Asianet News MalayalamAsianet News Malayalam

സിനിമ പോലെ ഒരു ഇലക്ഷന്‍ ഡ്യൂട്ടി!

election duty memory
Author
Malappuram, First Published May 22, 2016, 8:05 PM IST

election duty memory

ഇലക്ഷന്‍  ഡ്യൂട്ടി  ഉണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ഒരു ആകാംക്ഷയായിരുന്നു, എവിടെയാവും ഈശ്വരാ ഇത്തവണ? എവിടെയാണേലും പോയല്ലേ പറ്റൂ, ഒഴിവാക്കപ്പെടുന്ന വിഭാഗത്തിലൊന്നും ഇപ്പോള്‍ ഞാന്‍ പെടുന്നില്ല.

'സ്ത്രീകളെ ഒഴിവാക്കും എന്നാണല്ലോ അറിയാന്‍ കഴിഞ്ഞത്, എന്നിട്ടെന്തേ  ഡ്യൂട്ടി  വന്നത്' എന്ന  നീരസം  ഭര്‍ത്താവ്  പ്രകടിപ്പിച്ചു. എന്തോ എന്റെ  താല്പര്യത്തിനു ചോദിച്ചുവാങ്ങിയപോലെ! പാവത്തിനല്ലേ  ബാക്കിയുള്ള ബുദ്ധിമുട്ടുകള്‍ . അത് അറിയാഞ്ഞിട്ടല്ല . ഒഴിവാക്കാന്‍ കഴിയില്ല,അതുതന്നെ. പിന്നെ മനസ്സുകൊണ്ട് തയ്യാറായി. കൂടെയുള്ള ഹതഭാഗ്യരെ വിളിച്ചു അന്വേഷണമായി, മിക്കവാറും  എല്ലാവര്‍ക്കും ഉണ്ടെന്നറിഞ്ഞപ്പോള്‍ ആശ്വാസവും.. അതങ്ങനെയാണല്ലോ. ഇത്തവണ അവസാനനിമിഷമേ അറിയാന്‍ കഴിഞ്ഞുള്ളു  എവിടെയാണ് പോസ്റ്റിങ്ങ് എന്ന്. കൂട്ടുകാരി വിളിച്ചുചോദിച്ചു, അടുത്തടുത്ത ബൂത്തിലാവും ഒരേ ബസ്സില്‍ തന്നെയാവുംല്ലേ, വളരെ നാളുകള്ക്ക് ശേഷമാണ് അവള്‍ക്ക് ഡ്യൂട്ടി വരുന്നത്. അടുത്തിടെ ഈ ജോലിക്ക് പോയതുകൊണ്ടും നല്ല അനുഭവങ്ങള്‍ കിട്ടിയതുകൊണ്ടും ധൈര്യക്കുറവൊന്നും തോന്നിയില്ല . 

അങ്ങനെ സാധനങ്ങള്‍ കൈപ്പറ്റുന്ന ദിവസം വന്നെത്തി. വെളുപ്പിനുണര്‍ന്നു  പാചകമൊക്കെ നടത്തി കൊണ്ടുപോകേണ്ട  വസ്തുവകകള്‍ ബാഗില്‍ നിറച്ചു, നേരത്തെ ഒരുങ്ങിയിറങ്ങി. ബസില്‍ കയറിയപ്പോള്‍ എന്നെപോലെ അഭയാര്‍ഥികള്‍  നിറയെ ... എല്ലാവരും തിരക്കിട്ട രാഷ്ട്രീയചര്‍ച്ചയിലാണ് . കൂട്ടുകാരിയെ വിളിച്ചു പറഞ്ഞു ഒരേ ബസില്‍ തന്നെ കയറ്റി. അവിടെയെത്തിയപ്പോള്‍ കൂടെയുള്ള മറ്റു ഉദ്യോഗസ്ഥരും എത്തിയിയിരുന്നു. എല്ലാവര്‍ക്കും നേരത്തെ പരിചയപ്പെടാനുള്ള അവസരം ഇലക്ഷന്‍ ക്ലാസ്സ് കൊണ്ട്  കിട്ടിയത് കാര്യമായി. അല്ലെങ്കില്‍  കൂടെയുള്ളവരെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടിയേനെ.

കൗണ്ടറില്‍നിന്നും സാധനങ്ങള്‍ വാങ്ങി  പരിശോധന നടത്തി ഞങ്ങള്‍ക്ക്   പറഞ്ഞിട്ടുള്ള ബസ്സില്‍  സ്ഥലം പിടിച്ചു.ഞങ്ങളുടെ സംഘത്തില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മറ്റു ബൂത്തുകാരും എത്തിയപ്പോള്‍ ബസ് വിട്ടു. മഞ്ചേരി ടൌണില്‍ നിന്നും വളരെ ഉള്ളിലേക്കാണ് ബസ് നീങ്ങിയത്  വിസ്താരം കുറഞ്ഞ റോഡിലൂടെ വണ്ടി പോകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും സ്ഥലത്തിന്റെ ഭംഗിയെകുറിച്ചു പറഞ്ഞുകൊണ്ടിരുന്നു. ശരിക്കും വയനാട്ടിലേക്ക് കടന്നപോലെ. തോളോട് തോള്‍ചേര്‍ന്നു കിടക്കുന്ന കുന്നുകളും പച്ചപുതച്ച താഴ്‌വാരവും. കണ്ണിനും മനസ്സിനും ആനന്ദം തന്ന ആ കാഴ്ചകള്‍ കടന്ന് ബസ് വിജനമായ വഴിയിലൂടെ ഓടിക്കൊണ്ടിരുന്നു.ഇത് ഏതുനാട്ടിലേക്കാണാവോ? വഴിയോരത്ത് നിരനിരയായി ഇടം പിടിച്ചിട്ടുള്ള വീപ്പകളും കുടങ്ങളും, വെള്ളമില്ലാത്ത ഏതോ നാട് തന്നെ. 

തുറക്കാത്ത ഗേറ്റ് ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. എവിടുന്നോ ഓടിവന്ന ഒരു പെണ്‍കിടാവ് വാതില്‍ തുറന്നു ഞങ്ങളെ അകത്തേക്ക് സ്വീകരിച്ചു. മഞ്ഞനിറത്തിലുള്ള കോണ്ക്രീറ്റ് കെട്ടിടം. കെട്ടിടത്തിനോട് ചേര്‍ത്ത് ഷീറ്റിട്ടിരിക്കുന്നു. നല്ലൊരു തണല്‍മരം മുന്നിലായി നില്ക്കുന്നുണ്ട് താഴെവിശാലമായ ഗ്രൗണ്ട്. സ്‌കൂളിന് ചേര്‍ന്ന അന്തരീക്ഷം തന്നെ. ദൂരെ ആകാശ ചെരിവിനോട് ചേര്‍ന്നുകിടക്കുന്ന കുന്നുകള്‍.

സാധാരണയായി ഇലക്ഷന്‍ ആള്‍ക്കാരെ  കാണാന്‍ നാട്ടുപ്രജകള്‍ എത്താറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെ ആരെയും കാണാന്‍ കഴിഞ്ഞില്ല. സ്‌കൂളിലുണ്ടായിരുന്ന ഒരു മുന്‍ അധ്യാപകന്‍ വന്നു സൗകര്യങ്ങളെക്കുറിച്ചു പറഞ്ഞുതന്നു. ഞങ്ങളുടെ കൂടെയുള്ള ഒരേയൊരു ആണ്‍തരിയായ ഫെസ്റ്റു പോളിംഗ് ഓഫീസര്‍ യൂനിവെഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു. എല്ലാകാര്യവും വളരെ മിടുക്കോടെ  അദ്ദേഹം ചെയ്തുതുടങ്ങി. അപ്പോഴേക്കും ഞങ്ങളുടെ കാവലിനായി പോലീസും എത്തി. അതും വനിത തന്നെ, ഇപ്പോള്‍ട്രെയിനിംഗ് കഴിഞ്ഞു ജോലിയില്‍ കയറിയ ഒരു കൊച്ചുപെണ്കുട്ടി! ഈശ്വരാ ഇവരാണോ  ഞങ്ങളെ സുരക്ഷിതരാക്കാനുള്ളത്? വിശേഷങ്ങള്‍ പറയാന്‍ ഞങ്ങളോടൊപ്പം ഒരു ലേഡിയും കൂടി.

