തിരുവനന്തപുരം: ഫേസ്ബുക്കില്‍ വൈറലായി മാറിയ 'ഭയം' എന്ന കവിത എഴുതിയ പത്താം ക്ലാസുകാരന്‍ ദ്രുപത് ഗൗതം കവിത കൊണ്ട് സോഷ്യല്‍ മീഡിയയെ വീണ്ടും അമ്പരപ്പിക്കുന്നു.

തിരുവനന്തപുരം: ഫേസ്ബുക്കില്‍ വൈറലായി മാറിയ 'ഭയം' എന്ന കവിത എഴുതിയ പത്താം ക്ലാസുകാരന്‍ ദ്രുപത് ഗൗതം കവിത കൊണ്ട് സോഷ്യല്‍ മീഡിയയെ വീണ്ടും അമ്പരപ്പിക്കുന്നു. 

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച 'ഭയം' എന്ന കവിതയാണ് നേരത്തെ വൈറലായി മാറിയിരുന്നത്.
'ഭയം 
ഒരു രാജ്യമാണ്. 
അവിടെ നിശ്ശബ്ദത 
ഒരു (ആ)ഭരണമാണ്' 
എന്ന നാല് വരികള്‍ അസഹിഷ്ണുതയുടെയും ബല പ്രയോഗങ്ങളുടെയും ഭീഷണികളുടെയും പുതിയ ഇന്ത്യനവസ്ഥ സൃഷ്ടിക്കുന്ന ഭയാശങ്കകളുടെ സമര്‍ത്ഥമായ രൂപകം എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

അതിനു ശേഷമാണ് ദ്രുപതിന്റെ പുതിയ കവിത പ്രസിദ്ധീകരിച്ചുവരുന്നത്. തെരഞ്ഞെടുപ്പ് കാല കേരളം ചര്‍ച്ച ചെയ്യേണ്ട ഞെട്ടിക്കുന്ന വരികളാണ് ഈ കുട്ടി ഇത്തവണയും എഴുതിയത്. 

ഇതാണ് ആ കവിതകള്‍:
ക്വട്ടേഷന്‍
നമ്മെ ശരിയാക്കാന്‍ 
നാം തന്നെ ആളെ 
ഏര്‍പ്പാടാക്കുന്ന 
ഒരുതരം എടപാടാണ് 
ജനാധിപത്യം. 

മിനുക്ക്
നിലവിലില്ലാത്ത 
ഒരു രാജ്യം
റിയര്‍വ്യൂമിററില്‍കണ്ട് 
വിസ്മയിക്കുന്ന 
കുഞ്ഞിനെപ്പോലെ 
വോട്ടെടുപ്പിനുമുമ്പുള്ള നമ്മള്‍ 
എന്തൊരു നിഷ്‌കളങ്കതയാണ്. 

ചീട്ട്
കമിഴ്ത്തിവെച്ച 
ചീട്ടുകളാണ് 
സമത്വം. 
ദയവായി അത് 
മലര്‍ത്തിയിട്ട് 
പേടിക്കുകയോ, 
ഒച്ചയുണ്ടാക്കുകയോ, 
സംശയിക്കുകയോ, 
തെറ്റിദ്ധരിക്കുകയോ, 
ചെയ്യരുത്. 
നമ്മുടെ ഭരണഘടന വലിയവനാണ്. 

ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടേതാണ് എന്ന് പറയാന്‍ പറ്റാത്തതാണ് പ്രായത്തെ കവിഞ്ഞു നില്‍ക്കുന്ന നവീന ഭാവുകത്വവും കരുത്തും ഒതുക്കവുമുള്ള ഈ കവിതയും. ഇതും ഫേസ്ബുക്കില്‍ അതിവേഗമാണ് വായിക്കപ്പെടുന്നത്. 

വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കുപ്പാടി ജി എച്ച് എച്ച് എസിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് ദ്രുപത്. 

നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ട ദ്രുപതിന്റെ കവിത ഇതാണ്. 


ഭയം

മരം എന്ന ക്ലാസിലെ 
ഒരില പോലും 
അനങ്ങുന്നില്ല.

നിശ്ശബ്ദത 
എന്ന പട്ടിക്കൂട് വ്യവസ്ഥിതി 
ആരുടെയോ 
പേരെഴുതി വെക്കുന്നു.

വിയര്‍ത്ത് 
ഓടി വന്ന 
കാറ്റിനെ 
ചുണ്ടില്‍ ഒരു വിരലൊട്ടിച്ചു 
നിര്‍ത്തിയിട്ടുണ്ട് വരാന്തയില്‍!

ഒരു മിണ്ടല്‍ 
ചുണ്ടോളം വന്ന് 
വറ്റിപ്പോകുന്നു!

വാതില്‍വരെയെത്തിയ 
ഒരു ചിരി തിരിഞ്ഞോടുന്നു! 
ചുമരും ചാരിയിരുന്ന് 
ഉറങ്ങിപ്പോയി 
അനാഥമായൊരക്ഷരം! 
ഭയം 
ഒരു രാജ്യമാണ്. 
അവിടെ നിശ്ശബ്ദത 
ഒരു (ആ)ഭരണമാണ്.