അമേരിക്കയില്‍ ആളുകളുടെ സഹായസന്നദ്ധത മനസിലാക്കാന്‍ പരീക്ഷണവുമായി ഇന്ത്യന‍്‍ യുവാവ്. ചോദിച്ചത് കുടിക്കാന്‍ വെള്ളമോ, വെള്ളം വാങ്ങാന്‍ പണമോ. സംഭവിച്ചത് ഇങ്ങനെ. വൈറല്‍ വീഡിയോ കാണാം.
ആളുകളിൽ എത്രത്തോളം അനുകമ്പയും അന്യരെ സഹായിക്കാനുള്ള സഹായ മനസ്ഥിതിയുമുണ്ട് എന്ന് കണ്ടെത്തുന്നതിനായി ഒരു കണ്ടന്റ് ക്രിയേറ്റർ നടത്തിയ പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ നോഹയാണ് ഈ വ്യത്യസ്തമായ പരീക്ഷണവുമായി അമേരിക്കയിലെ തെരുവിലിറങ്ങിയത്. വെള്ളം വാങ്ങിത്തരുമോ, വെള്ളം വാങ്ങാൻ പണം തരാമോ തുടങ്ങിയ ചെറിയ ചെറിയ ആവശ്യങ്ങളുമായിട്ടാണ് യുവാവ് ആളുകളെ സമീപിച്ചത്. എന്നാൽ, ഇത് യുവാവ് മനപ്പൂർവം പരീക്ഷണത്തിന് വേണ്ടി ചെയ്യുന്നതാണ് എന്ന് അറിയാതെ സഹായിക്കാൻ തയ്യാറായ ഒരാളാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്.
'ഞാൻ ഞെട്ടിപ്പോയി. അപരിചിതരെ സമീപിച്ച് വെള്ളമോ പണമോ പോലുള്ള ചെറിയ ചെറിയ സഹായം ചോദിച്ചുകൊണ്ട് മനുഷ്യരുടെ സഹായമനസ്കത മനസിലാക്കാനാവുന്ന ഒരു പരീക്ഷണമാണ് ഞങ്ങൾ നടത്തുന്നത്, ആളുകളിലെ അനുകമ്പയും സഹായ സന്നദ്ധതയും പരീക്ഷിക്കാൻ വേണ്ടിയായിരുന്നു ഇത്' എന്ന് നോഹ പറയുന്നു. 'ഒരു ഡോളറിന് നിങ്ങൾക്ക് എന്താണ് ലഭിക്കുക' എന്നും യുവാവ് ചോദിക്കുന്നു. വീഡിയോയിൽ യുവാവ് ഒരാളെ സമീപിച്ചുകൊണ്ട് അല്പം വെള്ളത്തിന് വേണ്ടി ചോദിക്കുന്നത് കാണാം.
തനിക്ക് നന്നായി ദാഹിക്കുന്നുണ്ട് എന്നും വെള്ളം തരുമോ എന്നുമാണ് യുവാവ് ചോദിക്കുന്നത്. വെള്ളം വാങ്ങുന്നതിന് വേണ്ടി ഒന്നോ രണ്ടോ ഡോളർ തരുമോ എന്നും യുവാവ് ചോദിക്കുന്നത് കാണാം. ഒന്നും ആലോചിക്കാതെ അയാൾ അപ്പോൾ തന്നെ യുവാവിന് പണം നൽകാൻ തയ്യാറാവുന്നതാണ് പിന്നെ കാണുന്നത്. അപ്പോൾ യുവാവ് താനൊരു പരീക്ഷണം നടത്തിയതാണ് എന്നും ആ പണം വേണ്ട എന്നും പറഞ്ഞ് അത് തിരികെ കൊടുക്കുന്നു. യുവാവിന്റെ വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റുകൾ നൽകിയിട്ടുണ്ട്. പണം നൽകാൻ തയ്യാറായ യുവാവിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരും കമന്റുകൾ നൽകിയത്.


