ലണ്ടന്‍: ഒരു അവധിക്കാല യാത്ര തിരിഞ്ഞ് തിരിച്ചെത്തിയ ആ കുടുംബത്തെ കാത്തിരുന്നത് എലികളായിരുന്നു. എലികള്‍ എന്നു പറയുമ്പോള്‍ ഒന്നും രണ്ടുമല്ല നൂറോളം വലിയ എലികള്‍. ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം കരണ്ടു തിന്നും കിടക്ക അടക്കമുള്ള വസ്തുക്കള്‍ നശിപ്പിച്ചും അവ തിമിര്‍ക്കുകയായിരുന്നു.

ഒരൊറ്റ ദിവസം കൊണ്ട് അവര്‍ക്ക് മനസ്സിലായി, ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്ന്. വിവരമറിഞ്ഞ് എത്തിയ നഗരസഭാ അധികൃതരും അതു ശരിവെച്ചു. ഇപ്പോള്‍ സുഹൃത്തുക്കളുടെ വീടുകളില്‍ കഴിയുകയാണ് അയര്‍ലണ്ടിലെ ഈ കുടുംബം. ഇവര്‍ക്ക് മറ്റൊരു വീട് തേടുകയാണ് നഗരസഭാ അധികൃതര്‍. 


ബെല്‍ഫാസ്റ്റിലെ റൂത്‌ലാന്റ് സ്ട്രീറ്റിലെ ഇത്ര കാലം ജീവിച്ചിരുന്ന മൈക്കിള്‍ മക് ഫാന്‍, ഭാര്യ പൗള, രണ്ട് മക്കള്‍ എന്നിവരടങ്ങിയ കുടുംബമാണ് ഇപ്പോള്‍ തെരുവിലായത്. ഇവര്‍ അവധിക്കാല യാത്രയ്ക്ക് പോയ സമയത്ത് വീട്ടില്‍ വലിയ എലികള്‍ വന്ന് തമ്പടിക്കുകയായിരുന്നു. ഇലക്ട്രിക് കേബിള്‍ വഴിയായിരുന്നു ഇവരുടെ വരവ്. പെട്ടെന്ന് തന്നെ വീടിന്റെ 'നിയന്ത്രണം' ഏറ്റെടുത്ത എലികള്‍ കാരണം മക്ഫാനും കുടുംബത്തിനും താമസിക്കാന്‍ വയ്യാതാവുകയായിരുന്നു.