ഇതിനിടയിലാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പാൽ എടുത്തു കൊണ്ടിരിക്കുമ്പോൾ കണ്ണനും എന്റെ ചേച്ചിയും അല്ലാതെ മറ്റാരെങ്കിലും റൂമിലേക്ക് വരുകയോ, എന്തെങ്കിലും ടെൻഷനടിപ്പിക്കുന്ന കാര്യം ആലോചിക്കുകയോ ചെയ്താൽ അപ്പോൾ തന്നെ പാൽ വരല് നിക്കും
ആഗസ്തിലെ ആദ്യത്തെ ആഴ്ച മുലയൂട്ടല്‍വാരമാണ്. മുലപ്പാലിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായാണ് ലോകാരോഗ്യസംഘടന മുന്‍കയ്യെടുത്ത് മുലയൂട്ടല്‍ വാരം ആചരിക്കുന്നത്.
അതിനിടിയല്‍ ബിജിലി ജേക്കബ് എന്ന യുവതി ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാവുകയാണ്. മുലപ്പാലില്ലാത്തതിനാല്‍ അനുഭവിച്ച ബുദ്ധിമുട്ടുകളാണ് ബിജിലി ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുലപ്പാലും ടെന്‍ഷനും തമ്മില്‍ ബന്ധമുണ്ടെന്നും അതിനാല്‍ മുലപ്പാല്‍ കുറവാണെങ്കില്‍ അമ്മമാരെ കുറ്റപ്പെടുത്തുന്നതിനു പകരം കൂടെ നില്‍ക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: ഞങ്ങളുടെ തന്നു ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ എഴുതണം എന്ന് വിചാരിക്കുന്നതാണിത്. ഇതിപ്പോ ഒരു ഉപദേശമോ ബോധവൽകരണമോ ഒന്നുമല്ല. എന്‍റെ എക്സ്പീരിയന്‍സസ് വെറുതെ ഒന്ന് ഷെയര്‍ ചെയ്യാം എന്ന് കരുതി. വായിക്കുന്ന ആർക്കെങ്കിലും ഒരാൾക്ക് പ്രയോജനപ്പെട്ടാലോ...
"എന്‍റെ breast feeding അനുഭവങ്ങൾ" എന്ന് വേണമെങ്കിൽ ഇതിന് പേരിടാം....
ഞങ്ങളുടേത് ഒരു 'സാധാരണ' കല്യാണമല്ലാതിരുന്നതുകൊണ്ടുതന്നെ ഗർഭസമയത്തും പ്രസവാനന്തരവും 'സാധാരണ' കണ്ടു വരാറുള്ള, ഏഴാം മാസത്തിൽ കൂട്ടിക്കൊണ്ടു പോകൽ, പലഹാര വിതരണം, തൊണ്ണൂറു കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും കൊണ്ടുവന്നുവിടൽ - with അലമാര, തുടങ്ങിയ ആചാരങ്ങളും (അതോ അനാചാരങ്ങളോ) ചടങ്ങുകളും ഒന്നും ഞങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ പോത്താനിക്കാടുള്ള ഞങ്ങളുടെ വാടക വീട്ടിലായിരുന്നു ഗർഭകാലവും പ്രസവശേഷവും...
ഗർഭിണിയാണ് എന്നറിഞ്ഞശേഷമുള്ള ആദ്യമാസത്തെ സന്തോഷത്തിനു ശേഷം തുടങ്ങിയ ഇടതടവില്ലാത്ത ഛർദ്ദിയും, കണ്ണു തുറക്കാൻ വയ്യാത്ത രീതിയിലുള്ള മൈഗ്രേനും, കൂടെ ഒരു കമ്പനിക്ക് വന്ന യൂറിനറി ഇൻഫെക്ഷനും, വായ പൂട്ടാതെയുള്ള ചുമയും, പിന്നെ ഒരു കാര്യോം ഇല്ലാതെ വന്ന ഒരു കഴുത്ത് ഇടറലും... എല്ലാംകൂടെ സംഭവബഹുലമായി ആദ്യത്തെ നാലു മാസം കടന്നു പോയി.
