1930ല്‍ 150 പേര്‍ താമസിച്ചിരുന്നതാണ് ഇവിടെയുണ്ടായിരുന്ന ഏറ്റവും വലിയ ജനസംഖ്യ. 2000ത്തിലെ സെന്‍സസ് പ്രകാരം എല്‍സി എലയറും ഭര്‍ത്താവും മാത്രമായി ഇവിടുത്തെ താമസക്കാര്‍.

മൊനോവി: അമേരിക്കയില്‍ നെബ്രാസ്‌ക സംസ്ഥാനത്തിലാണ് മൊനോവി എന്ന ഈ നഗരം. ഇവിടുത്തെ ജനസംഖ്യ ആകട്ടെ ഒന്നും. എണ്‍പത്തിനാലുകാരി എല്‍സി എലെയിര്‍ മാത്രമാണ് ഈ നഗരത്തില്‍ ജീവിക്കുന്ന ഒരേയൊരാള്‍. 1902 ലാണ് ഈ ഗരം രൂപീകരിക്കപ്പെട്ടത്. ഒരുപാട് വര്‍ഷങ്ങളായി ഈ ഗ്രാമത്തിലെ ഒരേയൊരു താമസക്കാരി എല്‍സിയാണ്. മൊനോവിയിലെ മേയറും, ലൈബ്രേറിയനും, സംരക്ഷകയും ബാര്‍ ടെണ്ടറും എല്ലാം എല്‍സി തന്നെ. 

ഒരു മകളും മകനുമുണ്ട് എല്‍സിക്ക്. അവര്‍ കുറച്ച് മാറിയുള്ള പട്ടണത്തിലാണ്. എല്ലാവരും ചോദിക്കാറുണ്ട്, മക്കള്‍ക്ക് എല്‍സിയെ കുറിച്ച് ആകുലതകളില്ലേ എന്ന്. 'ഉണ്ട്, പക്ഷെ എനിക്ക് ഇവിടെ താമസിക്കാനാണിഷ്ടം. അതവര്‍ക്കും അറിയാം. അവരത് മനസിലാക്കുന്നു.' അവര്‍ പറയുന്നു. 

1930ല്‍ 150 പേര്‍ താമസിച്ചിരുന്നതാണ് ഇവിടെയുണ്ടായിരുന്ന ഏറ്റവും വലിയ ജനസംഖ്യ. 2000ത്തിലെ സെന്‍സസ് പ്രകാരം എല്‍സി എലയറും ഭര്‍ത്താവും മാത്രമായി ഇവിടുത്തെ താമസക്കാര്‍. ഭര്‍ത്താവ് 2004 -ല്‍ മരിച്ചതോടെ എല്‍സി മാത്രമായി ഇവിടുത്തെ താമസക്കാരി. മേയറെന്ന നിലക്ക് സ്വന്തമായി ബാര്‍ അനുവദിച്ച് അതു നടത്തുകയാണ് എല്‍സി.

ഒമ്പത് മണിക്ക് എല്‍സി ബാര്‍ തുറക്കും. ട്രക്കുകളും കസ്റ്റമറും സെയില്‍സ്മാനുമെല്ലാം അപ്പോഴേക്കും വരും. ഒരു കപ്പ് കാപ്പി കുടിക്കാനായി മാത്രം എല്‍സിയുടെ കടയിലെത്തുന്നവരുമുണ്ട്. പലരും സന്ദേശങ്ങള്‍ കൈമാറുന്നതും, ചില സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതുമെല്ലാം ഇവിടെ വച്ചാണ്. 'ഇതൊരു കൂടിച്ചേരലിന്‍റെ ഇടമാണ് എല്ലാവര്‍ക്കും ഇവിടെ വരാം. എല്ലാവര്‍ക്കും ഇങ്ങനെയൊരു സ്ഥലമാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ശേഷം ഇവിടെ എങ്ങനെയാകുമെന്നറിയില്ല. എനിക്ക് വേറെ ഒരിടത്തും പോകാനാഗ്രഹമില്ല. ഞാന്‍ ഇവിടെ മുഴുവനായും ഹാപ്പിയാണ്' എന്നും എല്‍സി പറയുന്നു.