2106 ജൂണ്‍ 24ന് അവളും അച്ഛനും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി  പക്ഷെ, അയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ 20നും പൊലീസ് പറഞ്ഞ ന്യായീകരണമാവട്ടെ ഡിഎന്‍എ ടെസ്റ്റ് വൈകിയെന്നും

കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ മിനിറ്റിലും പതിമൂന്ന് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ പലരും ഭയം കൊണ്ട് ഇക്കാര്യം പുറത്ത് പറയുന്നില്ല. കേസ് കൊടുത്താലാകട്ടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ രണ്ടും മൂന്നും വര്‍ഷമെടുക്കുന്നു. രണ്ട് വര്‍ഷമാണ് നീതിക്കായി ലളിതയ്ക്ക് കാത്തിരിക്കേണ്ടി വന്നത്. ബിബിസി നടത്തിയ അന്വേഷണം

ലളിതയ്ക്ക് വയസ് പതിനാറ്. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ ദളിത് കുടുംബത്തില്‍ പെട്ട പെണ്‍കുട്ടി. ഇന്നവള്‍ക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. പതിനാലാമത്തെ വയസിലാണ് അവള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അച്ഛന്‍റെ സുഹൃത്താണ് അവളെ പീഡിപ്പിച്ചത്. ലക്ക്നൗവിലേക്ക് ഒരു സര്‍ക്കാര്‍ അപേക്ഷ നല്‍കാന്‍ അയാള്‍ക്കൊപ്പം പോയതായിരുന്നു അവള്‍. കഴുത്തില്‍ കത്തിവച്ചാണ് അയാളവളെ ക്രൂരമായ പീഡനത്തിനിരയാക്കിയത്.

അവളുടെ അമ്മ മരിച്ചുപോയിരുന്നു. അച്ഛനൊരു കൂലിപ്പണിക്കാരനാണ്. രണ്ട് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലളിത. 

ഭയം കൊണ്ട് പീഡനവിവരം അവളാരോടും പറഞ്ഞില്ല. മാസങ്ങള്‍ക്ക് ശേഷം അവള്‍ ഗര്‍ഭിണിയാണെന്ന കാര്യം അയല്‍ക്കാരികള്‍ക്ക് മനസിലായി. അവരവളെ ചോദ്യം ചെയ്തു. അതില്‍ നിന്നാണ് അവള്‍ പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. 2106 ജൂണ്‍ 24ന് അവളും അച്ഛനും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പക്ഷെ, അയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ 20നും. 

ലളിതയുടെ കാര്യത്തില്‍ നിയമലംഘനങ്ങളാണ് നടന്നത്. കേസ് നല്‍കി 24 മണിക്കൂറിനുള്ളില്‍ മൊഴി രേഖപ്പെടുത്തണമെന്നിരിക്കെ കേസ് കൊടുത്ത് 25 ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയുടേയും അച്ഛന്‍റെയും മൊഴി രേഖപ്പെടുത്തിയത്. 

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന് പൊലീസ് പറഞ്ഞ ന്യായീകരണമാവട്ടെ ഡിഎന്‍എ ടെസ്റ്റ് വൈകിയെന്നും. 5500ഓളം കേസുകള്‍ ഡിഎന്‍എ ടെസ്റ്റ് റിസല്‍ട്ട് കിട്ടാത്തതിനാല്‍ തെളിയിക്കപ്പെടാതെ കിടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ബിബിസി ലേഖകന്‍ പറയുന്നു. 

ഗ്രാമത്തിലെ നിരക്ഷരരായ പലരും ഇതുപോലെയുള്ള പീഡനങ്ങള്‍ പുറത്തു പറയാന്‍ മടിക്കുന്നവരാണ്. ഭയവും ഇതിനൊരു കാരണമാണ്. മാത്രമല്ല പല പ്രതികളും പണവും സ്വാധീനവുമുപയോഗിച്ചും രക്ഷപ്പെടുകയും ചെയ്യുന്നു.