
'പൊക്കിളിനും മുട്ടു കാലിനുമിടയില്‍ നഷ്ടപ്പെടാനുള്ള എന്തോ സാധനം ചുമന്ന് കൊണ്ട് നടക്കുന്ന ജീവികളാണ് പെണ്ണുങ്ങള്‍ എന്ന് നിങ്ങള്‍ക്കൊരു ധാരണയുണ്ട്'
'ഗ്രേറ്റ് ഫാദര്‍' സിനിമയില്‍, മിയ എന്ന നടി, നടന്‍ ആര്യ ചെയ്ത പോലീസ് ഓഫീസറോട് പറയുന്ന ഡയലോഗ് ആണിത്.
ആ പോലീസ് ഓഫീസറുടെ ഒരു ഒറ്റപ്പെട്ട ചിന്തയല്ല ഒരു പൊട്ടിത്തെറിയോടെ ഇത് ചോദിക്കാന്‍ പ്രേരിപ്പരിച്ചത്.
സ്ത്രീ പുരുഷ ഭേദമന്യേ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു സ്റ്റിഗ്മയോടുള്ള കടുത്ത അമര്‍ഷവും ചെറുത്തുനില്‍പ്പും കൂടിയായിരുന്നു ആ പ്രതികരണം.
'മാനഭംഗ'പ്പെടുന്നത് സ്ത്രീകള്‍ മാത്രം.
എങ്ങനെ?
ഇപ്പറഞ്ഞ മുട്ടുകാലിനും പൊക്കിളിനും ഇടയില്‍ പൊതിഞ്ഞ് വച്ചിരിക്കുന്ന 'മാനം' നഷ്ടപ്പെടുന്നവര്‍ സ്ത്രീകള്‍ മാത്രമാണല്ലോ?
ഇര, പ്രമുഖ എന്നൊക്കെ പറഞ്ഞ് എന്തിനാണ് ഒരാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
അതിനര്‍ത്ഥം ഭംഗം സംഭവിക്കുന്നത് ശരീരത്തിനല്ല, മറിച്ച് മനസ്സിനാണ് എന്ന് മനസ്സിലാക്കി കൊണ്ടാണ്. മനസ്സിനാണ് ക്ഷതം സംഭവിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി കൊണ്ട് നാം കാണിക്കുന്ന ഒരു സ്‌നേഹമാണത്.
എന്നാല്‍ ശരീരത്തിന് സംഭവിക്കുന്ന മുറിവിനെ, വാക്കുകളിലൂടെയും പരിഹാസങ്ങളിലൂടെയും വലിച്ച് കീറി, മാറാത്ത മഹാ മാനസികവ്യാധിയാക്കി മാറ്റുന്നതിലെ പ്രധാന പ്രതികള്‍ ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹം തന്നെയാണ്.
അപ്പോഴും 'മാനഭംഗ'പ്പെടുത്തിയവന് ഒന്നും നഷ്ടപ്പട്ടിട്ടില്ലല്ലോ എന്ന് വിധിയെഴുതുന്നതും സമൂഹം തന്നെ.
പക്ഷേ, പ്രത്യാശാവഹമായി ആളുകള്‍ മാറി ചിന്തിക്കുന്നുണ്ട്.
ആക്രമിക്കപ്പെട്ടവരോടൊപ്പം നില്‍ക്കാനും ശബ്ദമുയര്‍ത്താനും ഒത്തിരി പേര്‍ മുന്നോട്ട് വരുന്നത് സമൂഹത്തിന് ഇത്തരം അസഹിഷ്ണുതകള്‍ക്കെതിരായിട്ടുള്ള ഒരു മുന്നേറ്റമായി കാണുന്നു.
പതിയെ എങ്കിലും, വളരെ ശക്തമായ സാമൂഹ്യ ബോധ്യം വളര്‍ന്നു വരുന്നുണ്ടെന്ന് തന്നെ അടിവരയിട്ട് ഉറപ്പിക്കാം.
ഓരോരുത്തരുടെയും സ്വകാര്യതയെ മാനിക്കാന്‍ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു.
സ്വകാര്യത എന്നാല്‍ നഗ്‌നത എന്ന് മാത്രം ധരിച്ച് വശമായിക്കുന്ന ചില പുരോഗമന ചിന്താഗതിക്കാരും ഉണ്ട് .
ഇന്നസെന്റിന്റെ പ്രസ്താവന മുതല്‍ നമ്മുടെ ചുറ്റിലുമുള്ള പലരുടെയും സംഭാഷണത്തില്‍ നിന്ന്, അങ്ങനെയാണ് ധരിച്ച് വച്ചിരിക്കുന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്.
എന്താണ് സ്വകാര്യത (privacy) ?
1.മറ്റുള്ളവരാല്‍ നിരീക്ഷിക്കപ്പെടാതെയും ശല്യപ്പെടുത്തപ്പെടാതിരിക്കുകയും ചെയ്യുക എന്ന അവസ്ഥ.
2. പൊതു ജനത്തിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന അവസ്ഥ.
ഇതാണ് സ്വകാര്യതയ്ക്ക് ഓകസ് ഫോര്‍ഡ് ഡിക്ഷനറി നല്‍കുന്ന നിര്‍വചനം.
ഇനി ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന നടീനടന്മാരുടെ വിശേഷങ്ങളെക്കുറിച്ച് അധികം പറയാതെ തന്നെ മനസ്സിലാക്കാമല്ലോ?
