Asianet News MalayalamAsianet News Malayalam

പോണ്‍ വലകളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍

Dr Smitha CA on pornography and kids
Author
Thiruvananthapuram, First Published Mar 4, 2017, 9:42 AM IST

Dr Smitha CA on pornography and kids

ഏറെ ഒച്ചപ്പാടുകളുണ്ടാക്കി കടന്നുവന്ന അശ്ലീല സൈറ്റുകളുടെ നിരോധനനിയമം വെളിച്ചം കാണാതെ  മറഞ്ഞു. അതിലേറെ ചര്‍ച്ചകള്‍ക്കു വഴിതെളിച്ച,  ചില സംഭവങ്ങളും പത്രവാര്‍ത്തകളും നമ്മുടെ സ്മൃതിപരിധിക്കപ്പുറത്തായി. എങ്കിലും പോണോഗ്രാഫിയും പുതു തലമുറയ്ക്ക് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അതേപടി നിലനില്‍ക്കുന്നു. ഓണ്‍ലൈന്‍ ലോകത്ത് മുഴുകുന്തോറും ഓണ്‍ലൈനിലെ അശ്ലീല സൈറ്റുകള്‍ കൂടുതല്‍ കൂടുതല്‍ അവര്‍ക്കരികിലേക്ക് വരുന്നു. അതുണ്ടാക്കുന്ന  പ്രശ്‌നങ്ങള്‍ വ്യാപിക്കുന്നു.

അറിവിന്റെയും കൗതുകങ്ങളുടെയും  കൂട്ടുകാരുടെയും  മുതിര്‍ന്നവരുടെയും ലോകത്ത് സ്വന്തമിടം സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് നമ്മുടെ പുതുതലമുറ. കൂടുതല്‍ ഉയരവും ദൂരവും വേഗവും തേടി എന്ന ഒളിംപിക്‌സ്  മുദ്രാവാക്യത്തെയോര്‍മിപ്പിക്കുന്ന അവരുടെ ജീവിതത്തില്‍ ലൈംഗികതയും അനുബന്ധ ചാപല്യങ്ങളും എന്തെല്ലാം  വിധത്തിലാണ് ഇടപെടലുകള്‍ നടത്തുന്നത്? ഇത്തരം വ്യവഹാരങ്ങളില്‍ അവര്‍ സുരക്ഷിതരാണോ? പുതുതലമുറയുടെ മാധ്യമങ്ങള്‍ അതിരുകളില്ലാത്ത  കാഴ്ച്ചയുടെ ലോകം അവര്‍ക്കായി  തുറന്നിടുമ്പോള്‍ മുതിര്‍ന്നവര്‍ കണ്ണും  കാതും കൂര്‍പ്പിച്ചു  കാവലിരുന്നാലും നമ്മുടെ കൗമാരങ്ങളെ കാത്തുരക്ഷിക്കാനാവില്ലേ? ഇക്കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്. 

Dr Smitha CA on pornography and kids

കൊബായാഷി മാസ്റ്റര്‍ എന്തിനാണവരെ പൂര്‍ണനഗ്‌നരായി നീന്താനയച്ചത്?

റ്റോമോയിലെ നീന്തല്‍ പാഠങ്ങള്‍
'റ്റോമോയില്‍ നീന്തലിന് നിയമങ്ങളില്ലായിരുന്നു. എന്നാലും കൊബായാഷി മാസ്റ്റര്‍ എന്തിനാണവരെ പൂര്‍ണനഗ്‌നരായി നീന്താനയച്ചത്? മാസ്റ്റര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. തങ്ങളുടെ ശരീരഘടനകളിലെ വ്യത്യാസങ്ങളെക്കുറിച്ച് ആണ്‍കുട്ടികളും  പെണ്‍കുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ചുപുലര്‍ത്താന്‍  പാടില്ല എന്നദ്ദേഹം കരുതി.ശരീരം പരസ്പരം മറച്ചുപിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത പ്രകൃതിവിരുദ്ധമാണെന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു. മനുഷ്യശരീരം എത്ര മനോഹരമാണെന്ന് കുട്ടികള്‍ മനസ്സിലാക്കണം.അത് മാസ്റ്റര്‍ക്കു നിര്‍ബന്ധമായിരുന്നു'.

