Asianet News MalayalamAsianet News Malayalam

മരണവീട്ടില്‍ പ്രകടനങ്ങളുമായെത്തുന്നവരോട് കുറച്ച് കാര്യങ്ങള്‍

ഇനി മറ്റൊരു കൂട്ടരുണ്ട്,  വന്ന് ഒരു മിനിട്ട് (കഷ്ടിച്ച്) നിശബ്ദത പാലിച്ച ശേഷം പണ്ടെങ്ങോ കണ്ടു മറന്ന നാട്ടുകാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും അന്വേഷിച്ച് കണ്ടുപിടിച്ച് മക്കളുടെയും മരുമക്കളുടേയും പേരക്കുട്ടികളുടേയും മഹിമ പറഞ്ഞു തീരാത്തവര്‍. പലപ്പോഴും മരണപ്പെട്ടവരുടെ ഉറ്റവരുടെ മുന്നില്‍ വെച്ചായിരിക്കും ഇത്തരം വില കുറഞ്ഞ ജല്പനങ്ങള്‍! 

enikkum chilath parayanund sadiya
Author
Thiruvananthapuram, First Published Jan 25, 2019, 4:56 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilath parayanund sadiya

മരണം -അപ്രതീക്ഷിതമായി, നമ്മള്‍ വിളിക്കാതെ, നമ്മളെ തേടിയെത്തുന്ന അതിഥി! വേര്‍പ്പാടിന്റെ തീരാവേദനയിലായിരിക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍... ഇങ്ങനൊരവസ്ഥയില്‍ ഇരിക്കുന്ന വീട്ടിലേക്കു കടന്നുചെല്ലുമ്പോള്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. 

മരണത്തില്‍ പങ്കെടുക്കുവാനായാലും അല്ലെങ്കില്‍ തുടര്‍ദിവസങ്ങളിലുള്ള സന്ദര്‍ശനങ്ങളിലായാലും അവരുടെ ഉറ്റവരെ കൈ പിടിച്ച് കരയുകയോ അല്ലെങ്കില്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തു പറയുകയോ ചെയ്യുന്ന ഒരു കൂട്ടം ആളുകളെ കണ്ടിട്ടുണ്ട്. എന്താണ് ഹേ, നിങ്ങള്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത്? അവര്‍ക്ക് ആശ്വാസം പകരുകയാണെന്നാണോ?  അവരെ വെറുതെ വിടുക, തനിച്ചിരിക്കാന്‍ അനുവദിക്കുക. ആ അവസ്ഥയില്‍ അതാണവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഏറ്റവും നല്ല വഴി. അല്ലാതെ നിങ്ങളുടെ ഈ പ്രകടനം അവരെ കൂടുതല്‍ വേദനിപ്പിക്കുകയേ ഉള്ളൂ... ആശ്വസിപ്പിച്ചില്ലെങ്കിലും സഹതപിക്കാതിരിക്കുക!

ഇവരിടയ്ക്ക് ഏറുകണ്ണിട്ട് നോക്കാനും മറക്കില്ല

ഉറ്റവര്‍ കരയുന്നത് കാണാന്‍ അവരുടെ മുഖത്തു നോക്കി നില്‍ക്കുന്ന ആളുകളെ പലപ്പോഴും കണ്ടിട്ടുണ്ട്. അവരുടെ കണ്ണുനീര്‍ അളന്ന് മരണപ്പെട്ടവരോട് അവര്‍ക്കുള്ള സ്നേഹം അളക്കുകയാണോ നിങ്ങള്‍?  എന്തു നിര്‍വൃതിയാണ് നിങ്ങള്‍ക്കു അതില്‍ നിന്നും ലഭിക്കുന്നത്? 

