നമുക്കവളെ സുമി എന്ന സാങ്കല്‍പ്പിക പേരു വിളിക്കാം. വിവാഹവും ഗര്‍ഭധാരണവും ആത്മഹത്യയും ചേര്‍ന്ന് അടിവരയിട്ട ഒരു ജീവിതം. ലൈംഗികതയെയും ഗര്‍ഭധാരണത്തെയും കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മകളാണ് അവളുടെ ജീവിതത്തിന് നേരത്തെ പൂര്‍ണ്ണ വിരാമമിട്ടത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയാണ് സുമിയുടെ ജീവിതവും മരണവും. 

രംഗം ഒന്ന്:
സുമിയുടെ കല്യാണം കഴിഞ്ഞത് മെയ് 14നാണ്.  ആര്‍ത്തവത്തിന്റെ ആദ്യദിനം മെയ് മൂന്ന്. 14 മുതല്‍ പല ദിവസവും ഭര്‍ത്താവുമായി ശാരീരിക ബന്ധമുണ്ടായി. സാധാരണ 28 ദിവസത്തില്‍ വരുന്ന ആര്‍ത്തവം ജൂണ്‍ ഒന്നിനു വന്നില്ല. രണ്ടു നാള്‍ക്കുശേഷം ഗര്‍ഭിണി ആണെന്ന സംശയത്തില്‍ കിറ്റ് വാങ്ങിപ്പരിശോധിച്ചു. കുഞ്ഞിന്റെ രണ്ടു കാലുകള്‍ പോലെ രണ്ടു കുഞ്ഞു വരകള്‍. 

സന്തോഷം.  അവള്‍ ഡോക്ടറിനെ പോയി കണ്ടു. നാലാഴ്ചത്തെ ഗര്‍ഭം!

വായിക്കാനറിയുന്നവന്‍ ആണ് ഭര്‍ത്താവ്.  വീട്ടിലെത്തി കുറിപ്പ് വായിച്ചയുടന്‍ അങ്ങേര് സുമിയെ പൊതിരെ തല്ലാന്‍ തുടങ്ങുന്നു. കാര്യം അന്വേഷിച്ചുവന്ന തന്റെ വീട്ടുകാരോട് അയാള്‍ പറഞ്ഞു, 'കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആവുന്നേ ഉള്ളൂ. അവള്‍ ഇപ്പോള്‍ തന്നെ നാലാഴ്ച ഗര്‍ഭിണി ആണത്രെ. ഒരുമ്പെട്ടോള്‍'. 

വീട്ടുകാര്‍ അധികം വൈകാതെ സുമിയെയും കൂട്ടി വീട്ടില്‍ പോകുന്നു,  നാട്ടുകാരെ മുഴുവന്‍ വിളിച്ച് അവളെയും അവളുടെ വീട്ടുകാരെയും സാധ്യമായ എല്ലാ രീതിയിലും അധിക്ഷേപിക്കുന്നു.  

രംഗം രണ്ട്
സുമിയെ സ്വന്തം വീട്ടുകാരും പൊതിരെ തല്ലുന്നു. അസഹ്യമായ രീതിയില്‍ അവള്‍ അധിക്ഷേപത്തിന് ഇരയാവുന്നു. 

രംഗം മൂന്ന്
നാല് മാസങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ 10ന് ഒരു ഷാളില്‍ തൂങ്ങിയ അവളുടെ കാലുകള്‍ പിടിച്ച് സുമിയുടെ അനിയത്തി നിലവിളിക്കുന്നു.  
പതുക്കെ എല്ലാം ശാന്തമാവുന്നു. അവള്‍ ഭൂമിയില്‍നിന്നേ മറഞ്ഞുപോവുന്നു.   

രംഗം നാല്
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുമിയുടെ കുഞ്ഞിന്  ഏകദേശം നാലിനും അഞ്ചിനും  മാസത്തിനിടക്ക് വളര്‍ച്ച ഉണ്ടെന്ന് പോലീസ് പറയുന്നു.  ഇതറിഞ്ഞു വീണ്ടും ഭര്‍ത്താവിന്റെ  വീട്ടുകാര്‍ സുമിയുടെ വീട്ടില്‍ വന്നു ബഹളം വെക്കുന്നു. 'നാലു മാസം ആവുന്നേ ഉള്ളൂ കല്യാണം കഴിഞ്ഞിട്ട്,  കണ്ടില്ലേ കൊച്ചിന്റെ പ്രായം?'. തകര്‍ന്നുപോയ സുമിയുടെ കുടുംബം മുഴുവന്‍ ആത്മഹത്യയെ പറ്റി ചിന്തിക്കാന്‍ തുടങ്ങുന്നു. 

'കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആവുന്നേ ഉള്ളൂ. അവള്‍ ഇപ്പോള്‍ തന്നെ നാലാഴ്ച ഗര്‍ഭിണി ആണത്രെ

 നോക്കൂ, വിവരക്കേടാണിവിടെ വില്ലന്‍. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം. ഒരാളുടെ ജീവനെടുക്കുന്ന വിധം ആ വിവരക്കേടു വളര്‍ന്നിരിക്കുന്നു. 

ഗര്‍ഭം എത്ര മാസം എന്നറിയാന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് അവസാന ആര്‍ത്തവമാണ്. (last mentsrual period LMP). അതായത് അവസാന ആര്‍ത്തവത്തിന്റെ ആദ്യദിനം. ഈ കേസില്‍ അത് മെയ് മൂന്നാണ്.  അണ്ഡോത്പാദനം നടക്കുന്നത് ഏകദേശം 12മുതല്‍ 17വരെയുള്ള ദിവസങ്ങളിലാണ്. (വളരെ കൃത്യമായ ആര്‍ത്തവ ചക്രം ഉള്ളവരില്‍ മാത്രമേ ഇതൊക്കെ കൃത്യമായി നടക്കുകയുള്ളൂ). അതിനാല്‍, ബീജസങ്കലനം നടക്കുന്നതിന്റെ ഏകദേശം രണ്ടാഴ്ച പുറകിലുള്ള തീയതി, അഥവാ അവസാന ആര്‍ത്തവത്തിന്റെ ആദ്യ ദിനം മുതലാണ് ഡോക്ടര്‍മാര്‍ കണക്കു കൂട്ടുന്നത്. ഇതും,  കൃത്യമായി ആര്‍ത്തവം നടക്കുന്ന സ്ത്രീകളില്‍ മാത്രമേ നിര്‍ണയിക്കാന്‍ പറ്റുകയുള്ളൂ. 
 
ഈ കണക്കുതന്നെയാണ് ഗര്‍ഭവുമായി ബന്ധപ്പെട്ട രേഖകളില്‍ ഉപയോഗിക്കുക.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നതും അതുതന്നെ. 

എന്താണ് ഈ അവസ്ഥയ്‌ക്കൊരു പരിഹാരം? 

സംശയം വേണ്ട, ലൈംഗിക വിദ്യാഭ്യാസം. പലവിധ സദാചാര മുറവിളികള്‍ക്കും വേണ്ടി നാം മാറ്റിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന അതേ ലൈംഗിക വിദ്യഭ്യാസം. നമ്മുടെ നിത്യജീവിതത്തില്‍ പോലും അതിന്റെ അഭാവം എത്ര മാരകമായാണ് ഇടപെടുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് സുമി എന്ന സാങ്കല്‍പ്പിക നാമത്തിലൂടെ പറഞ്ഞ ആ യുവതിയുടെ ജീവിതം.