തെത്‌സുകോ കുറോയാനഗിയുടെ ലോകപ്രശസ്ത കൃതിയായ ടോട്ടോചാനിലെ വരികളാണിത്.  കൊബായാഷി മാസ്റ്ററെപ്പോലെ ക്രാന്തദര്‍ശികളായ അധ്യാപകര്‍ വിരളമാണ്.അതുതന്നെയായിരുന്നു റ്റോമൊയെന്ന വിദ്യാലയത്തെ  വ്യത്യസ്തമാക്കിയതും.ശരീരത്തെക്കുറിച്ചു കുട്ടികള്‍ക്കുണ്ടായേക്കാവുന്ന മിഥ്യകളെയെല്ലാം പിഴുതെറിയുന്നതായിരുന്നു ആ നീന്തല്‍ പരിശീലനം. ഇളംപ്രായം മുതല്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ അറിഞ്ഞും അറിയാതെയും ശരീരത്തെക്കുറിച്ചും ലിംഗവ്യത്യാസങ്ങളെക്കുറിച്ചും നാം കുത്തിവയ്ക്കുന്ന തെറ്റിദ്ധാരണകള്‍ക്കുള്ള നല്ലൊരു മറുമരുന്നാണദ്ദേഹത്തിന്റെ രീതി.എന്നാല്‍ കഥകളില്‍ മാത്രമാണ് ആളുകള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്നത് അത്ഭുതകരമാണ്.

കൗമാരകുതൂഹലങ്ങളെ എന്നും അനിശ്ചിതങ്ങളിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്, ലൈംഗികത.

ശിലാലിഖിതങ്ങള്‍ മുതല്‍ സൈബര്‍ലോകം വരെ
ശരീരവും അതിന്റെ രഹസ്യങ്ങളും ലൈംഗികതയും എക്കാലവും  മനുഷ്യന്റെ ദൗര്‍ബല്യമാണ്. നമ്മുടെ ഖജൂരാഹോയും അജന്തയും എല്ലോറയുമെല്ലാം അതിന്റെ കൂടി സാക്ഷ്യപത്രങ്ങളാണ്. പന്തീരായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് പാലിയോലിഥിക് കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ശിലാലിഖിതങ്ങളില്‍ വരെ മനുഷ്യ ലൈംഗികാവയവങ്ങള്‍ ചിത്രീകരിച്ചു കാണപ്പെടുന്നു.

ചിത്രങ്ങളും പ്രതിമകളും കൊത്തുപണികളുമായിരുന്നു ആദ്യകാലമാധ്യമങ്ങളെങ്കില്‍ പില്‍ക്കാലത്ത് അവ അച്ചടിപുസ്തകങ്ങളിലേക്കും,  ചലച്ചിത്രങ്ങളിലേക്കും സൈബര്‍ലോകത്തേക്കും കളം മാറിച്ചവിട്ടി. 1895ല്‍  ലുമിയര്‍ സഹോദരന്മാര്‍ ആദ്യ ചലച്ചിത്രപ്രദര്‍ശനം നടത്തിയ അതേ വര്‍ഷം തന്നെ ആദ്യ അശ്ലീലചിത്രവും നിര്‍മ്മിക്കപ്പെട്ടു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാകട്ടെ ഇന്റര്‍നെറ്റിന്റെ അതിരുകളില്ലാത്ത ലോകമാണ് നീലജാലകം തുറന്ന് നമ്മെ മാടിവിളിക്കുന്നത്.

ശരീരവും അതിന്റെ രഹസ്യങ്ങളും ലൈംഗികതയും എക്കാലവും  മനുഷ്യന്റെ ദൗര്‍ബല്യമാണ്.

