അന്നേദിവസം അമേരിക്കയിലെ തെരുവുകളിലും ഓഫീസുകളിലും കടകളിലുമൊക്കെ യക്ഷികളുടെയും  പ്രേത- ഭൂത പിശാചുക്കളുടെയു മറ്റു ചില വിചിത്ര ജീവികളുടെയുമൊക്കെ  വേഷം ധരിച്ചയാളുകളെ കാണാം. 

ഹാലോവീന്‍റെ ഉത്ഭവത്തെക്കുറിച്ചു ഒരുപാട് കഥകളുണ്ട്. ക്രിസ്തുമതത്തിന്‍റെ ഉത്ഭവത്തിനു മുന്‍പ് യൂറോപ്പില്‍ തുടങ്ങിയ ഒരു വിളവെടുപ്പുകാല ആഘോഷമാണിതിന്‍റെ തുടക്കമെന്നു പറയപ്പെടുന്നു. ഇന്നത്തെ രൂപത്തില്‍ ഹാലോവീന്‍ ആഘോഷിക്കപ്പെടുന്നതിനു പിന്നില്‍ ‘വയ്ക്കോലിലിട്ട് ചക്കവെട്ടിയെന്നു' പറയുമ്പോലെ പല ജനതകളുടെ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും, വിശ്വാസങ്ങളും, നാടോടിക്കഥകളും, കച്ചവടതന്ത്രങ്ങളുമെല്ലാം കൂടിക്കലര്‍ന്നു പരസ്പരം ഒട്ടിച്ചേര്‍ന്നു കിടക്കുന്നു. കച്ചവടത്തിന്‍റെ മര്‍മ്മം അറിഞ്ഞവര്‍ ഹലോവീനെ ശതകോടി ഡോളറുകളുടെ ബിസിനസ്സാക്കി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ക്കും അതൊരു ധനാഗമന മാര്‍ഗ്ഗമായി മാറുന്നു. ജോസഫ് എബ്രഹാം എഴുതുന്നു

സുന്ദരികളായ യക്ഷികള്‍ പകല്‍ സമയത്ത് കറങ്ങിനടക്കുന്നത് കണ്ടിട്ടുണ്ടോ? കോമ്പല്ലുകളും ചോരകിനിയുന്ന കടവായും കാറ്റില്‍ പാറിപ്പറക്കുന്ന വസ്ത്രങ്ങളുമൊക്കെയായി. ചിലപ്പോള്‍ അവരുടെ കൂടെ സഹായികളായി ചില പിശാചുക്കളെയും കാണാം. സന്ധ്യ മയങ്ങിയാല്‍ രക്തദാഹികളല്ലാത്ത കുട്ടിച്ചാത്തന്മാരും കുഞ്ഞെക്ഷികളും ചെറിയ ബാസ്കറ്റുകളും ബാഗുകളുമായി വീടുകളുടെ വാതില്‍ക്കല്‍ തട്ടിവിളിക്കും. വാതില്‍ തുറക്കുന്ന വീട്ടുകാരോട് അവര്‍ ചോദിക്കും. ‘ട്രിക് ഓര്‍ ട്രീറ്റ്‌ ?’എന്നുവച്ചാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട നിവേദ്യങ്ങളായ മിഠായികളും ചോക്ലേറ്റുകളും തരുന്നോ അതോ കുട്ടിച്ചാത്തന്മാരുടെ തനി സ്വഭാവമായ ചാത്തനേറു നടത്തണമോ എന്നാണ് ചോദ്യം?