ഗ്രൌണ്ടിന്റെ ഒരു മൂലയിലുള്ള ടോയ്‌ലെറ്റിനെപ്പറ്റി ഓര്‍ത്തപ്പോള്‍ത്തന്നെ വിഷമമായി.. എങ്ങനെയാണു അവിടെ കുളിക്കുന്നത്? ഒടുവില്‍ ഞാനും പോലീസുകാരിയും കൂടി ഇരുട്ടത്ത് മൊബൈല്‍ ഫോണിന്റെ നുറുങ്ങുവെട്ടത്തില്‍ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിലേക്കു രണ്ടും കല്പ്പിച്ചു നടന്നു..

സന്ധ്യയായപ്പോഴേക്കും  ഇടിയും മഴയും തുടങ്ങി. കറന്റും  പോയി. ആകെയുള്ള ഒരു എമെര്ജന്‍സി വിളക്കിനെ ആശ്രയിച്ച് ഞങ്ങള്‍ ജോലി തുടര്‍ന്നു. പോളിംഗ് എജന്റുമാരാവാന്‍ വന്നവരാരുംതന്നെ ഞങ്ങളെ ക്ഷണിച്ചുമില്ല. പിന്നെയാണ് ഭക്ഷണത്തെക്കുറിച്ചും കിടപ്പിനെക്കുറിച്ചും ഓര്‍ത്തത്. ഗ്രൌണ്ടിന്റെ ഒരു മൂലയിലുള്ള ടോയ്‌ലെറ്റിനെപ്പറ്റി ഓര്‍ത്തപ്പോള്‍ത്തന്നെ വിഷമമായി.. എങ്ങനെയാണു അവിടെ കുളിക്കുന്നത്? ഒടുവില്‍ ഞാനും പോലീസുകാരിയും കൂടി ഇരുട്ടത്ത് മൊബൈല്‍ ഫോണിന്റെ നുറുങ്ങുവെട്ടത്തില്‍ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിലേക്കു രണ്ടും കല്പ്പിച്ചു നടന്നു..ഞങ്ങളുടെ ഭാഗ്യമെന്നുതന്നെ പറയാം, അവര്‍ക്ക്  പുറത്തുതന്നെ ഒരു ടോയ്‌ലെറ്റുണ്ടായിരുന്നു. ഇരുട്ടത്ത് അതിക്രമിച്ചുകേറിയ ഞങ്ങളെ അവര്‍ കാര്യമായി സഹായിച്ചു, ഇന്‍വര്‍ട്ടറിന്റെ സഹായത്തിലുളള ഒരു വെളിച്ചം അവര്‍ ഞങ്ങള്‍ക്കായി കനിഞ്ഞുതന്നു. കുളിച്ച്, നന്ദിപ്രകാശനവും നടത്തി അവിടുന്ന് തിരിച്ചു റൂമിലെത്തി. കിട്ടിയ പാഥേയവും കഴിച്ചു കിടക്കാനൊരുങ്ങി. അപ്പോഴേക്കുംകറന്റ് വന്നു. ഭാഗ്യം!

