ഒരാളോടുള്ള നിങ്ങളുടെ സ്നേഹം ചില കാര്യങ്ങൾ വെച്ച് വിലയിരുത്തപ്പെടുന്നുണ്ടോ? : " എന്നെക്കുറിച്ച് വല്ല വിചാരോം ഉണ്ടായിരുന്നേൽ, നിങ്ങളിത് ചെയ്തേനെ.." "നിങ്ങൾക്കെന്നോട് സ്നേഹമുണ്ടായിരുന്നെങ്കിൽ, നിങ്ങളെനിക്ക് പരിപ്പുവട കൊണ്ടുവന്നു തന്നേനെ " എന്നൊക്കെയുള്ള ലൈൻ.. 

"മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ, പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും..." എന്നാണ് രാജാവിന്‍റെ മകനിൽ വിൻസന്‍റ് ഗോമസ് പറഞ്ഞിട്ടുള്ളത്. അങ്ങനെ എളുപ്പത്തിൽ കുറ്റബോധത്തിൽ വീണുപോവുന്നവരാണോ നിങ്ങൾ? നിങ്ങളുടെ പ്രിയപ്പെട്ടവരിൽ പലരും നിങ്ങളെ മനഃപൂർവം കുറ്റബോധത്തിന്‍റെ കൂട്ടിലേക്ക് തള്ളിവിട്ട്, അവരാഗ്രഹിക്കുന്ന രീതിയിൽ പെരുമാറാൻ നിങ്ങളെ ബാധ്യസ്ഥനാക്കുന്നുണ്ടോ? സ്‌നേഹപൂർണമായ നിർബന്ധങ്ങളെയും മനഃപൂർവമുള്ള 'സൈക്കോളജിക്കൽ മാനിപ്പുലേഷനു'കളെയും തമ്മിലെങ്ങനെ തിരിച്ചറിയാം? 

ഗിൽട്ട് ട്രിപ്പ് - അഥവാ അപരാധബോധത്തിന്‍റെ കെണി 

നമ്മൾ സാധാരണ ഗതിക്ക്, നമ്മുടെ സ്വഭാവം വെച്ച് ചെയ്യാനിടയില്ലാത്ത കാര്യങ്ങൾ പലതും, നമ്മുടെയുള്ളിൽ കുറ്റബോധം ജനിപ്പിച്ച്, നമ്മെക്കൊണ്ട് യാന്ത്രികമെന്നോണം ചെയ്യിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ഒരുതരം മാനസികമായ കൗശലത്തെയാണ് നമ്മൾ 'ഗിൽട്ട് ട്രിപ്പ്' എന്ന് വ്യവഹരിക്കുന്നത്. അത് നമ്മുടെ ജീവിതപങ്കാളിയാവാം, അച്ഛനമ്മമാരാവാം, അധ്യാപകരാവാം, മക്കളാവാം, സഹപ്രവർത്തകരാവാം. നമ്മൾ ജീവിതത്തിൽ ഇടം കൊടുത്തിട്ടുള്ള ആരുമാവാം. കുറ്റബോധത്തിലാഴ്ത്തപ്പെടുന്ന ഒരാൾക്ക് ആത്മാഭിമാനത്തിലും ആത്മവിശ്വാസത്തിലും കാര്യമായ ഇടിവുണ്ടാവാം. നമ്മുടെ സ്വഭാവ രീതി തന്നെ മാറിപ്പോയേക്കാം. അത് അനുവദിച്ചുകൂടാ. അതുകൊണ്ടുതന്നെ, ഇങ്ങനെയുള്ള കൗശലങ്ങളിൽ വീണ്, നമ്മളല്ലാതെയാവുന്നതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നും പരിശോധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. 