ചെറിയ ലോകത്തെ വലിയ കൗതുകങ്ങള്‍
കൗമാരകുതൂഹലങ്ങളെ എന്നും അനിശ്ചിതങ്ങളിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്, ലൈംഗികത. കുളക്കടവുകളും  കൊച്ചുപുസ്തകങ്ങളും  ഉച്ചപ്പടങ്ങളും വിവശമാക്കിയ തലമുറകള്‍ വളര്‍ന്ന് അച്ഛനമ്മമാരായപ്പോള്‍,അവര്‍ക്കു മുന്നിലെത്തുന്നത് വിലക്കപ്പെട്ട ലോകത്തിന്റെ താക്കോല്‍ക്കൂട്ടവും കയ്യിലേന്തിനില്‍ക്കുന്ന സ്വന്തം കുഞ്ഞുങ്ങളാണ്. ആ കാഴ്ച ഇന്നവരെ വിഹ്വലരാക്കുന്നു.അടക്കം പറഞ്ഞുചിരിച്ചും  ഒളിഞ്ഞു നോക്കിയും ആളൊഴിഞ്ഞ വഴിയിറമ്പില്‍ ഒളിച്ചുവച്ച പുസ്തകം കൂട്ടുകാര്‍ക്കൊപ്പം ധൃതിയില്‍ മറിച്ചുനോക്കിയും സായൂജ്യമടഞ്ഞവര്‍ ഇളമുറക്കാരുടെ വഴികളെ  അമ്പരപ്പോടെ നോക്കുന്നു.

പുതുമയും വൈവിധ്യവും നിറഞ്ഞ ലക്ഷോപലക്ഷം ദൃശ്യാനുഭവങ്ങളാണ് സൈബര്‍ലോകം പുതുതലമുറക്കു സമ്മാനിക്കുന്നത്. ലഭ്യതയുടെ  ധാരാളിത്തവും,എത്തിച്ചേരാനും സൂക്ഷിച്ചുവയ്ക്കാനുമുള്ള എളുപ്പവും കൊണ്ട് അടിമപ്പെടുത്തുന്ന ഒരു മായാലോകം തന്നെയാണിത്. ഒരിക്കല്‍ മദ്യപിച്ചതുകൊണ്ടു മാത്രം ആരും മദ്യപാനിയാവില്ല എന്നു പറയുംപോലെ തന്നെ ഒരിക്കല്‍ ഈ മാസ്മരികലോകതിലേക്ക് എത്തിനോക്കിയതുകൊണ്ട് മാത്രം ആരും ലൈംഗികാടിമത്തമുള്ളവരോ  വൈകൃതമുള്ളവരോ ആവില്ലെങ്കിലും പടിപടിയായി വളരുന്നതും പിടിമുറുക്കുന്നതുമായ  സ്വാധീനശേഷിയാണ് പലപ്പോഴും  പോര്‍ണോഗ്രാഫിയുടേത്.

മിക്കവാറും കുട്ടികള്‍ കൗതുകം കാരണമാണ് സൈബര്‍ ലോകത്തെ നീലജാലകം തുറക്കുന്നത്.

സൈബര്‍ വഴികളില്‍ കുഞ്ഞുങ്ങള്‍
മിക്കവാറും കുട്ടികള്‍ കൗതുകം കാരണമാണ് സൈബര്‍ ലോകത്തെ നീലജാലകം തുറക്കുന്നത്. മറ്റൊരു വിഭാഗം തികച്ചും ആകസ്മികമായി ഇതിലേക്ക് എത്തുന്നു. എത്ര നിര്‍ദ്ദോഷമെന്നു തോന്നുന്ന  സൈബര്‍ പ്രവര്‍ത്തനവും  കുട്ടിക്ക്  ലൈംഗികക്കാഴ്ചകളുടെ മായാജാലകം  തുറന്നിട്ടുകൊടുക്കാന്‍ സാധ്യതയുണ്ട്. സ്പാം മെയിലുകള്‍ വഴി കിട്ടുന്ന ലിങ്കുകളും കുട്ടികള്‍ സാധാരണയായി  സിനിമയും പാട്ടുകളും  മറ്റും ഡൗണ്‍ലോഡ് ചെയ്യാനുപയോഗിക്കുന്ന ടോറന്റ്‌റ് സൈറ്റുകള്‍ പോലുള്ളവയില്‍ സമൃദ്ധമായ പോണ്‍സൈറ്റുകളുടെ  പരസ്യങ്ങളുമെല്ലാം  അശ്ലീലദൃശ്യങ്ങളുടെ  ലോകത്തേക്ക് അവരെ കൈപിടിച്ചു കയറ്റാം. 

