Asianet News MalayalamAsianet News Malayalam

സ്ത്രീകളിലെ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് മലയാളികള്‍ക്ക് അറിവേ ഇല്ലായിരുന്നു; ഡോ. ജയശ്രീ എ.കെ

ഇതൊക്കെ ചര്‍ച്ചയാകും മുമ്പും ഇവിടെ ഒരുപാട് ആത്മഹത്യകളുണ്ടായിട്ടുണ്ട്. പക്ഷെ, അപ്പോഴൊക്കെ കാരണങ്ങള്‍ അജ്ഞാതമായിരുന്നു. പിന്നീടാണ് ആത്മഹത്യകളുടെ കാരണങ്ങള്‍ വെളിപ്പെടുന്നത്. കുറേ ആത്മഹത്യകളെ കുറിച്ചൊക്കെ അന്ന് സഹയാത്രിക നേരിട്ടന്വേഷിച്ചു

dr. jayasree ak about sahayathrika
Author
Thiruvananthapuram, First Published Sep 7, 2018, 6:53 PM IST

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2003ല്‍ കേരളത്തില്‍ 'സഹയാത്രിക' എന്ന ഒരു എന്‍.ജി.ഒ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ലെസ്ബിയനായിട്ടുള്ളവരുടെ ക്ഷേമമായിരുന്നു ലക്ഷ്യം. അതുവരെ കേരളത്തില്‍ അഡ്രസ് ചെയ്യാന്‍ മടിച്ചിരുന്നൊരു വിഷയം സഹയാത്രികയിലൂടെ സമൂഹത്തിന്‍റെ ശ്രദ്ധയിലെത്തി. അജ്ഞാതമായിരുന്ന പല ആത്മഹത്യകളുടേയും കാരണങ്ങള്‍, സ്വന്തം സ്വതം മറച്ചുപിടിച്ച് ജീവിക്കേണ്ടി വന്നവരുടെ എരിച്ചിലുകള്‍, വെളിപ്പെടുത്തിയവര്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ ഇവയെല്ലാം സഹയാത്രിക പുറത്തുകൊണ്ടുവന്നു. സഹയാത്രികയുടെ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്നു ഡോ.ജയശ്രീ എ.കെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

എത്രയെത്ര ആത്മഹത്യകള്‍, കാരണങ്ങളൊന്നും അജ്ഞാതമായിരുന്നില്ല

കാനഡയില്‍ നിന്ന് വന്ന ദീപ വാസുദേവനാണ് നമുക്ക് സഹയാത്രിക തുടങ്ങാന്‍ പ്രേരണയാകുന്നത്. അതിനു മുമ്പ് ഇത്രമാത്രം ഇടപെടലുകളൊന്നും അവര്‍ക്കിടയില്‍ നമ്മള്‍ നടത്തിയിരുന്നില്ല. ഗേ ആയിട്ടുള്ള ആളുകളെ അന്നും നമുക്ക് പരിചയമുണ്ട്. അവരുടെ പ്രശ്നങ്ങളിലിടപെടാറുമുണ്ടായിരുന്നു. പക്ഷെ, സ്ത്രീകള്‍ക്കിടയിലെ പ്രശ്നങ്ങളൊന്നും അത്ര പരിചയമില്ലായിരുന്നു. 'സഹയാത്രിക' തുടങ്ങുന്നത് ലെസ്ബിയനായിട്ടുള്ളവര്‍ക്ക് വേണ്ടിയാണ്, 2003ല്‍. 

സഹയാത്രിക ആദ്യം തുടങ്ങിയത് 'പോസ്റ്റോഫീസ് ബോക്സ്' ആണ്. അതിലേക്ക് കത്തുകളെഴുതാം. അവരുടെ ഐഡന്‍റിറ്റി പ്രശ്നങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട്. പിന്നെ, നമ്മുടെയെല്ലാം കുഞ്ഞു കുഞ്ഞു ഗ്രൂപ്പുകളില്‍ ചര്‍ച്ചയും സംവാദവുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ, പോസ്റ്റോഫീസ് ബോക്സ് തുറന്നപ്പോള്‍ നമ്മളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒരുപാട് കത്തുകള്‍ വന്നുതുടങ്ങി. അപ്പോഴാണ്, നമ്മുടെ നാട്ടിലും ഇത്രയധികം ആളുകള്‍ ഇങ്ങനെ ബുദ്ധിമുട്ടിയും വേദനിച്ചും കഴിയുന്നുണ്ടെന്ന് മനസിലായത്. കേരളത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും കത്തുകളുണ്ടായിരുന്നു.