ഏഴാം മാസത്തെ ചെക്കപ്പിലാണ് കുഞ്ഞിന് ചെറിയ asymmetrical IUGR ( പ്രായത്തിനൊത്ത വളർച്ചയില്ല, അയ്നാണ് ) ഉണ്ടെന്നൊരു സംശയം ഡോക്ടർ പറഞ്ഞത്. അത് സ്കാനിങ്ങിൽ ഉറപ്പിക്കുകയും ചെയ്തു.. തുടർന്നുണ്ടാകാൻ സാധ്യതയുള്ള emergencyകൾ പരിഗണിച്ച് consultation കോലഞ്ചേരി മെഡിക്കൽ മിഷനിലെ മിനി ഐസക്ക് ഡോക്ടറുടെയടുത്തേക്ക് മാറ്റി. ദിവസം 2 ഗ്ലാസ് പാലും 2 മുട്ടയും പ്രോട്ടീൻ പൗഡറും പിന്നെ പല നിറത്തിലുള്ള പൊടികളും ഒക്കെ കലക്കിക്കുടിച്ചു. കണ്ണിൽ കാണുന്നതെല്ലാം വാരിവലിച്ച് തിന്നു. പക്ഷേ 'അവൾക്ക്' അതൊന്നും ഏറ്റതേയില്ല....
അങ്ങനെ 36 ആഴ്ച കഴിഞ്ഞപ്പോൾ പ്രസവിപ്പിക്കാനുള്ള തീരുമാനമായി..
പ്രസവത്തിന് ഒരാഴ്ച മുന്നേ അമ്മ (കിരണിന്റെ ) വന്നു... മൂന്നു നാല് ദിവസം മുന്നേ പപ്പയും മമ്മിയും (എന്റെ ) വന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് രണ്ടു കൂട്ടരും കൂടെ ആദ്യമായിട്ടാണ് ഒരുമിച്ച്... നല്ല സന്തോഷം തോന്നിയെങ്കിലും ചെറുതല്ലാത്ത ടെൻഷനും ഉണ്ടായിരുന്നു. ഇനിയെങ്ങാനും വല്ല അഡ്ജസ്റ്റ്മെന്റ് പ്രോബ്ലവും. ( പക്ഷേ ഭാഗ്യത്തിന് ഒന്നും ഉണ്ടായില്ല. അവിടെ കാര്യങ്ങൾ cool ആയിരുന്നു. ബെർതെ പേടിച്ച് )
അങ്ങനെ ആ ദിവസം വന്നു... കെട്ടും ഭാണ്ഡോം എടുത്ത് പ്രസവിക്കാൻ പുറപ്പെട്ടു... പോകുന്നേനു മുന്നേ ഞങ്ങടെ മുറിയും ജനലും കർട്ടനും ഷെൽഫും എല്ലാം ഒരു പൊടി പോലും ഇല്ലാതെ വൃത്തിയാക്കിയിട്ടു. 2 ദിവസം കഴിഞ്ഞ് കൊച്ചിനു കിടക്കാനുള്ളതല്ലേ. ആശുപത്രിയിൽ എത്തി. പിറ്റേന്ന് അതിരാവിലെ 6 മണിക്ക് തുടങ്ങി, പതിനെട്ടര മണിക്കൂറുകൾ നീണ്ട മൽപിടുത്തത്തിനു ശേഷം എന്റെ തന്നു വാവയുടെ കുഞ്ഞിക്കരച്ചിൽ ഞാനാദ്യമായി കേട്ടു... "പെൺകുഞ്ഞ്" . സന്തോഷം... പെരുത്ത് സന്തോഷം. പ്രസവത്തിന് ഒരു രണ്ടാഴ്ച മുമ്പേ ചെയ്ത സ്കാനിൽ അവൾക്ക് തൂക്കം 2 kg ( +/- 300gm). ആ minus ഞാൻ സൗകര്യ പൂർവ്വം അങ്ങ് മറന്നു... മനസിൽ വിചാരിച്ചു "അന്ന് 2.300 Kg, ഇപ്പോ ഒരു 2.500 Kg എങ്കിലും ഉണ്ടാക്കുമായിരിയ്ക്കും" എന്നൊക്കെ കണക്കുകൂട്ടിക്കൊണ്ടു കിടന്ന എനിക്ക് അവളെ ആദ്യമായി കാണിച്ചു തന്നിട്ട് സിസ്റ്റർ പറഞ്ഞു, "Weight 1.810kg, കുറച്ച് ഭാരം കുറവായതുകൊണ്ട് Observation ന് വേണ്ടി NICU ൽ കൊണ്ടു പോകുവാണ്" എന്ന്...