അങ്ങോട്ടന്വേഷിച്ചു  ചെന്നില്ലെങ്കില്‍ പോലും വലയിലകപ്പെടാനുള്ള ഈ സാധ്യത തന്നെയാണ് സൈബര്‍ ലോകത്തിന്റെ  വലിയ വെല്ലുവിളി.പതിനാലു വയസ്സിനു മുന്‍പേ അശ്ലീലസൈറ്റുകളില്‍ സന്ദര്‍ശകരാകുന്ന കുട്ടികള്‍ ലൈംഗിക വൈകൃതങ്ങളില്‍ താല്പര്യം കാണിക്കുന്നവരായിത്തീരുന്നുവെന്നും, വലിയൊരു ശതമാനം ശിശുപീഡകരും ലൈംഗികകുറ്റവാളികളും ചെറുപ്രായത്തിലേ അശ്ലീലദൃശ്യങ്ങളുടെ ആരാധകരായിരുന്നു എന്നും ചില  ഗവേഷണങ്ങള്‍ പറയുന്നു.  

നിരന്തരമായ പോണോഗ്രാഫി ഉപഭോഗം കൂടുതല്‍ ശക്തവും അതിക്രമപരവുമായ ദൃശ്യങ്ങളോടുള്ള  ആസക്തി കുട്ടികളിലുണ്ടാക്കുന്നു.ഫലമോ ഒരു ലഹരിയായി ഈ ശീലം വേരുപിടിക്കുന്നു. കൗമാരത്തിലെ ഗാഢസൌഹൃദങ്ങള്‍ ഇത്തരം ശീലങ്ങളെ പങ്കുവക്കാനും കൂടുതല്‍ പേരെ ഈ വലയത്തിലേക്കടുപ്പിക്കാനും ഹേതുവാകുന്നു.

കാണുന്നതും  കേള്‍ക്കുന്നതും വായിക്കുന്നതും,  അവ നല്ലതായാലും ചീത്തയായാലും, അനുകരിക്കാനുള്ള പ്രവണത  കുട്ടികളില്‍ സര്‍വസാധാരണമാണ്. അശ്ലീലദൃശ്യങ്ങള്‍ കുട്ടികളുടെ ആത്മസംയമനശേഷി കുറയ്ക്കുന്നു. അത്തരം ദൃശ്യങ്ങള്‍ ജീവിതത്തില്‍ പരീക്ഷിച്ചു നോക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നു. ലൈംഗികപരീക്ഷണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നു. തല്‍ഫലമായി തങ്ങളേക്കാള്‍ ചെറുതും ദുര്‍ബലരും ചെറുത്തുനില്‍ക്കാന്‍ ശേഷികുറഞ്ഞവരുമായ കുഞ്ഞുങ്ങളോട് അതിക്രമങ്ങള്‍ കാണിക്കാനുള്ള പ്രവണതയുണ്ടാകുന്നു.

വികലമായൊരു ലൈംഗിക വിദ്യഭ്യാസമാണവിടെ നടക്കപ്പെടുന്നത്.

അവ കുട്ടികളോട് ചെയ്യുന്നത്
കുറച്ചുകാലം  മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന, ഒരു നാലുവയസ്സുകാരിയുടെ കൊലപാതകത്തിനു പുറകില്‍  അശ്ലീലവീഡിയോകള്‍ കണ്ടു മോഹിതനായ ഒരു കൗമാരക്കാരനായിരുന്നു എന്നത് ചേര്‍ത്തുവായിക്കുമ്പോള്‍   നമ്മളിലുണ്ടാകുന്ന നടുക്കം ചെറുതൊന്നുമല്ല.ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ ലൈംഗികതയോട് കാണിക്കുന്ന അമിതതാല്പര്യം ദൃശ്യാനുഭൂതിയുടെയോ സ്വാനുഭവത്തിന്റെയൊ പരിണിതഫലമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വെറും  കൗതുകത്തിനപ്പുറം പോകുന്ന അത്തരം അമിതതാല്പര്യങ്ങള്‍ അച്ഛനമ്മമാരുടെ സൂക്ഷ്മശ്രദ്ധ ആവശ്യപ്പെടുന്നു.

