ഇന്ന് ലോകത്തിൽ നടക്കുന്ന പല കാര്യങ്ങളും കാണുമ്പോൾ, ഒരുപക്ഷേ 'ആളുകൾക്ക് ഇതെന്തു പറ്റി' എന്ന് നമ്മൾ ചിന്തിച്ചേക്കാം. വേദനിപ്പിക്കുന്ന, മനുഷ്യത്വരഹിതമായ അനവധി കാര്യങ്ങളാണ് നമുക്ക് ചുറ്റിലും നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ അടുത്ത കാലത്ത് നടന്ന ഒരു സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. നമുക്കെല്ലാവർക്കും വീട് ഏറ്റവും സുരക്ഷിതമായ ഒരിടമാണ്. എന്നാൽ, അവിടെപോലും ആരും സുരക്ഷിതരല്ല എന്നാണ് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്. മുത്തശ്ശിയും മൂന്ന് പെൺമക്കളും മാത്രം താമസിക്കുന്ന ഒരു വീട്ടിൽ ഒരപരിചിതൻ അതിക്രമിച്ചു കയറുകയും, മുത്തശ്ശി നോക്കി നിൽക്കെ മൂന്ന് പേരക്കുട്ടികളെയും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്‍തു. ഒടുവിൽ കണ്ടുനിൽക്കാനാകാതെ മുത്തശ്ശി ഹൃദയം പൊട്ടി മരിക്കുകയായിരുന്നു. 

ദക്ഷിണാഫ്രിക്കയിൽലെ ക്വാസുലു നടാൽ പ്രവിശ്യയിലെ ഇംപെൻഡിലിലുള്ള ഒരു വീട്ടിലാണ് കുറ്റവാളി അതിക്രമിച്ചു കയറിയത്. വീട്ടിൽ 71 -കാരിയായ മുത്തശ്ശിയും, അവരുടെ 19, 22, 25 എന്നിങ്ങന്നെ പ്രായമുള്ള മൂന്ന് പേരക്കുട്ടികളുമാണ് ഉണ്ടായിരുന്നത്. കുറ്റവാളി വീടിനകത്ത് കയറി പേരക്കുട്ടികളെ ഒരു കിടപ്പുമുറിയിൽ പൂട്ടിയിട്ടു. തുടർന്ന് ഓരോരുത്തരെയായി മുറിയിൽ നിന്ന് വലിച്ചിഴച്ച് മയക്കുമരുന്ന് നൽകി മയക്കി. എന്നിട്ട് പേടിച്ചരണ്ട മുത്തശ്ശിയുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്‍തു. തോക്കിൻമുനയിലാണ് അയാൾ അവരെ ബലാത്സംഗം ചെയ്‍തത്. അതുകൊണ്ട് തന്നെ ഒന്ന് ഒച്ച വെക്കാനോ അനങ്ങാനോ കണ്ടുനിന്ന മുത്തശ്ശിക്കോ, ആ പെണ്‍കുട്ടികൾക്കോ ആയില്ല. ഓരോ പ്രാവശ്യവും സ്വന്തം കുഞ്ഞുങ്ങൾ കൺമുൻപിൽ കിടന്നു പിച്ചിച്ചീന്തപ്പെട്ടപ്പോൾ പ്രായമായ അവർക്ക് അത് താങ്ങാൻ കഴിഞ്ഞില്ല. അങ്ങനെയായിരിക്കാം അവർക്ക് ഹൃദയാഘാതമുണ്ടായത് എന്ന് ബലാത്സംഗത്തെക്കുറിച്ച് അന്വേഷിക്കുന്ന ദക്ഷിണാഫ്രിക്കൻ പൊലീസ് പറഞ്ഞു. ഇരകളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.   

"ഞങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. വീടിനകത്ത് മുത്തശ്ശി മരിച്ചുകിടക്കുന്നതാണ് ഞങ്ങൾ കണ്ടത്. ഈ ക്രൂരതകൾ കണ്ട് നിൽക്കാനാകാതെ മരിച്ചു വീണതായിരിക്കാം അവർ എന്ന് ഞങ്ങൾ കരുതുന്നു" കുടുംബ വക്താവ് മസാൻഡ്‌വിലെ എൻഡ്‌ലോവ് പറഞ്ഞു. കുറ്റവാളിയെ പിടിക്കാൻ സാക്ഷികൾ മുന്നോട്ട് വരണമെന്ന് മുത്തശ്ശിയുടെ മറ്റൊരു മകൻ അഭ്യർത്ഥിച്ചു. "എന്റെ അമ്മ അവന്‍റെ മുന്നിൽ ജീവനു വേണ്ടി പിടയുമ്പോഴും അവൻ അക്രമം തുടർന്നുകൊണ്ടിരുന്നു. മനുഷ്യത്വം എന്നൊന്നില്ലേ?'' മകൻ കരഞ്ഞുകൊണ്ട് ചോദിച്ചു. 

അതേസമയം, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വല്ലാതെ വേദനജനകമാണെന്ന് ക്വാസുലു നടാൽ സോഷ്യൽ ഡെവലപ്‌മെന്റ് കൗൺസിൽ അംഗം നോൺ‌ലാൻ‌ല ഖോസ പറഞ്ഞു. ലിംഗാധിഷ്ഠിത അക്രമം, കൊലപാതകം, ബലാത്സംഗം എന്നിവ ക്രമാതീതമായി വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലേക്ക് നയിക്കുന്ന ഏതെങ്കിലും വിവരങ്ങൾ ആർക്കെങ്കിലും അറിയുമെങ്കിൽ പൊലീസിനെ ഉടൻ വിവരം അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. കഴിഞ്ഞ വർഷം 2,700 -ൽ അധികം സ്ത്രീകളും 1,000 കുട്ടികളും കൊല്ലപ്പെടുകയും, 42,000 സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്‍തു.