'സെക്യൂരിറ്റി' എന്ന ടാബ് ക്ലിക്ക് ചെയ്തപ്പോഴാണ് ഞാനേറ്റവും സംഭ്രമിച്ചത് ഞാന്‍ എവിടെയൊക്കെ പോകുന്നു എന്ന വിവരങ്ങളടക്കം അവരെന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു
ഫേസ് ബുക്ക് എങ്ങനെയാണ് നമ്മുടെ വിവരങ്ങള് ചോര്ത്തുന്നത്? നമ്മുടെ എന്തൊക്കെ വിവരങ്ങള് ഫേസ്ബുക്കിന്റെ കൈയിലുണ്ട്? ഇക്കാര്യം അറിയുന്നതിന് സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിന്റെ കോപ്പി ഡൗണ്ലോഡ് ചെയ്യുകയായിരുന്നു രാധികാ സംഖാനി. ആ ഡാറ്റ കൈയിലെത്തിയപ്പോള് അവരെത്തിയത് അമ്പരപ്പിക്കുന്ന ചില തിരിച്ചറിവുകളിലായിരുന്നു. ആ അനുഭവം പറയുകയാണ് രാധിക ഇവിടെ. ബിബിസി പ്രസിദ്ധീകരിച്ച രാധികയുടെ കുറിപ്പിന്റെ സ്വതന്ത്ര വിവര്ത്തനം
സത്യം പറഞ്ഞാല്, എന്റെ സ്വകാര്യ വിവരങ്ങള് ഓണ്ലെനില് ഉണ്ടാവുന്നതിനെ കുറിച്ച് വലിയ ആധിയൊന്നും പുലര്ത്താത്ത ഒരാളാണ് ഞാന്. കാര്യം കുഴപ്മാണ്, എന്നാലും അതിനെതിരായി എന്തെങ്കിലും ചെയ്യുന്നതില് വലിയ കാര്യമില്ല. നാമെവിടെ തുടങ്ങുമെന്നാണ് കരുതേണ്ടത്?
എനിക്ക് 28 വയസാണ്. ജീവിതത്തിന്റെ മുക്കാല് പങ്കും ഓണ്ലൈനിലായിരുന്നു ചിലവഴിച്ചത്. പത്താമത്തെ വയസില് എനിക്കൊരു ഹോട്ട് മെയില് അക്കൌണ്ടുണ്ടായിരുന്നു, പതിനൊന്നാമത്തെ വയസില് ഫോണ്, പതിനാറാമത്തെ വയസില് ഫേസ് ബുക്ക്അക്കൌണ്ട്. അതിലേക്ക് നിരവധി സ്വകാര്യ വിവരങ്ങള് ഞാന് നല്കിയിട്ടുണ്ടായിരുന്നു. പക്ഷെ, അതിനെക്കുറിച്ചൊന്നും ആശങ്കകളുണ്ടായിരുന്നില്ല.
പക്ഷെ, കോടിക്കണക്കിന് ജനങ്ങളുടെ വിവരങ്ങള് ഫേസ് ബുക്ക് ശേഖരിച്ചിട്ടുണ്ടെന്ന് കേട്ടപ്പോള് എന്റെ എന്തൊക്കെ വിവരങ്ങള് ഫേസ് ബുക്കിന്റെ കയ്യിലുണ്ടാകുമെന്നറിയാന് എനിക്ക് കൌതുകം തോന്നി. അങ്ങനെ ഞാന് ഫേസ് ബുക്കിന്റെ കയ്യിലുള്ള എന്റെ എല്ലാ വിവരങ്ങളും ഡൌണ്ലോഡ് ചെയ്യാന് തയ്യാറെടുത്തു. 'സെറ്റിങിസ്' വഴി അതിപ്പോള് വളരെ എളുപ്പമാണ്. 12 വര്ഷത്തെ എല്ലാ വിവരങ്ങളും അങ്ങനെ ഡൌണ്ലോഡായിത്തുടങ്ങി.
