Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ പ്രശസ്തനായ 'സെക്‌സ്‌പെർട്ട്', ഡോ. മഹീന്ദർ വാട്‌സ അന്തരിച്ചു

1960 -കളിലാണ് ഒരു കോളമിസ്റ്റായുള്ള അദ്ദേഹത്തിന്റെ ജീവിതം ആരംഭിക്കുന്നത്. ഒരു വനിതാ മാസികയിൽ വൈദ്യോപദേശം നൽകിയായിരുന്നു തുടക്കം.

Famous sex doctor Dr Mahinder Watsa dies
Author
Mumbai, First Published Dec 29, 2020, 2:36 PM IST

ലൈംഗികതയെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യാൻ മടിക്കുന്ന ഒരു രാജ്യത്ത്, ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ മടിക്കേണ്ടതില്ലെന്നും തീർത്തും സാധാരണമായ ഒന്നാണതെന്നും പറഞ്ഞുതന്ന സെക്സ് ഡോക്ടറാണ് ഡോ. മഹീന്ദർ വാട്‌സ. ഇന്ത്യയുടെ ലൈംഗിക വിദ്യാഭ്യാസ മേഖലയിലും ലൈംഗിക കൗൺസിലിംഗ് രംഗത്തും വേറിട്ട ശബ്ദമായിനിന്ന അദ്ദേഹം ഇന്നലെ മരണപ്പെട്ടു. അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ ആദ്യം എടുത്ത് പറയേണ്ടത് കഴിഞ്ഞ 15 വർഷമായി മുംബൈ മിറർ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'ആസ്ക് ദി സെക്‌സ്‌പെർട്ട്’ എന്ന അദ്ദേഹത്തിന്റെ കോളത്തെ കുറിച്ചാണ്. വായനക്കാരുടെ ലൈംഗിക സംബന്ധമായ സംശയങ്ങൾക്ക് വാട്സ നർമ്മത്തിലൂടെ മറുപടി നൽകുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹവും, അദ്ദേഹത്തിന്റെ കോളവും ഓരോ വീടുകൾക്കും സുപരിചിതമായിരുന്നു.  

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യ 40 വർഷം ഗൈനക്കോളജിസ്റ്റായും പ്രസവചികിത്സകനായും അദ്ദേഹം പ്രാക്ടീസ് ചെയ്തു. പിന്നീട് ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കൺസൾട്ടന്റ് എന്ന നിലയിൽ അദ്ദേഹം ഒരു ലൈംഗിക കൗൺസിലിംഗും വിദ്യാഭ്യാസ പരിപാടിയും തുടങ്ങാൻ തീരുമാനിച്ചു. 1974 -ൽ ലൈംഗിക വിദ്യാഭ്യാസം, കൗൺസിലിംഗ്, തെറാപ്പി സെന്റർ എന്നിവ അദ്ദേഹം ആരംഭിച്ചു. 1980 -കളുടെ തുടക്കത്തിൽ കൗൺസിലിംഗിനും, വിദ്യാഭ്യാസത്തിനുമായി വാട്സ പ്രാക്റ്റീസ് ഉപേക്ഷിച്ചു.

"മിററിൽ മാത്രം, അദ്ദേഹം 20,000 വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ഒരു ലൈംഗികകാര്യ ഉപദേഷ്ടാവെന്ന നിലയിൽ 40,000 -ത്തിലധികം ആളുകൾക്ക് കത്തുകളിലൂടെ അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തെ നേരിട്ട് കാണാൻ വന്ന രോഗികൾ വേറെ" മിസ് ബാഗെൽ എഴുതി. ഡോ.വാട്സയുടെ ഒരു പ്രൊഫൈലിൽ പറയുന്നു. ഒരു സൈനിക ഡോക്ടറുടെ മകനായ വാട്സയ്ക്ക് ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. "ലൈംഗികത സന്തോഷകരമായ കാര്യമാണ്, പക്ഷേ നിരവധി എഴുത്തുകാർ വൈദ്യശാസ്ത്രപരമായി അതിനെ സമീപിച്ച് ഗൗരവമുള്ളതാക്കുന്നു" അദ്ദേഹം പറഞ്ഞു. വായനക്കാരുടെ ആശങ്കകളും ജിജ്ഞാസകളും നർമ്മത്തോടും അനുകമ്പയോടും നേരിടാൻ അദ്ദേഹം ഇഷ്ടപ്പെട്ടു.  

ലൈംഗികതയെക്കുറിച്ചുള്ള വിലക്കുകളും കളങ്കങ്ങളും തകർത്ത അദ്ദേഹത്തിന്റെ നഷ്ടത്തിൽ ആളുകൾ അനുശോചിച്ചു. ഹാസ്യനടൻ വീർ ദാസ് ട്വിറ്ററിൽ എഴുതി, ”ഡോ. വാട്സ രണ്ട് കാരണങ്ങളാൽ പ്രസക്തനാകുന്നു. ലൈംഗികതയെക്കുറിച്ച് പരസ്യമായി സംസാരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, പ്രത്യേകിച്ച് ഒരു ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്ത്. ആ സംഭാഷണത്തിൽ നർമ്മബോധവും സഹാനുഭൂതിയും ഉണ്ടായിരിക്കുക എന്നത് അതിലും പ്രധാനമാണ്. റെസ്റ്റ് ഇൻ പീസ് സർ.” 

1960 -കളിലാണ് ഒരു കോളമിസ്റ്റായുള്ള അദ്ദേഹത്തിന്റെ ജീവിതം ആരംഭിക്കുന്നത്. ഒരു വനിതാ മാസികയിൽ വൈദ്യോപദേശം നൽകിയായിരുന്നു തുടക്കം. എന്നാൽ, അദ്ദേഹത്തെ പ്രശസ്തനാക്കിയത് മുംബൈ മിററിലെ ദി സെക്സ്പെർട്ട് എന്ന കോളമാണ്. പിന്നീട് 2015 -ൽ പ്രസിദ്ധീകരിച്ച 'ഇറ്റ്സ് നോർമൽ' എന്ന പുസ്തകത്തിൽ ആ ചോദ്യങ്ങളും, ഉത്തരങ്ങളും സമാഹരിക്കുകയുണ്ടായി. ചലച്ചിത്ര നിർമ്മാതാവ് പരോമിത വോഹ്ര പറയുന്നു, “മിക്കപ്പോഴും നമ്മൾ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത്, ലൈംഗിക അവകാശങ്ങളെക്കുറിച്ചും, അതിക്രമങ്ങളെ കുറിച്ചും എല്ലാമാണ്. എന്നാൽ, ഡോ. വാട്സ ലൈംഗികതയെ ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ട് ചർച്ച ചെയ്തു. ഇത് വളരെ നിർണായക ഒരു സംഭാവനയാണ്."


 

Follow Us:
Download App:
  • android
  • ios