നാലാമത്തെ ഘട്ടം തുടങ്ങിയത് മുതലുള്ള ചിത്രങ്ങൾ ട്രോൾ പോലെയാക്കിയാണ് സിജിത്ത് പങ്കുവച്ചിരിക്കുന്നത്. ഓരോ ചിത്രത്തിലും ഓരോ പാഠം പഠിക്കാനുണ്ടെന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അർബുദം എന്ന് കേട്ടാൽ പതറിപ്പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ക്യാൻസറിനെ എങ്ങനെ അതിജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തരുകയാണ് ഒരു യുവാവ്. സിജിത്ത് ഊട്ടുമടത്തിൽ എന്ന പ്രവാസി യുവാവാണ് അര്‍ബുദത്തോട് വാശിയോടെ പോരാടിയ കഥ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ക്യാൻസറിന്റെ നാലാമത്തെ ഘട്ടം മുതൽ കടന്നുവന്ന ദിനങ്ങളാണ് സിജിത്ത് ഫോട്ടോ സഹിതം പങ്കുവച്ചത്.
നാലാമത്തെ ഘട്ടം തുടങ്ങിയത് മുതലുള്ള ചിത്രങ്ങൾ ട്രോൾ പോലെയാക്കിയാണ് സിജിത്ത് പങ്കുവച്ചിരിക്കുന്നത്. ഓരോ ചിത്രത്തിലും ഓരോ പാഠം പഠിക്കാനുണ്ടെന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അർബുദത്തിനെതിരെ സിജിത്ത് നടത്തിയ പോരാട്ടം ഓരോ അർബുദ രോഗികള്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്.
തന്റെ അഞ്ചാമത്തെ വയസിലാണ് അര്‍ബുദം കാരണം സിജിത്തിന്റെ അച്ഛന്‍ മരിക്കുന്നത്. തുടർന്ന് ആറ് വര്‍ഷം മുമ്പാണ് സിജിത്ത് പ്രവാസ ജീവിതം ആരംഭിച്ചത്. അമ്മയും അനിയനും ഉള്‍പ്പെട്ട കുടുംബത്തിന്റെ ചുമതല ഏറ്റെടുത്താണ് സിജിത്ത് ഖത്തറിലേക്ക് പോയത്. അവിടെവച്ചാണ് സിജിത്തിന് അപ്രതീക്ഷിതമായി നടുവേദന വരുന്നത്. പതിയെ ആ വേദന കാലുകളെ തളർത്തി. ക്യാൻസറിന്റെ തുടക്കമായിരുന്നു. പരിശോധനയില്‍ രക്തകോശങ്ങളെ അർബുദം ബാധിച്ചതായി കണ്ടെത്തി.
രോഗം കണ്ടെത്തുമ്പോള്‍ സിജിത്ത് അർബുദത്തിന്റെ നാലാം ഘട്ടത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഏഴാമത്തെ കിമോയ്ക്ക് ശേഷം 21 ദിവസങ്ങൾക്ക് മുമ്പാണ് രോഗം പൂര്‍ണമായും തന്നെ വിട്ട് പോയതെന്ന് സിജിത്ത് പറയുന്നു. അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വാശിയായിരുന്നു. രോഗത്തെ തോല്‍പ്പിക്കണമെന്ന വാശി. ആ വാശിയില്‍ നിന്നുണ്ടായ ധൈര്യമാണ് അർബുദത്തിനെതിരെ പോരാടുന്നതിന് തനിക്ക് ധൈര്യം നൽകിയതെന്ന് സിജിത്ത് പറയുന്നു.
രോഗം ബാധിച്ച സമയത്ത് സൗജന്യമായി ചികിത്സ നല്‍കിയ ഖത്തറിലെ ഹമദ് ഹോസ്പറ്റിലിലെ ജീവനക്കാർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കുൾപ്പടെ സിജിത്ത് ഫേസ്ബുക്കില്‍ നന്ദി അറിയിച്ചു. ഖത്തറിലെ പ്രവാസികളായ തൊഴിലാളികൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്ന ഖത്തറിലെ ഭരണാധികാരിയോടും സിജിത്ത് നന്ദി അറിയിച്ചു.