ഇനിയാണ് ശരിക്കുമുള്ള പ്രശ്നം. അവൾക്ക് പാല് കൊടുക്കണം. ഭാരം കുറവായതുകൊണ്ട് Direct feed പറ്റില്ല. Express ചെയ്ത് feed ചെയ്യണം എന്നു പറഞ്ഞു. NICU ൽ പോയി, കുഞ്ഞിനെ കണ്ടു. പാൽ പിഴിയൽ ആരംഭിച്ചു. അര മണിക്കൂർ കുത്തിയിരുന്നു ശ്രമിച്ചിട്ടും ഒരു തുള്ളി പാലു പോലും കിട്ടിയില്ല. കരഞ്ഞു കൊണ്ടു തിരിച്ചു room ൽ വന്നു. കണ്ണൻ ആശ്വസിപ്പിച്ചു. "ആദ്യ ദിവസം ആയതു കൊണ്ടാണ്, കൊച്ച് അടുത്തില്ലല്ലോ. വേറൊന്നും ആലോചിച്ച് ടെൻഷനടിക്കണ്ട. കൊച്ചിനെപ്പറ്റി മാത്രം ആലോചിക്ക്". ഞാൻ പറ്റാവുന്ന സമയത്തൊക്കെ അവളുടെയടുത്ത് പോയി. കണ്ണാടിച്ചില്ലിലൂടെ അവളെ കണ്ടു, കുഞ്ഞു കിളിവാതിലിലൂടെ കയ്യിട്ട് അവളെ തൊട്ടു, അവളെ കൊഞ്ചിച്ചു... അങ്ങനങ്ങനെ എനിക്ക് അവളോടുള്ള സ്നേഹം കൂടുന്നതനുസരിച്ച് പാലിന്റെ അളവും കൂടി വന്നു. മൂന്നു നാലു ദിവസം കൊണ്ട് അവൾക്ക് ആവശ്യമുള്ള പാൽ കിട്ടിത്തുടങ്ങി. പാൽ പിഴിഞ്ഞ് അത് അവൾക്ക് കൊടുത്ത് burping ഉം കഴിഞ്ഞ് അവളെ ഉറക്കുമ്പോഴേയ്ക്കും അടുത്ത റൗണ്ട് പാൽ പിഴിയാനുള്ള നേരം ആകുമായിരുന്നു. അങ്ങനെ പ്രസവിച്ചു 'കിടക്കൽ' നു പകരം പ്രസവിച്ച് 'ഇരിക്കൽ' ആയിരുന്നു ആദ്യത്തെ ഒരു മാസക്കാലം.
ഇതിനിടയിലാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പാൽ എടുത്തു കൊണ്ടിരിക്കുമ്പോൾ കണ്ണനും എന്റെ ചേച്ചിയും അല്ലാതെ മറ്റാരെങ്കിലും റൂമിലേക്ക് വരുകയോ, എന്തെങ്കിലും ടെൻഷനടിപ്പിക്കുന്ന കാര്യം ആലോചിക്കുകയോ ചെയ്താൽ അപ്പോൾ തന്നെ പാൽ വരല് നിക്കും... പിന്നെ എത്ര ശ്രമിച്ചാലും ഒരു തുള്ളി പോലും കിട്ടില്ല. അപ്പോഴാണ് ടെൻഷനും മുലപ്പാലും inversely proportional ആണെന്ന നഗ്നസത്യം ഞാൻ മനസിലാക്കിയത്...