എന്നെ കുറിച്ച് 324 mb യോളം വരുന്ന വിവരങ്ങളാണ് ഫേസ് ബുക്കിന്റെ കയ്യിലുണ്ടായിരുന്നത്. നാല്പത് മിനിറ്റോളം ഇത് ഡൌണ്ലോഡാവാന് എടുത്തു. ഡൌണ്ലോഡിങ്ങ് പൂര്ത്തിയായതോടെ, എനിക്കറിയാവുന്നതില് കൂടുതല് എന്റെ പല വിവരങ്ങളും ഫേസ് ബുക്കിനറിയാമെന്ന് എനിക്ക് മനസിലായി. ഡൌണ്ലോഡ് പൂര്ത്തിയായിക്കഴിഞ്ഞപ്പോള് ആകാംക്ഷയോടെ ഞാനത് പരിശോധിച്ചു തുടങ്ങി. ഇന്ഡെക്സില് നോക്കിയാല് അത് പരിശോധിക്കാം.
ഞാന് പ്രതീക്ഷിച്ച കുറേ കാര്യങ്ങള് ഞാനതില് കണ്ടു. ഫോണ് നമ്പര്, ജനനത്തീയ്യതി, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം. കൂടാതെ, എന്റെ അമ്മ ആരാണ്, ആരാണ് എന്റെ കസിന്സ് ഇതൊക്കെ ഫേസ് ബുക്കിനറിയാം. ഓരോ തവണയായി ഞാന് ലൈക്ക് ചെയ്ത പേജുകള്, ഗ്രൂപ്പുകള് എല്ലാം കണ്ടു. 'കോണ്ടാക്ട് ഇന്ഫോ ടാബ്' ക്ലിക്ക് ചെയ്യുന്നതുവരെ ഇതൊക്കെ തമാശപോലെയാണ് ഞാന് കണ്ടത്. ഒരായിരം ആള്ക്കാരുടെ പേരും ഫോണ് നമ്പറും അതാ, അതിലുണ്ട്. പലരും എന്റെ ഫേസ് ബുക്ക് സുഹൃത്തുക്കള് പോലുമല്ല. പഴയ കാമുകന്മാരുടെ നമ്പര് വരെ അതിലുണ്ടായിരുന്നു. വര്ഷങ്ങള്ക്കു മുമ്പ് നഷ്ടപ്പെട്ടുപോയ നമ്പര് വരെ അതിലുണ്ട്. ഫോണ് വാങ്ങിയപ്പോള് അതില് ഫേസ് ബുക്ക്ആപ് ഡൌണ്ലോഡ് ചെയ്യുമ്പോള് ഫോണ്കോണ്ടാക്ട് അതുമായി ബന്ധിപ്പിച്ചിരുന്നു. അതാണ് സംഭവം. അതെന്റെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവാണ്. ഫേസ് ബുക്ക്ഡൌണ്ലോഡ് ചെയ്യുകയെന്നാല് നഷ്ടപ്പെട്ട ഫോണ് നമ്പറുകള് തിരിച്ചുപിടിക്കുക കൂടിയാണെന്ന് അന്നെനിക്ക് മനസിലായി. ഫേസ് ബുക്ക്വഴി ലൈക്ക് ചെയ്ത പല ഉത്പ്പന്നങ്ങളുടെയും കമ്പനികള് പരസ്യം നമ്മുടെ മൊബൈലിലേക്ക് അയക്കുന്നതുമിങ്ങനെയാവാം.
പക്ഷെ, 'സെക്യൂരിറ്റി' എന്ന ടാബ് ക്ലിക്ക് ചെയ്തപ്പോഴാണ് ഞാന് ഏറ്റവും കൂടുതല് സംഭ്രമിച്ചത്. 2010ലും 2011ലും ഞാന് അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് അതിലുണ്ടായിരുന്നു. തുടങ്ങിയ ദിവസം മുതല് എന്റെ ഐ.പി അഡ്രസ്സില് ഞാന് എവിടെ നിന്നെല്ലാം അക്കൌണ്ടില് കയറി എന്ന വിവരങ്ങളും വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതായത് ഞാന് എവിടെയൊക്കെ പോകുന്നു എന്ന വിവരങ്ങളടക്കം അവരെന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇതൊക്കെ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നറിയാന് എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. സൈബര് കാര്യങ്ങളില് വിദഗ്ദനായ എർക്ക് ബോയ്ട്ടെനോട് ഞാന് ഇതിനെ കുറിച്ച് സംസാരിച്ചു. 'നമ്മള് അറിഞ്ഞുകൊണ്ട് നല്കുന്ന വിവരങ്ങള്, നമ്മളെ കുറിച്ചുള്ള വിവരങ്ങളടക്കമുള്ളത് പ്രശ്നമല്ല. പക്ഷെ, ട്രാക്കിങ്ങാണ് പ്രശ്നം. ഏതൊക്കെ തരത്തില് എങ്ങനെയൊക്കെ അത്തരം ട്രാക്കിങ്ങുകള് നടക്കുന്നുവെന്നത് പറയുക സാധ്യമല്ല. നൂറുകണക്കിന് ഫോട്ടോകള്, ഞാനയച്ചതും എനിക്ക് വന്നതുമായ ആയിരക്കണക്കിന് മെസ്സേജ് എല്ലാം അതിലുണ്ടായിരുന്നു. അതിലൊന്ന് എന്നെ കരയിച്ചു. വര്ഷങ്ങള്ക്ക് മുമ്പ് മരിച്ചുപോയൊരു സുഹൃത്തയച്ചതായിരുന്നു ആ സന്ദേശം. നമ്മള് തമ്മില് ഇങ്ങനെയൊരു സംഭാഷണം നടന്നിരുന്നുവെന്നതുപോലും ഞാന് മറന്നുപോയിരുന്നു. 'സാരമില്ല, പറ്റുമ്പോള് സംസാരിക്കാം' എന്നാണ് അവന് അവസാനമയച്ച സന്ദേശം. ഞാനതിന് മറുപടി അയച്ചിരുന്നില്ല. കുറച്ചു നാളുകള്ക്ക് ശേഷം അവന് മരിച്ചു.
