Asianet News MalayalamAsianet News Malayalam

'ഇന്ത്യൻ ജനതയിൽ, മോശമായ പെരുമാറ്റത്തിന് വിധേയമാക്കപ്പെട്ട ഏതെങ്കിലും ഒരു ജനതയുണ്ടെങ്കിൽ അതെന്റെ ജനതയാണ്'

ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം 1938 -ൽ ആദിബാസി മഹാസഭ രൂപീകരിച്ചു. ബീഹാർ വിഭജിച്ച് ജാർഖണ്ഡ് എന്ന സംസ്ഥാനമുണ്ടാക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ഗോത്രവർഗക്കാരാണ് ഈ ഉപഭൂഖണ്ഡത്തിലെ ആദിമവാസികൾ, അതുകൊണ്ട് അവരെ ആദിബാസികൾ അഥവാ ആദിവാസികൾ എന്നു വിളിക്കാമെന്ന് അദ്ദേഹം വാദിച്ചിരുന്നു.

eviction of tribes and Jaipal Singh Munda
Author
Thiruvananthapuram, First Published Feb 25, 2019, 3:14 PM IST

1947 ഓഗസ്റ്റ് അവസാനത്തോടെ പരസ്യമാക്കിയ ആദ്യ ന്യൂനപക്ഷാവകാശ റിപ്പോർട്ടിൽ ഏറ്റവും ആവശ്യമുള്ളവരും അർഹതയുള്ളവരുമായ ആദിബാസികളെ (ഗോത്രവർഗക്കാരെ) പൂർണമായും വിട്ടുകളഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് 1946 ഡിസംബർ 19 -ന് ഒരു കാട്ടാളൻ, ഒരു ആദിബാസി എന്ന നിലയിൽ ജയ്പാൽ സിങ് മുണ്ട നടത്തിയ പ്രസംഗം സുപ്രീംകോടതി ആദിവാസികളെ കുടിയിറക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

eviction of tribes and Jaipal Singh Munda

ജൂലൈ 27-ന് മുമ്പ് ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 11 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടല്ലോ. ഈ വിധി നടപ്പാകുമ്പോൾ 60 ലക്ഷത്തോളം ആദിവാസികളെയാണ്; മൊത്തം ജനസംഖ്യയുടെ ആറ് ശതമാനത്തെയാണ് നേരിട്ട് ബാധിക്കുക. കേരളത്തിലെ 894 കുടുംബങ്ങളും അവരിൽ ഉൾപ്പെടുന്നു. ഈ ഉത്തരവിനെപ്പറ്റിയോ, കോടതിയിൽ സർക്കാർ വക്കീൽ ഹാജരാകാതിരുന്നതിനെപ്പറ്റിയോ കാര്യമായ ഉത്കണ്ഠയില്ലാത്ത ഇന്ത്യൻ മുഖ്യധാര കാലങ്ങളായി ദളിതരോടും ആദിവാസികളോടും സൂക്ഷിക്കുന്ന അതേ അവഗണന തുടരുന്നുണ്ട്.

ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം 1938 -ൽ ആദിബാസി മഹാസഭ രൂപീകരിച്ചു