ക്ലാസ്സ്‌റൂമിലെ ബെഞ്ചുകള്‍ കൂട്ടിയിട്ടു ഗീതടീച്ചര്‍ ഞങ്ങള്‍ക്ക് കിടക്ക ഒരുക്കി. തീവണ്ടിയിലെ ബെര്‍ത്തുകള്‍ പോലെ നിരന്ന ആ കിടപ്പിന്റെയിടത്ത് ഞാന്‍ ബാഗ് തലയിണയാക്കി കിടന്നു. ഞങ്ങളുടെ കൂടെയുള്ള പുരുഷകേസരിയെ കുറച്ചു മാറിയുള്ള അടുത്ത കെട്ടിടത്തിലെ, ബള്‍ബ്‌പോലുമില്ലാത്ത മുറിയിലേക്ക് നിര്‍ദാക്ഷിണ്യം പറഞ്ഞുവിട്ട് ഞങ്ങള്‍ വനിതാസംവരണം മുതലാക്കി. വോട്ടിംഗ് യന്ത്രവും മറ്റു രേഖകളും ഞങ്ങളും മാത്രമായി. വാതില്‍ അടക്കാനായി ഒരുങ്ങിയപ്പോഴാണ്   ഞെട്ടിപ്പോയത്, ആ വാതിലിന് അടച്ചുറപ്പില്ല! പേരിന് ഒരു കുറ്റി ഉണ്ടേലും അത് ഇടാന്‍പറ്റുന്നില്ല. ഒടുവില്‍ മേശയൊക്കെ തള്ളി വാതിലിനോടു ചേര്‍ത്തുവച്ചു. വൈദ്യുതി ഞങ്ങളോട് ഒളിച്ചുകളിക്കാനും തുടങ്ങി. ഒന്ന് കറങ്ങി കൊതിപ്പിക്കുന്ന ഒരു ഫാനും. ജനാലകള്‍ തുറക്കാന്‍ പേടിച്ച്, ഉഷ്ണിച്ചു കണ്ണടക്കാതെ കിടക്കുമ്പോള്‍ ദൂരെ ഒരിടത്ത് , ഒരിക്കലും ഉറങ്ങാതെ രാത്രിയിലേക്ക് തുറന്നുപിടിച്ച നിസ്സഹായതയുടെ രണ്ടു കണ്ണുകള്‍  മനസ്സില്‍ വന്നു. വെറുതെ ഓരോന്നോര്‍ത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയവരെ അസൂയയോടെ നോക്കി പുറത്തെ ഇരുട്ടിലെ ശബ്ദങ്ങള്‍ വെറുതെ തിരഞ്ഞു.  ഒന്ന് മയങ്ങിയപ്പോഴെക്ക് ആരോ എന്നെ ഉണര്‍ത്തി. സമയം മൂന്നായത്രേ, വേഗം ഓരോന്ന് ചെയ്തില്ലെങ്കില്‍ സമയം പോകുമെന്ന്. ഈശ്വരാ എന്തൊരു കഷ്ടമാണ് പിന്നെ അയല്‍ക്കാരെ വീണ്ടും ബുദ്ധിമുട്ടിച്ച് പ്രഭാതകൃത്യങ്ങള്‍ നടത്തി ഒരുങ്ങി ഇലക്ഷന്റെ തിരക്കിലേക്ക് കടന്നു.

രാത്രി എട്ടുമണിയോടെയാണ് വണ്ടിയില്‍ കയറാനായത്. ബസ്സില്‍ കയറുമ്പോള്‍ എങ്ങനെ വീട്ടിലെത്തും എന്ന ആധിയായിരുന്നു. കൂടെയുള്ള ആയിഷടീച്ചര്‍ വീട്ടിലേക്ക് ക്ഷണിച്ചു. ഉറങ്ങാതെ കാത്തിരിക്കുന്ന മോളെ ഓര്‍ത്തപ്പോള്‍ ടീച്ചറുടെ ക്ഷണം സ്‌നേഹത്തോടെ നിരസിച്ചു.

കൊണ്ടോട്ടിയെത്തിയപ്പോള്‍ അവിടം വിജനമായിരിക്കുന്നു. ഇവിടെ  അത്ര നല്ലതല്ല റ്റീച്ചറെ ഞങ്ങള്‍ രാമനാട്ടുകരയില്‍ വിടാം എന്ന് പറഞ്ഞു. ഒട്ടും പരിചയമില്ലാതെ എങ്ങനെയാണു അവിടെ?  കൊണ്ടോട്ടിയിലെ കൂട്ടുകാരിയുടെ വീട് തന്നെ ശരണം. വീട്ടിലേക്ക് വിളിച്ചുപറഞ്ഞു.

