
ബോസ്റ്റന്‍: പുതിയ കാലത്തിന്‍റെ മാധ്യമങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഈ മാധ്യമങ്ങള്‍ വ്യക്തികളുടെ ലോകത്തെ കൂടുതല്‍ വിശാലമാക്കുന്നു എന്നാണ് നാം ഇതുവരെ കേട്ടത്. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അത്രശുഭകരമല്ല. പ്രത്യേകിച്ചും ഈ കൂട്ടത്തിലെ മുമ്പനും വമ്പനുമായ ഫേസ്ബുക്കിന്‍റെ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക. ഈ നവമാധ്യമം ഇടുങ്ങിയ മന:സ്ഥിതിക്കാരെ സൃഷ്ടിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.യു എസിലെ ബോസ്റ്റന്‍ സര്‍വകലാശാലയിലെ ഡാറ്റ മാതൃകയായി ഉപയോഗിച്ച് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍.

സ്വന്തം അഭിപ്രായവുമായി ചേര്‍ന്നുനില്‍ക്കുന്ന വാര്‍ത്തകളും വീക്ഷണങ്ങളും മാത്രമാണ് ഒരാള്‍ ഫേസ് ബുക്കിലും തേടുന്നതെന്നാണ് ഈ പഠനങ്ങളിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്.
ചില പ്രത്യേക ഉള്ളടക്കങ്ങള്‍ അടങ്ങിയവ മാത്രം തെരഞ്ഞെടുക്കാനും ബാക്കിയുള്ളവയെ വിട്ടുകളയാനും കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നതായും ഗവേഷകര്‍ കണ്ടത്തെി. വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ വേണ്ടിയും തങ്ങളില്‍ നേരത്തേയുള്ള വിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിനുമുള്ള ത്വരയാണ് മഹാഭൂരിപക്ഷത്തിനും. ഇതിനെ ‘മുന്‍വിധികളുടെ സ്ഥിരീകരണം’ എന്നു വിളിക്കാമെന്നും ഇതാണ് ഫേസ്ബുക്കിലെ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന്‍റെ പിന്നിലെ പ്രേരണയെന്നും സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ അലസാന്‍ഡ്രോ ബെസ്സി പറയുന്നു.

സ്വന്തം താല്‍പര്യങ്ങളുടെയും വാദങ്ങളുടെയും സാധൂകരണത്തിനാണ് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ കൂടുതല്‍ പേരും ശ്രദ്ധചെലുത്തുന്നതെന്ന് ചുരുക്കം. സാമൂഹ മാധ്യമം നമ്മെ ഒറ്റപ്പെട്ടവരാക്കും. പക്ഷപാതങ്ങള്‍ക്ക് വഴിയൊരുക്കും. പഴക്കമേറിയതും തെറ്റായതുമായ വിവരങ്ങള്‍ വീണ്ടും വീണ്ടും തികട്ടിത്തികട്ടിയെത്തിക്കും. പഠനം ചൂണ്ടിക്കാട്ടുന്നു. കണ്ടെത്തലുകള്‍ പിഎന്‍എഎസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