അശ്ലീലസൈറ്റുകളുടെ മറ്റൊരു  പ്രധാനദൂഷ്യം രണ്ടു വ്യക്തികളുടെ പരസ്പര പ്രണയത്തിന്റെയും മാനസികൈക്യത്തിന്റെയും പ്രതീകമായ ലൈംഗികസമ്പര്‍ക്കത്തെ  വെറുമൊരു സുഖവിനിമയോപാധി മാത്രമാക്കി കുട്ടികളുടെ മനസ്സില്‍ കോറിയിടുന്നു എന്നതാണ്. അമേരിക്കയിലെ യേല്‍  സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനമനുസരിച്ച് അശ്ലീലക്കാഴ്ചകള്‍ ഒരു ശീലമാക്കിയ ആണ്‍കുട്ടി സ്ത്രീയെ നോക്കിക്കാണുന്നത്  യുക്തിബോധവും ചിന്താശക്തിയുമില്ലാത്ത, എന്നാല്‍ ശക്തമായ വികാരപ്രകടനശേഷിയുള്ള ഒരു മൃഗത്തെയെന്നപോലെയാണ്. നേരെമറിച്ച്  അത്തരം പെണ്‍കുട്ടികളാകട്ടെ ഒരുപഭോഗവസ്തുവായും പീഡനം സഹിക്കേണ്ടവളായും സ്വയം കണക്കാക്കാനുള്ള പ്രവണതയും കാണിച്ചുവരുന്നു.

അശ്ലീലദൃശ്യങ്ങളുടെ പ്രേക്ഷകത്വം കുട്ടികള്‍ സൈബര്‍ ലൈംഗികാതിക്രമങ്ങളുടെ ഇരയാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.ഇന്റര്‍നെറ്റ് എന്നും ശിശുപീഡകരുടെയും ലൈംഗിക വൈകൃതകുതുകികളുടെയും മനുഷ്യകടത്തുകാരുടെയും വിളനിലമാണ്. അത്തരക്കാര്‍ ചാറ്റ് റൂമുകളെ കുട്ടികളോട് ലൈംഗികതയെക്കുറിച്ചു സംസാരിക്കാനും അതുവഴി ആത്മസംതൃപ്തിയടയാനുമുള്ള വേദിയാക്കുന്നു.സ്‌ക്രീനിനകത്തെ മായാലോകത്തില്‍നിന്നും  യഥാര്‍ത്ഥലോകത്തിലേക്ക് വന്നു തന്റെ ഇരയെ നേരിട്ടുസമീപിക്കാനും ഇവര്‍ ശ്രമങ്ങള്‍ നടത്തുന്നു.കൂടുതല്‍ സമയം ഇത്തരം സൈറ്റുകളില്‍ ചിലവഴിക്കുന്ന കുട്ടി ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാവാനുള്ള സാധ്യതയും  കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യക്തിമൂല്യങ്ങള്‍, സ്‌നേഹം, ലൈംഗികത, ശാരീരികബന്ധങ്ങള്‍, വിവാഹം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവബോധവും  വികലമാക്കുന്നതില്‍ അശ്ലീലക്കാഴ്ചകള്‍ക്കുള്ള പങ്ക് ചെറുതല്ല. വികലമായൊരു ലൈംഗിക വിദ്യഭ്യാസമാണവിടെ നടക്കപ്പെടുന്നത്.

ആവശ്യത്തിലേറെ സമയം, പ്രത്യേകിച്ചും രാത്രി ഒരുപാടുവൈകി, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് 