കുട്ടിച്ചാത്തന്മാരെ പിണക്കാതെ സൂക്ഷിക്കാന്‍ വീട്ടുകാര്‍ കാലേക്കൂട്ടി തന്നെ ധാരാളം മിഠായികള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടായിരിക്കും. അവരതു സന്തോഷത്തോടെ കുട്ടിച്ചാത്തന്മാര്‍ക്കു വീതിച്ചു നല്‍കും. ചില വീട്ടുകാര്‍ മിഠായികള്‍ ഒരു പാത്രത്തിലാക്കി പുറത്ത് വച്ചിട്ടുണ്ടാകും. വീട്ടു വാതില്‍ക്കല്‍ എത്തുന്ന വിരുന്നുകാര്‍ അതില്‍ നിന്ന് അവരുടെ വീതം എടുത്തുകൊണ്ടു പൊയ്ക്കൊള്ളും.

എന്തും ഏതും ആഘോഷമാക്കുന്നവരാണ് അമേരിക്കന്‍ ജനത. ജീവിതത്തില്‍ ഉണ്ടാകുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ അവര്‍ വലിയ സന്തോഷങ്ങള്‍ കണ്ടെത്തി ആഹ്ളാദിക്കുന്നു. ഒരു ദിവസം നല്ല കാലാവസ്ഥയാണെങ്കില്‍ വീടിനു പുറത്തിറങ്ങി അതില്‍ പോലും സന്തോഷം കണ്ടെത്തുന്ന അമേരിക്കക്കാര്‍ മരണത്തിനും നരകവാസികള്‍ക്കും നരകത്തിന്റെ പ്രതീകമായ ബീഭത്സ ജീവികള്‍ക്കുമായി (spook) ഒരുക്കുന്ന ആഘോഷമാണ് ഒക്ടോബര്‍ മുപ്പത്തിയൊന്നിനു നടത്തുന്ന ‘ഹാലോവീന്‍’ആഘോഷം. 

അന്നേദിവസം അമേരിക്കയിലെ തെരുവുകളിലും ഓഫീസുകളിലും കടകളിലുമൊക്കെ യക്ഷികളുടെയും പ്രേത- ഭൂത പിശാചുക്കളുടെയു മറ്റു ചില വിചിത്ര ജീവികളുടെയുമൊക്കെ വേഷം ധരിച്ചയാളുകളെ കാണാം. ചില പട്ടണങ്ങളില്‍ ‘മാര്‍ച്ച്‌ ഓഫ് ഡെഡ് ’ എന്നപേരില്‍ പിശാചുക്കളുടെയും പ്രേതങ്ങളുടെയുമൊക്കെ വേഷഭൂഷാദികളണിഞ്ഞു ഘോഷയാത്രകള്‍ തന്നെ നടക്കും.

അതിനായി അവര്‍ മരിച്ചു പോയവരുടെ രൂപങ്ങള്‍ കെട്ടിയാടി നൃത്തം ചെയ്തുപോന്നു 

ഹാലോവീന്‍റെ ഉത്ഭവത്തെക്കുറിച്ചു ഒരുപാട് കഥകളുണ്ട്. ക്രിസ്തുമതത്തിന്‍റെ ഉത്ഭവത്തിനു മുന്‍പ് യൂറോപ്പില്‍ തുടങ്ങിയ ഒരു വിളവെടുപ്പുകാല ആഘോഷമാണിതിന്‍റെ തുടക്കമെന്നു പറയപ്പെടുന്നു. ഇന്നത്തെ രൂപത്തില്‍ ഹാലോവീന്‍ ആഘോഷിക്കപ്പെടുന്നതിനു പിന്നില്‍ ‘വയ്ക്കോലിലിട്ട് ചക്കവെട്ടിയെന്നു' പറയുമ്പോലെ പല ജനതകളുടെ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും, വിശ്വാസങ്ങളും, നാടോടിക്കഥകളും, കച്ചവടതന്ത്രങ്ങളുമെല്ലാം കൂടിക്കലര്‍ന്നു പരസ്പരം ഒട്ടിച്ചേര്‍ന്നു കിടക്കുന്നു. കച്ചവടത്തിന്‍റെ മര്‍മ്മം അറിഞ്ഞവര്‍ ഹലോവീനെ ശതകോടി ഡോളറുകളുടെ ബിസിനസ്സാക്കി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ക്കും അതൊരു ധനാഗമന മാര്‍ഗ്ഗമായി മാറുന്നു.