അതിനിടയിൽ മറ്റൊരു പ്രശ്നം തലപൊക്കി. ഗർഭസമയത്ത് എന്റെ കഴുത്തിലായി പ്രത്യക്ഷപ്പെട്ട ഒരു lymph node നീക്കം ചെയ്യാൻ സർജറി ചെയ്യണം എന്ന് പറഞ്ഞു. കുഞ്ഞ് IUGR കൂടി ആയതുകൊണ്ട് അതെടുത്ത് എനിക്ക് ടി.ബി. ബാധയൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നു... അങ്ങനെ പ്രസവം കഴിഞ്ഞ് എട്ടാം ദിവസം തന്നൂനുള്ള പാലും എടുത്തു വെച്ച്, "എന്റെ കൊച്ചിനെ നോക്കിക്കോണേ കണ്ണാ" എന്നു ഗദ്ഗദകണ്ഠയായി കണ്ണനോടു പറഞ്ഞിട്ട് ഞാൻ operation theatre ലേയ്ക്ക് പോയി. (പിന്നെയാ അറിഞ്ഞത് ഞാൻ വരുന്നതുവരെ ഒരാളവിടെ കൊച്ചിനേം മടീലെടുത്തുവച്ച് കരച്ചിലായിരുന്നെന്ന് ) സർജറി കഴിഞ്ഞപ്പോൾ കാര്യങ്ങൾ വീണ്ടും വഷളായി. പാൽ കുറവ്. എന്നാലും എങ്ങനെയെങ്കിലും ഒക്കെ കുഞ്ഞിനുള്ളത് ഒപ്പിച്ചു. രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞ് അവൾക്ക് വെയ്റ്റ് കൂടിത്തുടങ്ങിയപ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വന്നു.
എന്റെ ചേച്ചിയും കണ്ണനും മാത്രമേ അന്ന് കൂടെ ഉണ്ടായിരുന്നുള്ളൂ... അങ്ങനെ ദേ പോയി പെറ്റിട്ട് രണ്ടുദിവസം കഴിഞ്ഞ് തിരിച്ചു വരാമെന്ന് വിചാരിച്ച ഞങ്ങള് തിരിച്ചു വന്നത് പന്ത്രണ്ട് ദിവസം കഴിഞ്ഞ് മുറിയൊക്കെ പഴയതിനേക്കാൾ പൊടിപിടിച്ച അവസ്ഥ. ഇത്രയും ദിവസവും ആശുപത്രിയിലെ Safe ആയ ആ അവസ്ഥയിൽ നിന്ന് ഈ ഭാരം കുറഞ്ഞ കുഞ്ഞിനേയും കൊണ്ട് വീട്ടിലേയ്ക്ക് വന്നതിന്റെ ടെൻഷൻ വേറെ.. ആകെ ഒരു അനിശ്ചിതത്വം... എന്തിനേറെപ്പറയുന്നു, പാല് പോയ വഴി കണ്ടില്ലെന്നു പറഞ്ഞാൽ മതിയല്ലോ. ഞാനും കുഞ്ഞേച്ചീം മാറി മാറി express ചെയ്യാൻ ശ്രമിച്ചു. ബ്രസ്റ്റ് പമ്പ് കൊണ്ടും അല്ലാതെയും ശ്രമിച്ചു. ഒരുതുള്ളി... യെവ്ടന്ന്... സഹിക്കാൻ പറ്റാത്ത വേദന മാത്രം മിച്ചം. Direct feed ചെയ്യാൻ ശ്രമിച്ചു. അതും പരാജയപ്പെട്ടു. എന്തു ചെയ്യും... കട്ട ഡാർക്ക് സീൻ....
റിലാക്സ് ചെയ്യ്ന്ന് പറഞ്ഞ് കണ്ണനും റിലാക്സ് ചെയ്യാൻ ശ്രമിച്ച് ഞാനും പരാജയപ്പെട്ടു...
