ദിവസവും വണ്ടി എടുത്ത് പുറത്തു പോയിരുന്ന, അവധി ദിവസങ്ങളിൽ കൂട്ടുകാരുമായി മാളിലും മറ്റും ചുറ്റിയടിച്ചിരുന്ന ആ കാലം നിങ്ങൾ മിസ് ചെയ്യുന്നുണ്ടോ? അന്നൊക്കെ തിരക്കുകളിൽനിന്നൊഴിഞ്ഞ് വീട്ടിൽ കുറച്ചുനേരം ഇരിക്കാൻ കൊതിച്ചിരുന്നവർ, ഇപ്പോൾ ഒന്ന് വെളിയിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും ചിന്തിക്കുന്നുണ്ടാവുക. കൊവിഡ് 19 എന്ന മഹാമാരി നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചത് പോലെ പ്രകൃതിയിലെ എല്ലാത്തിനെയും അത് ബാധിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. കൂട്ടുകാരെയൊന്നും കാണാൻ കഴിയാതെ വീടിന്റെ അകത്ത് ഇങ്ങനെ അടച്ചിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഈ ഒറ്റപ്പെടൽ ഒരുപക്ഷേ, മൃഗങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലോ? ഓസ്‌ട്രേലിയയിൽ മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന പ്രശസ്തമായ അക്വേറിയത്തിലെ മത്സ്യങ്ങളും ലോക്ക് ഡൗൺ കാരണം വിഷമിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. 

സ്ഥിരമായി ആളുകളെ കണ്ടുകൊണ്ടിരുന്ന അവ, ലോക്ക് ഡൗണിനെ തുടർന്ന് അക്വേറിയം അടക്കുകയും, ആളനക്കം ഇല്ലാതാവുകയും ചെയ്തപ്പോൾ വിഷാദത്തിലേയ്ക്ക് വഴുതി വീണുവെന്നാണ് അധികൃതർ പറയുന്നത്. ചില്ലുകൂട്ടിനകത്ത് ആരെയും കാണാതെ ഒറ്റപ്പെട്ട് കിടക്കുന്ന അവ മടിയന്മാരും, ഒന്നിലും തൽപര്യമില്ലാത്തവരുമായി മാറിയത്രെ. ചില മൽസ്യങ്ങൾ ടാങ്കിന്റെ മുകളിലേയ്ക്ക് വരാൻ  കൂട്ടാക്കാതെ, ആഴങ്ങളിലുള്ള ഇരുട്ടിൽ കഴിയുകയാണ് രാവും പകലും. ഇതെല്ലം വിഷാദത്തിന്റെ ലക്ഷണങ്ങളാണ് എന്നാണ് അക്വേറിയം അധികൃതരുടെ വിശദീകരണം. 
 
ടാങ്കിന് പുറത്ത് സ്ഥിരമായി ആളുകളെ കണ്ടുകൊണ്ടിരുന്നിട്ട്, ഇപ്പോൾ പെട്ടെന്ന് മനുഷ്യരെ കാണാതാകുമ്പോൾ അവ വല്ലാതെ അസ്വസ്ഥരാകുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു. അക്വേറിയം മാനേജ്‌മെന്‍റ് അവയുടെ വിരസതയും, ഒറ്റപ്പെടലും മാറ്റാനായി കൂടുതൽ മുങ്ങൽ വിദഗ്ധരെ നിയമിക്കാനുള്ള ആലോചനയിലാണ്. മത്സ്യങ്ങളോടൊപ്പം നീന്താനും അവയെ രസിപ്പിക്കാനും അങ്ങനെ അവയെ വിഷാദത്തിൽനിന്ന് കരകയറ്റാനും അവർക്ക് കഴിയുമെന്ന് അധികൃതർ വിശ്വസിക്കുന്നു.  മനുഷ്യരെ പോലെ മത്സ്യങ്ങളും ഒരു പരിധിവരെ സെൻസിറ്റീവാണ്.   

ജപ്പാനിലെ ഒരു അക്വേറിയത്തിലെ ആരലുകൾക്ക് ലോക്ക് ഡൗണിനെ തുടർന്ന് മനുഷ്യ സന്ദർശകരെ കാണാതായതോടെ വിഷാദം ബാധിച്ചുവെന്ന് അധികൃതർ അഭിപ്രായപ്പെടുകയുണ്ടായി. അവയുടെ വിഷമം തീർക്കാനായി അധികൃതർ ജനങ്ങളോട് അവയെ വീഡിയോ കോൾ ചെയ്യാനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.