തുർക്കിയിൽ നടന്നൊരു വിവാഹ ചടങ്ങിൽ, വധുവിന് നൽകുന്നതിന് മുൻപ് വരൻ കേക്ക് കഴിച്ചത് തർക്കത്തിന് കാരണമായി. പ്രകോപിതനായ വരൻ കേക്ക് തട്ടി താഴെയിട്ടതോടെ വധു കരഞ്ഞ് വേദി വിട്ടിറങ്ങി, പിന്നാലെ വരനും പോയി. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

തുർക്കിയിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ അസാധാരണമായ സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാധാരണഗതിയിൽ സന്തോഷത്തോടെയും ആഘോഷത്തോടെയും നടക്കേണ്ട കേക്ക് മുറിക്കൽ ചടങ്ങാണ് ഒടുവിൽ കൈയാങ്കളിയിൽ കലാശിച്ചത്. വളരെ സന്തോഷകരമായ വിവാഹ ആഘോഷമായിരുന്നു അതെന്ന് വീഡിയോയിൽ വ്യക്തം. എന്നാൽ. ആ സന്തോഷം നിമിഷങ്ങൾക്കുള്ളിൽ സംഘർഷത്തിന് വഴി മാറുകയും വധുവും വരനും വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോകുന്നതിലേക്ക് നയിക്കുകയും ചെയ്തു.

ആദ്യം വധുവിന് നൽകിയില്ല

ബന്ധുക്കളും സുഹൃത്തുക്കളും ഫോട്ടോഗ്രാഫർമാരും സന്തോഷകരമായ നിമിഷം പകർത്താനായി ദമ്പതികൾക്ക് ചുറ്റും കൂടിനിൽക്കുകയായിരുന്നു. വധുവും വരനും ചേർന്ന് കേക്കിന് മുകളിൽ ഐസിങ് നടത്തുന്നതിനിടയിലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഐസിങിന് ശേഷം വരൻ തന്‍റെ വിരലുകൊണ്ട് അല്പം ഐസിങ് എടുത്ത് രുചിച്ചു നോക്കി. വധുവിന് നൽകുന്നതിന് മുൻപ് വരൻ സ്വയം കഴിച്ചത് അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവൾ ഉടനടി ഇതിനെ ചോദ്യം ചെയ്യുകയും തന്‍റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വധുവിന്‍റെ ചോദ്യം ചെയ്യലിൽ പെട്ടെന്ന് പ്രകോപിതനായ വരൻ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മേശയിലിരുന്ന കേക്ക് തട്ടി താഴെക്കെറിഞ്ഞു. കേക്ക് നിലത്ത് വീണ് ചിതറുന്നത് കണ്ട് അതിഥികളും ഫോട്ടോഗ്രാഫർമാരും സ്തംഭിച്ചു പോയി. ഇതോടെ നിയന്ത്രണം വിട്ട വധു ചടങ്ങിൽ വെച്ച് പൊട്ടിക്കരയുകയും വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പിന്നാലെ വരനും വേദിയിൽ നിന്നും ഇറങ്ങികുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

Scroll to load tweet…

ഇരുവർക്കും വിമർശനം

എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വീഡിയോ കണ്ട മൂന്ന് ദശലക്ഷത്തിലധികം ആളുകൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഈ പ്രശ്നത്തിന് കാരണം കേക്ക് മാത്രമാണെന്ന് തോന്നുന്നില്ല, ഇവർക്കിടയിൽ മുൻപേ മറ്റ് അസ്വാരസ്യങ്ങൾ ഉണ്ടായിരിക്കാമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ഇവർ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ പാടുള്ളതല്ല, ഇവർ പരസ്പരം തല്ലിത്തീർക്കുമെന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. സാധാരണയായി വധുവും വരനും പരസ്പരം കേക്ക് നൽകുന്നതാണ് പതിവെന്നും എന്നാൽ, ഇവിടെ വരൻ തനിച്ച് കഴിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ, വരന്‍റെ അക്രമാസക്തമായ പെരുമാറ്റത്തെയും വധുവിന്‍റെ പരസ്യമായ എതിർപ്പിനെയും ഒരുപോലെ വിമർശിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ.