ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ട്യൂബ് അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ സാധാരണ വേഷമിട്ട് ഇരിക്കുന്ന ഈ രണ്ടു പേരെ കണ്ടാല്‍ സാധാരണ യാത്രക്കാര്‍ ആണെന്നേ തോന്നൂ. എന്നാല്‍, സൂക്ഷിച്ചു നോക്കിയാല്‍ അറിയാം, അവര്‍ സാധാരണക്കാരല്ല. അറേബ്യന്‍ രാജവേഷത്തില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന രണ്ടുപേര്‍. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം.ഒപ്പമുള്ളത് കിരീടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മഖ്തൂം. രാജകുമാരന്‍ തന്നെയാണ് തങ്ങളുടെ യാത്രാ ചിത്രം ട്വീറ്റ് ചെയ്തത്. ഒലീവ് ഗ്രീന്‍ നിറത്തിലുള്ള പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് ദുബൈ ഭരണാധികാരിയുടെ വേഷം. നീല ജീന്‍സും വെള്ള ടീ ഷര്‍ട്ടുമാണ് രാജകുമാരന്റെ വേഷം.

ദുബൈ ഭരണാധികാരികള്‍, സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ട്യൂബില്‍ യാത്ര ചെയ്തതിലെ സവിശേഷത ബ്രിട്ടീഷ് മാധ്യമങ്ങളില്‍ പെട്ടെന്ന് വാര്‍ത്തയായി. കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച്, ദുബൈ ഭരണാധികാരിയും കിരീടാവകാശിയും സാധാരണ യാത്രക്കാരുടെ കൂടെ ഇരിക്കുന്ന വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ലണ്ടനിലും പുറത്തും രാജകുടുംബത്തിന് കോടികളുടെ സ്വത്തുക്കളുള്ളതായി ബ്രിട്ടീഷ് പത്രം ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