പിന്നീട്, ഈ വിഷയം സമൂഹത്തിന്‍റെ ശ്രദ്ധയില്‍ വന്നു തുടങ്ങി. കാരണം, ഐഡന്‍റിറ്റി വെളിപ്പെടുത്തി കഴിഞ്ഞപ്പോള്‍, പലരും വീടിനു പുറത്തായി. പുറത്തിറങ്ങിയതോടെ പലരും ഇവരെ തടയാനും ഉപദ്രവിക്കാനുമൊക്കെ തുടങ്ങി. നമ്മള്‍ ആരേയും അറിയിക്കണ്ട എന്ന് കരുതിയ പല പ്രശ്നങ്ങളും അറിയാതെ പുറത്തുവന്നിരുന്നു. പൊലീസൊക്കെ ഇതൊക്കെ നിയമവിരുദ്ധമാണെന്ന് പറഞ്ഞ് എതിര്‍ക്കുന്നുണ്ട്. എച്ച്.ഐ.വിയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗാനുരാഗം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷെ, സ്ത്രീകളുടെ കാര്യത്തില്‍ ആ ചര്‍ച്ചയും ഇല്ലായിരുന്നു. ഗേ എന്ന വാക്കൊന്നും അന്ന് ഉപയോഗിച്ചിരുന്നില്ല. 'മെന്‍ ഹാവിങ് സെക്സ് വിത്ത് മെന്‍' (എം.എസ്.എം) എന്ന വാക്കാണ് അന്നുപയോഗിക്കുന്നത്. ഇവരുടെ പൊളിറ്റിക്കലായ ഐഡന്‍റിറ്റി പുറത്തുകൊണ്ടുവരാതെ അവരുടെ ബന്ധത്തിലെയും മറ്റും ആരോഗ്യകാര്യങ്ങളിലെല്ലാം സര്‍ക്കാരിന്‍റെ ശ്രദ്ധ പതിപ്പിക്കാനൊക്കെയാണ് അന്ന് ഞങ്ങള്‍ ശ്രമിക്കുന്നത്. 

അന്നും എളുപ്പത്തിലൊന്നും ഇത് സര്‍ക്കാരിന് പോലും മനസിലാകുന്നില്ലായിരുന്നു. സ്ത്രീകളുടെ കാര്യത്തില്‍ തീരെയില്ല. അവരുടെ കാര്യത്തില്‍ എച്ച്.ഐ.വിയും ഒരു ഭീഷണി അല്ലാത്തതുകൊണ്ട് ആ രീതിയിലുള്ള ചര്‍ച്ചക്കും സാധ്യത ഇല്ലാതായി. സ്ത്രീകളുടെ കാര്യത്തിലാണല്ലോ എപ്പോഴും അവഗണനയുണ്ടാവുക. അപ്പോഴും സമൂഹത്തിനു മുന്നില്‍ ഇതൊന്നും ചര്‍ച്ച ചെയ്യാനാകുന്നില്ല. ആരും അംഗീകരിക്കുന്നുമില്ല. കുറച്ച് വീടുകളിലൊക്കെ പ്രശ്നമായി, കുറച്ചുപേരൊക്കെ വീട് വിട്ട് ഇറങ്ങിത്തുടങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ ചെറിയ തരത്തിലൊക്കെ ഇതിനെ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ചാനലുകളില്‍ സംസാരിക്കാന്‍ തുടങ്ങി. സംസാരിക്കാന്‍ തുടങ്ങുന്നതിനനുസരിച്ച് എതിര്‍പ്പും ഉണ്ടായിത്തുടങ്ങി. 

ഇതൊക്കെ ചര്‍ച്ചയാകും മുമ്പും ഇവിടെ ഒരുപാട് ആത്മഹത്യകളുണ്ടായിട്ടുണ്ട്. പക്ഷെ, അപ്പോഴൊക്കെ കാരണങ്ങള്‍ അജ്ഞാതമായിരുന്നു. പിന്നീടാണ് ആത്മഹത്യകളുടെ കാരണങ്ങള്‍ വെളിപ്പെടുന്നത്. കുറേ ആത്മഹത്യകളെ കുറിച്ചൊക്കെ അന്ന് സഹയാത്രിക നേരിട്ടന്വേഷിച്ചു. പല കഥകളും പുറത്തുവരുന്നത് അങ്ങനെയാണ്. ടെലിവിഷനിലൊക്കെ വന്നു, ഫോണ്‍ നമ്പറൊക്കെ കൊടുത്തു തുടങ്ങിയപ്പോള്‍ കുറേപ്പേര്‍ വിളിക്കുകയും, കാണുകയുമൊക്കെ ചെയ്യാന്‍ തുടങ്ങി. നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതലായിരുന്നു തേടിയെത്തുന്നവര്‍. വീട്ടിനുള്ളില്‍ പൂട്ടിയിട്ട ആളുകളെയൊക്കെ സഹയാത്രികയുടെ ആള്‍ക്കാര്‍ പോയി സംസാരിച്ചു പുറത്തിറക്കി. സംസാരിക്കാന്‍ പോലും അവസരം കിട്ടാത്ത പലരും വീട് വിട്ടു പോയിത്തുടങ്ങി. ചിലര്‍ക്ക് തിരികെ വീട്ടിലെത്തുമ്പോള്‍ ചെറിയ പിന്തുണ ഒക്കെ കിട്ടും. അല്ലാത്തവര്‍ അവിടെ എവിടെയെങ്കിലും തുടരും. 

ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ കുറിച്ചും അതിലെ സങ്കീര്‍ണതകളെ കുറിച്ചുമെല്ലാം നമ്മള്‍ പോലും അറിയുന്നത് കുറച്ചുകൂടി കഴിഞ്ഞപ്പോഴാണ്. മെയില്‍ ടു ഫീമെയില്‍, ഫീമെയില്‍ ടു മെയില്‍ എന്നുള്ളതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയത് പിന്നീടാണ്. 

വിധി വന്നു, ഇനി

വിധി അനുകൂലമായി വന്നു. എന്നിരുന്നാലും സമൂഹത്തിന്‍റെ അംഗീകാരം കിട്ടാന്‍ ഇനിയുമെത്ര കഴിയണം എന്നത് ഇപ്പോഴും പ്രശ്നമായി തുടരുന്നുണ്ട്. ബസിലൊക്കെ ഇരിക്കുമ്പോള്‍ ആള്‍ക്കാര്‍ തുറിച്ചുനോക്കുന്നുവെന്നും പരിഹസിക്കുന്നുവെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയാറുണ്ട്. ഇതിലും പ്രശ്നമാകാം എല്‍.ജി.ബി ( lesbian, gay, bisexual)ആയിട്ടുള്ളവര്‍ക്ക്. അവരെന്തുകൊണ്ടാണ് ഇത്തരം ഇഷ്ടങ്ങള്‍ കാണിക്കുന്നത് എന്നൊക്കെ ചോദ്യവുമായി ആളുകള്‍ വരാം. അവരവരുടെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ അങ്ങനെ ആകുന്നതാണ്. ഇതൊരു മാനസിക പ്രശ്നമാണ് എന്നൊക്കെയാണ് സമൂഹം പറയുന്നത്. അതില്‍, ഒരുപാട് ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം വേണം. ട്രാന്‍സ് ജെന്‍ഡറായിട്ടുള്ളവരോടുള്ള പ്രതികരണത്തില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. അവര്‍ മീറ്റിംഗുകളെല്ലാം സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 
സഹയാത്രിക തുടങ്ങിയ സമയത്ത് നമ്മള്‍ ഇവരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു തിരുവനന്തപുരത്ത്. അന്ന്, തലേദിവസം എത്തി ഇവര്‍ താമസിച്ചിരുന്ന ഹോട്ടലുകളിലെത്തി പൊലീസ് പലരേയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. പിറ്റേന്ന്, സമ്മേളനം നടക്കുമ്പോള്‍ നിറയെ പൊലീസുകാരായിരുന്നു. ഇന്ന്, അതിലൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും തീരെ ഇല്ലെന്നല്ല. പരിപാടികളില്‍ പങ്കെടുത്തവരെ തല്ലിയതൊക്കെ ഈയടുത്താണ്.

നിയമപരമായ അംഗീകാരം കിട്ടുന്നത് അതുകൊണ്ടുതന്നെ വലിയ മാറ്റമാണ്. ലെസ്ബിയന്‍സിന്‍റെ കാര്യത്തില്‍ എത്രമാത്രം മാറ്റം വന്നുവെന്ന് അപ്പോഴും പറയുക സാധ്യമല്ല. 2009 ല്‍ ഡെല്‍ഹി ഹൈകോര്‍ട്ടില്‍ ഇതുമായി ബന്ധപ്പെട്ട വിധി വന്നപ്പോള്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അന്ന് കുറേപ്പേര്‍ ഒരുമിച്ച് താമസിക്കാനൊക്കെ തുടങ്ങിയിരുന്നു. കുറച്ചുകൂടി ആളുകള്‍ക്ക് ബോധ്യം വന്നു. അതുപോലെ ഇനിയും മാറ്റങ്ങളുണ്ടാകും. 

ഇനിയിപ്പോള്‍ മാറ്റം ഉണ്ടാകണമെങ്കില്‍ എല്ലാത്തരം ആളുകള്‍ക്കിടയിലും മാറ്റം വരണം. സൈക്കോളജിസ്റ്റുകളും രക്ഷിതാക്കളും പോലും ഇത് മാനസികപ്രശ്നമാണെന്നാണ് പറഞ്ഞുവെക്കുന്നത്. അതിലൊക്കെയാണ് മാറ്റം വരേണ്ടത്. അധ്യാപകര്‍, കൌണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍ എന്നിവരെയൊക്കെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. പഞ്ചായത്ത് തലം മുതല്‍ ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നവരുണ്ടാകണം. അത് വലിയ മാറ്റമുണ്ടാക്കും. പിന്നെ, വീട്ടില്‍ നിന്നുള്ള അംഗീകാരവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അങ്ങനെ എല്ലാവരും അംഗീകരിക്കട്ടെ. ഈ വിധി അതിനൊരു തുടക്കമാകട്ടെ.

 

(സാമൂഹ്യപ്രവര്‍ത്തകയും, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമാണ് ഡോ.ജയശ്രീ)
 

Follow Us:
Download App:
  • android
  • ios