ഒരിക്കലും ഇനി ഓര്ക്കുകയേ ഇല്ലെന്ന് വച്ച പല വിവരങ്ങളും ഡൌണ്ലോഡ് ചെയ്ത ഫയലിലുണ്ടായിരുന്നു. ഇനി ഒരിക്കല് കൂടി അതൊന്നും കാണാനോ വായിക്കാനോ എനിക്ക് കഴിയില്ല. എല്ലാം ഒരു സിപ് ഫയലാക്കി ഫേസ് ബുക്ക്എന്നെ ഏല്പ്പിച്ചു. അപ്പോള് വേദനയോടെ ഞാനൊരു കാര്യം മനസിലാക്കി. ഒരിക്കലും എനിക്കെന്റെ ഭൂതകാലത്തില് നിന്നും ഒളിച്ചോടാന് പറ്റില്ല. അത്രയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഭൂതകാലത്തിലെ പല വിവരങ്ങളും ഫേസ് ബുക്ക്ഇങ്ങനെ സൂക്ഷിച്ചുവച്ചുകാണുമെന്ന് ഞാന് കരുതിയതേ ഇല്ല.
ലണ്ടന് സ്കൂള് ഓഫ് എക്കണോമിക്സിലെ സൈക്കോളജി പ്രൊഫസര് ഡോ. ഇലിക്ക ഗ്ലെയ്ബ്സ് പറയുന്നു. ' ഇതൊക്കെ കാണുമ്പോള് ഫേസ് ബുക്ക്നമ്മളെ ചതിച്ചതായി തോന്നാം. നമ്മുടെ സ്വകാര്യങ്ങളായ പല കാര്യങ്ങളും അത് സൂക്ഷിച്ചിട്ടുണ്ടാകാം. ഡാറ്റ (data)എന്ന് പറയുമ്പോള് നമ്മള് കണക്കുകളെ കുറിച്ചാണ് ഓര്ക്കുക. എന്നാല് കണക്കുകളല്ല. നമ്മുടെ സൌഹൃദങ്ങള്, സ്നേഹം,അനുഭവങ്ങള്,ഓര്മ്മകള്, ഉയര്ച്ചകള്, താഴ്ചകള് എല്ലാം അവിടെയുണ്ടാകും. '
ഇതൊക്കെ ചെയ്ത് കഴിഞ്ഞപ്പോള് എനിക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാനും പുതിയൊരു രാധികയാവാനും തോന്നി. പക്ഷെ, ഒരു കാര്യവുമില്ല. എല്ലാ വിവരങ്ങളും അവിടെത്തന്നെ കാണും. ഇനി ലോഗിന് ചെയ്യുമ്പോള് ഞാന് കൂടുതല് ശ്രദ്ധാലുവായിരിക്കും. അതെങ്ങനെ ഉപയോഗിക്കണമെന്നെനിക്കറിയാം. ഏത് ആപ്പ് സൈന് ചെയ്യുമ്പോള് അതിന്റെ നിയമങ്ങള് വായിച്ചുനോക്കുമെന്ന് പറഞ്ഞാണ് രാധിക ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