ഗിൽട്ട് ട്രിപ്പിങ്ങ് പലവിധമുണ്ട്. അവയിൽ പലതും തിരിച്ചറിയാൻ വളരെ പ്രയാസമായിരിക്കും. സ്നേഹമസൃണമായ പെരുമാറ്റത്തിൽ പൊതിഞ്ഞായിരിക്കും അത് നമ്മുടെ മേൽ പ്രയോഗിക്കപ്പെടുക. നമ്മളെ ഒരാൾ ഗിൽട്ട് ട്രിപ്പ് ചെയ്യുകയാണ് എന്ന് തിരിച്ചറിയാനുള്ള പത്തു ലക്ഷണങ്ങൾ ഇതാ. 

1. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന തോന്നൽ സദാ മനസ്സിലുണ്ടാവുക: നമ്മൾ എത്രകണ്ട് കഠിനാദ്ധ്വാനം ചെയ്താലും, ഒരിക്കലും ഒരുകാര്യവും വേണ്ടും വിധം ചെയ്യാൻ നമ്മളെക്കൊണ്ട് കഴിയില്ല എന്ന് നമുക്ക് തോന്നലുണ്ടാവുന്നുണ്ടെങ്കിൽ നമ്മൾ ഗിൽട്ട് ട്രിപ്പിൽ അകപ്പെട്ടിരിക്കാനാണ് സാധ്യത. ഈ തന്ത്രം ഉപയോഗിക്കുന്നയാൾ നമ്മൾ അയാളിലും എത്രയോ താഴെയാണ്, അതുകൊണ്ടുതന്നെ നമ്മൾ അയാൾ പറയുന്നതൊക്കെയും അക്ഷരം പ്രതി അനുസരിക്കാൻ ബാധ്യസ്ഥരാണ് എന്ന് വരുത്തിത്തീർക്കാൻ മനഃപൂർവം ശ്രമങ്ങൾ നടത്തും. സൂക്ഷിക്കുക.

2. 'എല്ലാം എന്റെ തെറ്റാണ്....' : ' മിയാ കുൾപ്പാ.. മിയാ മാക്സിമാ കുൾപ്പാ.. എന്‍റെ പിഴ.. എന്‍റെ വലിയ പിഴ.. ' എന്ന് നിങ്ങൾ ഇടയ്ക്കിടെ അവനവനോട് പറയുന്നുണ്ടോ? അതുതന്നെ നിങ്ങളുടെ പങ്കാളിയും പറയുന്നുണ്ടോ. എങ്കിൽ സൂക്ഷിക്കുക, കാരണം നമ്മളെ മാനസിക സമ്മർദ്ദത്തിലാഴ്ത്താൻ ശ്രമിക്കുന്ന പങ്കാളി ഒരിക്കലും തന്‍റെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ഇപ്പോഴും അത് നിങ്ങളുടെ മേൽ ചാർത്താൻ ഒരു ശ്രമം അയാളിൽ നിന്നുണ്ടാവും. 

3. നിങ്ങളെക്കാൾ മികച്ച മറ്റുള്ളവരുമായി നിങ്ങളെ നിരന്തരം താരതമ്യപ്പെടുത്തപ്പെടുന്നുണ്ടോ? : ഇത് 'അയലത്തെ അദ്ദേഹം' കോംപ്ലക്‌സാണ്. സ്വന്തം ഭർത്താവിനെ വരുതിക്ക് നിർത്താൻ ഭാര്യമാർ ചരിത്രാതീതകാലം മുതൽക്കേ എടുത്തുപയോഗിക്കുന്ന വജ്രായുധം. മറ്റുള്ള സ്ത്രീകളുടെ ഭർത്താക്കന്മാർ അവരെ എത്ര നന്നായാണ് സ്നേഹിക്കുന്നത്. ചേച്ചിയുടെ ഭർത്താവ് കുഞ്ഞിനസുഖം വന്നാൽ പിന്നെ ഉറങ്ങത്തില്ല.. എനിക്കുമുണ്ടൊരു ഭർത്താവ്.. നിങ്ങളെ എന്തിനു കൊള്ളാം. എന്ന ലൈനിൽ നിങ്ങളെ വളരെ നൈസായി അങ്ങ് ചവിട്ടി തേച്ചുകളയും. അപ്പോൾ നഷ്ടപ്പെടുന്ന ആത്മവിശ്വാസം തിരിച്ചുകിട്ടാൻ വളരെ പ്രയാസമാകും. താൻ അങ്ങനെ അല്ല എന്ന് തെളിയിക്കാനുള്ള വെപ്രാളമാവും പിന്നെ. അവർ ആഗ്രഹിക്കുന്ന ഓരോന്നും നമ്മൾ ചെയ്തു തുടങ്ങും നമ്മളുടെ ഇമേജ് മെച്ചപ്പെടുത്താനുള്ള പ്രയത്നങ്ങളുടെ ഭാഗമായി. ഈ തന്ത്രത്തെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. 