ബസില്‍ ഇരുന്നു ഫോണെടുത്തു ഓരോരുത്തരേയായി വിളിച്ചുനോക്കി. കൂട്ടുകാരി വീട്ടിലേക്കുള്ള യാത്രയിലാണത്രേ, ബസ്സിനുള്ളില്‍ ഓരോരുത്തരും തങ്ങള്‍ക്കു കൂട്ടിനു ആരെയെങ്കിലും കിട്ടാന്‍ വേണ്ടി എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചറിയുന്നു പലരുടെയും സംഭാഷണത്തില്‍നിന്ന് സ്ഥലം ഊഹിച്ചെടുക്കാന്‍ ഞാനും ശ്രമം തുടങ്ങി. ചെറുതായി മഴ ചാറുന്നുണ്ടെന്നു തോന്നി. ചെറിയ തണുപ്പുള്ള കാറ്റ് മുഖത്ത് തട്ടി. ഇരുട്ടാണ് ചുറ്റും. പകല്‍വെട്ടത്തില്‍ കണ്ട പച്ചക്കുന്നുകള്‍ ഇപ്പോള്‍ ഇരുട്ടിന്റെ കരിമ്പടം പുതച്ചിരിക്കുന്നു. ഇടക്ക് മിന്നല്‍ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നു. പ്രിയപ്പെട്ടവരൊരുമിച്ചായിരുന്നെങ്കില്‍ ഈ യാത്ര ശരിക്കും ആസ്വദിച്ചേനെ. ബസ്സിനുള്ളില്‍ ആണുങ്ങളാണ്  ഉറക്കെയുറക്കെ ചിരിച്ചു വിശേഷം പറയുന്നത്. സ്ത്രീകള്‍ എല്ലാവരും ചിന്തയിലും.  ഒടുവില്‍ ബസ് സെന്റെറില്‍ എത്തി. കൂടെയുള്ളവരോട്  തിടുക്കത്തില്‍ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. നേരത്തെ കോഴിക്കോടുകാരനാവും എന്ന് ഊഹിച്ച ആളിനെ തിരഞ്ഞു കോഴിക്കൊടിനാണോ പോകുന്നത് എങ്കില്‍ ഞാനും ഉണ്ട് എന്ന് പറഞ്ഞു. അദ്ദേഹം ആരുടെയോ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തതുകൊണ്ട് അവരെവിട്ടിട്ടുവരാം എന്നുപറഞ്ഞു എവിടെയ്‌ക്കോ മറഞ്ഞു. അവിടുന്ന് കോഴിക്കോടിനു ബസ് പുറപ്പെടുന്നു എന്ന വിവരം കിട്ടിയതുകൊണ്ട് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു, ഞാന്‍ വരുന്നുണ്ട്, ഒന്പതരക്ക് ഒരു ബസ് ഉണ്ട്. ആരെങ്കിലും അറിയുന്നവരുണ്ടോ എന്ന തിരിച്ചുചോദ്യത്തിനു  ഇപ്പോള്‍  മാത്രം പരിചയപ്പെട്ട വ്യക്തിയെ ഓര്‍ത്തു കൊണ്ട്, ഉണ്ടെന്ന മറുപടി കൊടുത്തു. സൂക്ഷിക്കണേ, എന്ന ഓര്മപ്പെടുത്തലിന് ഒന്ന് മൂളുകമാത്രം ചെയ്തു.