പ്രാചീന ഐര്‍ലന്‍ഡിലെ കര്‍ഷകര്‍ മഞ്ഞുകാലത്തിനു മുന്നോടിയായുള്ള വിളവെടുപ്പ് സമയത്ത് നടത്തിവന്ന ഉത്സവത്തില്‍ മരണപ്പെട്ടു പോയ തങ്ങളുടെ പൂര്‍വികരും പങ്കെടുക്കുന്നുവെന്നു വിശ്വസിച്ചിരുന്നു. അതിനായി അവര്‍ മരിച്ചു പോയവരുടെ രൂപങ്ങള്‍ കെട്ടിയാടി നൃത്തം ചെയ്തുപോന്നു. പില്‍ക്കാലത്ത് ക്രിസ്തുമതം പ്രചരിച്ചപ്പോള്‍ പിശാച് എന്ന സങ്കല്‍പ്പം കൂടി ശക്തിപ്രാപിക്കുകയും ഹാലോവീന്‍ ആഘോഷങ്ങളില്‍ മരണം എന്നതിന്‍റെ പ്രതീകമായി പിശാചുക്കളും മറ്റു ബീഭത്സ നരക ജീവികളും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു.

ഹാലോവീന്‍ എങ്ങനെ വന്നു?

ഒരു ഇംഗ്ലീഷ് നാടോടികഥയുടെ ഭാഗമായി ‘ജാക്ക്’എന്നുപേരായ കൌശലക്കാരന്‍ കൂടി ഹലോവീന്‍റെ വഴിത്താരയില്‍ വന്നു ചേര്‍ന്നപ്പോള്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് നല്ല ഓറഞ്ചു നിറത്തില്‍ തിളങ്ങുന്ന മത്തങ്ങയുടെ മിഴിവുകൂടി കൈവന്നു. ജാക്ക് മഹാചതിയനും കള്ളുകുടിയനുമായ കൊല്ലപ്പണിക്കാരനായിരുന്നു. കുശാഗ്രബുദ്ധിയായ ജാക്കിന് തന്‍റെ വാക് ചാതുര്യത്താല്‍ ആരെയും വഞ്ചിക്കാനുള്ള കഴിവുണ്ടായിരുന്നു. സാത്താന്‍ പോലും ജാക്കിന്‍റെ ചതി ചെയ്യാനുള്ള നൈപുണ്യത്തിനു മുന്നില്‍ വിസ്മയം പൂണ്ടുപോയി.

ജാക്കിന്‍റെ മദ്യപാനവും പാപകരമായ ജീവിതവും മൂലം ജാക്കിന്‍റെ ആത്മാവിന്‍റെ അവകാശം സാത്താനു കൈവന്നു. അങ്ങിനെ ഒരു നാള്‍ ജാക്കിന്‍റെ ആത്മാവിനെ നരകത്തിലേക്ക് കൂട്ടികൊണ്ടുപോകുവാനായി സാത്താന്‍ എത്തി. സാത്താനെ കണ്ടപ്പോള്‍ ജാക്കിന് മനസ്സിലായി തന്‍റെ അവസാനമാണിതെന്ന്. ജാക്ക് സാത്താനോട് പറഞ്ഞു, ഏതായാലും നീ എന്നെ ഭൂമിയില്‍ നിന്ന് കൊണ്ടുപോവുകയാണല്ലോ അവസാനമായി ഒന്നുകൂടെ മദ്യപിക്കണമെന്നൊരാഗ്രഹമുണ്ടെനിക്ക് അത് നീ സാധിച്ചുതരണം.

സാത്താനെ നിനക്ക് ഏതു രൂപത്തിലും മാറാന്‍ കഴിയുമല്ലോ?