ഇനി മറ്റൊരു കൂട്ടരുണ്ട്,  വന്ന് ഒരു മിനിട്ട് (കഷ്ടിച്ച്) നിശബ്ദത പാലിച്ച ശേഷം പണ്ടെങ്ങോ കണ്ടു മറന്ന നാട്ടുകാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും അന്വേഷിച്ച് കണ്ടുപിടിച്ച് മക്കളുടെയും മരുമക്കളുടേയും പേരക്കുട്ടികളുടേയും മഹിമ പറഞ്ഞു തീരാത്തവര്‍. പലപ്പോഴും മരണപ്പെട്ടവരുടെ ഉറ്റവരുടെ മുന്നില്‍ വെച്ചായിരിക്കും ഇത്തരം വില കുറഞ്ഞ ജല്പനങ്ങള്‍! ഇവരിടയ്ക്ക് ഏറുകണ്ണിട്ട് നോക്കാനും മറക്കില്ല, ഇതു കേട്ടിട്ട് അവരുടെ കണ്ണുനീരിന്റെ കനം കൂടിയോ, ചുണ്ടുകള്‍ തേങ്ങിയോ എന്നൊക്കെ അറിയാന്‍...! അവരുടെ വേദനയില്‍ പങ്കു ചേര്‍ന്നില്ലെങ്കിലും കൂടുതല്‍ വേദനിപ്പിക്കാതിരിക്കുക!

വിശേഷങ്ങള്‍ പറഞ്ഞേ തീരൂ എന്നാണെങ്കില്‍ ഫോണ്‍ നമ്പര്‍ വാങ്ങിച്ച് പിന്നീട് വിളിച്ചു സംസാരിക്കാമല്ലോ. 

എന്തുണ്ടായി, ഏതുണ്ടായി എന്നു വിശദീകരിച്ച് ചോദിച്ചറിയാനായി നടക്കുന്നവരാണ് വേറൊന്ന്! ഇക്കൂട്ടര്‍ക്ക് ആരു പറഞ്ഞു കൊടുത്താലും തൃപ്തിയാവില്ല. മരണസമയത്തു അരികിലുണ്ടായിരുന്ന ബന്ധുക്കളോട് തന്നെ ചോദിച്ചറിഞ്ഞ് അതു മറ്റുള്ളവരോടും പറഞ്ഞു പങ്കു വെച്ച് സന്തോഷം കണ്ടെത്തുന്നവര്‍! ഈ ഉത്സാഹം വല്ല നല്ല കാര്യങ്ങള്‍ക്കും ഉപയോഗിച്ച് കൂടെ? 

ആരുമല്ലാതിരുന്ന ആരൊക്കെയോ വന്ന് എല്ലാം ഏറ്റെടുത്ത് ആളാകാന്‍ നോക്കുന്നവരോട്,  നിങ്ങള്‍ ചെയ്യുന്ന ഉപകാരം ഉപദ്രവമാകാതിരിക്കാന്‍ ശ്രദ്ധിക്കുക ! 

മരണവീട്ടിലും മോഷ്ടിക്കുന്നവരോട് ഒന്നും പറയാനില്ല! മനുഷ്യനായി വളര്‍ന്നവന്‍ അങ്ങനൊരു സാഹചര്യത്തില്‍ മോഷ്ടിക്കാനാവില്ല. അപ്പോള്‍ പിന്നെ അത്തരക്കാരോട് എന്തു പറയാന്‍! !!

മരണവീട്ടിലെ എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്നവരോട്,  അവജ്ഞയാണ് നിങ്ങളോട്! മീന്‍ കറിയില്‍ മീനില്ലായിരുന്നു, പേപ്പര്‍ പ്ലെയ്റ്റിലാണ് ഭക്ഷണം വിളമ്പിയത്, അവള്‍ കരഞ്ഞില്ലേ എന്നിങ്ങനെയുള്ള വില കുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ക്കു വേണ്ടിയാകരുത് നിങ്ങളുടെ സന്ദര്‍ശനം! 

ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ മുഖം കാണിച്ച് പെട്ടെന്ന് മടങ്ങുക

ആ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരാനും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ആകണം. ഇതിനൊന്നുമാകില്ലെങ്കില്‍ നിശബ്ദത പാലിക്കാം. ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ മുഖം കാണിച്ച് പെട്ടെന്ന് മടങ്ങുക! 

നിങ്ങളുടെ പേരക്കുട്ടികളുടെ തമാശകളും, കുറുമ്പുകളും കുസൃതികളും, മക്കളുടെ കല്യാണവും, പ്രസവവും, വിദ്യാഭ്യാസവും ജോലിയും, അയലത്തുള്ളവര്‍ ഒളിച്ചോടിയതും ഒക്കെ പങ്കു വെയ്ക്കാനാകരുത് നിങ്ങള്‍ മരണവീട്ടിലേക്ക് പോകുന്നത്.

വിവേകത്തോടെ , സാമാന്യബുദ്ധിയോടെ നമുക്ക് പെരുമാറാം.

Follow Us:
Download App:
  • android
  • ios