  • കുട്ടികള്‍ ആവശ്യത്തിലേറെ സമയം, പ്രത്യേകിച്ചും രാത്രി ഒരുപാടുവൈകി, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു
  • കുട്ടിയുടെ കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ കണ്ടുകിട്ടുന്നു.
  • പരിചിതമല്ലാത്ത നമ്പറുകളില്‍നിന്നും കുട്ടികള്‍ക്ക് കൂടെക്കൂടെ കാളുകള്‍ ലഭിക്കുന്നു
  • അപരിചിതരില്‍ നിന്നും കത്തുകളൊ സമ്മാനപ്പൊതികളൊ കുട്ടികള്‍ക്ക് വരുന്നു
  • നിങ്ങളുടെ സാന്നിധ്യത്തില്‍ കുട്ടി കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ മാറ്റുവാനോ മോണിട്ടര്‍ ഓഫാക്കുവാനോ വ്യഗ്രത കാണിക്കുന്നു.
  • വ്യക്തിജീവിതത്തിലും പഠനകാര്യത്തിലും നിലവാരത്തകര്‍ച്ചയുണ്ടാകുന്നു
  • മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ടിരിക്കാനുള്ള പ്രവണത രൂപപ്പെടുന്നു.
  • എതിര്‍ലിംഗത്തിലുള്ളവരോട് പരിധിയിലപ്പുറം ഇഴുകിപെരുമാറാന്‍ ശ്രമിക്കുന്നു
  • മറ്റുള്ള വിനോദപ്രവൃത്തികളില്‍  താല്‍പര്യം നഷ്ടപ്പെടുന്നു.
  • കുടുംബത്തിലെ മറ്റംഗങ്ങളോട് അകല്‍ച്ച പ്രകടമാകുന്നു.
  • കുട്ടി തന്റേതല്ലാത്ത ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് ഉപയോഗിക്കുന്നു

വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നും മാത്രമായിരിക്കില്ല കുട്ടി ഇന്റര്‍നെറ്റിലെത്തുന്നത്