അപ്പോഴാണ് കണ്ണന് ഒരു ഗഡാഗഡിയൻ ഐഡിയ ഉദിച്ചത്. കോമഡി സിനിമകൾ എനിക്ക് പൊതുവേ ഇഷ്ടമാണ്. ആയിടയ്ക്കെപ്പോഴോ ആണ് പ്രേമം സിനിമ റിലീസ് ആയത്. അന്ന് അതുംകണ്ട് ഞാൻ കുറെയേറെ ചിരിച്ചതാണ്... ആ സിനിമയുടെ കുറേ comedy clips ഫോണിൽ ഉണ്ടായിരുന്നു. കണ്ണൻ എനിക്കതു വച്ചുതന്നു... ഞാനതു കണ്ടിരുന്ന് സമാധാനമായിട്ട് ചിരിച്ചു... കണ്ണൻ പാൽ പിഴിഞ്ഞു... തൊട്ടു മുൻപ് ഒരു തുള്ളി പോലും കിട്ടാത്ത അവസ്ഥയിൽ നിന്നും തന്നുവിന് ആവശ്യത്തിൽ കൂടുതൽ പാൽ കിട്ടിത്തുടങ്ങി...
"മുലപ്പാലിനെപ്പറ്റി ആരും ഇവിടെ ഒരക്ഷരം മിണ്ടിപ്പോകരുത്" എന്ന കണ്ണന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നതു കൊണ്ടോ എന്തോ, "അവൾക്ക് പാലില്ല" എന്ന പതിവു പല്ലവി എനിക്ക് ഒരിടത്ത് നിന്നും കേൾക്കേണ്ടി വന്നിട്ടേയില്ല.
അധികം കൈമാറി എടുക്കണ്ട എന്നൊരു നിർദ്ദേശം ഉണ്ടായിരുന്നത് കൊണ്ട് ആദ്യത്തെ രണ്ടു മാസം അവളെ ഞാനും കണ്ണനും മാത്രമേ എടുത്തിട്ടുള്ളൂ, അതുകൊണ്ടുതന്നെ അധികം ഉറങ്ങാനും പറ്റിയിട്ടില്ല... ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ direct feed തുടങ്ങി. 6 മാസം കൊണ്ട് തന്നുവാവ 1.810 കിലോയിൽ നിന്ന് 5.6 കിലോ ആയി...
മേൽ വിവരിച്ച അവസ്ഥകളിൽ പലതും എനിക്ക് ബാലികേറാമല തന്നെയായിരുന്നു... ആ അവസ്ഥകളിൽ എന്നെ Strong ആയി Support ചെയ്തത് കണ്ണനും എൻറെ ചേച്ചിയും ആയിരുന്നു. 'പാലില്ല' എന്നു പറഞ്ഞ് നൈസായി ചൊറിയുന്നതിനു പകരം 'പാൽ ഉണ്ടാകും' എന്നു പറഞ്ഞ് സപ്പോർട്ട് ചെയ്താൽ തീരാവുന്നതേയുള്ളു ഭൂരിഭാഗം പ്രശ്നങ്ങളും എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ 'പാലില്ല' എന്നും പറഞ്ഞ് കുത്തിരസിക്കുന്നവരോട് "കടക്ക് പുറത്ത്" എന്നു തന്നെയാണ് പറയണ്ടത്. (ആ ഭാവം നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നോക്കി ആവശ്യമുള്ളവർ ഒന്ന് പഠിച്ചു വെച്ചോ )
ഇന്ന് എനിക്ക് അഭിമാനത്തോടെ തന്നെ തലയുയർത്തി നിന്ന് പറയാനാകും, "എന്റെ തന്നൂന് ഞാൻ ആദ്യത്തെ ആറുമാസം എന്റെ മുലപ്പാൽ മാത്രമേ നൽകിയിട്ടുള്ളൂ" എന്ന്...
Happy breastfeeding week 🤱🏻
