Asianet News MalayalamAsianet News Malayalam

കൊവിഡിലും തെരഞ്ഞെടുപ്പിലും മുങ്ങി ഹാലോവീന്‍, കോസ്റ്റ്യൂമിലും അടിമുടി മാറ്റം!

മഹാമാരിയുടെ കാലം മാത്രമല്ല ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ സമയം കൂടിയാണ്. മുമ്പത്തേക്കാളും ഈ തെരഞ്ഞെടുപ്പ് അമേരിക്കക്കാരെ സ്വാധീനിക്കുന്ന ഒന്നാണ്.

Halloween costumes include hand sanitizer and banana bread
Author
United States, First Published Oct 29, 2020, 3:11 PM IST

മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളുടെ കെട്ടിലും മട്ടിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല രാജ്യങ്ങളും ഹാലോവീൻ ആഘോഷിക്കുന്ന സമയമാണ് ഇപ്പോൾ. മുൻപത്തെ പോലെ വലിയ രീതിയിലുള്ള ആഘോഷങ്ങൾ ഒന്നും സാധ്യമല്ലെങ്കിലും, പറ്റാവുന്ന രീതിയിൽ വീടുകളിൽ ഇരുന്നും, സൂം മീറ്റ് വഴിയും ആളുകൾ അത് കൊണ്ടാടുകയാണ്. ഇപ്രാവശ്യത്തെ ഹാലോവീൻ വസ്ത്രങ്ങൾക്കും പ്രത്യേകതയുണ്ട്. സ്ഥിരം കാണുന്ന നഴ്‌സുമാർ, കടൽക്കൊള്ളക്കാർ, നിൻജകൾ തുടങ്ങിയ വേഷങ്ങളല്ല വിപണിയിൽ ഇക്കുറി ഇറങ്ങുന്നത്. പകരം ഹാൻഡ് സാനിറ്റൈസർ, ബനാന ബ്രെഡ്, മെയിൽ ഇൻ ബാലറ്റ് തുടങ്ങിയ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന വേഷങ്ങളാണ്. 

'ഹാലോവീൻ വഴി ഈ ഭ്രാന്തിൽ നിന്ന് രക്ഷപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു' ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിലാർ ക്വിന്‍റാന-വില്യംസ് പറഞ്ഞു. ഈ വർഷം ഇറക്കുന്ന 'ഹാൻഡ് സാനിറ്റൈസർ' എന്നത് ഇളംപച്ച നിറത്തിലുള്ള ബോഡിസ്യൂട്ടാണ്. അതിൽ '99% അണുക്കളെ കൊല്ലുന്നു' എന്ന് അച്ചടിച്ചിരിക്കുന്നു. ആളുകൾ ഇത് ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നാണ് പിലാർ പറയുന്നത്. എന്നാലും ഏറ്റവും ഹിറ്റായത് അതൊന്നുമല്ല, ഫേക്ക് ന്യൂസ് കോസ്റ്റ്യൂമാണ്. വസ്ത്രത്തിന്റെ മുന്നിൽ ചുവപ്പ് നിറത്തിൽ 'ഫേക്ക്!' എന്ന ഒരു ന്യൂസ് പ്രിന്‍റ് ഡിസൈനുണ്ട്.  അതുകൂടാതെ ബനാന ബ്രെഡ് വസ്ത്രവുമുണ്ട്. ഇന്ന് ആളുകൾ  കൂടുതലും വീടുകളിൽ തന്നെയാണ് പാചകം ചെയ്യുന്നത്. "വെള്ളം തിളപ്പിക്കാൻ പോലും അറിയാത്തവർ ഇന്ന് ബനാന ബ്രെഡ് പോലുള്ള വിഭവങ്ങൾ സ്വയം ഉണ്ടാക്കി കഴിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ വസ്ത്രവും ഒരുപാട് പേർക്ക് ഇഷ്ടമാകുമെന്ന് ഞാൻ കരുതുന്നു” അവർ പറഞ്ഞു.

മഹാമാരിയുടെ കാലം മാത്രമല്ല ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ സമയം കൂടിയാണ്. മുമ്പത്തേക്കാളും ഈ തെരഞ്ഞെടുപ്പ് അമേരിക്കക്കാരെ സ്വാധീനിക്കുന്ന ഒന്നാണ്. അതിനാൽ 'മെയിൽ-ഇൻ ബാലറ്റ്' വസ്ത്രവും മാർക്കറ്റിലുണ്ട്. അതിൽ 'ഞാൻ വോട്ട് ചെയ്തു' എന്ന സ്റ്റിക്കറുകൾ, ഫസ്റ്റ് ക്ലാസ് മെയിൽ പ്രിന്റ്, ഔദ്യോഗിക ബാലറ്റ് വെച്ച ചുവന്ന സ്റ്റാമ്പ് എന്നിവ ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും ലോകമെമ്പാടും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾക്ക് കാരണമാവുകയും ചെയ്‍ത ഈ പകർച്ചവ്യാധിയുടെ സമയത്ത് എന്ത് വസ്ത്രങ്ങൾ നിർമ്മിക്കും എന്നതിന് പരിമിതികളുണ്ടായിരുന്നു. എന്നിരുന്നാലും മഹാമാരി ഉണ്ടാക്കുന്ന വിഷമതകളിൽ നിന്ന് കുറച്ചെങ്കിലും ഒരാശ്വാസം നേടാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം കോസ്റ്റ്യൂമുകൾ അതിന് വഴിവയ്ക്കുമെന്ന് ഫാഷൻ മേഖല പ്രതീക്ഷിക്കുന്നു.  
 

Follow Us:
Download App:
  • android
  • ios