ഷിക്കാഗോ: അതൊരു ഫേസ്ബുക്ക് ലൈവ് ആയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന അന്റോണിയോ പെര്‍ക്കിന്‍സ് എന്ന 28കാരന്‍ അയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ ലൈവ് നടത്തിയത്. കാഴ്ചക്കാരോട് സംസാരിക്കുന്നതിനിടെ പൊടുന്നനെ വെടിയൊച്ചകള്‍ മുഴങ്ങി. ഫോണിലെ ദൃശ്യങ്ങള്‍ മറഞ്ഞു. കണ്ടുനിന്നവര്‍ അമ്പരന്നു നിന്നു. സ്‌ക്രീനില്‍ പിന്നെ ഇരുട്ടായി. 

അതൊരു കൊലപാതകമായിരുന്നു.ഫേസ്ബുക്ക് ലൈവിനിടെ നടന്ന ആ കൊലയുടെ വീഡിയോ 10 ലക്ഷത്തിലേറെ തവണ ഫേസ്ബുക്കില്‍ കണ്ടുകഴിഞ്ഞു.

ഷിക്കാഗോയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നാണ് അന്റോണിയോ പെര്‍ക്കിന്‍സ് ലൈവ് നടത്തിയത്. അടുത്തുള്ള പലരും ആ ദൃശ്യങ്ങളില്‍ കടന്നു വന്നു. അതിനിടയിലാണ്, അന്റോണിയോയ്ക്ക് വെടിയേറ്റത്. മൊബൈല്‍ ഫോണ്‍ നിലത്ത് വീണു. ഗുരുതരമായി പരിക്കേറ്റ അന്റോണിയോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ് എന്ന് ഷിക്കാഗോ പൊലീസ് അറിയിച്ചു. വിവിധ കേസുകളില്‍ പ്രതിയായിരുന്നു അന്റോണിയോയെന്ന് പൊലീസ് അറിയിച്ചു.