സ്വകാര്യത ഹനിക്കപ്പെടുന്ന വേറെ ചില സംഭവങ്ങള്‍ കൂടിയുണ്ട്.
സോഷ്യല്‍ മീഡിയകള്‍
ഒരാള്‍ അയാളുടെ സ്വന്തം ചിത്രങ്ങള്‍ (ഏത് തരത്തിലുള്ളതായാലും സ്വിം സ്യൂട്ടോ ബിക്കിനിയോ ധരിച്ച് നില്‍ക്കുന്നതായാലും സ്വകാര്യതയെ ഹനിക്കുന്നതായി കണക്കാന്‍ പറ്റാത്തത് അയാള്‍ ചെയ്യുന്നത് സ്വന്ത ഇഷ്ടപ്രകാരമായത് കൊണ്ടാണ്. എന്നാല്‍ ഒരാളുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ ചിത്രങ്ങള്‍ ഏത് തരത്തിലുള്ളതായാലും മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ അത് അയാളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്ന് കയറ്റമാണ്.
നോട്ട് ദ പോയിന്റ്: അയാളുടെ നഗ്‌നചിത്രങ്ങളുടെ കാര്യമല്ല. എത്ര ഡീസന്റ് (എന്ന് കരുതുന്ന ) ചിത്രമായാലും സ്വകാര്യതയെ തടസ്സപ്പെടുത്തുന്നു.
കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളിലധികവും. ഇവിടെയും ഈ പറഞ്ഞ സ്വകാര്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും അവരുടെ ഭാവിയില്‍ അവര്‍ക്ക് നാണക്കേടോ ഒരു സൊസൈറ്റിയില്‍ വളര്‍ന്നു വരുന്നതിനോ ജോലിയോ മറ്റോ കിട്ടാതിരിക്കുന്നതിനും കാരണമാകാന്‍ ഇത്തരം ഇന്‍ഫര്‍മേഷനുകള്‍ കാരണമായാല്‍ അവരുടെ ഇത്തരം ചിത്രങ്ങളും വിവരങ്ങളും സ്വകാര്യതയുടെ ലംഘനങ്ങളായി കണക്കാക്കപ്പെടാം.
https://ollibean.com/six-questions-before-publishing-about-children/
ഇത് പറയുന്നത് മറ്റാരുമല്ല.എയ്മി സെക്ക്വന്‍സിയ എന്ന് പറയുന്ന ഒരു എഴുത്തുകാരിയാണ്. ഇവര്‍ ഒരു ഓട്ടിസ്റ്റിക് ആണെന്ന് മാത്രമല്ല ഒരു ആക്ടിവിസ്റ്റ് കൂടിയാണ്.
ഡിസബിലിറ്റി റൈറ്റ്, സിവില്‍ റൈറ്റ്, ഹ്യൂമന്‍ റൈറ്റ്, തുടങ്ങിയ അവകാശങ്ങള്‍ക്ക് വേണ്ടി എഴുതുന്ന ഒരാളാണ് എയ്മി.
എയ്മിയുടെ ഒരു ആര്‍ട്ടിക്കിളിന്റെ ലിങ്ക് ഇതാ.
https://ollibean.com/privacy-versus-popularity/
ചില ആളുകള്‍ അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍, സ്‌പെഷ്യല്‍ നീഡ്‌സ് കിഡ്‌സ് സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ നിന്നും എടുക്കുന്ന ചിത്രങ്ങള്‍ ഒരു കാലത്ത് സോഷ്യല്‍ മീഡിയകളില്‍ ധാരാളം പ്രചരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചുരുക്കം ചിലരൊഴിച്ച് ഇത്തരം ചിത്രങ്ങളുടെ പ്രാധാന്യം അവരുടെ സ്വകാര്യത മാനിച്ച് മനസ്സിലാക്കുകയും ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ സോഷ്യല്‍ സര്‍വ്വീസുകള്‍ക്ക് പ്രേരണയാകാന്‍ ഇടയുണ്ട് എന്നതുകൊണ്ട് വാര്‍ത്തകളെ ജനങ്ങളിലേയ്ക്ക് പ്രൈവസി ഇഷ്യൂസ് ഇല്ലാതെ എത്തിക്കാന്‍ ഇന്ന് മിക്കവര്‍ക്കും സാധിക്കുന്നുണ്ട്. ഞങ്ങള്‍ ദാന ധര്‍മ്മം ചെയ്യുന്നത് ആരും അറിയാതിരിക്കാന്‍ ഞങ്ങള്‍ ഫോട്ടോ ഇട്ടില്ല.എന്നത് അവനവന്റെ തീരുമാനമാണെങ്കിലും അതിപ്പോ നാട്ടുകാരെ അറിയിക്കമെങ്കില്‍ അവരുടെ അനുവാദമാണ് മുഖ്യം. അല്ലാതെ നമ്മുടെ ഔദാര്യമല്ല പ്രധാനം.
വാല്‍ക്കഷണം: മരിച്ച ഒരാളെ പോലും കഴിയുന്ന വിധം ബഹുമാനം നല്‍കി ഉപചാരപൂര്‍വ്വം പെരുമാറണമെന്ന് അറിയാവുന്ന നമ്മള്‍. ജീവിച്ചിരിക്കുന്നവരോടും അത് കാണിക്കണ്ടേ?