ജാക്കിന്‍റെ അവസാനത്തെ ആഗ്രഹമല്ലെ നടത്തിക്കൊടുക്കാമെന്ന് സാത്താനും സമ്മതിച്ചു. രണ്ടുപേരും കൂടി ഒരു മദ്യശാലയില്‍ പോയി. മൂക്ക് മുട്ടെ കുടിച്ചു കഴിഞ്ഞപ്പോള്‍ ജാക്ക് സാത്താനോട് പറഞ്ഞു, എന്‍റെ കയ്യില്‍ കാശില്ല നീ തന്നെ ബില്ല് കൊടുക്കണമെന്ന്. നരകത്തില്‍ കിടക്കുന്ന പിശാചിനു പണത്തിന്‍റെ ആവശ്യമില്ലല്ലോ അതുകൊണ്ട് തന്നെ സാത്താന്‍റെ കയ്യില്‍ പണമൊന്നുമില്ലായിരുന്നു. അപ്പോള്‍ ജാക്ക് തന്നെ ഒരു ഉപായം സാത്താന് പറഞ്ഞുകൊടുത്തു. സാത്താനെ നിനക്ക് ഏതു രൂപത്തിലും മാറാന്‍ കഴിയുമല്ലോ, നീ ഒരു നാണയമായി മാറുക അപ്പോള്‍ അതെടുത്ത് എനിക്കവര്‍ക്ക് കൊടുക്കാമല്ലോ. 

ജാക്കിന്‍റെ ഉപായം സാത്താനും ബോധിച്ചു. സാത്താന്‍ ഉടനെ ഒരു നാണയമായി മാറി. നാണയമായി രൂപംമാറിയ സാത്താനെയെടുത്ത് ജാക്ക് തന്‍റെ ട്രൌസറിന്‍റെ കീശയിലിട്ടു. ജാക്കിന്‍റെ ട്രൌസറിന്‍റെ കീശയില്‍ ക്രിസ്തുവിന്‍റെ ഒരു ക്രൂശിത രൂപം ഉണ്ടായിരുന്നു. ക്രൂശിതരൂപത്തിനടിയില്‍ പെട്ടുപോയ സാത്താന്‍ ബന്ധനസ്ഥനായി. അവസാനം സാത്താനും ജാക്കും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. പത്തുവര്‍ഷത്തേക്ക് ജാക്കിന്‍റെ അത്മാവിന്മേല്‍ അവകാശവാദം ഉന്നയിക്കില്ല എന്നുള്ള സാത്താന്‍റെ വാക്കനുസരിച്ച് ജാക്ക് സാത്താനെ സ്വതന്ത്രനാക്കി. കൃത്യം പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ജാക്കിന്‍റെ ആത്മാവിനെ കൊണ്ടുപോകാന്‍ സാത്താന്‍ വീണ്ടും വന്നു. 

സാത്താന്‍ വന്നപ്പോള്‍ ജാക്കിന് ഭയങ്കരമായി വിശക്കുന്നുണ്ടായിരുന്നു. സാത്താനൊപ്പം പോകാന്‍ തുടങ്ങുന്നതിനു മുന്‍പായി അവിടെ നില്‍കുന്ന ഉയരമുള്ള ഒരു മരത്തിന്‍റെ മുകളില്‍ കണ്ട പഴത്തെ ചൂണ്ടിക്കാട്ടി ജാക്ക് സാത്തനോട് പറഞ്ഞു. എനിക്കിനി ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയില്ലല്ലോ എനിക്ക് വല്ലാതെ വിശക്കുന്നുമുണ്ട് തന്നെയുമല്ല വിശക്കുന്ന ആത്മാവിനെ നരകത്തിലേക്ക് കൊണ്ടുപോകുന്നത് നരകത്തില്‍ പോലും നീതിയായി ഗണിക്കപ്പെടില്ല. ഈ മരത്തിലെ പഴം തിന്നു വിശപ്പടക്കണമെന്നത് എന്‍റെ അവസാനത്തെ ആഗ്രഹമാണ്. പക്ഷെ, എന്നെക്കൊണ്ട്‌ ഇത്രയും ഉയരമുള്ള മരത്തില്‍ കയറാന്‍ കഴിയില്ലാന്നു നിനക്കറിയാം പക്ഷെ, നീ അങ്ങനെയല്ലല്ലോ നീ ബലവാനും അമാനുഷികനുമാണല്ലോ നിനക്ക് ഏതു മരത്തിലും നിഷ്പ്രയാസം കയറാന്‍ കഴിയും അതുകൊണ്ട് എനിക്ക് നീ ഈ മരത്തിലെ പഴം പറിച്ചു തരണം.

