ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യയില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന സംഘടന. രാജ്യത്തെ സ്വതന്ത്രമാക്കുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്കാണ്, ഏറെക്കാലം ആ പ്രസ്ഥാനത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചതും പതിറ്റാണ്ടുകളോളം ഭരണചക്രം തിരിക്കാന്‍ അവര്‍ നിയോഗിക്കപ്പെട്ടതും. എന്നാല്‍ സ്വാതന്ത്ര്യാനന്തരകാലം മുതല്‍ വളര്‍ന്നും തളര്‍ന്നുമായിരുന്നു കോണ്‍ഗ്രസിന്റെ യാത്ര. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുമ്പോള്‍ രാജ്യത്താകമാനം ഒരു പിന്‍നടത്ത പാതയിലാണ് കോണ്‍ഗ്രസ്. ശക്തമായ വേരോട്ടമുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കാര്യശേഷിയില്ലാത്ത നേതൃത്വവും സ്വജനപക്ഷപാതവുമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍.

ദേശീയപ്രസ്ഥാനത്തിന് നല്ല വേരുണ്ടായിരുന്ന കേരളത്തിലും സ്ഥിതിവിശേഷം മറ്റൊന്നായിരുന്നില്ല. ഇടതുവലതു മുന്നണികള്‍ മാറിമാറി കേരളം ഭരിച്ചു. എന്നാല്‍ കേരളത്തിലും കോണ്‍ഗ്രസ് തകര്‍ച്ചയിലാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. അതോടെ സംഘടനയിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചു. തങ്ങളുടെ എതിര്‍പ്പ് മറികടന്ന്, വി എം സുധീരനെ രാഹുല്‍ഗാന്ധി കെപിസിസി അദ്ധ്യക്ഷനാക്കിയ കാലംമുതല്‍ക്കേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിസ്സഹകരണപാതയിലായിരുന്നു. ആ നിസ്സഹകരണത്തിനൊടുവിലാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് വി എം സുധീരന്റെ പൊടുന്നനെയുള്ള പടിയിറക്കം. സുധീരന്‍ മടങ്ങുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല സൂചനയല്ല.

സുധീരന്‍ മടങ്ങുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല സൂചനയല്ല.

രാജി വന്ന വഴികള്‍
ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് സുധീരന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയം അടുത്തറിയുന്ന ഏതൊരാള്‍ക്കും കാരണങ്ങള്‍ വളരെ വ്യക്തമാണ്. ജി കാര്‍ത്തികേയനെ കെപിസിസി അദ്ധ്യക്ഷനാക്കാന്‍വേണ്ടി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കച്ചമുറുക്കിയിറങ്ങിയിരുന്ന കാലത്താണ്, അവരെ ഞെട്ടിച്ചുകൊണ്ട് രാഹുല്‍ഗാന്ധി, വി എം സുധീരനെ കേരള പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നിയോഗിക്കുന്നത്. അന്നു മുതല്‍ സുധീരനെതിരായ ഒളിപ്പോരിന് എ, ഐ ഗ്രൂപ്പുകള്‍ മറ്റെല്ലാം മറന്ന് കൈകോര്‍ത്തു. മദ്യനയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സുധീരനെതിരായ പടയൊരുക്കം ഗ്രൂപ്പ് ഭേദമന്യേയാണ് അരങ്ങേറിയത്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് സുധീരന്‍ മുന്നോട്ടുപോയി. അതിനിടയില്‍ കെ ബാബുവിനെ രാജിവെപ്പിക്കാന്‍ ശ്രമിച്ചതും, പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും വിശ്വസ്തരെ വെട്ടാന്‍ സുധീരന്‍ നടത്തിയ നീക്കങ്ങളുമെല്ലാം കോണ്‍ഗ്രസിലെ അന്തഃച്ഛിദ്രങ്ങള്‍ മൂര്‍ച്ഛിക്കാനിടയാക്കി. 

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി കൂടിയായപ്പോള്‍ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രണ്ടു ചുവട് പിന്നോട്ടുവെച്ച് മാറിനിന്നു. എന്നാല്‍ ആ പിന്‍മാറ്റം മറ്റൊരു പോര്‍മുഖം തുറക്കാനായിരുന്നു. സിപിഐഎമ്മിലേത് പോലെ കോണ്‍ഗ്രസിനുള്ളിലൊരു വി എസ് ആകാനുള്ള വഴിയായിരുന്നു ഉമ്മന്‍ചാണ്ടി തെരഞ്ഞെടുത്തത്. പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പോകാതെ, താഴേതട്ടുവരെയുള്ള ഗ്രൂപ്പ് നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ട് കണ്ടും സ്വാന്തനപരിപാലന പരിപാടികളില്‍ നേരിട്ട് പങ്കെടുത്തുമൊക്കെ പ്രതിച്ഛായാനിര്‍മ്മിതികളില്‍ ഏര്‍പ്പെട്ട് ഉമ്മന്‍ചാണ്ടി നീങ്ങിയപ്പോള്‍ ആ രാഷ്ട്രീയ ചാണക്യന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ഒരുവശത്ത് ഉമ്മന്‍ചാണ്ടി ജനപ്രിയനാകാന്‍ വെമ്പിയപ്പോള്‍, ആഗ്രഹിച്ച് നേടിയെടുത്ത പ്രതിപക്ഷനേതൃസ്ഥാനത്ത് കൂടുതല്‍ പരുങ്ങലിലാകുകയായിരുന്നു ചെന്നിത്തല. സംഘടനാരംഗത്ത് ഉമ്മന്‍ചാണ്ടി കരുത്താര്‍ജ്ജിക്കുമ്പോള്‍ നോക്കുകുത്തിയായ ചെന്നിത്തല, പക്ഷേ സുധീരനെതിരായ നീക്കങ്ങള്‍ക്ക് ഒപ്പം കൂടുകയും ചെയ്തു. 

പാര്‍ട്ടിക്ക് ഉള്ളില്‍നിന്നുള്ള എതിര്‍പ്പും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പടയൊരുക്കവും തന്നെയാണ് സുധീരനെ രാജിക്ക് പ്രേരിപ്പിച്ചത്. ഇടയ്ക്ക് ടി എന്‍ പ്രതാപനെ പോലുള്ളവരെ കൂട്ടുപിടിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ക്ലച്ച് പിടിച്ചില്ല. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പടിയിറക്കം മാത്രമായിരുന്നു മുന്നിലുള്ള വഴി. ഇതോടെ കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ കൂടുതല്‍ ദുഷ്‌ക്കരമാകുകയാണ്. ഭരണം ഇല്ലാത്തത് വലിയ പ്രതിസന്ധിയായി നില്‍ക്കുകയും, മറുവശത്ത് ബിജെപിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിനെ വല്ലാതെ ക്ഷീണിപ്പിക്കുന്നുണ്ട്. മതേതരകേരളത്തിനായി കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരണമെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും ആഗ്രഹിക്കുന്നത്. 

കോണ്‍ഗ്രസിനുള്ളിലൊരു വി എസ് ആകാനുള്ള വഴിയായിരുന്നു ഉമ്മന്‍ചാണ്ടി തെരഞ്ഞെടുത്തത്.

പുതിയ സാദ്ധ്യതകള്‍
ഈ സാഹചര്യത്തിലാണ്, ആരായിരിക്കും കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെന്ന് ഏവരും ഉറ്റുനോക്കുന്നത്. മുന്നില്‍ പേരുകള്‍ ഒരുപാടുണ്ട്. കെ മുരളീധരന്‍, വി ഡി സതീശന്‍ തുടങ്ങിയവര്‍ മുതല്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി പോലും ആ സ്ഥാനത്തേക്ക് വന്നേക്കാം. പക്ഷേ കെപിസിസി അദ്ധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ സാമുദായികം ഉള്‍പ്പടെയുള്ള പരിഗണനകള്‍ക്കാണ് ഹൈക്കമാന്‍ഡ് പ്രാമുഖ്യം നല്‍കുന്നത്. ഗ്രൂപ്പും ഏറെ പ്രധാന ഘടകമാണ്. എന്നിരുന്നാലും ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതാണ്ടെല്ലാം അക്ഷരത്തിലും ഗ്രൂപ്പുള്ള കോണ്‍ഗ്രസിനെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന ശക്തമായ നേതൃത്വത്തെയാണ്, ഈ പ്രസ്ഥാനം നശിക്കരുതെന്ന് ആഗ്രഹിക്കുന്ന അണികള്‍ കാത്തിരിക്കുന്നത്. 

പക്ഷേ പുതിയ കെപിസിസി അദ്ധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് അത്ര എളുപ്പമാകില്ലെന്ന് കോണ്‍ഗ്രസിനെ അറിയാവുന്ന ഏവര്‍ക്കും അറിയാം. ഇനി അനായാസം ഹൈക്കമാന്‍ഡ് അത് നിര്‍വ്വഹിച്ചാല്‍ തന്നെ ആ തീരുമാനം സൃഷ്ടിച്ചേക്കാവുന്ന മുറിവുകള്‍ ഉണങ്ങാന്‍ പിന്നെയും ഒരുപാട് കാലം വേണ്ടിവരുമെന്ന് സാരം. കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലത്ത്, കെപിസിസി പ്രസിഡന്റിന്റെ പെട്ടെന്നുള്ള രാജിയും പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സൃഷ്ടിക്കുന്ന പ്രതിസന്ധിയും കോണ്‍ഗ്രസ് എങ്ങനെ മറികടക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.