ബീജിംഗ്: ഓണ്‍ലൈനിലൂടെ പ്രണയിച്ച യുവതിയെ കാണാന്‍ ചൈനയിലെത്തിയ ഹോളണ്ടുകാരന്‍ വിമാനത്താവളത്തില്‍ 10 ദിവസം അവളെ കാത്തുനിന്നിട്ടും കൂടിക്കാഴ്ച നടന്നില്ല. ഹുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന ഴാങ് എന്ന യുവതിയെ തേടിയാണ് ഹോളണ്ട് സ്വദേശിയായ അലക്‌സാണ്ടര്‍ പീറ്റര്‍ സിര്‍ക്ക് ചൈനയില്‍ എത്തിയത്. പീറ്ററിന്റെ കാത്തിരിപ്പ് വലിയ വാര്‍ത്തയായതോടെ ഒരു ടിവി ചാനല്‍ യുവതിയെ കണ്ടെത്തി. താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് കിടപ്പാണെന്നും ഭേദമായാല്‍ പീറ്ററിനെ കാണാന്‍ ചെല്ലുമെന്നും യുവതി അറിയിച്ചു.
ചാങ്ഷാ വിമാനത്താവളത്തിലാണ് പീറ്റര്‍ യുവതിയെ കാത്തിരുന്നത്. ഓണ്‍ലൈനിലൂടെ പ്രണയിച്ച യുവതിയെ കാണാനാണ് വന്നതെന്നും ഇവിടെ എത്തിയപ്പോള്‍ ആരും വിമാനത്താവളത്തില്‍ ഇല്ലായിരുന്നുവെന്നും പീറ്റര്‍ പറഞ്ഞു. വിമാനത്താവളത്തിലെ കാത്തിരിപ്പിനിടെ രോഗബാധിതനായ പീറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് പീറ്ററിന്റെ കഥ വാര്‍ത്തയായത്. തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയ സംഭവം ഏറ്റു പിടിച്ചു. പീറ്ററിന് അനുകൂിലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ ഉയര്‍ന്നു.
അതിനിടെയാണ് പീറ്ററിന്റെ കാമുകിയെ ഒരു ചാനല്‍ കണ്ടെത്തിയത്. തങ്ങള്‍ രണ്ടു മാസമായി അടുപ്പത്തിലായിരുന്നുവെന്നും ഒരു ദിവസം അയാള്‍ ഒരു വിമാന ടിക്കറ്റ് തനിക്കയച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇത് വെറും തമാശയായാണ് താന്‍ കണ്ടതെന്നും മറ്റ് വിവരങ്ങളൊന്നും പീറ്റര്‍ അറിയിച്ചിരുന്നില്ല എന്നും അവര്‍ പറഞ്ഞു. ഇതിനിടെ താനൊരു പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി കിടപ്പായെന്നും ഫോണ്‍ ആ കാലയളവില്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും അവള്‍ പറഞ്ഞു.
എന്തായാലും, ശാരീരികാവസ്ഥ ഭേദമായാല്‍ താന്‍ പീറ്ററിനെ കാണാന്‍ ചെല്ലുമെന്നും ബന്ധം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായും അവള്‍ പറഞ്ഞു.
