ലണ്ടന്‍: പ്രേതകഥകള്‍ അനവധി കേട്ടിട്ടുണ്ട് ലോകം. പലപ്പോഴും അതില്‍ പലതും കെട്ടുകഥകള്‍ ആണ്. എന്നാല്‍ മുന്‍ ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബത്തിന്‍റെ പ്രേതമാണ് ഇപ്പോള്‍ ഇംഗ്ലീഷ് ടാബ്ലോയ്ഡുകളിലെ വാര്‍ത്ത. യു.കെ ഗോസ്റ്റ് ഹണ്ട്‌സ് സ്ഥാപകന്‍ സ്റ്റീവ് വീസനാണ് ക്യൂന്‍ എലിസബത്ത് 1 ന്‍റെ പ്രേതമുണ്ടെന്ന അവകാശവാദം തെളിവുകള്‍ നിരത്തി ഉന്നയിക്കുന്നത്.

നോട്ടിംഗ്ഹാംഷെയറിലെ സ്‌ട്രെല്ലി ഹാളില്‍ സ്ഥാപിച്ച ക്യാമറകളില്‍ രാജ്ഞഞിയുടെ പ്രേതം കുടുങ്ങിയെന്നാണ് വാദം. അഞ്ഞൂറ് വര്‍ഷം മുന്‍പ് രാജ്ഞി ഇവിടെ പതിവായി സന്ദര്‍ശിച്ചിരുന്നതാണ്. ഹാളിന്‍റെ താഴത്തെ നിലയില്‍ നിന്നാണ് പ്രേതത്തിന്റെ ആദ്യ ദൃശ്യം ലഭിച്ചത്. പത്ത് സെക്കന്‍ഡിന് ശേഷം ഈ രൂപം അപ്രത്യക്ഷമായി. ക്യാമറയില്‍ കുടുങ്ങിയത് സ്ത്രീരൂപം തന്നെയാണെന്ന് യു.കെ ഗോസ്റ്റ് ഹണ്ട്‌സിലെ മുതിര്‍ന്ന അംഗം വിക്കി ഗ്രാന്‍ററിന്‍റെ അവകാശവാദം.

1558 മുതല്‍ 1603 വരെ ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ച രാജ്ഞിയാണ് എലിസബത്ത് 1. തന്‍റെ ഭരണകാലയളവില്‍ അവര്‍ സ്‌ട്രെല്ലി ഹാളില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ രഹസ്യ സന്ദര്‍ശനങ്ങള്‍ ആയിരുന്നതിനാല്‍ സന്ദര്‍ശനോദ്ദേശം വ്യക്തമല്ല. 

രാജ്ഞി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉറങ്ങിയിരുന്ന മുറിയുടെ താഴെ തന്നെയാണ് അവരുടെ പ്രേതരൂപം പ്രത്യക്ഷപ്പെട്ടത്. ഇതേ ബംഗ്ലാവില്‍ തന്നെ രണ്ടാം തവണയും എലിസബത്ത് രാജ്ഞിയുടെ പ്രേതം ക്യാമറയില്‍ പതിഞ്ഞെന്നും ഹോസ്റ്റ് ഹണ്ടര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇദ്ദേഹം മുന്‍പും ഇത്തരം കഥകളുമായി എത്തിയിട്ടുണ്ടെന്നാണ് ചില യുക്തിവാദ സംഘടനകള്‍ പറയുന്നത്.