രക്ഷിതാക്കള്‍ അറിയേണ്ടത് 

  • പുതിയ ടെക്‌നോളജികളെക്കുറിച്ച് അറിവുനേടാനും ആ വിഷയത്തില്‍ കുട്ടികളുടെ സമകാലീകരാകാനും  ശ്രമിക്കുക.
  • സൈബര്‍ ലോകത്തില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും നൈതികതയെക്കുറിച്ചും കുട്ടികളെ പറഞ്ഞു  മനസ്സിലാക്കുക.
  • ഇന്റര്‍നെറ്റ് എല്ലായ്‌പ്പോഴും ഒരു പൊതുഇടമാണെന്നും,ആ ലോകത്തൊരിക്കലും നൂറു ശതമാനം സ്വകാര്യത സാധ്യമല്ല എന്നും, മറ്റാരും കണ്ടുപിടിക്കില്ല അല്ലെങ്കില്‍ തിരിച്ചറിയില്ല എന്ന ചിന്തയോടെ ചെയ്യുന്ന പ്രവൃത്തികള്‍ സുരക്ഷിതമാകണമെന്നുമില്ല എന്നും കുട്ടികളെ മനസ്സിലാക്കുക.
  • കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും പ്രായോചിതമായ രീതിയിലും അശ്ലീലക്കാഴ്ചകളുടെ അപകടത്തെപ്പറ്റി അവരെ ബോധ്യപ്പെടുത്തുക.
  • കുട്ടിക്ക് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമായേക്കാവുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റി അറിവുള്ളവരാകുക. വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നും മാത്രമായിരിക്കില്ല കുട്ടി ഇന്റര്‍നെറ്റിലെത്തുന്നത്. ഉദാ: സ്മാര്‍ട്ട് ഫോണ്‍, കൂട്ടുകാര്‍, ഇന്റര്‍നെറ്റ് കഫെകള്‍ അങ്ങിനെ.
  • വീട്ടിലുപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഫില്‍റ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
  • കമ്പ്യൂട്ടറില്‍ ഫില്‍റ്ററുകള്‍ എന്തിനുപയോഗിക്കുന്നു എന്നതിനെപ്പറ്റി കുട്ടികളോട് ചര്‍ച്ച ചെയ്യുക.അതുവഴി സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും അച്ഛനമ്മമാര്‍ പ്രതീക്ഷിക്കുന്ന മൂല്യബോധത്തെക്കുറിച്ചും കുട്ടികളെ അവബോധമുള്ളവരാക്കാം.
  • കുട്ടികളുടെ കമ്പ്യൂട്ടര്‍ ഉപയോഗസമയം പരിമിതപ്പെടുത്താനും കാര്യമാത്രപ്രസക്തമാക്കാനും ശ്രദ്ധിക്കുക.
  • സ്വീകരണമുറി, ഊണുമുറി എന്നിങ്ങനെ സ്വകാര്യത കുറഞ്ഞ, അച്ഛനമ്മമാര്‍ക്ക് മേല്‍നോട്ടം സാധ്യമാകുന്ന മുറികളിലിരുന്നു മാത്രം കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ നിഷ്‌ക്കര്‍ഷിക്കുക.
  • കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി ശീലിപ്പിക്കാതിരിക്കുക.അത്യാവശ്യമാണെങ്കില്‍ അടിസ്ഥാനസൌകര്യങ്ങള്‍ മാത്രമുള്ള സാധാരണ ഫോണുകള്‍ നല്‍കുക.
  • നയപരമായ രീതിയില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവൃത്തികളില്‍ മേല്‍നോട്ടം നടത്താന്‍ ശ്രമിക്കുക. ബലം  പ്രയോഗിച്ചോ ഭീഷണി മുഴക്കിയോ കമ്പ്യൂട്ടര്‍ പരിശോധിക്കുന്നതോ കഠിന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക.
  • ഏതെങ്കിലും വിധത്തില്‍ ഇത്തരം സൈറ്റുകള്‍ കാണാനിടയായി  കുട്ടി പരിഭ്രമിക്കുകയോ,വ്യക്തിവിവരങ്ങള്‍ അപരിചിതര്‍ക്കു കൈമാറുകയോ, ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച്ചകള്‍ക്ക്  ക്ഷണം ലഭിക്കുകയോ, ഭീഷണികളോ മറ്റോ നേരിടേണ്ടി വരികയോ ചെയ്താല്‍  അത്തരം സന്ദര്‍ഭങ്ങളില്‍ ആശങ്ക കൂടാതെ മുതിര്‍ന്നവരുടെ  സഹായം തേടാനുള്ള വ്യക്തനിര്‍ദ്ദേശങ്ങള്‍  അവര്‍ക്ക് നല്‍കുക.
  • പ്രശ്‌നങ്ങളുണ്ടായാല്‍ തുറന്നു സംസാരിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ഇത്തരം ചര്‍ച്ചകള്‍ ഒരു തവണ കൊണ്ടവസാനിപ്പിക്കാതെ ഇടയ്ക്കിടക്ക് ആവര്‍ത്തിക്കാനും, അതവരുടെ  അഭിപ്രായങ്ങള്‍ അറിയാനുള്ള വേദിയാക്കാനും, അതുവഴി കുട്ടികളുടെ ജാഗ്രത വര്‍ദ്ധിപ്പിക്കാനും മുന്‍കയ്യെടുക്കുക.
  • വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍ അശ്ലീലസൈറ്റുകളും സിനിമകളും കാണുന്ന ശീലമുള്ളവരാണെങ്കില്‍ സിഡികളും മറ്റും കുട്ടികളുടെ ശ്രദ്ധയില്‍ പെടുന്നവിധം അലസമായി വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • അശ്ലീലസൈറ്റുകള്‍ ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ക്ക്  തെറ്റിദ്ധാരണകള്‍ നല്‍കാനിടയുണ്ട്. അതുകൊണ്ടുതന്നെ പ്രായാനുസൃതമായ രീതിയില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കേണ്ടതും പരമപ്രധാനമാണ്.

ലൈംഗികതയെക്കുറിച്ചു നിങ്ങളെന്തു സൂചിപ്പിക്കുമ്പോഴും കുഞ്ഞിനത് ലൈംഗികവിദ്യാഭ്യാസമാണ്.

