Asianet News MalayalamAsianet News Malayalam

മഞ്ഞുവീഴ്ചയിൽ മരവിച്ചു കിടന്ന പെൺകുട്ടി, അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥ

രണ്ട് മണിക്കൂറിന് ശേഷം ജീനിന്റെ ഞരമ്പുകൾ ശക്തമായി കോച്ചിപ്പിടിക്കാൻ തുടങ്ങി. ഇത് ഒരു നല്ല അടയാളമായി ഡോക്ടർമാർ കണ്ടു. അങ്ങനെ ചികിത്സകൾ തുടർന്നു.

Frozen girl came back to life
Author
Cambridge, First Published Oct 12, 2020, 10:28 AM IST

ഹെലൻ എന്ന മലയാള സിനിമ എല്ലാവരും ഓർക്കുന്നുണ്ടാകും. ഫ്രീസറിൽ പെട്ടുപോയ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണത്. ജീവിതത്തിൽ അതുപോലെ മരവിപ്പിക്കുന്ന മഞ്ഞിനെ അത്ഭുതകരമായി അതിജീവിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. ജീൻ ഹില്ലിയാർഡ് എന്നായിരുന്നു അവളുടെ പേര്. സിനിമയിൽ നായിക മൈനസ് 18 ഡിഗ്രി സെൽഷ്യസിലാണ് കഴിഞ്ഞതെങ്കിൽ ജീൻ മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ ആറ് മണിക്കൂർ കഴിയുകയായിരുന്നു. അവളുടെ അതിജീവനം ശാസ്ത്രലോകത്തിന് ഇന്നും ഒരു അത്ഭുതമാണ്.  

1980 ഡിസംബർ 20 -ന് രാത്രി, പത്തൊൻപതുകാരിയായ ജീൻ ഹില്ലിയാർഡ് മിനസോട്ടയിലെ ലെങ്‌ബിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് വണ്ടിയോടിച്ച് വരികയായിരുന്നു. ഒരു ആളൊഴിഞ്ഞ പ്രദേശമായിരുന്നു അത്. കൂട്ടുകാരുമൊത്തുള്ള ഒരു പാർട്ടി കഴിഞ്ഞ് അവൾ മടങ്ങിയപ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരുന്നു. മഞ്ഞുമൂടിയ റോഡിലൂടെ അവൾ സഞ്ചരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി അവളുടെ കാർ ഒരു കുഴിയിൽ ഇറങ്ങി. അവളുടെ സുഹൃത്ത് വാലി നെൽ‌സൺ രണ്ട് മൈൽ അകലെയായിരുന്നു താമസിച്ചിരുന്നത്. അവൾ ആ മഞ്ഞുറഞ്ഞ രാത്രിയിൽ സഹായത്തിനായി കാറിന് വെളിയിൽ ഇറങ്ങി നടക്കാൻ തുടങ്ങി.

 എന്നാൽ, ആ തണുപ്പിനെ അതിജീവിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങളല്ല ജീൻ ധരിച്ചിരുന്നത്. അവൾ നടന്നുകൊണ്ടിരിക്കുമ്പോൾ ചൂട് അവളുടെ ശരീരം വിടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം അവൾ അവളുടെ സുഹൃത്തിന്റെ വീട് കണ്ടെത്തി. 

Frozen girl came back to life

എന്നിരുന്നാലും, അടുത്തെത്താറായപ്പോഴേക്കും, തണുപ്പ് കാരണം അവൾ ബോധമറ്റ് വീണു. അവളുടെ ഓർമ്മ നശിച്ചു, കണ്ണിൽ ഇരുട്ട് മാത്രമായി. അവൾ ആ മരവിക്കുന്ന മഞ്ഞത് ആരോരും ശ്രദ്ധിക്കപ്പെടാതെ കിടന്നു. പിറ്റേന്ന് നെൽസൺ കതക് തുറന്ന് പുറത്ത് വന്നപ്പോഴാണ്, തണുപ്പത്ത് മരവിച്ച് കിടക്കുന്ന ജീനിനെ കണ്ടെത്തുന്നത്. ആദ്യം അവൾ മരിച്ചെന്നാണ് അദ്ദേഹം വിചാരിച്ചത്. അവളെ വലിച്ചെടുത്ത് പൂമുഖത്ത് കൊണ്ടുപോയി കിടത്തി അദ്ദേഹം. അവളുടെ ശരീരം ഒരു മരത്തടി പോലെ മരവിച്ചിരുന്നു. എന്നാൽ, അവളുടെ മൂക്കിൽ നിന്ന് കുറച്ച് കുമിളകൾ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് പ്രതീക്ഷ തോന്നി. പെട്ടെന്നുതന്നെ അവളെ അടുത്തുള്ള ആശുപത്രിയിലേക്ക് അദ്ദേഹം കൊണ്ടുപോയി. 