ആ സമയം ജാക്ക് പോക്കറ്റില്‍ നിന്ന് കുറെ ക്രൂശിത രൂപങ്ങള്‍ എടുത്തു

ജാക്കിന്‍റെ വാക് ചാതുരിയില്‍ വീണുപോയ സാത്താന്‍ അവസാന ആഗ്രഹമല്ലേ നടത്തിക്കൊടുത്തേക്കാം എന്നുകരുതി ഉയരമുള്ള മരത്തില്‍ പഴം പറിക്കാനായി വലിഞ്ഞുകയറി. ആ സമയം ജാക്ക് പോക്കറ്റില്‍ നിന്ന് കുറെ ക്രൂശിത രൂപങ്ങള്‍ എടുത്തു മരത്തിനു ചുറ്റും ഒരു വേലിപോലെ തീര്‍ത്ത് സാത്താനെ വീണ്ടും ആപ്പിലാക്കി. അവസാനം സാത്താന്‍ ജാക്കിനോട് സുല്ല് പറഞ്ഞു. ഇനി ഒരിക്കലും ജാക്കിന്‍റെ ആത്മാവിനെ അവകാശപ്പെടില്ലെന്ന വാക്ക് നല്‍കി ജാക്കിന്‍റെ ബന്ധനത്തില്‍നിന്നും സാത്താന്‍ രക്ഷപ്പെട്ടു.

മഹാകുടിയനായ ജാക്ക് അധിക കാലമൊന്നും പിന്നെ ജീവിച്ചിരുന്നില്ല. മരണശേഷം സ്വര്‍ഗ്ഗകവാടത്തില്‍ എത്തിയ ജാക്കിനെ പാപകരമായ ജീവിതം മൂലം വിശുദ്ധ പത്രോസ് അകത്തു കയറ്റിയില്ല. നരകത്തിലേക്ക് ചെന്ന ജാക്കിനെ മുന്‍പ് നല്‍കിയ വാക്ക് മൂലം സാത്താനും സ്വീകരിച്ചില്ലാന്നു മാത്രമല്ല നരകത്തില്‍ ആത്മാക്കളെ പൊരിക്കുന്ന കെടാത്ത അഗ്നിയില്‍ നിന്ന് ഒരു കനല്‍ക്കട്ട എടുത്തു എറിഞ്ഞു ജാക്കിനെ ആട്ടിയോടിക്കുക കൂടി ചെയ്തു.

