നമ്മൾ ഭാഗ്യം കൊണ്ടുവരുന്ന വെള്ളിമൂങ്ങയെകുറിച്ചും, നക്ഷത്ര ആമയെകുറിച്ചൊക്കെയുള്ള കഥകൾ ഒരുപാട് കേട്ടിട്ടുണ്ടാകും. അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളും പലപ്പോഴും വർത്തയാകാറുള്ളതാണ്. എന്നാൽ, അക്കൂട്ടത്തിൽ ഏറ്റവും പുതിയതായി കേൾക്കുന്ന കഥയാണ് ഭാഗ്യം കൊണ്ടുവരുന്ന ഒരു പൂച്ചയുടെ കഥ. ഏതാഗ്രഹവും നിറവേറ്റാൻ കഴിയുന്ന ഒരു മാന്ത്രികപ്പൂച്ചയാണ് അതെന്നാണ് അതിന്റെ ഉടമസ്ഥ പറയുന്നത്.  

സംഭവം റഷ്യയിലാണ് നടക്കുന്നത്. റഷ്യൻ ക്ലാസിഫൈഡിൽ നോവോസിബിർസ്ക് നിന്നുള്ള ഒരു സ്ത്രീയാണ് അടുത്തിടെ വിചിത്രമായ ഈ പരസ്യം പോസ്റ്റ് ചെയ്തത്. താല്പര്യമുള്ളവർക്ക് അതിനെ സ്വന്തമാക്കാമെന്നും, അതിന്റെ വില 94 ലക്ഷം രൂപയാണെന്നും പരസ്യത്തിൽ പറയുന്നു.  സ്കോട്ടിഷ് ഫോർഡ് ഇനത്തിൽ പെട്ട വളർത്തുമൃഗത്തിന്റെ പേര് വിൻസെന്റ് I എന്നും ചുരുക്കി വിളിക്കുന്നത് വിൻസിക് എന്നുമാണ്. എലീന എന്നറിയപ്പെടുന്ന ഈ സ്ത്രീ റഷ്യൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്, തന്റെ പൂച്ചയുടെ ഈ അപൂർവ്വസിദ്ധി ആകസ്മികമായി താൻ കണ്ടെത്തിയതാണെന്നാണ്. എന്നാൽ, അതിനുശേഷം അത് സത്യമാണോ എന്ന് മൂന്ന് തവണ പരീക്ഷിച്ചുവെന്നും, മൂന്ന് തവണയും അത് സത്യമാണ് എന്ന് തെളിഞ്ഞുവെന്നും അവർ പറഞ്ഞു. 

ഇപ്പോൾ ആ ഭാഗ്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ, ഉടമകളുടെ കാര്യത്തിലെ ഇത് ശരിയാകൂ എന്നും അവർ പറഞ്ഞു. “അതിന്റെ ഉടമ ആഗ്രഹിച്ചാൽ മാത്രമേ അത് ആഗ്രഹം സാധിപ്പിച്ചു തരികയുള്ളൂ” എലീന മാധ്യമങ്ങളോട് പറഞ്ഞു. “അവന്റെ കഴിവ് ഞാൻ ആകസ്മികമായി കണ്ടെത്തിയതാണ്. എനിക്ക് സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് വേണമായിരുന്നു. ഒരിക്കൽ ഞാൻ തമാശയ്ക്ക് വിൻസെന്റിനോട് പറഞ്ഞു: ‘എന്റെ ആഗ്രഹം സാധിപ്പിച്ചു തരൂ' എന്ന്. എന്നാൽ, പിറ്റേദിവസം തുടങ്ങി കാര്യങ്ങൾ മാറാൻ തുടങ്ങി. ഒരു മാസത്തിനകം എനിക്ക് ഒരു അപ്പാർട്ട്മെന്റ് സ്വന്തമായി” അവർ പറഞ്ഞു. 

അതേസമയം അപ്പാർട്ട്മെന്റ് എങ്ങനെ സ്വന്തമാക്കിയെന്ന് അവർ പറഞ്ഞിട്ടില്ല. അത് അവർക്ക് ആരെങ്കിലും കൊടുത്തതാണോ, അതോ വിലകൊടുത്തു വാങ്ങിയതാണോ എന്നൊന്നും വ്യക്തമല്ല. 

എന്നാൽ, അതിനുശേഷം പൂച്ച തന്റെ കുടുംബത്തിന് മറ്റൊരു അപ്പാർട്ട്മെന്റും ഒരു കാറും വാങ്ങാൻ സഹായിച്ചതായും അവർ അവകാശപ്പെടുന്നു. 2011 -ലാണ് രണ്ടുമാസം പ്രായമുള്ള വിൻസികിനെ അവർ വാങ്ങിയത്. അതിനുശേഷം, ഒൻപത് വർഷമായി പൂച്ച അവർക്കൊപ്പമാണ്. എന്നാൽ, ഇത്രയധികം ഭാഗ്യം നൽകുന്ന പൂച്ചയെ എന്തിനാണ് ഇപ്പോൾ വിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ അതിന് അവർ പറഞ്ഞ ന്യായീകരണം അവന്റെ ഈ കഴിവ് മറ്റുള്ളവർക്കും അനുഭവിക്കാൻ ഒരു അവസരം ഉണ്ടാകട്ടെയെന്ന് കരുതിയാണ് വിൽക്കുന്നതെന്നും, പൂച്ച ഒരാൾക്ക് മൂന്ന് ആഗ്രഹങ്ങൾ മാത്രമേ സാധിപ്പിച്ച് കൊടുക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. അവർക്ക് മൂന്ന് ആഗ്രഹങ്ങളും നടന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നാലാമത്തെ ആഗ്രഹം അവർക്ക് അനുവദിച്ചു കിട്ടിയില്ല, അതിനാൽ മറ്റൊരാൾക്ക് ഭാഗ്യം കൈമാറാൻ അവർ തീരുമാനിച്ചു. 

എന്നാൽ, അതിലൊരു ചോദ്യമുള്ളത് ഇത്രയധികം തുക നൽകി പൂച്ചയെ വാങ്ങാൻ സാധിക്കുന്ന ഒരാൾക്ക് തന്റെ ആഗ്രഹങ്ങൾ സാധിക്കാൻ എന്തിനാണ് ഒരു പൂച്ച? അതിനുള്ള പണം അയാളുടെ കൈവശം തന്നെ കാണുമല്ലോ?  ഇത്തരം നിരവധി തട്ടിപ്പുകളാണ് നമുക്ക് ചുറ്റും ഇന്ന് നടക്കുന്നത്. പലതും കൈയോടെ പിടിക്കപ്പെടുമെങ്കിലും, ചിലത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു.