പിന്നീട് ഒരുമാസം എഡ്വിന്‍ അവളെ അന്വേഷിച്ചു. പക്ഷെ, നിരാശയായിരുന്നു ഫലം. അങ്ങനെ കോടതിയെ സമീപിച്ചു. ജനുവരിയില്‍ അവളെ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അതിനിടയിലാണ് ആരതിയുടെ ഫോണ്‍ കോള്‍ വന്നത്. എവിടെ നിന്നാണ് വിളിക്കുന്നത് എന്നറിയാനായില്ല.  

തിരുവനന്തപുരം: ഈ ക്രിസ്മസ് എഡ്വിന് ഇരട്ടിമധുരമാണ്. അവന്‍ പ്രണയിച്ച ആരതിയെ അവന് തിരികെ കിട്ടിയിരിക്കുന്നു. ഇതുവരെ ഉണ്ടായിരുന്ന വിലക്കുകളെല്ലാം മറികടന്ന് ആരതി എഡ്വിന് അരികിലെത്തി. തമിഴ് നാട്ടിലെ കോളേജില്‍ പഠിക്കുമ്പോഴാണ് രണ്ടുപേരും പ്രണയത്തിലായത്. ഒരുമാസം മുമ്പ് രണ്ടുപേരും ഹരിപ്പാടുള്ള എഡ്വിന്‍റെ വീട്ടിലെത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിയും ചെയ്തു. നാഗര്‍ കോവിലില്‍ സമ്പന്ന കുടുംബത്തിലാണ് ആരതി ജനിച്ചത്. ആരതിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ എതിര്‍പ്പായിരുന്നു.

ഒരുമാസം മുമ്പ് തന്‍റെ പ്രിയപ്പെട്ടവളെ പൊലീസ് സഹായത്തോടെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് അവളുടെ വീട്ടുകാര്‍ എന്ന് എഡ്വിന്‍ ഫേസ്ബുക്കില്‍ ലൈവിട്ടിരുന്നു. ആരതിയുടെ പേരിലൊരു കേസുണ്ടെന്ന് പറഞ്ഞാണ് പൊലീസ് അവളെ കൊണ്ടുപോയത്. മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കാമെന്നും ഹരിപ്പാട് പൊലീസിന് അവളുടെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ, ആരതിയെ അന്വേഷിച്ച് എഡ്വിന്‍ നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പക്ഷെ, അപ്പോഴേക്കും അവളെ വീട്ടുകാര്‍ ആരതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നായിരുന്നു അറിഞ്ഞത്. 

പിന്നീട് ഒരുമാസം എഡ്വിന്‍ അവളെ അന്വേഷിച്ചു. പക്ഷെ, നിരാശയായിരുന്നു ഫലം. അങ്ങനെ കോടതിയെ സമീപിച്ചു. ജനുവരിയില്‍ അവളെ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അതിനിടയിലാണ് ആരതിയുടെ ഫോണ്‍ കോള്‍ വന്നത്. എവിടെ നിന്നാണ് വിളിക്കുന്നത് എന്നറിയാനായില്ല. 

പക്ഷെ, വിലക്കുകളെല്ലാം മറികടന്ന് ഇന്നലെ അവള്‍ വീണ്ടും എഡ്വിനരികിലെത്തി. ഒരുമാസം അവളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് എഡ്വിന്‍ പറയുന്നു. എഡ്വിന്‍റെ പേര് ആരതി ടാറ്റൂ ചെയ്തിരുന്നു. അതുപോലും ലേസറിലൂടെ മായ്ച്ചുകളയിപ്പിച്ചു. പക്ഷെ, കഴിഞ്ഞ ദിവസം താക്കോല്‍ കയ്യിലാക്കി വാതില്‍ തുറന്ന് അവള്‍ എങ്ങനെയൊക്കെയോ ഓടിയെത്തി പ്രിയപ്പെട്ടവനരികിലേക്ക്. 

ഒരുമാസം മുമ്പ് വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിനാല്‍, അവള്‍ തിരികെയെത്തിയ ഉടനെ ഇരുവരും വിവാഹിതരായി. കോടതി ചേരുമ്പോള്‍ അവളെ താന്‍ തന്നെ ഹാജരാക്കുമെന്നും എഡ്വിന്‍ പറയുന്നു.