പിന്നീടറിഞ്ഞു വണ്ടി കൊണ്ടോട്ടി  വരെയേ പോകുന്നുള്ളൂവത്രേ. എന്റെ രക്ഷിതാവായ സാറ് വീണ്ടും വന്നു ചോദിച്ചു, ഞാന്‍ നിക്കണോ ആരെയെങ്കിലും കിട്ടിയോ,ബസ് കൊണ്ടോട്ടിക്കുണ്ട്.  അദ്ദേഹത്തോട് ശരിക്കും ആദരവു തോന്നി. ഇപ്പോള്‍മാത്രം പരിചയിച്ച എന്നോട് ഇത്രേം കരുതല്‍ കാട്ടിയല്ലോ. നന്ദിപൂര്‍വ്വം നിരസിച്ചു വീണ്ടും ചുറ്റും പരിചയക്കാരെ തിരഞ്ഞു. മുന്നില്‍ ബസ്സില്‍  കണ്ടുപരിചയപ്പെട്ട ഒരു രാമനാട്ടുകരക്കാരി ടീച്ചര്‍... ടീച്ചറിന്റെ ഭര്‍ത്താവ്  കാറുമായി വന്നിട്ടുണ്ട്.അങ്ങനെ അവരുടെ കനിവില്‍ ഞാന്‍ കൊണ്ടോട്ടിക്ക് കയറി. അവിടെനിന്ന് പിടിക്കാവുന്ന കോഴിക്കോട് ബസ്സ് ആയിരുന്നു മനസ്സില്‍. .കൊണ്ടോട്ടിയെത്തിയപ്പോള്‍ അവിടം വിജനമായിരിക്കുന്നു. ഇവിടെ  അത്ര നല്ലതല്ല റ്റീച്ചറെ ഞങ്ങള്‍ രാമനാട്ടുകരയില്‍ വിടാം എന്ന് പറഞ്ഞു. ഒട്ടും പരിചയമില്ലാതെ എങ്ങനെയാണു അവിടെ?  കൊണ്ടോട്ടിയിലെ കൂട്ടുകാരിയുടെ വീട് തന്നെ ശരണം. വീട്ടിലേക്ക് വിളിച്ചുപറഞ്ഞു.

കൊണ്ടോട്ടിയില്‍ കൂട്ടുകാരിയുടെ വീടിന്റെ വാതില്‍ക്കല്‍ എന്നെയിറക്കി അവരെ ഏല്പ്പിച്ചു ടീച്ചര് മടങ്ങി. നീണ്ട ബസ് യാത്രക്കിടയില്‍ മസ്സിലു പിടിച്ചിരിക്കാതെ ചിരിച്ചു വര്ത്തമാനം പറഞ്ഞതുകൊണ്ട്മാത്രം  കൈവന്ന ഭാഗ്യം. കൂട്ടുകാരിയും യാത്ര കഴിഞ്ഞെത്തിയേയുള്ളൂ എന്നിട്ടും എനിക്ക് വേണ്ടതെല്ലാം തന്നു എന്നെ സ്വീകരിച്ചു. ഒന്നിച്ചു വിശേഷങ്ങള്‍ പങ്കിട്ടു ഉറങ്ങാന്‍ കിടന്നു.  പറഞ്ഞതൊന്നും മുഴുമിക്കാനാവാതെ രണ്ടാളും ഉറക്കത്തിലേക്കു വഴുതി.

രാവിലെ ചാറ്റല്‍ മഴയത്ത് യാത്ര പറഞ്ഞിറങ്ങി. ഏതു സമയത്തും ചെന്നുകേറാന്‍  എനിക്കീ വീടുണ്ടായത് എത്ര നന്നായി! . വീട്ടിലേക്കുള്ള യാത്രയില്‍ ചിന്തിച്ചതും അതൊക്കെതന്നെയായിരുന്നു, സ്‌നേഹിക്കുന്ന എത്ര മുഖങ്ങളെയാണ് ഞാന്‍ കണ്ടത്! ഈശ്വരന് നന്ദി. അതിനിടെ സഹപ്രവര്‍ത്തകന്റെ കാള്‍ വന്നു വിശേഷങ്ങള്‍ പറഞ്ഞുനിറുത്തുമ്പോള്‍ മാഷ് പറഞ്ഞു, 'ടീച്ചറെ ഇതൊക്കെ ഓരോ അനുഭവങ്ങള്‍ അല്ലേ, അല്ലാതെ എന്നും സ്‌കൂളില്‍ പോയി വരുക മാത്രം ചെയ്താല്‍ എന്താ ഒരു രസമുള്ളത്?'

ശരിയാണ്, എനിക്കായിമാത്രം കാലം കരുതിവച്ച, ഒരിക്കലും മറക്കരുതാത്ത, മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും അനുഭവപാഠങ്ങള്‍! 

Follow Us:
Download App:
  • android
  • ios