 ജാക്ക് ഒരു മത്തങ്ങയെടുത്ത് അതിന്‍റെ വശങ്ങളില്‍ തുളയുണ്ടാക്കി. അകം പൊള്ളയാക്കിയ മത്തങ്ങയുടെ ഉള്ളില്‍ നരകത്തിലെ കെടാത്ത അഗ്നിയെ എടുത്തു സൂക്ഷിച്ചു. അന്നുമുതല്‍ സ്വര്‍ഗ്ഗവും ഭൂമിയും കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജാക്ക് മത്തങ്ങയില്‍ സൂക്ഷിക്കുന്ന തീക്കനലിനെ തണുപ്പകറ്റാനും വെളിച്ചത്തിനായുള്ള റാന്തല്‍ വിളക്കായും ഉപയോഗിച്ചു വരുന്നു. അങ്ങനെ ജാക്കിന്‍റെ റാന്തല്‍ ഹലോവീന്‍റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി മാറി.
അമേരിക്കയിലെ ഹാലോവിന്‍ ആഘോഷത്തിന് ഓറഞ്ചു നിറത്തിലുള്ള മത്തങ്ങ ഒരു അഭിവാജ്യ ഘടകമാണ്. ഈ സീസണ് വേണ്ടിത്തന്നെ മത്തങ്ങ പ്രത്യേകമായി കൃഷി ചെയ്യുന്നുമുണ്ട്. മത്തങ്ങയുടെ ഫ്ലേവര്‍ ചേര്‍ത്ത കാപ്പിയും ചായയും മിഠായികളും എല്ലാം ഈ സമയത്ത് വന്‍തോതില്‍ വിറ്റുപോകുന്നു. 

അവരെ സംബന്ധിച്ച് ഇതും ഒരു ആഘോഷം മാത്രം

ഒക്ടോബര്‍ ആരംഭത്തോടെ മാര്‍ക്കറ്റില്‍ നല്ല ഓറഞ്ചു നിറത്തിലുള്ള മത്തങ്ങകള്‍ നിറയും. മത്തങ്ങയില്‍ ഭൂത പ്രേതങ്ങളുടെ മുഖം കൊത്തിയുണ്ടാക്കും. പ്ലാസ്റ്റിക്കില്‍ തീര്‍ത്ത മത്തങ്ങ രൂപങ്ങളും സുലഭമാണ്. ഒക്ടോബര്‍ പിറക്കുന്നതോടെ പലവീടുകളുടെയും മുന്‍വശത്തെ നടക്കല്ലുകളില്‍ ഒന്നോ രണ്ടോ മത്തങ്ങകള്‍ വച്ചിരിക്കുന്നതു കാണാം. ഭൂത പ്രേത പിശാചുക്കള്‍ ഇറങ്ങി നടക്കുന്ന ഹാലോവീന്‍ രാത്രിയില്‍ മത്തങ്ങയിരിക്കുന്ന വീടുകള്‍ തങ്ങള്‍ക്കു വേണ്ടാത്ത ജാക്കിന്‍റെ ഇടമാണെന്നു കരുതി ഉപ്രദവമുണ്ടാക്കാതെ പിശാചുക്കള്‍ പോകുമെന്ന വിശ്വാസമാണ് ഇങ്ങനെ മത്തങ്ങകളും മത്തങ്ങ റാന്തലുകളും വയ്ക്കുന്ന ആചാരത്തിനാധാരമായി കരുതുന്നത്. 

മിത്തുകളില്‍ കുടുങ്ങില്ലെങ്കിലും ആഘോഷത്തിന് കുറവില്ല

ജീവിതം ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ ജനതയില്‍ നല്ലൊരു വിഭാഗവും ഇത്തരം മിത്തുകളില്‍ കുടുങ്ങിയൊന്നുമല്ല ഹാലോവീന്‍ ആഘോഷിക്കുന്നത്. അവരെ സംബന്ധിച്ച് ഇതും ഒരു ആഘോഷം മാത്രം. ഒരു മാസക്കാലത്തോളം വീടുകളിലും മുറ്റത്തുമായി നരകജീവികളുടെ പ്രതീകമായ പിശാചുക്കളുടെയും പ്രേതങ്ങളുടെയും കരിമ്പൂച്ചയുടെയും ചിലന്തികളുടെയും മരത്തില്‍ തൂങ്ങിക്കിടക്കുന്ന വേതാളങ്ങളുടെയുമൊക്കെ രൂപമുണ്ടാക്കി വച്ച് തങ്ങളെ പേടിപ്പെടുത്തുന്ന മരണത്തിന്‍റെ പ്രതീകങ്ങളെ സുരക്ഷിതവും വിനോദപരവുമായ തലത്തിലുള്ള ഒരു ആസ്വാദനമാക്കി അവര്‍ മാറ്റുന്നുവെന്നതാണ് ഇതിലെ കൌതുകം. ചെറുപ്പക്കാരെയും കുട്ടികളെയും സംബന്ധിച്ച് വിചിത്ര വേഷങ്ങള്‍ കെട്ടി നടക്കുന്നതിലെ ഹരവും അയല്‍ വീടുകളിലൊക്കെപ്പോയി ധാരാളം മിഠായികള്‍ ശേഖരിക്കുന്നതിന്‍റെ സന്തോഷവും.

