'ഒരു മുറി മാത്രമാണ് വാസയോഗ്യമായിട്ടുള്ളത്. പക്ഷെ, അതിലെല്ലാം വലുത് നമ്മളൊടുക്കം സ്വന്തം വീട്ടിലേക്ക് തിരികെ വന്നിരിക്കുന്നുവെന്നതാണ്. അതിന് ദൈവത്തോട് നന്ദി പറയുന്നു. റാക്കയാണ് ഞങ്ങള്‍ക്കേറ്റവുമിഷ്ടപ്പെട്ട പ്രദേശം.'

റാക്ക: യുദ്ധങ്ങള്‍, കലാപങ്ങള്‍ എല്ലാം അനാഥരാക്കുന്നത് സാധാരണക്കാരെയാണ്. വീടുവിട്ട് പലര്‍ക്കും പലായനം ചെയ്യേണ്ടി വരുന്നു. പ്രിയപ്പെട്ടവരെ നഷ്ടമാകുന്നു. റാക്കയിലെ കലാപങ്ങള്‍ക്കിടയില്‍, അഞ്ച് വര്‍ഷം മുമ്പ് വീടുവിട്ട ഒരു കുടുംബം ഒടുവില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണ്. അതവര്‍ക്ക് നല്‍കുന്ന സമാധാനം അത്രയും വലുതാണ്. 

ഉം ലുവായും ഒമ്പതു മക്കളും അഞ്ച് വര്‍ഷത്തെ ഭയത്തിനും, അനിശ്ചിതത്വത്തിനും, അലച്ചിലുകള്‍ക്കും ഒടുവില്‍ സിറിയന്‍ നഗരമായ റാക്കയിലേക്ക് തിരികെയെത്തി. 

''റാക്കയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കുള്ള ഐന്‍ ഇസ്സയിലെ ക്യാമ്പിലെ ജീവിതം ദുഷ്കരമായിരുന്നു. ഞങ്ങളുടെ ബന്ധുക്കളില്‍ ചിലര്‍ക്കൊന്നും ടെന്‍റ് പോലും കിട്ടിയില്ല. ക്യാമ്പിലെ അവരുടെ ജീവിതം അങ്ങേയറ്റം ദയനീയമായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ തിരികെ പോകാനൊരുങ്ങുന്നത്. നമ്മുടെ വീട് കണ്ടാല്‍ നിങ്ങള്‍ അദ്ഭുതപ്പെടും. ആ വീട്ടിലേക്കാണോ നിങ്ങള്‍ തിരികെ പോകുന്നതെന്ന്. പക്ഷെ, ഞങ്ങളിവിടെ ഒട്ടും സ്വസ്ഥരല്ല.'' ഉം ലുവായും കുടുംബവും പറയുന്നു. 

ഇവിടെ നിന്നും രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ റാക്കയിലെത്താം. 2013ലാണ് ഉം ലുവായുടെ കുടുംബം റാക്കയില്‍ നിന്നു പോരുന്നത്. 2017ലാണ് ഭൂരിഭാഗം പേരും റാക്ക വിടുന്നത്. കഴിഞ്ഞ വര്‍ഷം ഐ.എസ്സുമായി നടന്ന ഏറ്റുമുട്ടലോടെ 250,000 പേരും പലായനം ചെയ്തു. ജൂലൈയിലെ കണക്കനുസരിച്ച് 147,000 പേര്‍ തിരികെയെത്തി. യുണൈറ്റഡ് നാഷണ്‍സ് പറയുന്നത്, നഗരത്തിന്‍റെ 80 ശതമാനവും തകര്‍ന്നിരിക്കുകയാണ് എന്നാണ്. പക്ഷെ, പതിയെ നഗരം പഴയതുപോലെയായിത്തുടങ്ങിയിട്ടുണ്ട്.

ഉം ലുവായുടെ വീട് മുഴുവനായും തകര്‍ന്നിരിക്കുകയാണ്. 'ഒരു മുറി മാത്രമാണ് വാസയോഗ്യമായിട്ടുള്ളത്. പക്ഷെ, അതിലെല്ലാം വലുത് നമ്മളൊടുക്കം സ്വന്തം വീട്ടിലേക്ക് തിരികെ വന്നിരിക്കുന്നുവെന്നതാണ്. അതിന് ദൈവത്തോട് നന്ദി പറയുന്നു. റാക്കയാണ് ഞങ്ങള്‍ക്കേറ്റവുമിഷ്ടപ്പെട്ട പ്രദേശം. ഞങ്ങള്‍ കരുതുന്നത് പതിയെ പതിയെ എല്ലാം നന്നാക്കിയെടുക്കാമെന്നും, വീട് പഴയതുപോലെയാക്കാമെന്നുമാണ്. സ്വന്തം വീടിനേക്കാളും നല്ല ഒരിടം ഈ ഭൂമിയിലുണ്ടോ? ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് വിടാന്‍ നമ്മള്‍ നിര്‍ബന്ധിതരായതാണ്. ഈ വീടെല്ലാം തകര്‍ന്നിരിക്കുകയാണ്. പക്ഷെ, ഒരു ക്യാമ്പില്‍ കഴിയുന്നതിനേക്കാളും സ്വന്തം വീട്ടിലേക്ക് വരുന്നത് സന്തോഷം തരുന്നു. എല്ലാം ശരിയാക്കാം.' എന്നും ഇവര്‍ പറയുന്നു. 

വീഡിയോ:

കടപ്പാട്: ബിബിസി