4. ചെയ്യുന്നതെല്ലാം ഓരോ കണ്ടിഷന്‍റെ പുറത്താണോ? : ഉദാ. ആഴ്ചയിലൊരിക്കൽ വീട് വാക്വം ക്ളീൻ ചെയ്യുന്ന ഭർത്താവ് അത് ചെയ്തു തരുന്നത് വേറൊരു പണിയും ചെയ്യാൻ പറയാതിരിക്കാനാണ്. ബാക്കി എല്ലാ പണിയും ഈ ഒരൊറ്റപ്പണി ടിയാൻ ചെയ്യുന്നതിന്‍റെ പേരിൽ നിങ്ങൾ മിണ്ടാതെ ചെയ്തുകൊള്ളണം. 

5. ഒരാളോടുള്ള നിങ്ങളുടെ സ്നേഹം ചില കാര്യങ്ങൾ വെച്ച് വിലയിരുത്തപ്പെടുന്നുണ്ടോ? : " എന്നെക്കുറിച്ച് വല്ല വിചാരോം ഉണ്ടായിരുന്നേൽ, നിങ്ങളിത് ചെയ്തേനെ.." "നിങ്ങൾക്കെന്നോട് സ്നേഹമുണ്ടായിരുന്നെങ്കിൽ, നിങ്ങളെനിക്ക് പരിപ്പുവട കൊണ്ടുവന്നു തന്നേനെ " എന്നൊക്കെയുള്ള ലൈൻ.. അവർ ഇതുപറയുന്നതിന്‍റെ ഒരേയൊരു ഉദ്ദേശം തങ്ങളുടെ പ്രിയപ്പെട്ടവർക്കുമേലെ അധികാരം സ്ഥാപിച്ചെടുക്കുക, തങ്ങൾക്കുവേണ്ട കാര്യങ്ങൾ സാധിച്ചെടുക്കുക എന്നതുമാത്രമാണ്.. അല്ലാതെ സ്നേഹവും പരിപ്പുവടയും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല എന്നവർക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. 

6. നിങ്ങളുടെ പങ്കാളി നിങ്ങളുടെ 'ഇര'യാണ് ജീവിതത്തിൽ: നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ട് രക്തസാക്ഷിയായതാണ് നിങ്ങളുടെ പങ്കാളി. അല്ലെങ്കിൽ വല്ല അംബാനിയുടെയും വീട്ടിൽ കഴിയാനുള്ള ആളായിരുന്നു അവർ. നിങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്നതിന്‍റെ പേരിൽ, അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ നോക്കി കുടുംബം പുലർത്തുന്നതിന്‍റെ പേരിൽ ജീവിതം പാഴായിപ്പോയ ഒരാളാണ് താനെന്ന് നിങ്ങളുടെ പങ്കാളി പറയുന്നുണ്ടോ.. എങ്കിൽ സൂക്ഷിക്കുക. നിങ്ങൾ കുരുക്കിൽ അകപ്പെട്ടു കഴിഞ്ഞു.

