ഡ്രൈവിംഗ് പഠനത്തിന്റെ ആദ്യ ദിവസങ്ങള്‍ പലര്‍ക്കും നെഞ്ചിടിപ്പിന്റെ ദിനങ്ങളാണ്. റോഡിലിറങ്ങാന്‍ പേടി. മറ്റു വാഹനങ്ങള്‍ എതിരെ വരുന്നതു കാണുമ്പോള്‍ ഭയം. ഇന്‍സ്ട്രക്ടര്‍ പറയുന്നത് പലപ്പോഴും മനസ്സിലാവുകയേ ഇല്ല.

അങ്ങനെയൊരു യുവതിയാണ് മലേഷ്യയിലെ ആ ഡ്രൈവിംഗ് സ്‌കൂളിന്റെ വണ്ടികളില്‍ അന്ന് കയറിയത്. വണ്ടി എടുത്ത ഉടന്‍ തന്നെ അത് ഓഫായി. പിന്നെയും ശ്രമം. അബദ്ധങ്ങള്‍. എന്നാല്‍, ഇത്തിരി കഴിഞ്ഞപ്പോള്‍ യുവതി വണ്ടി അതിവേഗം ഓടിക്കാന്‍ തുടങ്ങി. വട്ടം കറക്കാനും. ഇതോടെ ഭയന്നു വിറച്ച ഇന്‍സ്ട്രക്ടര്‍മാര്‍ കണ്ണ് ഇറുകിയടച്ച് ഇരുന്നു. 

കാര്‍ നിര്‍ത്തിയപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്. എന്നാല്‍, യാത്ര കഴിഞ്ഞ് യുവതി ആരെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. മലേഷ്യയിലെ കാറോട്ടക്കാരില്‍ പ്രധാനിയായ ലിയോണ ചിന്‍! ഇന്‍സ്ട്രക്ടറെ പരീക്ഷിക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകാര്‍ തന്നെ ഏര്‍പ്പാട് ചെയ്തതായിരുന്നു യുവതിയെ. 

കാണാം, ആ രസികന്‍ വീഡിയോ