ഭരണപരമായ മേഖലകളിലെ ഈ അവഗണനയ്ക്ക്, ബോധപൂർവമായ ഒഴിവാക്കലിന് ദീർഘചരിത്രമുണ്ട്. അപ്പോൾ, നമ്മൾ അധികം സംസാരിച്ചിട്ടില്ലാത്ത ജയ്പാൽ സിങ് മുണ്ട എന്ന ആദിവാസി നേതാവിനെക്കുറിച്ച് നിർബന്ധമായും പറയേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾ രൂപപ്പെടുന്നത്/പ്പെടുത്തിയത് ദീർഘചർച്ചകൾക്കൊടുവിലാണ്. സംസ്ഥാനങ്ങളെപ്പറ്റി, ദേശീയതയെപ്പറ്റി, സംവരണത്തെപ്പറ്റി, ന്യൂനപക്ഷാവകാശങ്ങളെപ്പറ്റിയൊക്കെ ഇടഞ്ഞും ഇണങ്ങിയുമുള്ള ചർച്ചകളുണ്ടായി. അത്തരം ആലോചനകൾക്കിടെ, 1947 ഓഗസ്റ്റ് അവസാനത്തോടെ പരസ്യമാക്കിയ ആദ്യ ന്യൂനപക്ഷാവകാശ റിപ്പോർട്ടിൽ ഏറ്റവും ആവശ്യമുള്ളവരും അർഹതയുള്ളവരുമായ ആദിബാസികളെ (ഗോത്രവർഗക്കാരെ) പൂർണമായും വിട്ടുകളഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് 1946 ഡിസംബർ 19 -ന് ഒരു കാട്ടാളൻ, ഒരു ആദിബാസി എന്ന നിലയിൽ ജയ്പാൽ സിങ് മുണ്ട നടത്തിയ പ്രസംഗം സുപ്രീംകോടതി ആദിവാസികളെ കുടിയിറക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

അദ്ദേഹം പറയുന്നു:-

''പ്രമേയത്തിന്റെ നിയമസങ്കീർണതകൾ എനിക്കു മനസ്സിലാകണം എന്നില്ല. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ പാതയിൽ നാം ഏവരും സഞ്ചരിക്കണമെന്നും ഒന്നിച്ചു പൊരുതണമെന്നുമാണ് എന്റെ സാമാന്യബോധം വെച്ച് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. സർ, ഇന്ത്യൻ ജനതയിൽ മോശമായ പെരുമാറ്റത്തിന് വിധേയമാക്കപ്പെട്ട ഏതെങ്കിലും ഒരു ജനതയുണ്ടെങ്കിൽ അത്‌ എന്റെ ജനതയാണ്. അവർ കഴിഞ്ഞ 6000 വർഷങ്ങളായി അവമതിക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു. സിന്ധുനദീതട സംസ്‌കാരത്തിന്റെ സന്തതിയാണ് ഞാൻ. അതിന്റെ ചരിത്രം നോക്കുക. നിങ്ങളിൽപ്പലരും വരത്തന്മാരാണ്. അങ്ങനെയുള്ള വരത്തന്മാരാണ് സിന്ധുതടത്തിൽ നിന്ന് എന്റെ ജനതയെ കാടുകളിലേക്ക് ആട്ടിപ്പായിച്ചത്... എന്റെ ജനതയുടെ ചരിത്രം മുഴുവൻ ഇന്ത്യയിലെ ആദിമവാസികളിൽപ്പെടാത്തവരാൽ ചൂഷണം ചെയ്യപ്പെട്ടതിന്റെയും വിസ്ഥാപിക്കപ്പെട്ടതിന്റെയും ചരിത്രമാണ്. ഇടയ്ക്കിടയുള്ള കലാപങ്ങളുടെയും ആക്രമണങ്ങളുടെയും. എങ്കിലും പണ്ഡിറ്റ് ജവാർലാൽ നെഹ്റുവിന്റെ വാക്ക് ഞാൻ മുഖവിലയ്ക്കെടുക്കുന്നു. നിങ്ങൾ ഓരോരുത്തരും നാം ഒരു പുതിയ അധ്യായം, അവസരസമത്വമുള്ള ഒരു സ്വതന്ത്ര ഇന്ത്യയുടെ അധ്യായം, അവഗണിക്കപ്പെടാത്ത ഒരു ഇന്ത്യയുടെ അധ്യായം തുടങ്ങുകയാണ് എന്ന് പറയുമ്പോൾ അതും ഞാൻ മുഖവിലയ്ക്കെടുക്കുന്നു.''