രക്ഷിതാക്കള്‍ ചെയ്യേണ്ടത് 
ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ ലൈംഗികവിദ്യാഭ്യാസം നിങ്ങളുടെ ഉത്തരവാദിത്തമാണ്. ലൈംഗികതയെക്കുറിച്ചു നിങ്ങളെന്തു സൂചിപ്പിക്കുമ്പോഴും കുഞ്ഞിനത് ലൈംഗികവിദ്യാഭ്യാസമാണ്. നിങ്ങളുടെ വ്യക്തിപരമായ  സംശയങ്ങളും ഭയവും കുട്ടികളിലേക്ക് കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുകയും ഇതൊഴിവാക്കാന്‍ ഈ വിഷയത്തില്‍ ശാസ്ത്രീയമായ അറിവ് സ്വായത്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

കുട്ടിക്ക് എപ്പോഴും സംശയങ്ങളുമായി സമീപിക്കാവുന്ന ഒരു രക്ഷാകര്‍ത്താവായിത്തീരാനും ആത്മസംയമനത്തോടെ ആശയവിനിമയം ചെയ്യാനും ഉത്തരങ്ങളില്‍ സത്യസന്ധത പുലര്‍ത്താനും ശ്രമിക്കുക.അവരവര്‍ക്കറിയാത്ത കാര്യങ്ങള്‍ സമ്മതിക്കുകയും ഉത്തരം കണ്ടു പിടിച്ചുതരാം എന്ന സാന്ത്വനം കുട്ടിക്കു നല്‍കുകയും ചെയ്യാന്‍ ശ്രമിക്കുക.

കുട്ടികള്‍ സംശയമുന്നയിക്കുന്ന രീതികളെപ്പറ്റി മനസ്സിലാക്കുക.അവര്‍ ചിലപ്പോള്‍ കൂട്ടുകാരുടെ പ്രശ്‌നം എന്ന രീതിയിലോ, മറ്റു വ്യംഗ്യരീതിയിലോ കാര്യങ്ങള്‍ ചോദിച്ചേക്കാം.അശ്രദ്ധയോടെ മറുപടി നല്‍കിയാല്‍ തെറ്റായ അറിവുകളായിരിക്കും കുട്ടി കൈമുതലാക്കുന്നത്. ദൈനംദിനജീവിതത്തിലെ പ്രവൃത്തികള്‍ക്കിടയില്‍ ഔപചാരികതയില്ലാതെ ലൈംഗികതയെക്കുറിച്ചു  ചര്‍ച്ച ചെയ്യുകയും (ഉദാ:ടി വി കാണുമ്പോള്‍)കുട്ടിയുടെ  സ്വകാര്യതയെയും താല്പര്യങ്ങളെയും മാനിക്കുകയും ചെയ്യുക.

സ്പാം മെയിലുകള്‍ക്കും മറ്റു സംശയജനകമായ സന്ദേശങ്ങള്‍ക്കും പ്രതികരിക്കാതിരിക്കുക

കുട്ടികള്‍ അറിയേണ്ടത് 

  • ഓണ്‍ലൈനില്‍ കണ്ടുമുട്ടിയവരുമായി നേരില്‍ കാണാന്‍ ഒരിക്കലും ശ്രമിക്കാതിരിക്കുക
  • അപരിചിതരുമായി സ്വന്തം ഫോട്ടോകള്‍ പങ്കുവക്കാതിരിക്കുക
  • തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തിലുള്ള വ്യക്തിവിവരങ്ങള്‍ (മേല്‍വിലാസം,സ്‌കൂളിന്റെ വിവരങ്ങള്‍ തുടങ്ങിയവ) അപരിചിതര്‍ക്കു കൈമാറാതിരിക്കുക
  • സ്പാം മെയിലുകള്‍ക്കും മറ്റു സംശയജനകമായ സന്ദേശങ്ങള്‍ക്കും പ്രതികരിക്കാതിരിക്കുക
  • വിശ്വാസ്യവും  സുരക്ഷിതവുമെന്നുറപ്പുള്ളതുമായ വെബ്‌സൈറ്റുകളില്‍  നിന്നുമാത്രം  വിവരങ്ങള്‍ ശേഖരിക്കാന്‍  ശ്രമിക്കുക.
  • സ്വന്തം മെയില്‍ അക്കൗണ്ടോ, ഫേസ്ബുക്കോഹാക്ക്  ചെയ്യപ്പെടുന്നതായി തോന്നിയാല്‍  മുതിര്‍ന്നവരുടെ സഹായം തേടുക
Follow Us:
Download App:
  • android
  • ios