എന്നാൽ, അവളെ പരിശോധിച്ച ഡോക്ടർമാർക്ക് അവളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. അവളെ രക്ഷിയ്ക്കാനാവില്ല എന്ന് തന്നെ അവർ കരുതി. 

ഫ്രീസറിൽ നിന്നെടുത്ത മാംസക്കഷണം പോലെ കട്ടിയുള്ളതായിരുന്നു അവളുടെ ശരീരം. സൂചിപോലും കയറാൻ സാധിക്കാത്ത വിധം മരവിച്ചു കട്ടിയായി തീർന്നു അത്. അവളുടെ ശരീര താപനിലയും വളരെ കുറവായിരുന്നു. രക്തയോട്ടം നിലച്ച മുഖം ചാരനിറമായി. മാത്രമല്ല അവളുടെ കണ്ണുകൾ ചിമ്മാതെ തുറന്ന് തന്നെ ഇരുന്നു. അവൾ മരിച്ചുവെന്ന് കണക്കാക്കിയെങ്കിലും, ഡോക്ടർമാർ ക്രമേണ അവളുടെ ശരീരത്തെ ഹോട്ട് പാഡുകൾ ഉപയോഗിച്ച് ചൂടാക്കാൻ ശ്രമിച്ചു. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ, അവളുടെ ശരീരത്തില്‍ നേർത്ത സ്പന്ദനങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ, അതോടെ അവൾ ജീവിച്ചേക്കാമെന്ന് ഡോക്ടർമാർക്ക് പ്രതീക്ഷ തോന്നി.  

Frozen girl came back to life

രണ്ട് മണിക്കൂറിന് ശേഷം ജീനിന്റെ ഞരമ്പുകൾ ശക്തമായി കോച്ചിപ്പിടിക്കാൻ തുടങ്ങി. ഇത് ഒരു നല്ല അടയാളമായി ഡോക്ടർമാർ കണ്ടു. അങ്ങനെ ചികിത്സകൾ തുടർന്നു. പിറ്റേന്ന്, അവൾ ഉണർന്നു. നാൽപ്പത്തി ഒൻപത് ദിവസം ആശുപത്രിയിൽ കഴിഞ്ഞതിനുശേഷം പൂർണ്ണ ആരോഗ്യവതിയായി അവൾ തിരികെ വന്നു. അവളുടെ ഈ അതിജീവനത്തിന് പല കാരണങ്ങളാണ് പറയുന്നത്. അതിലൊന്ന് അവളുടെ ശരീരത്തിൽ ഉണ്ടായിരുന്ന മദ്യത്തിന്റെ സാന്നിധ്യം കാരണം അവളുടെ ആന്തരിക അവയവങ്ങൾ ശീതീകരിച്ചില്ലെന്നും, അതുകൊണ്ടാണ് ആ അപകടകരമായ അവസ്ഥയിൽ അവളുടെ ശരീരത്തിന് കേടുപാടുകൾ സംഭവിക്കാതിരുന്നത് എന്നുമാണ്.  

എന്നാൽ ഇത്തരം അനവധി കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള മിനസോട്ട യൂണിവേഴ്സിറ്റിയിലെ മെഡിസിൻ പ്രൊഫസറായ ഡേവിഡ് പ്ലമ്മർ പറയുന്നത്, ഒരു വ്യക്തിയുടെ ശരീരം തണുക്കുമ്പോൾ, രക്തയോട്ടം കുറയുന്നുവെന്നും, അപ്പോൾ ശരീരത്തിന് ഓക്സിജൻ വളരെ കുറവേ ആവശ്യമുള്ളൂ എന്നുമാണ്. പിന്നീട് ശരീരം ചൂടാകുന്ന അതേ നിരക്കിൽ രക്തയോട്ടം വർദ്ധിക്കുകയാണെങ്കിൽ, ആ വ്യക്തിയ്ക്ക് ജീവൻ തിരിച്ചു കിട്ടാം. എന്ത് തന്നെയായാലും, ഇത് അതിശയകരമായ ഒന്നാണെന്ന് അദ്ദേഹവും സമ്മതിക്കുന്നു. ജീൻ ഇപ്പോൾ വിവാഹിതയാണ്, മൂന്ന് മക്കളുടെ അമ്മയായ അവർ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്.

Follow Us:
Download App:
  • android
  • ios