
'ഇങ്ങള് ഡയറിയൊക്കെ എഴുതുമോ?അങ്ങനെ എഴുതാമോ?'
പെരുന്നാളിന് വിരുന്നു വന്ന, അകന്ന ബന്ധുവിന്റെ പതിമൂന്നു വയസ്സുകാരി പെണ്‍കുട്ടിയാണ്, ഒരു ചോദ്യം കൊണ്ട് ഓര്‍മ്മകളെ ഒരുപാട് പുറകിലേക്ക് നടത്തിയത്. എട്ടാം കഌസില്‍, പുറകിലെ ബെഞ്ചിലിരുന്ന ചുരുളന്‍ മുടിക്കാരി കൂട്ടുകാരിയിലാണ് ആ നടത്തം എത്തി നിന്നത്. ഡയറി എഴുത്തിനെക്കുറിച്ചുള്ളൊരു ചര്‍ച്ചയില്‍ അവള്‍ പറഞ്ഞ സ്വകാര്യം.
'എന്നെ വീട്ടീന്ന് ഡയറി എഴുതാനൊന്നും സമ്മതിക്കൂല. അതൊക്കെ ചീത്ത പെണ്‍കുട്ടികളാണ് എഴുതുക എന്നാ അച്ഛനും,ഏട്ടനും പറയുന്നേ. എഴുതിയാ തന്നെ,ഏട്ടന്‍ വായിച്ചു നോക്കീട്ട് മാത്രേ തിരിച്ചു ചുമരലമാരയില് വയ്ക്കാന്‍ സമ്മതിക്കൂ. അമ്മയും പറഞ്ഞു, ഡയറി എഴുതുന്ന പെണ്‍കുട്ടികളാണത്രെ വഴിതെറ്റി പോകുന്നെ'.
പ്രൈമറി സ്‌കൂള്‍ വേനലവധിക്കാലങ്ങളില്‍, സ്‌കൂള്‍ തുറന്നു വരുമ്പോള്‍ ചെയ്യാനുള്ള കാര്യങ്ങളുടെ കൂട്ടത്തില്‍ (പക്ഷിത്തൂവല്‍ ആല്‍ബത്തിനും, സ്റ്റാമ്പ് ശേഖരത്തിനും, ഹെര്‍ബേറിയത്തിനും ഒപ്പം) ഡയറി എഴുത്തും ഉണ്ടാകും.
'രാവിലെ ഏഴുമണിക്ക് എഴുന്നേറ്റു, പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം ചായ കുടിച്ചു....'എന്ന് തുടങ്ങുന്ന പതിവ് രീതിയില്‍ നിന്ന് മാറി, ഡയറിയെ വ്യത്യസ്തമാക്കാന്‍ പഠിപ്പിച്ചത് പപ്പയാണ്. കുഞ്ഞു കുഞ്ഞു അനുഭവങ്ങളും, വിചാരങ്ങളും, പിണക്കങ്ങളും, കരച്ചിലുകളും, സന്തോഷങ്ങളും കൊണ്ട് നിറച്ചു, എന്റെ മാത്രമായി സൂക്ഷിക്കുവാനുള്ള, എന്റെ ഇടമാണ് ഡയറി എന്നറിയുന്നത് അവിടുന്നങ്ങോട്ടാണ്. ആന്‍ ഫ്രാങ്കും, ചെഗുവേരയും ഡയറിക്കുറിപ്പുകളുടെ വലിയൊരു ലോകം വായനയിലൂടെ കാണിച്ചു തന്നു.
അവിടുന്നങ്ങോട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞെങ്കിലും, ഇന്നും പെണ്‍കുട്ടികളുടെ ഡയറിയെ ഭയപ്പെടുന്ന വീടുകള്‍ ഉണ്ട് എന്നുള്ളതാണ് സത്യം. ഒരാളുടെ സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ ഒരു സമാന്തര ലോകമാണ് ഡയറികള്‍. സ്ത്രീയുടെ ആ സമാന്തര ലോകത്തെ ഭയപ്പെടുന്നവരായിരിക്കണം ഡയറി എഴുത്തിനെ ഒരു മോശം കാര്യമായി ചിത്രീകരിച്ചിട്ടുണ്ടാവുക.
'എന്നില്‍ മറ്റൊരുത്തി വസിക്കുന്നു
എന്റെ ഇരട്ട...'
കവി പറഞ്ഞത് പോലെ, ഉള്ളിലെ ഇരട്ടയുടെ വെളിപാടുകളാണ്, ഇരട്ടയുടെ സഞ്ചാരങ്ങളാണ് ഓരോ ഡയറികളും. അതിരില്ലാ യാത്രകള്‍ വലിയ സ്വപ്നവും.