7. " നോ..." പറയാൻ പറ്റാത്ത സാഹചര്യമാണ്: എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?: എങ്കിൽ മനസിലാക്കുക, ആ സാഹചര്യം തനിയെ ഉണ്ടായതല്ല. നിങ്ങളുടെ പങ്കാളി നിങ്ങൾക്കുള്ള വാരിക്കുഴിയും കുഴിച്ച്, അതിനുമേൽ ചുള്ളിക്കമ്പും നിരത്തി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. നിങ്ങൾ ചെന്ന് ചാടിക്കൊടുക്കാൻ സ്വല്പം താമസിച്ചു എന്ന് മാത്രമേയുള്ളൂ. നിങ്ങളുടെ ഒരു നോ ഇപ്പഴേ മോശമായിരിക്കുന്ന വീട്ടിലെ വൈകാരികാന്തരീക്ഷം ഇനിയും വഷളാക്കും എന്ന് കരുതി നിങ്ങൾ യെസ് മൂളും. വൈകാരികാന്തരീക്ഷത്തെ സൂയിസൈഡ് പോയന്റിൽ കൊണ്ട് നിർത്തി നിങ്ങളെ മനഃപൂർവം സമ്മർദ്ദത്തിലാഴ്ത്തി നിങ്ങളുടെ പങ്കാളി നടത്തുന്ന ഒരു മാനസിക ആക്രമണമാണിതെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അതിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചന്വേഷിക്കാൻ നിങ്ങൾക്ക് കഴിയൂ. 

8. നിങ്ങളുടെ പങ്കാളിയെ സദാ സന്തോഷിപ്പിച്ചു നിർത്താനുള്ള ഒരു സമ്മർദ്ദമുണ്ടോ നിങ്ങളുടെ മേൽ? : നിങ്ങളുടെ പങ്കാളിയുടെ സന്തോഷം നിങ്ങളുടെ തീരുമാനങ്ങൾക്കനുസരിച്ചാണ്. നിങ്ങളുടെ ഒരു 'യെസ്' അവളുടെ മുഖത്ത് പുഞ്ചിരി വിടർത്തും. നിങ്ങൾ അവളെ പുറത്തുകൊണ്ടുപോയാൽ അവൾ സന്തോഷിച്ച് ഉല്ലസിച്ചു നടക്കും. അവളുടെ സന്തോഷം നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. നിങ്ങൾ മുഖം ചുളിച്ചാൽ അവൾ കരഞ്ഞുകുളമാക്കും. ഇതൊന്നും സ്വാഭാവികമായിക്കൊള്ളണമെന്നില്ല. ഒരു സൈക്കോളജിക്കൽ മാനിപ്പുലേഷൻ നടക്കുന്നുണ്ടോ എന്ന് എപ്പോഴും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാവും. 

9. നീയില്ലെങ്കിൽ, ഞാനില്ല... : നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് എന്ന തോന്നൽ പലപ്പോഴും അവർ മനഃപൂർവം സൃഷ്ടിച്ചു വെച്ചിരിക്കുന്ന ഒരു മിഥ്യയാണ്. നിങ്ങൾ ഒരു സുപ്രഭാതത്തിൽ തട്ടിപ്പോയാലും അവർ സുഖമായി ജീവിക്കുകയൊക്കെ ചെയ്യും. പക്ഷേ, നിങ്ങൾ ജീവനൊടുള്ളിടത്തോളം കാലം, നിങ്ങളവരെ ഉപേക്ഷിച്ചു പോവാതിരിക്കാൻ, അവർ ഈ ഒരു തോന്നൽ നിലനിർത്തും. "ഞാനിവളെ/ഇവനെ ഉപേക്ഷിച്ചുപോയാൽ ചിലപ്പോൾ ഇവൾ/ഇവൻ ചത്തുകളഞ്ഞാലോ? " എന്ന പങ്കാളിയുടെ പേടികൊണ്ടു മാത്രം രണ്ടും രണ്ടുപാത്രമാവാതിരിക്കുന്ന എത്രയോ ബന്ധങ്ങളുണ്ട്. ഈ ഒരു തോന്നലിനെ തങ്ങളുടെ പങ്കാളികളെ വരുതിക്ക് നിർത്താൻ ഉപയോഗിക്കുന്നവരാണ് നമ്മുടെ ഇടയിലുള്ള പലരും. 