ഇനിയങ്ങോട്ട് കുറച്ചുമാസങ്ങള്‍ എല്ലായിടത്തും ആഘോഷത്തിന്‍റെ നാളുകളായിരിക്കും. ആഗോള കച്ചവട മാര്‍ക്കറ്റുകളും അതിനൊത്ത് പൊടിപൊടിക്കും. ഹാലോവീന്‍ നാളുകളില്‍ അതിന്‍റെ പ്രതീകങ്ങളുടെ ചിത്രങ്ങള്‍ പ്രിന്‍റു ചെയ്ത ബനിയനുകളും തൊപ്പികളും പാന്‍റ്സുകളുമൊക്കെ ധാരാളമായി മാര്‍ക്കറ്റിലിറങ്ങും. ഓഫീസുകളും കടകളും വീടുകളുമൊക്കെ സ്പൂക്ക് ചിത്രങ്ങള്‍ ( അസ്ഥി കൂടം, കരിമ്പൂച്ച, പിശാചുക്കള്‍, ചിലന്തികള്‍ ഇത്യാതി വഹകള്‍.) കൊണ്ടലങ്കരിക്കും. കടകളിലെ കാപ്പിക്കപ്പുകളിലും മധുരപലഹാരങ്ങളുടെ പൊതിക്കടലാസിലുമൊക്കെയിരുന്നു എട്ടുകാലികളും കരിമ്പൂച്ചകളും പ്രേതങ്ങളും കണ്ണുരുട്ടി പേടിപ്പിക്കും. 

അങ്ങനെയങ്ങനെ ഇനി കുറച്ചു കാലം ആഘോഷമാണിവിടെ

ഒക്ടോബര്‍ കഴിഞ്ഞു നവംബര്‍ ആകുന്നതോടെ ‘താങ്ക്സ് ഗിവിംഗ്’ആഘോഷത്തിന്‍റെ അടയാളങ്ങളായ ചിറകു വിടര്‍ത്തിയ ടര്‍ക്കി കോഴിയും ചോളവുമൊക്കെ എല്ലായിടത്തും നിറയും. നവംബര്‍ അവസാനിച്ച് ഡിസംബര്‍ ആകുന്നതോടെ ക്രിസ്തുമസ്സിന്‍റെ പച്ചയും ചുവപ്പും സന്തോക്ലോസും, മഞ്ഞുകാലത്തിന്‍റെ സ്നോമാനും ഇടം പിടിക്കും. അങ്ങനെയങ്ങനെ ഇനി കുറച്ചു കാലം ആഘോഷമാണിവിടെ. ശിശിരം കഴിഞ്ഞാലുടന്‍ തണുത്തുറഞ്ഞ കാലത്തിനുമേല്‍ കാലചക്രത്തേരിലേറി പുതിയ പൂക്കളെയും കിളികളെയും കൂട്ടി വസന്തവും വിരുന്നു വരും. ഒപ്പം വീണ്ടും മറ്റൊരാഘോഷത്തിന്‍റെ കച്ചവട പെരുമ്പറയും മുഴങ്ങും.