്റ്റിനെ ചെന്ന് കാണാന്‍ വിമുഖത കാട്ടരുത്. കാരണം ആരോഗ്യമുള്ള മനസാണല്ലോ ഏറ്റവും വലിയ സമ്പത്ത്.
അങ്ങനെയുള്ള സ്ത്രീകളെ ഭര്‍ത്താവ്, കൂട്ടുകാരികള്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ചുറ്റുമുള്ളവര്‍ അകമഴിഞ്ഞ് പിന്തുണക്കുക എന്നുള്ളതാണ് പ്രധാനം. മാനസികമായി അവള്‍ക്ക് താങ്ങും തണലുമാവുക എന്നതാണ് പ്രധാനം.
പ്രസവാനന്തരം ഇത്തരം മാനസിക പ്രയാസങ്ങള്‍ ഒരിക്കലും ഉള്ളിലൊതുക്കി പുകഞ്ഞു നീറ്റരുത്.
പ്രിയപ്പെട്ട അമ്മമാരോട്:
പ്രസവാനന്തരം ഇത്തരം മാനസിക പ്രയാസങ്ങള്‍ ഒരിക്കലും ഉള്ളിലൊതുക്കി പുകഞ്ഞു നീറ്റരുത്. കാരണം ഇനി നമുക്ക് നാജിയമാരെ കാണാന്‍ വയ്യ. നിങ്ങളുടെ പ്രശ്‌നങ്ങള്‍ അടുപ്പമുള്ളവരോട് പറയൂ. കൈപ്പിടിയില്‍ ഒതുങ്ങുന്നില്ലെന്ന് കണ്ടാലുടന്‍ സൈക്യാട്രിസ്റ്റിനെ ചെന്നു കാണാന്‍ മടിക്കരുത്. മാനസിക വ്യതിയാനങ്ങള്‍ക്ക് ശമനം വന്ന ശേഷം കുറ്റബോധം ,പശ്ചാത്താപം തുടങ്ങിയവ ചിലരില്‍ കാണാറുണ്ട്. എന്തിനങ്ങനെ വിചാരിക്കണം? കുറച്ച് ഹോര്‍മോണുകളുടെ കളികളാണെന്ന് ഓര്‍ത്തു സമാധാനിക്കൂ.
മാതൃത്വം എന്ന വികാരം ഒരു സ്ത്രീക്ക് അത്ര മാത്രം വിലപ്പെട്ടതും അനിര്‍വചനീയവുമാണ്. നമ്മളറിയാതെ പിടിമുറുക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താം. അമ്മിഞ്ഞപ്പാല്‍ നുകരാതെ വളരാന്‍ വിധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ഇനി ഉണ്ടായിക്കൂടാ.
പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ വന്ന സ്ത്രീകളുടെ കൂട്ടായ്മകള്‍ ഉണ്ട്. അവര്‍ മറ്റുള്ളവര്‍ക്ക് താങ്ങായി, തണലായി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഈ കൂട്ടായ്മകള്‍ നല്‍കി വരുന്നു.