ജയ്പാൽ സിങ് മുണ്ടയെക്കുറിച്ച് നമ്മളധികം പഠിച്ചിട്ടില്ല. പഠിപ്പിച്ചിട്ടില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. 1903 ജനുവരിയിൽ ജനിച്ച അദ്ദേഹം ഛോട്ടാ നാഗ്പൂരിലെ മുണ്ടഗോത്രത്തിൽ പെട്ടയാളാണ്. സവർണഹിന്ദു സമൂഹത്തിൽനിന്ന് വ്യതിരിക്തമായ അസ്തിത്വമുള്ള നിരവധിഗോത്രങ്ങളിൽപ്പെട്ട ഒരാൾ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് ഹോക്കിയിൽ അസാമാന്യ വൈദഗ്ധ്യമുണ്ടായിരുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോക്കി ടീമിലെ പ്രധാനിയായിരുന്നു. എന്നാൽ, ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട ഒരു സവിശേഷത 1928 -ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു ജയ്പാൽ സിങ് എന്നതാണ്. നമ്മുടെ കായികദിനങ്ങളിൽപ്പോലും എത്രപേർ ഈ ആദിവാസിയെ ഓർക്കാറുണ്ട്?

ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം 1938 -ൽ ആദിബാസി മഹാസഭ രൂപീകരിച്ചു. ബീഹാർ വിഭജിച്ച് ജാർഖണ്ഡ് എന്ന സംസ്ഥാനമുണ്ടാക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ഗോത്രവർഗക്കാരാണ് ഈ ഉപഭൂഖണ്ഡത്തിലെ ആദിമവാസികൾ, അതുകൊണ്ട് അവരെ ആദിബാസികൾ അഥവാ ആദിവാസികൾ എന്നു വിളിക്കാമെന്ന് അദ്ദേഹം വാദിച്ചിരുന്നു. മികച്ച വാഗ്മിയായിരുന്ന അദ്ദേഹം ഇന്ത്യയിലെ മുഴുവൻ ഗോത്രവർഗക്കാരുടെയും പ്രതിനിധിയായാണ് ഭരണഘടനാ നിർമാണ കമ്മിറ്റിയിൽ ഇടപെട്ടത്.

ആ വിശ്വാസത്തെ കൂടിയാണ് ഈ കോടതിവിധി അട്ടിമറിക്കുന്നത്

ആദിവാസികളെ കുടിയിറക്കാൻ തീരുമാനിച്ച കോടതിയും ഭരണകൂടങ്ങളും, ഇന്ത്യയെന്ന ആശയം രൂപപ്പെടുത്തിയ, ഭരണഘടനാ നിർമാണ കമ്മിറ്റിയിൽ 1946 ഡിസംബർ 19 -ന്റെ പ്രസംഗത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുകൂടി വായിച്ചെങ്കിലും നോക്കേണ്ടതാണ്. 'നിങ്ങൾ ഓരോരുത്തരും നാം ഒരു പുതിയ അധ്യായം, അവസരസമത്വമുള്ള ഒരു സ്വതന്ത്ര ഇന്ത്യയുടെ അധ്യായം, അവഗണിക്കപ്പെടാത്ത ഒരു ഇന്ത്യയുടെ അധ്യായം തുടങ്ങുകയാണ് എന്ന് പറയുമ്പോൾ അതും ഞാൻ മുഖവിലയ്ക്കെടുക്കുന്നു.'

അതേ, ആ വിശ്വാസത്തെയാണ്, ആദിവാസികളെ അവഗണിക്കാത്ത, അവസരസമത്വമുള്ള ഇന്ത്യയെന്ന ഭരണഘടനാ സങ്കല്പത്തെക്കൂടിയാണ് ഈ കോടതിവിധി അട്ടിമറിക്കുന്നത്. അറുപതുവർഷങ്ങൾക്കിപ്പുറത്ത് 'സ്വതന്ത്ര, ജനാധിപത്യ ഇന്ത്യ' ആദിവാസി സമൂഹത്തെ കുടിയൊഴിപ്പിക്കാകാൻ തീരുമാനിക്കുമ്പോൾ ഭരണഘടന നൽകിയ വാക്കാണ് റദ്ദുചെയ്യുന്നത്.

ഗ്രന്ഥസൂചി

1. രാമചന്ദ്രഗുഹ, 2010, ഇന്ത്യ ഗാന്ധിക്ക് ശേഷം, ഡി.സി. ബുക്സ്

(Image Credit: Wikimedia Commons)

Follow Us:
Download App:
  • android
  • ios