10. നീ സുലൈമാനല്ല, ഹനുമാനാണ്: നമ്മുടെ പങ്കാളിയെ പ്രശംസിക്കുക എന്നത് നല്ലൊരു കാര്യമാണ്. എന്നാൽ ഇടക്കിടക്ക് പ്രശംസിക്കാൻ നമ്മൾ നിർബന്ധിതരാവുന്നുണ്ടെങ്കിലോ? അത് കിട്ടാഞ്ഞാൽ നിങ്ങൾക്കവരോട് സ്നേഹമില്ലെന്നും, അവരെ നിങ്ങൾ ശ്രദ്ധിക്കുന്നേയില്ലെന്നും അവർ ധരിച്ചുവശായാലോ? സാരിയുടുത്തു മേക്കപ്പും ചെയ്തു വന്ന്, ഒരു കമന്‍റ് പ്രതീക്ഷിച്ചു നിൽക്കുന്ന ഭാര്യമാരെ തിരിഞ്ഞു പോലും നോക്കാതെ പത്രവും വായിച്ചിരിക്കുന്ന മണ്ടന്മാരാണ് പല ഭർത്താക്കന്മാരും. ഒരു കോമ്പ്ലിമെന്‍റൊക്കെ ഇടക്കൊക്കെ കൊടുക്കാം. എന്നാൽ പുട്ടിന് പീര പോലെ മുട്ടിനുമുട്ടിന് പ്രശംസിച്ചില്ലെങ്കിൽ കാര്യം വഷളാവാൻ തുടങ്ങിയാലോ. അതും ഗിൽട്ട് ട്രിപ്പിന്‍റെ പ്രകടലക്ഷണങ്ങളിൽ ഒന്നാണ്.

നിങ്ങളോടുള്ള സ്നേഹത്തിന്‍റെ പുറത്താണ് പലപ്പോഴും മേൽപ്പറഞ്ഞ രീതിയിലുള്ള അധികാര സ്ഥാപനത്തിനുള്ള പരിശ്രമങ്ങൾ നടക്കുന്നത്. നിങ്ങളുടെ പങ്കാളികളോട്, 'നിങ്ങൾ ചെയ്യുന്നതെന്താണെന്ന് ഞാൻ അറിയുന്നുണ്ട് ' എന്ന മട്ടിൽ തുറന്നു തന്നെ സംസാരിക്കണം. ഇത്തരത്തിലുള്ള പരിശ്രമങ്ങൾ നിങ്ങൾക്കിടയിൽ അകലമുണ്ടാക്കും എന്ന സത്യം അവരെ അറിയിക്കണം. കാര്യങ്ങൾ കൂടുതൽ നേരെ ചൊവ്വേ അവതരിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം. വളരെ ക്ഷമയോടെ മാത്രമേ ഈ കാര്യങ്ങളിൽ ഇടപെടാവൂ. അക്ഷമരായാൽ അത് വഴക്കിൽ കലാശിച്ചെന്നുവരും. സ്നേഹത്തോടെയും അനുകമ്പയോടെയും പെരുമാറിയാൽ കാര്യങ്ങളുടെ കടിഞ്ഞാൺ നിങ്ങളുടെ കയ്യിൽ തന്നെ സുരക്ഷിതമായിരിക്കും. സ്നേഹം യാന്ത്രികമാവാതിരിക്കാൻ ഏറ്റവും ആദ്യവും ഏറ്റവും അധികവും പ്രയത്നിക്കേണ്ടത് നിങ്ങൾ തന്നെയാണ്. 

(Ref : https://www.learning-mind.com/guilt-trip/
Translation: Babu Ramachandran )